Image

സാമൂഹിക അകലവുമില്ല, മാസ്‌കുമില്ല ; കുംഭമേളയില്‍ ഗംഗാസ്‌നാനത്തിനായി തടിച്ചുകൂടിയത് ലക്ഷങ്ങള്‍ ( വീഡിയോ)

Published on 12 April, 2021
സാമൂഹിക അകലവുമില്ല, മാസ്‌കുമില്ല ; കുംഭമേളയില്‍ ഗംഗാസ്‌നാനത്തിനായി തടിച്ചുകൂടിയത് ലക്ഷങ്ങള്‍ ( വീഡിയോ)
ന്യൂഡല്‍ഹി : കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആശങ്കാജനകമായി മാറുകയാണ്. കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തീവ്രശ്രമത്തിലാണ്. ഇതിനിടെ ഹരിദ്വാറില്‍ കുംഭമേളയോട് അനുബന്ധിച്ചുള്ള ചടങ്ങുകളും നടക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് കുഭമേള ചടങ്ങുകള്‍ നടക്കുന്നത്.

ഇന്നു പുലര്‍ച്ചെ നടന്ന ഷാഹി സ്‌നാനത്തിന് ലക്ഷക്കണക്കിന് ആളുകളാണ് ഗംഗാനദിക്കരയില്‍ തടിച്ചുകൂടിയത്. ഭക്തരെ കൂടാതെ 12 അഖഡകളിലെ പുരോഹിതരും വിശുദ്ധ സ്‌നാനത്തില്‍ പങ്കെടുത്തു. ഗംഗാ സ്‌നാനത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.

കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിച്ച സാമൂഹിക അകലം നദിക്കരയില്‍ പാലിക്കപ്പെട്ടിട്ടേ ഇല്ലെന്ന് വീഡിയോയില്‍ വ്യക്തമാണ്. ചടങ്ങില്‍ പങ്കെടുത്ത പലര്‍ക്കും മുഖാവരണവും ഉണ്ടായിരുന്നില്ല. ഹരിദ്വാര്‍ സന്ദര്‍ശനത്തിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

എന്നാല്‍ കോവിഡ് ആശങ്കപ്പെടുത്തുന്ന സംഗതിയല്ല എന്നാണ് ഹരിദ്വാറിലെത്തുന്ന ഭക്തരില്‍ ബഹുഭൂരിപക്ഷത്തിന്റെയും നിലപാട്. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടംകൂടുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

 

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക