Image

അവന്‍ മരണാര്‍ഹന്‍. (കവിത: ജോസഫ്‌ നമ്പിമഠം)

Published on 04 June, 2015
അവന്‍ മരണാര്‍ഹന്‍. (കവിത: ജോസഫ്‌ നമ്പിമഠം)
ചലനപഥങ്ങളില്‍
വിരസതയുടെ വഴുക്കല്‍ വീഴ്‌ത്തി
ഇഴഞ്ഞു നീങ്ങുന്ന
നശിച്ച, ഒരൊച്ചിനെപ്പോലെ
മന്തു കാലിലിഴയുന്ന ആമയെപ്പോലെ
ഇഴയുന്ന, ആ കൊച്ചു സൂചി
എന്നെ...
വല്ലാതെ അലോസരപ്പെടുത്തുന്നു

സമയത്തെ
എങ്ങിനെയാണ്‌ കൊല്ലുക?
ബാത്ത്‌ ടബ്ബിലെ ഇത്തിരി
ജലാശയത്തില്‍ മുഖമാഴ്‌ത്തി
ശ്വാസം നിലക്കും വരെ മുക്കുക?
പായല്‍ മൂടിയ തടാകത്തിന്റെ
നിശ്ചലതയിലാഴ്‌ത്തുക?
അലയടങ്ങാത്ത ആഴിയുടെ
അടിയിലേക്ക്‌ എറിഞ്ഞുകളയുക?
സീലിംഗ്‌ ഫാനില്‍
ഒരു കുടുക്കിട്ടു കെട്ടിഞാത്തുക?
അംബരചുംബിയായ ഗോപുരത്തിന്റെ
മുകളില്‍ നിന്ന്‌ താഴേക്ക്‌ എറിയുക?

പായല്‍ മൂടിയ തടാകത്തിന്റെ
നിശ്ചലതയാണിവനു ചേരുക
അവന്റെ,
നീണ്ട ഇരട്ട സൂചികള്‍ പിന്നില്‍ പിണച്ചുകെട്ടി
മുകത്തൊരു കറുത്ത തുവാല കെട്ടി
പായല്‍ മൂടിയ ആ നിശ്ചല തടാകത്തില്‍
അവനെ ഞാന്‍ മുക്കി
കണ്ണ്‌ പുറത്തു ചാടും വരെ
ശ്വാസം നിലക്കും വരെ

ഘടികാരത്തെ തടാകത്തില്‍ മുക്കി
സമയത്തിന്റെ കഴുത്തു ഞെരിച്ച്‌
രക്തം പുരണ്ട കൈകളുമായി
കിടക്കമുറിയില്‍ ഞാന്‍ തിരിച്ചെത്തി

അവിടെ
കംപ്യൂട്ടര്‍ സ്‌ക്രീനിന്റെ മൂലയില്‍
സെല്‍ ഫോണിന്റെ കൊച്ചു സ്‌ക്രീനില്‍
അവന്‍ ഇഴഞ്ഞു നടക്കുന്നു.
നശിച്ച  ഒരൊച്ചിനെപ്പോലെ
ചീർത്ത ആമയെപ്പോലെ
ആ കൊച്ചു സൂചി
ആ പോക്കിരി...

അവൻ മരണാർഹൻ
എങ്കിലും
മരണമില്ലാത്തവൻ

അവന്‍ മരണാര്‍ഹന്‍. (കവിത: ജോസഫ്‌ നമ്പിമഠം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക