Image

ബിജു മേനോന്‍, പാര്‍വതി തിരുവോത്ത് ചിത്രം 'ആര്‍ക്കറിയാം' ഒ.ടി.ടിയില്‍

Published on 17 May, 2021
ബിജു മേനോന്‍, പാര്‍വതി തിരുവോത്ത് ചിത്രം 'ആര്‍ക്കറിയാം' ഒ.ടി.ടിയില്‍
ബിജു മേനോന്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവര്‍ വേഷമിട്ട ചിത്രം 'ആര്‍ക്കറിയാം' ഡിജിറ്റല്‍ റിലീസിന് തയാറെടുക്കുന്നു. ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത 'ആര്‍ക്കറിയാം' കോവിഡ് കാല പ്രതിസന്ധികള്‍ നേരിടുന്ന കുടുംബത്തിന്‍്റെ കഥയാണ്. പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍, ബിജു മേനോന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന 'ആര്‍ക്കറിയാം' എന്ന ചിത്രം മെയ് 19 ന് റൂട്‌സിലൂടെ റിലീസ് ചെയ്യുന്നു.

ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കു വേണ്ടിയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ള സനു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആര്‍ക്കറിയാം'. ഇലക്‌ട്ര, ടേക്ക്‌ഓഫ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, മാലിക് എന്നിവയാണ് സനു ക്യാമറ ചലിപ്പിച്ചിട്ടുള്ള മലയാള ചിത്രങ്ങള്‍. 'ആര്‍ക്കറിയാം' എന്ന ചിത്രത്തിനായി കാത്തിരിക്കണമെന്നും ഒരുപാട് പ്രതീക്ഷയുള്ള ചിത്രമാണിതെന്നും ബിജു മേനോന്‍ നേരത്തേ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

 തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നുവെങ്കിലും കോവിഡ് സ്ഥിതി രൂക്ഷമായ സാഹചര്യത്തില്‍ അധികം പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. തിയേറ്റര്‍ അനുഭവം നഷ്ടപ്പെട്ടവര്‍ക്ക് ദൃശ്യവിസ്മയം ഒരുക്കാനാണ് റൂട്‌സിലൂടെ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. 99 രൂപയ്ക്കാണ് റൂട്സിലൂടെ പ്രേക്ഷകരിലേക്ക് സിനിമ എത്തുന്നത്.

അല്പം നിഗൂഢത നിറഞ്ഞ 72 വയസ്സുള്ള ഇട്ടിയവിരയുടെ വേഷം കൈകാര്യം ചെയ്യുന്ന ബിജു മേനോന്‍റെ മേക്കോവര്‍ ആദ്യം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 2020ലെ ബ്ലോക്ക്ബസ്റ്റര്‍ 'അയ്യപ്പനും കോശിയും' സിനിമയിലെ അയ്യപ്പന്‍ നായര്‍ എന്ന പോലീസ് വേഷമാണ് ബിജു മേനോന്റെ ഏറ്റവും അടുത്തു ഹിറ്റായ വേഷം. മള്‍ട്ടി-സ്റ്റാര്‍ ചിത്രമായ തുറമുഖത്തിലും ബിജു മേനോന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും.

മൂണ്‍ഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത് സാനു ജോണ്‍ വര്‍ഗീസ്, രാജേഷ് രവി, അരുണ്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്നാണ്. ജി. ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാന്‍ ഗാരി പെരേരയുടെയുമാണ് ഗാനങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക