Image

യൂസഫലിയുടെ ജീവന്‍ കാത്ത പ്രിയ പൈലറ്റ്, കാഞ്ഞിരപ്പള്ളിക്കാരന്‍ ശിവകുമാര്‍

Published on 12 April, 2021
യൂസഫലിയുടെ ജീവന്‍ കാത്ത പ്രിയ പൈലറ്റ്, കാഞ്ഞിരപ്പള്ളിക്കാരന്‍ ശിവകുമാര്‍
കൊച്ചി: വ്യവസായപ്രമുഖന്‍ എം.എ. യൂസഫലി ഉള്‍പ്പടെയുള്ളവരുടെ ജീവന്‍ കാത്ത പ്രിയ പൈലറ്റ് ശിവകുമാര്‍ കോട്ടയം കാഞ്ഞിരപ്പള്ളി ചിറക്കടവ് എസ്.ആര്‍.വി. ജങ്ഷനില്‍ കോയിപ്പുറത്ത് മഠത്തില്‍ ഭാസ്കരന്‍ നായരുടെയും ഭവാനിയമ്മയുടെയും മകനാണ്.

റണ്ണിങ് എന്‍ജിന്‍ നിലച്ചപ്പോള്‍ അടുത്ത എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ രണ്ടു പൈലറ്റുമാരും നോക്കിയെങ്കിലും വിജയിച്ചില്ല. അതോടെയാണ് ഏതുവിധേനയും സുരക്ഷിതമായി നിലത്തിറക്കാന്‍ തീരുമാനിച്ചതെന്ന് ശിവകുമാര്‍ പറഞ്ഞു.

ചിറക്കടവ് എസ്.ആര്‍.വി. ജങ്ഷനില്‍ കോയിപ്പുറത്ത് മഠത്തില്‍ ഭാസ്കരന്‍ നായരുടെയും ഭവാനിയമ്മയുടെയും മകനാണ് കെ.ബി. ശിവകുമാര്‍. അപകടവാര്‍ത്ത ചാനലുകളിലൂടെ വന്നുകൊണ്ടിരിക്കുമ്പോള്‍ ശിവകുമാര്‍ വീട്ടിലേക്കു വിളിച്ചു. പരിഭ്രമിക്കേണ്ടതില്ലെന്ന ആശ്വാസവാക്കുകളായിരുന്നുവെന്ന് മൂത്ത സഹോദരന്‍ ശശികുമാര്‍ പറഞ്ഞു.

രണ്ടു പൈലറ്റുമാരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. സീനിയര്‍ പൈലറ്റായതിനാല്‍ ശിവകുമാറിനെ ക്യാപ്റ്റനെന്നാണു വിളിച്ചിരുന്നത്. എയര്‍ഫോഴ്‌സില്‍ വിങ് കമാന്‍ഡറായി വിരമിച്ച ശേഷം ന്യൂഡല്‍ഹിയില്‍ റെലിഗേര്‍ എന്ന ഫ്‌ളൈറ്റ് കമ്പനിയില്‍ ജോലിചെയ്തു. അക്കാലത്ത് നരേന്ദ്രമോദി, സോണിയാ ഗാന്ധി, ലാലുപ്രസാദ് യാദവ് എന്നിവര്‍ക്കുവേണ്ടി പ്രത്യേക വിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്തി.

പിന്നീടാണ് യൂസഫലിക്കൊപ്പം ചേര്‍ന്നത്. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ നേരത്തേ ഇറ്റലിയില്‍നിന്ന് ഇന്ത്യയിലെത്തിച്ചതും ശിവകുമാറായിരുന്നു. രണ്ടാഴ്ച മുന്‍പ് ശിവകുമാര്‍ ചിറക്കടവില്‍ കുടുംബവീട്ടില്‍ എത്തിയിരുന്നു. എറണാകുളം വൈറ്റിലയിലാണു താമസിക്കുന്നത്. ബിന്ദുവാണ് ഭാര്യ. മൂത്തമകന്‍ തുഷാര്‍ കാനഡയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറാണ്. രണ്ടാമത്തെ മകന്‍ അര്‍ജുന്‍ എയറോനോട്ടിക്കല്‍ പഠനം കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക