Image

സംസ്ഥാനത്ത് 21 അംഗ മന്ത്രിസഭ; സിപിഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ് എം- 1, എന്‍സിപി 1 വീതം

Published on 17 May, 2021
സംസ്ഥാനത്ത് 21 അംഗ മന്ത്രിസഭ; സിപിഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ് എം- 1, എന്‍സിപി 1 വീതം
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ വരിക 21 അംഗ മന്ത്രിസഭ. സിപിഎമ്മിനു പന്ത്രണ്ടും സിപിഐക്ക് നാലും മന്ത്രിമാരാണുണ്ടാവുക. കേരള കോണ്‍ഗ്രസ് എം, ജനതാദള്‍ എസ്, എന്‍സിപി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്-ഒന്ന് എന്നിങ്ങനെയാണു മറ്റു പാര്‍ട്ടികളുടെ മന്ത്രിമാരെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 മുന്നണിയിലെ നാല് ചെറുകക്ഷികള്‍ക്ക്  ഓരോ  എംഎല്‍എമാരാണുള്ളത്. നാല് പാര്‍ട്ടികള്‍ക്കും മന്ത്രിപദവി കിട്ടുന്ന തരത്തിലാണ് സിപിഎം മുന്നോട്ട് വച്ച നിര്‍ദേശം. രണ്ടര വര്‍ഷം വീതം ഓരോ പാര്‍ട്ടിക്കും മന്ത്രിമാരാകാം. 

ആദ്യ അവസരം ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവിനും ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവിലിനുമാണ്. തിരുവനന്തപുരത്ത് വിഎസ് ശിവകുമാറിനെ അട്ടിമറിച്ച് മികച്ച വിജയം നേടിയ ആന്റണി രാജു, പാര്‍ട്ടിയിലെ പലരും യുഡിഎഫിലേക്ക് പോയപ്പോള്‍ ഇടതുമുന്നണിക്കൊപ്പം ഉറച്ച് നിന്നതിനുള്ള അംഗീകാരം കൂടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന മന്ത്രിസ്ഥാനം. ഇടതുപക്ഷത്തിനൊപ്പം വര്‍ഷങ്ങളായെങ്കിലും ആദ്യമായിട്ടാണ് ഐഎന്‍എല്ലിന് മന്ത്രി പദവി ലഭിക്കുന്നത്.

തുടര്‍ന്നുള്ള രണ്ടര വര്‍ഷത്തില്‍ ഇവര്‍ക്കു പകരമായി കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് പാര്‍ട്ടികളുടെ പ്രതിനിധികള്‍ മന്ത്രിമാരാകും. എന്നാല്‍ രണ്ടര വര്‍ഷം വീതം എന്തിന് മന്ത്രിയാകണം എന്ന ചോദ്യമാണ് കെബി ഗണേഷ് കുമാറിനുള്ളത്.  

സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിനുമാണ്. വിവിധ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.

സത്യപ്രതിജ്ഞ 20നു നടക്കും. കോവിഡ് സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കിക്കൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങാണ് സംഘടിപ്പിക്കുന്നത്. സാമൂഹ്യ അകലം പാലിച്ച്‌ ആളുകള്‍ക്കു പങ്കെടുക്കാവുന്ന തരത്തിലായിരിക്കും ചടങ്ങ്.

18നു വൈകിട്ട് അഞ്ചിന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് അദ്ദേഹം ഗവര്‍ണറെ കണ്ട് സത്യപ്രതിജ്ഞയ്ക്കുള്ള നടപടിയ്ക്ക് അഭ്യര്‍ഥിക്കും.

മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ ലോക് താന്ത്രിക് ജനതാദളിനെ തഴഞ്ഞിട്ടില്ല. ജനതാദള്‍ എസിനു മന്ത്രിസ്ഥാനം കൊടുക്കാനാണ് ഇപ്പോള്‍ എല്‍ഡിഎഫ് കൂട്ടായെടുത്ത തീരുമാനം. ഭരണഘടനാ പരമായി 21 അംഗ മന്ത്രിസഭയേ രൂപീകരിക്കാന്‍ കഴിയൂ. ആ പരിമിതിയില്‍നിന്നു കൊണ്ടേ തീരുമാനം എടുക്കാന്‍ കഴിയൂ. ആര്‍എസ്പി എല്‍ഡിഎഫ് ഘടക കക്ഷി അല്ലെന്നും വിജയരാഘവന്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക