Image

ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും ആദ്യ നറുക്ക്

ജോബിന്‍സ് തോമസ് Published on 17 May, 2021
ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും ആദ്യ നറുക്ക്
രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 അംഗങ്ങളാവും ഉണ്ടാവുകയെന്ന് എല്‍ഡിഎഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ എ വിജരാഘവന്‍ മാധ്യമങ്ങളെ അറിയിച്ചു. ഇതില്‍ 12 മന്ത്രി സ്ഥാനങ്ങള്‍ സിപിഎമ്മിനായിരിക്കും. 4 മന്ത്രി സ്ഥാനങ്ങള്‍ സിപിഐയ്ക്കുണ്ടാവും കേരള കോണ്‍ഗ്രസ് (എം), ജെഡിഎസ്, എന്‍സിപി എന്നിവര്‍ക്ക് ഓരോ മന്ത്രി സ്ഥാനമാണ് നല്‍കിയത്. ഐഎന്‍എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് , കേരളാ കോണ്‍ഗ്രസ് ബി കേരളാ കോണ്‍ഗ്രസ് എസ് എന്നിവര്‍ക്കും മന്ത്രി സ്ഥാനങ്ങള്‍ രണ്ടര വര്‍ഷം വീതം നല്‍കും. ഇങ്ങനെയാണ് 21 മന്ത്രി സ്ഥാനങ്ങളുടെ വിഭജനം. 

സ്പീക്കര്‍ പദവി സിപിഎമ്മിനായിരിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ പദവി സിപിഐയ്ക്കും ചീപ് വിപ്പ് പദവി കേരളാ കോണ്‍ഗ്രസ എമ്മിനും ലഭിക്കും. 

ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെ ആന്റണി രാജുവും ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍ കോവിലും ആദ്യ ടേമില്‍ മന്ത്രിമാരാകും. കെ.ബി ഗണേഷ് കുമാറിനും രാമചന്ദ്രന്‍ കടന്നപ്പള്ളക്കും രണ്ടാം ടേമിലാകും അവസരം. എല്‍ജെഡിക്ക് മാത്രമാണ് മന്ത്രിസ്ഥാനമില്ലാത്തത്. എല്‍ഡിഎഫ് യോഗത്തിനു ശേഷം ഔദ്യോഗിക സ്ഥിരീകരണമുണ്ടായതോടെ മന്ത്രിസ്ഥാനങ്ങളുടെ വിഭജനം സംബന്ധിച്ച് നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. 

എല്‍ഡിഎഫ് യോഗത്തിന് ശേഷം പുറത്തുവന്ന വിവിധ കക്ഷിനേതാക്കളെല്ലാം മുന്നണി തീരുമാനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരമാണ് ലഭിച്ചതെന്ന് ആന്റണി രാജു പ്രതീകരിച്ചു. എല്ലാവരേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള മന്ത്രിസഭാ രൂപീകരണത്തില്‍ തങ്ങള്‍ക്കു രണ്ട് ക്യാബിനറ്റ് സ്ഥാനങ്ങള്‍ നല്‍കിയത് സ്വാഗതാര്‍ഹമാണെന്നു ജോസ് കെ മാണിയും പ്രതികരിച്ചു.

Join WhatsApp News
JEP 2021-05-17 15:40:23
"രണ്ടാം കെട്ടുകാർക്കു" കാറിൽ "നിയുക്ത മന്ത്രി" എന്ന ബോർഡ് കെട്ടിവച്ചു നടക്കാമല്ലോ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക