Image

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

സാരംഗ് സുനില്‍ കുമാര്‍ Published on 12 May, 2021
 മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)
കേരളത്തിന്റെ വർത്തമാന കാല ചരിത്രത്തിൽ , അതിന്റെ ഭൂത കാല ചരിത്രത്തിൽ കണ്ട് കിട്ടാൻ വലിയ പ്രയാസമുള്ള സമാനതകളില്ലാത്ത ഒരു രാഷ്ട്രീയ യുഗം അങ്ങനെ അവസാനിച്ചിരിക്കുകയാണ്.

കളത്തിൽപറമ്പിൽ രാമൻ ഗൗരിയമ്മ എന്ന ചരിത്ര ജീവിതം കടന്നു പോയിരിക്കുന്നു.

കെ ആർ ഗൗരിയമ്മ കേരളത്തിന്റെ സമാനതകളില്ലാത്ത ചരിത്ര കാലത്തിന്റെ നേതാവ് മാത്രമല്ല വാസ്തവത്തിൽ , കാരണം ആ സമാനതകളില്ലാത്ത ചരിത്ര കാലം നിർമ്മിച്ചെടുത്തത് തന്നെ കെ ആർ ഗൗരിയമ്മയാണ്.

പട വെട്ടിയും പോരാടിയും പട നയിച്ചും അവർ മുന്നേറി. കേരളത്തിലെ സ്ത്രീകൾക്കാകമാനം അഭിമാനിക്കാവുന തലത്തിൽ സ്വന്തം ജീവിതം പ്രചോദനാത്മകമാക്കി.

ആശയത്തിനും അടിസ്ഥാന വർഗ്ഗത്തിനും വേണ്ടി നില കൊണ്ട നേതാവ്. ഒറ്റ വാക്യത്തിൽ അങ്ങനെ വിശേഷിപ്പിക്കാം ഗൗരിയമ്മയെ.

ഇന്നത്തെ കേരള ചരിത്രത്തെ ഇന്നത്തേത് പോലെയാക്കും വിധമുള്ള യാത്രയുടെ ദൂരം ആരംഭിച്ചത് ഭൂപരിഷ്ക്കരണ നിയമം എന്നതൊന്നാണ്. അത് നടപ്പിലാക്കാൻ അവരെടുത്ത പോരാട്ടവും ആത്മവീര്യവുമാണ് പിന്നെയുള്ള കേരള ചരിത്രം നിർമ്മിക്കപ്പെടുന്നതിന്റെ ദിശ തന്നെ നിർണ്ണയിച്ചത്.

അതിലേക്ക് ഗൗരിയമ്മയെ നയിച്ചതാകട്ടെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ കുറിച്ചുള്ള ദീർഘവീഷണവും

വിശ്വസിക്കുന്ന ആശയത്തെ നീതിബോധവും ധർമ്മ വാക്യവുമായി കണ്ട മറ്റൊരു നേതാവ് കെ ആർ ഗൗരിയമ്മയെ പോലെ കേരള രാഷ്ട്രീയത്തിൽ വേറെയുണ്ടോ എന്നറിയില്ല.

അതുകൊണ്ടാണല്ലോ 1964 ൽ പാർട്ടി പിളർന്നപ്പോൾ ജീവിതവും അവർ പാർട്ടിക്ക് വേണ്ടി പിളർത്തിയത്.

ഭർത്താവായ ടി വി തോമസിനൊപ്പമുള്ള ജീവിതത്തേക്കാളും പാർട്ടിയുടെയും തന്റെയും നീതി ബോധമാണ് അവരെ മുന്നോട്ട് നീട്ടിയത്.

എന്ത് കൊണ്ട് കെ ആർ ഗൗരിയമ്മ കേരള മുഖ്യമന്ത്രി ആയില്ല എന്ന ചോദ്യത്തിന്റെ ഉത്തരവും ഇതിലുണ്ട്.

ഗൗരിയമ്മയെ അവരുടെ നിശ്ചയമുള്ള നേതൃപാഠവത്തെ അംഗീകരിക്കാൻ ആർക്കൊക്കെയോ ഉള്ള ബുദ്ധിമുട്ട്.

അല്ലെങ്കിൽ കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരിയമ്മ എന്ന മുദ്രാവാക്യവുമേറി തിരഞ്ഞെടുപ്പിനെ നേരിട്ട ശേഷം , ജയിച്ചു കഴിഞ്ഞപ്പോൾ അന്ന്  നായനാരെ എന്തിന് മുഖ്യമന്ത്രിയാക്കി !!

കെ ആർ ഗൗരിയമ്മയ്‌ക്ക് വളരാൻ പക്ഷേ ഒരു പാർട്ടി തണലും വേണ്ടിയിരുന്നില്ല എന്ന സത്യം അതേ പാർട്ടി പോലും തിരിച്ചറിയാൻ 5 , 8 വർഷം പിന്നെയുമെടുത്തു.

1994 ലാണ് പാർട്ടിയിൽ നിന്നും ഗൗരിയമ്മയെ പുറത്താക്കുന്നത് , എം വി രാഘവനും കരുണാകരനും ഒക്കെ രാഷ്ട്രീയ ഭേദമന്യ രൂപീകരിച്ച ആലപ്പുഴ വികസന സമിതിയിൽ ഗൗരിയമ്മ അംഗമായി എന്ന പേരിലാണ്.
ഇതേ സംഘടനയിൽ ആദ്യം വി എസ് അച്യുതാനന്ദനും ഉണ്ടായിരുന്നു , വി എസ് പക്ഷെ പാർട്ടി പറഞ്ഞപ്പോൾ രാജിവെച്ചു. ഗൗരിയമ്മ ചെയ്തില്ല !!

കാരണം ഗൗരിയമ്മയെ സംബന്ധിച്ചു രാഷ്‌ട്രീയത്തിനപ്പുറം ആ സംഘടന ഒരു ജനകീയ സമിതിയാണ്. അതിന് രാഷ്ട്രീയ ചിത്രം ഇല്ല താനും.

ഈ ഒരൊറ്റ നിലപാടിന്റെ പേരിലാണ് ഔദ്യോഗിക രേഖകകൾ പ്രകാരം , ചരിത്രത്തിൽ കെ ആർ ഗൗരിയമ്മയെ കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഇടതുപക്ഷ ചരിത്രത്തിൽ നിന്നും ഇടതുപക്ഷം പുറത്താക്കുന്നത്. അനൗദ്യോഗികമായി അവരെ എതിർക്കാൻ 100 കാരണങ്ങൾ വേറെയും ഉണ്ടാകണം.  

പക്ഷേ കനലൊരു തരി മതിയല്ലോ. അവിടെ നിന്നും JSS എന്ന പാർട്ടി രൂപീകരിച്ചു , UDF ന്റെ ഭാഗമായി ഗൗരിയമ്മ പിന്നെയും തേരോട്ടം തുടരുകയാണുണ്ടായത്.

ഗൗരിയമ്മയുടെ പോരാട്ടമത്രയും വ്യവസ്ഥിയോടായിരുന്നു. അടിസ്ഥാന വർഗ്ഗത്തിനു വേണ്ടിയായിരുന്നു. അതിനൊരു രാഷ്ട്രീയ നിറം കൊടുക്കാനല്ല ആശയത്തിന്റെ നീതിവാക്യം പുലർത്താനാണ് അവർ ശ്രമിച്ചത്.

കപ്പിനും ചുണ്ടിനുമിടയിൽ പല വട്ടം മുഖ്യമന്ത്രി കസേര നഷ്ടമായതും അത് കൊണ്ട് തന്നെയാണ്.

കെ ആർ എന്ന രണ്ടക്ഷരം മലയാളിക്ക് പൂരിപ്പിക്കാവുന്ന പേരായി ഗൗരിയമ്മ എന്നാണ് ഓർമ്മയിൽ. തന്റേടിയായി ആത്മാഭിമാനിയായി ജീവിക്കുന്ന പെൺകരുത്തിന്റെ മുഖമാണ്.

ഒരിക്കലെങ്കിലും കെ ആർ ഗൗരിയമ്മ കേരളം മുഖ്യമന്ത്രിയായിരുന്നെങ്കിൽ എന്ന് ഓരോ മലയാളിയും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും അത് കൊണ്ട് തന്നെ.

ചരിത്രത്തോടും അവരോടും ഇടതുപക്ഷം ചെയ്ത ഏറ്റവും വലിയ തെറ്റുകളുടെ എണ്ണം രണ്ടാണ്.

ഒന്ന് , എല്ലാ അർഹതകൾ ഉണ്ടായിട്ടും മുഖ്യമന്ത്രി കസേര അവർക്ക് നൽകിയില്ല.

ഒരു മുഖ്യമന്ത്രി കസേര അത്ര വലിയ വിഷയം ആണെന്നല്ല , അത് നയിക്കാൻ ഏറ്റവും അർഹതയുള്ള ആൾക്ക് കൊടുക്കാതെ പോയപ്പോൾ സംഭവിച്ച വലിയ നഷ്ടം കേരളത്തിനാണ് എന്നതാണ്

രണ്ട് പാർട്ടിക്ക് വേണ്ടി ജീവിച്ച , പാർട്ടിക്ക് വേണ്ടി ജീവിതം പോലും മാറ്റി വെച്ച അവരെ പാർട്ടിയിൽ നിന്നും പുറത്താക്കി.

ഈ രണ്ട് തെറ്റുകളും തിരുത്താൻ സാധിക്കാത്ത വിധം ചരിത്രത്തിൽ രേഖപ്പെട്ടു പോയി.

ഇനി ഓർമ്മയുടെ ഭ്രമണ പഥത്തിൽ , മലയാളം ഉള്ളത്ര കാലം ഓർമ്മിക്കപ്പെടുന്ന പേരായി കെ ആർ ഗൗരിയമ്മ.

മലയാളത്തിന്റെ ഉരുക്കു വനിതയ്ക്ക് പ്രണാമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക