Image

നീലക്കുറിഞ്ഞിപൂത്തപ്പോള്‍ -2 (സഞ്ചാരവിശേഷങ്ങള്‍: സരോജ വര്‍ഗീസ്സ്‌)

Published on 14 May, 2015
നീലക്കുറിഞ്ഞിപൂത്തപ്പോള്‍ -2 (സഞ്ചാരവിശേഷങ്ങള്‍: സരോജ വര്‍ഗീസ്സ്‌)
പന്ത്രണ്ട്‌ വര്‍ഷം കൂടുമ്പോള്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്ന മൂന്നാര്‍! നാട്ടില്‍വച്ച്‌ അതേക്കുറിച്ച്‌ വീണ്ടും കേട്ടപ്പോള്‍ ഇത്‌വരെ കാണാത്ത ആ പൂവ്വും അത്‌ വളരുന്നപശ്‌ചിമഘട്ട പര്‍വ്വതനിരകള്‍ക്കിടയില്‍ സ്‌ഥിതിചെയ്യുന്ന മൂന്നാറും എന്റെ മനസ്സിനെ ആകര്‍ഷിച്ചു. പ്രക്രുതിയുടെ മനോഹാരിതതേടി ഒരു യാത്ര അപ്പോള്‍ അഭിലഷണീയമായിത്തോന്നി. മൂന്നാര്‍, കൊടൈക്കനാല്‍, തുടങ്ങിയ സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മനസ്സ്‌ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.കുട്ടിക്കാലം മുതല്‍ പ്രക്രുതിയുടെ മുഗ്‌ദ്ധഭാവങ്ങള്‍ എന്നെ ആനന്ദിപ്പിച്ചിരുന്നു. വീടിനടുത്തുണ്ടായിരുന്ന ഒരു പൂഞ്ചോലയും അതിനു ചുറ്റും പടര്‍ന്നുനില്‍ക്കുന്ന പച്ചപ്പും, കിളികളും, കാറ്റില്‍ ഞൊറിവച്ചുടുത്ത്‌ നാണം കുണുങ്ങിയൊഴുകുന്ന പൂഞ്ചോലയും ഇമവെട്ടാതെ ഞാന്‍ നോക്കിയിരിക്കാറുള്ളത്‌ ഓര്‍ത്തു. പ്രക്രുതിമാതാവാണ്‌്‌, ദേവതയാണ്‌. എന്നാല്‍ മനുഷ്യന്‍ എത്രക്രൂരമായിട്ടാണു പ്രക്രുതിയോട്‌ പെരുമാറുന്നത്‌. അതൊക്കെ കണ്ടിട്ടാകുംഭൂമിക്ക്‌ ആസന്ന മരണമടുത്തുവെന്ന്‌ പ്രശസ്‌ത കവി ഒ.എന്‍.വി. സാര്‍ കവിതയെഴുതിയത്‌. മക്കള്‍ എത്ര ക്രുത്‌ഘനത കാണിക്ലാലും സ്‌നേഹത്തിനു ഒട്ടും കുറവ്‌വരുത്താത്ത അമ്മയെപ്പോലെ ഇന്നും പ്രക്രുതി ചില സ്‌ഥലങ്ങളില്‍ അഭിരാമിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു.മൂന്നാറും പരിസരങ്ങളും പ്രക്രുതിസംരക്ഷണവലയത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌ എത്രയോ അനുഗ്രഹം.

പിറ്റേദിവസം തന്നെമൂന്നാറിലേക്ക്‌ സ്‌നേഹിതരും ചേര്‍ന്ന്‌ യാത്രതിരിച്ചു. ആദ്യമായിട്ടാണ്‌ ഇത്തരം മലയോര പ്രദേശങ്ങളിലേക്ക്‌ യാത്രചെയ്യുന്നത്‌. മൂന്നുപുഴകള്‍ ഒരുമിച്ച്‌ ചേര്‍ന്നൊഴുകുന്ന പ്രദേശമെന്നത്‌ കൊണ്ടത്രെ അതിനു മൂന്നാര്‍ എന്ന പേരുവന്നത്‌. ഇടുക്കി താലൂക്കിലെ ഈ മനോഹരനഗരത്തിന്റെ നൈസര്‍ഗ്ഗികമായ പ്രക്രുത ിചാരുതയൊക്കെ വന്‍തോതില്‍വച്ച്‌ പിടിപ്പിച്ച തേയിലത്തോട്ടങ്ങള്‍ കവര്‍ന്നെടുത്തു.എങ്കിലും പര്‍വ്വതങ്ങള്‍ക്ക്‌ പച്ചപരവതാനിവിരിച്ചപോലുള്ള തേയിലതോട്ടങ്ങള്‍ നയനസുഖം തരുന്നതാണു്‌. തണുപ്പുള്ള ഇളങ്കാറ്റ്‌ യാത്രാക്ഷീണം വരുത്താതെ എല്ലാവര്‍ക്കും നവോന്മേഷം പകര്‍ന്നുകൊണ്ടിരുന്നു. പ്രക്രുതിയുടെ മായാദ്രുശ്യങ്ങള്‍ കണ്ട്‌വിസ്‌മയം പൂണ്ട്‌ നില്‍ക്കുന്നത്‌ ഒരു അനുഭൂതിയാണ്‌.

മൂന്നാറിന്റെ സുഖശീതളമായ കാലാവസ്‌ഥ, പ്രക്രുതി ഭംഗി ഇവയെപ്പറ്റി ധാരാളം കേട്ടിരുന്നു. എന്നാല്‍ ഇന്ന്‌ നേരിട്ടനുഭവിക്കാന്‍ പോകുന്നു എന്ന ചിന്തയാത്രയെ കൂടുതല്‍ ഉത്സാഹപൂരിതമാക്കി. കാര്‍ തേയിലക്കാടുകളിലേക്ക്‌്‌ പ്രവേശിച്ചു. തട്ടുതട്ടുകളായി പരന്നു കിടക്കുന്ന തേയിലതോട്ടങ്ങള്‍, അവയുടെ ഇടയില്‍ കൂടി വളഞ്ഞ്‌ പുളഞ്ഞ്‌പോകുന്ന വീതി കുറഞ്ഞ ടാറിട്ട റോഡുകള്‍. റോഡിനു ഇരുവശത്തും വളര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന യൂക്കാലിപ്‌സ്‌ മരങ്ങള്‍, ഏലക്ലെടികള്‍, ചെടിക്ക്‌ ചുവട്ടില്‍ ഭൂമിയെതൊട്ടുരുമ്മി കുലകുലയായി കിടക്കുന്ന ഏലയ്‌ക്ക ഇവയെല്ലാം എനിക്ക്‌ പുതിയ ഒരു അറിവാണുപകര്‍ന്ന്‌ തന്നത്‌.സുഗന്ധവാഹിയായ കുളിര്‍കാറ്റ്‌, കുന്നിന്മുകളില്‍നിന്നും കുതിച്ചു വീഴുന്ന കൊച്ചുകൊച്ച്‌ വെള്ളച്ചാട്ടങ്ങള്‍, പ്രക്രുതി എത്രസുന്ദരം. എന്നെപോലെയുള്ളസന്ദര്‍ശകര്‍ ഈ മനോഹാരിത ക്യാമറയില്‍ പകര്‍ത്തുന്നു.ഒപ്പം ഞാനും എന്റെ കൂടെയൂണ്ടായിരുന്നവരും.

ഈ യാത്രവ്യര്‍ത്ഥമായില്ല എന്നൊരുതോന്നല്‍ അത്‌കൊണ്ടൊക്കെ എനിക്കുണ്ടായി. ആ പ്രക്രുതിസൗന്ദര്യം ക്യാമറയില്‍ പകര്‍ത്തി ഞങ്ങള്‍ മുന്നോട്ട്‌നീങ്ങി. മൂന്നാറിലെ നാഷണല്‍ പാര്‍ക്കിന്റെ (ഇരവികുളം നാഷണല്‍ പാര്‍ക്ക്‌) പ്രവേശന കവാടത്തിനു മുമ്പിലെത്തി. കാര്‍ മുന്നോട്ട്‌ നീങ്ങി.റോഡിന്റെ വലത്ത്‌ വശത്ത്‌ ഉയര്‍ന്ന്‌ നില്‍ക്കുന്നമലകളോട്‌ ചേര്‍ത്ത്‌ ഡ്രൈവര്‍ കാര്‍ നിര്‍ത്തി. ഇവിടെ നിന്നും മലയുടെ മുകളിലേക്ക്‌ പോകാന്‍ ടൂറിസം വക ബസ്സുണ്ട്‌. സഞ്ചാരികളില്‍ അധികവും ഉത്തരേന്ത്യക്കാരും വിദേശികളുമായിരുന്നു. മുറ്റത്തെ മുല്ലക്ക്‌ മണമില്ലെന്ന വിശ്വസിക്കുന്നവരല്ലേ നമ്മള്‍ മലയാളികള്‍.

ടൂറിസം വകുപ്പ്‌ വലിയസൗകര്യങ്ങളൊന്നുമൊരുക്കിയിട്ടില്ല. പ്രക്രുതിയുടെ വരദാനം തന്നെമനസ്സിനെ ആഹ്ലാദിപ്പിക്കാന്‍ പര്യാപ്‌തം. അവിടെനിന്നും പാര്‍ക്കിന്റെ വകയായ ബസ്സില്‍ ഞങ്ങള്‍ യാത്രതുടര്‍ന്നു. വലത്‌വശം ആകാശം മുട്ടിനില്‍ക്കുന്ന പാറക്കെട്ടുകള്‍ സഹ്യപര്‍വ്വതത്തിലെ ഏറ്റവും ഉയരം കൂടിയ ആനമുടി. ബാല്യകാലത്ത്‌ എലിമെന്ററി സ്‌കൂളില്‍ ആനമുടിയെപ്പറ്റി പഠിച്ചത്‌ ഓര്‍മ്മയിലെത്തി. ആനമുടിയുടെ ഉയരങ്ങളില്‍നിന്നും പനിനീര്‍പോലെശുദ്ധ ജലം താഴേക്ക്‌പതിക്കുന്നു. പാറക്കെട്ടുകള്‍ക്ക്‌വെള്ളി അരഞ്ഞാണവും പാദസരങ്ങളും അണിയിച്ചത്‌ പോലെ. ഇടത്ത്‌ വശത്ത്‌ താഴ്‌വാരങ്ങള്‍. ഞങ്ങള്‍ ബസ്സിലായിരുന്നപ്പോള്‍ തന്നെ ആ താഴ്‌വാരങ്ങള്‍ മേഘാവ്രുതമായിക്കഴിഞ്ഞു. ആകാശം ഭൂമിയെ ആവരണം ചെയ്‌തത്‌പോലെ. അധികം താമസിയാതെ മഴ.ഏതാനും മിനിട്ടുകള്‍മാത്രം. മഴ തീര്‍ന്നതാടെ ആ മേഘപാളികള്‍ എല്ലാം അപ്രത്യക്ഷ്യമായി കഴിഞ്ഞു.

മലകളുടെ പാര്‍ശ്വത്തില്‍പൂത്തുലഞ്ഞു കിടക്കുന്ന ഇളംനീലനിറത്തിലുള്ള പൂക്കള്‍. ഒരു നല്ല ഗൈഡുകൂടിയായ ഡ്രൈവര്‍വിവരിച്ചു. `ഇതാണൂനീലക്കുറിഞ്ഞി സാധാരണയായി ഇത്‌നീലക്കുറിഞ്ഞി പൂക്കുന്ന സമയമല്ല. സമയം തെറ്റി പൂത്തവയാണത്‌. അതിയായ സന്തോഷം തോന്നി.ഞങ്ങള്‍ എല്ലാവരും ബസ്സില്‍ നിന്നിറങ്ങി. അല്‍പ്പം കുസ്രുതി ചിന്തകള്‍ എന്റെമനസ്സില്‍ കൂടി കടന്നുപോയി..ഏഴാംകടലിന്നക്കരെ നിന്ന്‌ സ്വന്തം നാട്‌ കണ്ടുപോകാന്‍ വന്ന എനിക്ക്‌ വേണ്ടിപ്രക്രുതി ഒരുക്കിയ പൂച്ചെണ്ടായിരിക്കുമോ ഇതെന്ന്‌ ഞാന്‍ വെറുതെവ്യമോഹിച്ചു.അതേസമയം മൂന്നു വര്‍ഷം കൂടുമ്പോള്‍ പൂക്കുന്നമീട്ടുകുറിഞ്ഞി എന്നൊരുതരം പൂവ്വുമുണ്ടെന്ന്‌ സന്ദര്‍ശകരില്‍ ആരോപറയുന്നത്‌കേട്ടു. ഈ പൂവ്വും നീലക്കുറിഞ്ഞിപോലെതന്നെ കാഴ്‌ചയില്‍ അനുഭവപ്പെടും.12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്നനീലക്കുറിഞ്ഞിയെക്കുറിച്ച്‌ ധാരാളം കേട്ടിരിക്കുന്നു. ഒരിക്കലെങ്കിലും നീലക്കുറിഞ്ഞിപൂക്കുമ്പോള്‍ നാട്ടില്‍പോയി അവയുടെ മനോഹാരിതനേരിട്ട്‌ കണ്ടാസ്വദിക്കണമെന്നു കരുതിയിരുന്നു. ഇപ്പോഴിതാതന്റെ മുമ്പില്‍നീലക്കുറിഞ്ഞി പൂത്ത്‌നില്‍ക്കുന്ന മലഞ്ചരിവ്‌.നീലഗിരി എന്ന പേരുവന്നത്‌നീലക്കുറിഞ്ഞി പുഷ്‌പങ്ങളില്‍നിന്നത്രെ. കൂടാതെ ആ പ്രദേശത്തിനടുത്ത്‌ താമസിക്കുന്നവര്‍ അവരുടെ വയസ്സ്‌ കണക്കാക്കിയത്‌ ഈ പുഷ്‌പങ്ങള്‍വിരിയുന്ന സമയത്തെ ആസ്‌പദമാക്കിയാണെന്നും പറഞ്ഞ്‌വരുന്നു.പന്ത്രണ്ട്‌ വര്‍ഷം കൂടുമ്പോള്‍ ഒരു വയസ്സ്‌ കൂടുക എന്നായിരിക്കുമോ അവിടത്തെ നിവാസികളുടെ മോഹം എന്ന്‌ ഞാന്‍ ചിന്തിച്ചിരിക്കെവീണ്ടും മഴ വരാന്‍പോകുന്നുവെന്ന്‌ സൂചനയുണ്ടായി.മഴയില്‍നനഞ്ഞ്‌ നില്‍ക്കുന്നപൂക്കള്‍ക്ക്‌ മനോഹാരിത കൂടുതലായിതോന്നി.

ഒരു നീലസാഗരം പര്‍വ്വതങ്ങള്‍ക്ക്‌ മേല്‍പരന്നു കിടക്കുന്നപോലെ.മലമുകളില്‍ താമസിക്കുന്നവര്‍ക്ക്‌ പ്രക്രുതിയുടെ എല്ലാ ഭാവങ്ങളും രൂപങ്ങളും ദൈവം തന്നെ. അവിടെ താമസിക്കുന്നതോഡര്‍ എന്ന വര്‍ഗ്ഗക്കാര്‍ ഹിന്ദുക്കളുടെ ദൈവമായ സുബ്രമണ്യസ്വാമിയെ പൂജിക്കുന്നവരാണു്‌. സുബ്രമണ്യനു നീലക്കുറിഞ്ഞിപൂക്കള്‍ ഇഷ്‌ടമാണെന്ന്‌ ഭക്‌തര്‍വിശസിക്കുന്നു .സുബ്രമുണ്യസ്വാമിയുടെ രണ്ടുഭാര്യമാരില്‍ഒരാളായ വള്ളിവേട സമുദായത്തിലെ ഒരു കന്യകയായിരുന്നുവെന്നും മുരുകസ്വാമിനീലക്കുറിഞ്ഞി പൂക്കള്‍കൊണ്ട്‌ തീര്‍ത്തമാലയാണ്‌ വരണമാല്യമായി അവളുടെ കഴുത്തിലിട്ടതെന്നും ഇവര്‍ വിശ്വസിക്കുന്നു.സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രക്രുതിദത്തമായ സ്‌ഥലങ്ങളെ ചുറ്റിപ്പറ്റി ആളുകള്‍ കഥകളും മെനയുന്നു. കമിതാക്കളുടെ രഹസ്യപ്രണയങ്ങളുടെ പ്രതീകമായിനീലക്കുറിഞ്ഞിപൂക്കളെ കണക്കാക്കിവരുന്നു. ഒരു കുന്നിന്‍പുറം നിറയെപൂത്ത്‌വിരിയുന്ന ഈ പൂക്കളില്‍നിന്നും തേന്‍ശേഖരിക്കാന്‍ വണ്ടുകള്‍പറന്നുവരുന്നു. വണ്ടുകളുടെ ഭ്രമരവും തേനിന്റെ മാധുര്യവും പൂക്കളുടെ ശോഭയും പ്രേമിക്കുന്നവര്‍ക്ക്‌ ഉത്സാഹം പകരുന്നകാഴ്‌ചയായത്‌ കൊണ്ടാകാം നീലക്കുറിഞ്ഞി കാല്‍പ്പനിക പ്രണയത്തിന്റെ പ്രതിമാനമായി കരുതുന്നത്‌.

കര്‍ണ്ണാട്ടിക്ക്‌ സംഗീതത്തിലെ ഒരു രാഗത്തിനു കുറിഞ്ഞി എന്നാണുപേരു്‌.ഹരിതാഭമായ കുന്നുകള്‍ക്ക്‌ ഈ പൂക്കള്‍വിരിയുമ്പോള്‍ നീലനിറം കൈ വരുന്നു.ഈ പൂക്കള്‍വിരിയുന്നത്‌ഭാഗ്യമായി അവിടെയുള്ളവര്‍ കരുതുന്നു.ഈ പൂക്കളുടെ സംരക്ഷണവും നിലനില്‍പ്പും കാത്ത്‌സൂക്ഷിക്കുന്നസഞ്ചാര വികസനവകുപ്പും, വനസംരക്ഷക വകുപ്പും ചേര്‍ന്ന്‌ കൊടൈകനാല്‍ മുതല്‍മൂന്നാര്‍വരെയുള്ള പര്‍വ്വതനിരകളെ `കുറിഞ്ഞിസങ്കേതം' എന്ന്‌ വിളിക്കപ്പെടണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌. ഭാരതീയ തപാല്‍ വകുപ്പിന്റെ സ്‌റ്റാമ്പ്‌കളിലൂടെ പ്രക്രുതിയുടെ നിഗൂഡതകള്‍ ആരായുക എന്ന പദ്ധതിപ്രകാരം 2006ല്‍ കുറിഞ്ഞിയുടെ പടമുള്ള സ്‌റ്റാമ്പുകള്‍ ഇറക്കിയിരുന്നു.

ആനമുടിയിലെ പാറപ്പുറങ്ങളില്‍ സാധാരണ കണ്ടുവരാറുള്ള ഒരു പ്രത്യേകതരാം ആടുകളെ കാണാന്‍ (വരയാടുകള്‍) സന്ദര്‍ശകര്‍ കൗതുകപൂര്‍വ്വം നോക്കികൊണ്ടിരുന്നു.എന്നാല്‍ മഴകാരണം അന്ന്‌ ആടുകള്‍ ഇറങ്ങാന്‍ സാധ്യതയില്ല എന്ന്‌ പാര്‍ക്കിലെ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.

നേരം സന്ധ്യമയങ്ങുന്നു. വീണ്ടും താഴ്‌വരകള്‍ മേഘാവ്രുതമാകുന്നു. നീലക്കുറിഞ്ഞി പൂക്കളൊടും അവയെ കാത്ത്‌സൂക്ഷിക്കുന്ന പ്രക്രുതിയോടും വിട പറയാന്‍സമയമായി. ഓര്‍മ്മകളുടെ മണിച്ചെപ്പിലേക്ക്‌ ആ വശ്യദ്രുശ്യങ്ങള്‍ നിക്ഷേപിച്ചു. മനസ്സിന്റെ തിരശ്ശീലയില്‍ എന്നും മിന്നിമറയാവുന്ന അപൂര്‍വ്വ ചാരുതകള്‍. പ്രക്രുതി മനുഷ്യനു എന്നും സാന്ത്വനം തരുന്നു.പൂത്ത്‌ നില്‍ക്കുന്നപൂക്കള്‍ സന്തോഷത്തിന്റെ പര്യായം പോലെനമ്മെനോക്കി പുഞ്ചിരിക്കുമ്പോള്‍ ദൈനദിന ജീവിതത്തിലെ പ്രയാസങ്ങള്‍, വേദനകള്‍ എല്ലാം കുറഞ്ഞ്‌പോകുന്നു.സുഗന്ധം കൊണ്ട്‌നമ്മെതൊട്ടുണര്‍ത്തിപൂക്കള്‍നമ്മെ ആശ്വസിപ്പിക്കുന്നു.മൂന്നാറും പരിസരങ്ങളും ഇനി ഒരിക്കല്‍ കൂടിസന്ദര്‍ശിക്കാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല. എന്നാലും ചിലവഴിച്ച ഏതാനും മണിക്കൂറുകള്‍ അനുഭൂതിദായകങ്ങളായിരുന്നു. പൂക്കളെ, വിട.....

ഞങ്ങള്‍ പാര്‍ക്കില്‍നിന്നും തിരിച്ചുപോകുന്ന ബസ്സില്‍ കയറി കാറിനെ ലക്ഷ്യമാക്കി പുറപ്പെട്ടു.


(തുടരും)

>>>ഒന്നാം ഭാഗം വായിക്കുക
നീലക്കുറിഞ്ഞിപൂത്തപ്പോള്‍ -2 (സഞ്ചാരവിശേഷങ്ങള്‍: സരോജ വര്‍ഗീസ്സ്‌)നീലക്കുറിഞ്ഞിപൂത്തപ്പോള്‍ -2 (സഞ്ചാരവിശേഷങ്ങള്‍: സരോജ വര്‍ഗീസ്സ്‌)നീലക്കുറിഞ്ഞിപൂത്തപ്പോള്‍ -2 (സഞ്ചാരവിശേഷങ്ങള്‍: സരോജ വര്‍ഗീസ്സ്‌)നീലക്കുറിഞ്ഞിപൂത്തപ്പോള്‍ -2 (സഞ്ചാരവിശേഷങ്ങള്‍: സരോജ വര്‍ഗീസ്സ്‌)
Join WhatsApp News
Sudhir Panikkaveetil 2015-05-15 19:26:40
അക്ഷരങ്ങളെ നീലക്കുറിഞ്ഞി പൂക്കളാക്കുന്ന
ഭാഷയുടെ സൗകുമാര്യം !  അഭിനന്ദനം !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക