Image

നിര്‍മാണം പൂര്‍ത്തിയാകാതെ കുതിരാന്‍ തുരങ്കം‍; തുടര്‍ക്കഥയായി ഗതാഗതക്കുരുക്ക്

Published on 12 April, 2021
നിര്‍മാണം പൂര്‍ത്തിയാകാതെ കുതിരാന്‍ തുരങ്കം‍; തുടര്‍ക്കഥയായി ഗതാഗതക്കുരുക്ക്
തൃശൂര്‍: കുതിരാനിലെ ഗതാഗത കുരുക്കിന് എന്നു പരിഹാരം ഉണ്ടാകുമെന്ന ചോദ്യമാണ് യാത്രക്കാരും നാട്ടുകാരും ഉയര്‍ത്തുന്നത്. വാഹനങ്ങള്‍ കേടാകുകയോ ഇടിക്കുകയോ ചെയ്യുന്നതോടെ മൂന്ന് കിലോമീറ്ററോളം വരുന്ന കുതിരാന്‍ റോഡില്‍ കുരുക്ക് സാധാരണയാവുകയാണ്. പോലീസ് എത്രശ്രമിച്ചാലും ഇതു നിയന്ത്രിക്കാനുമാവില്ല. 17 മണിക്കൂര്‍ നീണ്ട കുരുക്കുവരെ ഉണ്ടായിട്ടുണ്ട്. ശനിയാഴ്ചയും കുതിരാനില്‍ മണിക്കൂറുകളോളം കുരുക്കായിരുന്നു.

 ചെറുവാഹനങ്ങള്‍ വഴിയില്‍ കാത്തുനില്‍ക്കാതെ തിരുകിക്കയറ്റുന്നതാണ് കുരുക്കിനുള്ള മറ്റൊരു കാരണം. തുരങ്കപാത എന്ന് തുറക്കുമെന്ന് പറയാന്‍ അധികൃതര്‍ക്കുമാവുന്നില്ല. ഹൈക്കോടതിയില്‍ പലതവണ തീയതി നീട്ടിക്കൊടുത്തു. എന്നിട്ടും ഫലമുണ്ടായില്ല. 

ഇരുജില്ലകളിലേയും കളക്ടര്‍മാരും ജനപ്രതിനിധികളും മറ്റുദ്യോഗസ്ഥരും കമ്ബനി പ്രതിനിധികളും പലവട്ടം ചര്‍ച്ചനടത്തിയിട്ടും  യാതൊരു തീരുമാനവും ആവുന്നില്ല. 10 മീറ്റര്‍ ഉയരവും 945 മീറ്റര്‍ നീളവും തുരങ്കപാതയുടെ വീതി 14 മീറ്ററാണ്. ആകെയുള്ള രണ്ട് തുരങ്കങ്ങളില്‍ ഒന്നെങ്കിലും തുറക്കാന്‍ കഴിഞ്ഞാന്‍ ഗതാഗത കുരുക്കിന് അല്‍പമെങ്കിലും പരിഹാരമാവും. ഇതെന്നു തുറക്കാന്‍ കഴിയുമെന്ന കോടതിയുടെ ചോദ്യത്തിനും ഉത്തരമില്ല. തുരങ്കപാതക്കുള്ളില്‍ പണി പൂര്‍ത്തിയായിട്ടില്ലെന്നാണ് പറയുന്നത്.

185 കോടി രൂപ കരാര്‍ ഉറപ്പിച്ച്‌ നിര്‍മാണം തുടങ്ങിയ തുരങ്കപാതക്ക് ഇതിനകം 370 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. എന്നിട്ടും പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. തുരങ്കമുഖത്ത് പാറക്കെട്ടുകള്‍ മാറ്റുന്ന പ്രവൃത്തിയും പൂര്‍ത്തിയായിട്ടില്ല. മഴക്കാലമായാല്‍ തുരങ്കമുഖത്ത് മണ്ണിടിച്ചില്‍ പതിവായിരിക്കുകയാണ്. കമ്ബനി ഇരുമ്ബുവല വിരിച്ചിട്ടും ഇതിനെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മഴക്കാലത്ത് മല ഇടിഞ്ഞുവീണ ആഴ്ചകളോളം എടുത്താണ് അവ മാറ്റിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക