Image

കേരളത്തില്‍ 50 ലക്ഷം ഡോസ് വാക്സിന്‍ നല്‍കിയതായി മന്ത്രി ശൈലജ

Published on 12 April, 2021
കേരളത്തില്‍ 50 ലക്ഷം ഡോസ് വാക്സിന്‍ നല്‍കിയതായി മന്ത്രി ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 50,71,550 ഡോസ് കോവിഡ് 19 വാക്സിന്‍ (49,19,234 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,52,316 ഡോസ് കോവാക്സിനും) നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അതില്‍ 45,48,054 പേര്‍ക്ക് ആദ്യഡോസ് വാക്സിനും 5,23,496 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. വളരെ കുറഞ്ഞ ദിവസം കൊണ്ട് ഇത്രയേറെ പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ സാധിച്ചത് വളരെ അഭിമാനകരമാണ്. കോവിഡ് വാക്സിന്‍ വേഗത്തിലാക്കാന്‍ മുന്‍കൈയ്യെടുത്ത ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

1402 സര്‍ക്കാര്‍ ആശുപത്രികളും 424 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 1,826 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് സംസ്ഥാനത്ത് ഇന്ന് വാക്സിനേഷന്‍ നടന്നത്. വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് ഇന്ന് 2,38,721 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.

ജനുവരി 16 മുതലാണ് സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, 60 വയസിന് മുകളില്‍ പ്രായമുളളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവര്‍ക്കാണ് കോവിഡ് വാക്സിന്‍ ഇതുവരെ നല്‍കിയിരുന്നത്. ഇപ്പോള്‍ 45 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കുമാണ് വാക്സിന്‍ നല്‍കുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാസ് വാക്സിനേഷനിലൂടെ പരമാവധി ആളുകള്‍ക്ക് വാക്സിന്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് ഇനി 6 ലക്ഷത്തോളം ഡോസ് വാക്സിനുകളാണുള്ളത്. കൂടുതല്‍ വാക്സിന്‍ എത്തിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് പരമാവധി ആള്‍ക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്നതാണ്.

45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്സിന്‍ സ്വീകരിക്കേണ്ടതാണ്. ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിനെടുക്കാന്‍ എത്തുന്നതാണ് നല്ലത്. ംംം.രീംശി.ഴീ്.ശി എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാവുന്നതാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ സൗകര്യം ലഭ്യമാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക