Image

ബി.ജെ.പി.യിലെ പൊട്ടിത്തെറി ആര്‍ക്ക് എതിരെ? എന്ത് ഫലം? (ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 18 November, 2015
ബി.ജെ.പി.യിലെ പൊട്ടിത്തെറി ആര്‍ക്ക് എതിരെ? എന്ത് ഫലം? (ഡല്‍ഹികത്ത്: പി.വി.തോമസ്)
നരേന്ദ്രമോഡിയും അമിത്ഷായും ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് തോറ്റപ്പോള്‍ ബി.ജെ.പി.യില്‍ ഒരു പൊട്ടിത്തെറി രാഷ്ട്രീയ നിരീക്ഷകരില്‍ ചിലരൊക്കെ പ്രതീക്ഷിച്ചതാണ്. പക്ഷേ, ഞാന്‍ ഇത് ഇത്ര പൊടുന്നനെ പ്രതീക്ഷിച്ചതല്ലായിരുന്നു. ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ അങ്ങനെതന്നെ പറയുകയും ചെയ്തിരുന്നു. കാരണം എന്റെ യുക്തിപ്രകാരം ബി.ജെ.പി.യില്‍ ഇപ്പോള്‍ മോഡിക്ക് വെല്ലുവിളി ഉയര്‍ത്തുവാനായി ഒരു മറു നേതാവ് ഇല്ല. പിന്നെ, അമിത്ഷാ. അദ്ദേഹം മോഡിയുടെ വലംകൈയ്യും ആണ്. അപ്പോള്‍ മോഡിയും അമിത് ഷായും ബി.ജെ.പി.യില്‍ 'ടീന' ഫാക്ടറിന്റെ ഫലമായി വളരെ ഭംഗിയായി തുടരുമെന്നായിരുന്നു സാരം(ടീന-ദെര്‍ ഈസ് നോ ആള്‍ട്ടര്‍നേറ്റീവ്). അതായത് ഇവര്‍ക്ക് പകരത്തിനായി വേറെ ആരും ഇല്ല തല്‍ക്കാലം ബി.ജെ.പി.യില്‍.
എന്നാല്‍ ബി.ജെ.പി.യുടെ ബീഹാര്‍ പരാജയം തല്‍ക്കാലം ഈ മോഡി-ഷാ. ദ്വന്ദത്തെ ഒന്ന് ഉലച്ചിരിക്കുകയാണ്. തെരഞ്ഞെുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ഉടനടി പാര്‍ട്ടിയിലെ തലമൂത്ത നേതാക്കന്മാരായ ലാല്‍ കിഷന്‍ അദ്വാനിയും, മുരളി മനോഹര്‍ ജോഷിയും, യഷ് വന്ത് സിന്‍ഹയും, ശാന്താ കുമാറും രംഗത്തെത്തി. അവര്‍ക്ക് വേണ്ടത് മോഡിയുടെയും ഷായുടെയും രക്തം ആണ്.
ആരാണിവര്‍? അദ്വാനി ബി.ജെ.പി.യിലെ ഏറ്റവും മുതിര്‍ന്ന നേതാവ് ആണ്. അദ്ദേഹത്തിന്റെ അയോദ്ധ്യരഥയാത്രയാണ് ബി.ജെ.പി.യുടെ ലോകസഭ അംഗസംഖ്യ രണ്ടില്‍ നിന്നും 84-ന് മേലെവരെ 1990-കളില്‍ ഉയര്‍ത്തിയത്. അദ്ദേഹം ആണ് ഇന്നത്തെ ബി.ജെ.പി.യുടെ ശില്പി. അദ്ദേഹം വാജ്‌പേയി ഗവണ്‍മെന്റില്‍ ഉപപ്രധാനമന്ത്രിയും ആയിരുന്നു. അദ്വാനിയും ജോഷിയും ആണ് ആദ്യമായി മോഡിയുടെ പ്രധാനമന്ത്രിപദത്തിലേക്കുള്ള പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തെ എതിര്‍ത്തത്. അദ്വാനി അദ്ദേഹത്തിന്റെ സ്ഥാനങ്ങള്‍ വരെ ത്യജിക്കുകയുണ്ടായി. ജോഷി പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് മാത്രം അല്ല അദ്ദേഹം 1992-ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ബി.ജെ.പി.യുടെ അദ്ധ്യക്ഷനും ആയിരുന്നു. അന്ന് 1992 ഡിസംബര്‍ ആറിന് ജോഷി അദ്വാനിയോടൊപ്പം അയോദ്ധ്യയില്‍ ഉണ്ടായിരുന്നു. 2014-ല്‍ ലോകസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അദ്ദേഹം വാരണാസിയില്‍ നിന്നുമുള്ള ബി.ജെ.പി.യുടെ ലോകസഭാംഗം ആയിരുന്നു. പക്ഷേ, മോഡിക്കു വേണ്ടി ആ സീറ്റ് ത്യാഗം ചെയ്യേണ്ടിവന്നു. അദ്വാനിയെയും ജോഷിയെയും മോഡിയും ഷായും ശരിക്കും തഴഞ്ഞു. ബി.ജെ.പി. അധികാരത്തില്‍ വന്നതിനുശേഷം. ലോകസഭ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രണ്ട് പേരുടെയും പേരുകള്‍ ഉന്നയിക്കപ്പെട്ടെങ്കിലും ആരും പരിഗണിക്കപ്പെട്ടില്ല. രണ്ടുപേരെയും മന്ത്രിസ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടില്ല. കാരണം അവര്‍ 75 വയസ് കടന്നിരുന്നു. അവര്‍ രണ്ടുപേരും പാര്‍ട്ടിയുടെ പരമോന്നത തീരുമാന കമ്മറ്റിയായി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും നിഷ്‌ക്കാസിതരാക്കപ്പെട്ടിരുന്നു മോഡി-ഷാ ദ്വന്ദത്താല്‍. പകരം അവരെ 'മാര്‍ഗ്ഗദര്‍ശക് മണ്ഡല്‍' എന്ന ഒരു അപ്രസക്ത ലാവണത്തില്‍ തളയ്ക്കുകയും ചെയ്തു. മോഡിയും മുന്‍പ്രധാനമന്ത്രി വാജ്‌പേയിയും രാജ്‌നാഥ് സിംങ്ങും ഈ മണ്ഡലിലെ അംഗങ്ങള്‍ ആണെങ്കിലും  ഇത് ഇതുവരെ ഒരുപ്രാവശ്യം പോലും കൂടിയിട്ടില്ല! വാജ്‌പേയിക്ക് അതിന് ഒട്ടും ആവുകയുമില്ല. ആ മഹാനായ നേതാവ് മൃതപ്രായനായി ജീവിക്കുകയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍, ഡല്‍ഹിയില്‍. യശ് വന്ത് സിന്‍ഹയും മോഡി-ഷാ കൂട്ടുകെട്ടിന്റെ ഒരു വിമര്‍ശകന്‍ ആണ് ആരംഭം മുതലെ. വാജ്‌പേയി ഗവണ്‍മെന്റില്‍ വിവിധ മന്ത്രാലയങ്ങള്‍ ഭരിച്ച അദ്ദേഹത്തിനും മോഡി ഒരു മന്ത്രിപദവിയും നല്‍കിയില്ല 75 വയസെന്ന പ്രായപരിധിയുടെ പേരില്‍. പക്ഷേ, അദ്ദേഹത്തിന്റെ മകന്‍ ജയന്ത് സിന്‍ഹയെ ലോകസഭ അംഗം ആക്കുകയും കേന്ദ്ര മന്ത്രിസഭയില്‍ ധനകാര്യ ഉപമന്ത്രിയായി നിയമിക്കുകയും ചെയ്തു. ബീഹാര്‍ തെരഞ്ഞെടുപ്പു പരാജയത്തില്‍ മോഡിയെ വിമര്‍ശിച്ച അച്ഛനെ അദ്ദേഹം എതിര്‍ക്കുകയും ചെയ്തു. മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായ ശാന്താകുമാറും മോഡിയുടെ ഒരു വിമര്‍ശകന്‍ ആണ് ആദ്യം മുതലെ. ഇദ്ദേഹവും 75 വയസ് കഴിഞ്ഞ് സ്ഥാനമാനങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു നേതാവ് ആണ്.
ബീഹാറിലെ മോഡി-ഷാ ദ്വന്ദ്വത്തിന്റെ പരാജയം അദ്വാനിയും ജോഷിയും സിന്‍ഹയും ശാന്താകുമാറും മോഡിയെ ആക്രമിക്കുവാനുള്ള ഒരു അവസരമായി, ആയുധമായി, ഉപയോഗിക്കുകയായിരുന്നു, സ്വഭാവികമായും. ഇവരുടെ അഭിപ്രായത്തില്‍ മോഡിയും ഷായും ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ വന്‍പരാജയത്തില്‍ നിന്നും ഒന്നും പഠിച്ചിട്ടില്ല. ഇവരുടെ ആക്രമണം ആരംഭിച്ചത് തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസം കഴിഞ്ഞ് ബി.ജെ.പി. പാര്‍ലിമെന്‍രറി ബോര്‍ഡ് കൂടിക്കഴിഞ്ഞതിന് ശേഷം ആണ്. പാര്‍ലിമെന്ററി ബോര്‍ഡ് സുപ്രധാനമായ ഒരു പ്രസ്താവന നടത്തി. ഇത് മോഡിയേയും ഷായേയും പിന്തുണയ്ക്കുന്നതായിരുന്നു. തെരഞ്ഞെടുപ്പു പരാജയം വ്യക്തികളില്‍ കെട്ടിവയ്‌ക്കേണ്ടതായില്ല. അത് പൊതു ഉത്തരവാദിത്വം ആണ്.
ഇതിന് അദ്വാനി നയിച്ച വിമര്‍ശക സംഘത്തിന്റെ പരുഷമായ മറുപടി പൊതു ഉത്തരവാദിത്വം എന്നത് ആരും ഉത്തരവാദികള്‍ അല്ല എന്ന് പറയുന്നതിന് തുല്യമാണ്. 2014-ലെ ലോകസഭ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിക്വവും ക്രെഡിറ്റും ഏറ്റെടുത്തവര്‍ 2015 ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ തോല്‍വിയും ശിരസാവഹിക്കണം. അവര്‍ക്ക് മോഡി-ഷാ ദ്വന്ദ്വത്തിന്- അതില്‍ നിന്നും ഒഴിഞ്ഞു മാറുവാന്‍ സാദ്ധ്യമല്ല. ബീഹാര്‍ പരാജയത്തിന് കാരണം പാര്‍ട്ടിനേതൃത്വം-മോഡി-ഷാ- കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടിയെ നിര്‍വീര്യമാക്കിയതിന്റെ ഫലം ആണ്. പാര്‍ട്ടിയെ ചുരുക്കം ചില വ്യക്തികളുടെ പിണയാളാക്കി മാറ്റി. പാര്‍ട്ടിയില്‍ അഭിപ്രായ സമന്വയത്തിലൂടെ തീരുമാനങ്ങള്‍ എടുക്കുന്ന സ്വഭാവം ഇല്ലാതാക്കി. അദ്വാനി സംഘത്തിന്റെ അഭിപ്രായ പ്രകാരം ബീഹാര്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ അവലോകനം അതിന് കാരണക്കാരായ വ്യക്തികള്‍ അടങ്ങുന്ന ഒരു സംഘം ആയിരിക്കരുത് നടത്തേണ്ടത്. ഈ പ്രസ്താവന തയ്യാറാക്കിയത് മുന്‍മന്ത്രിയും പത്രാധിപരും ആയിരുന്ന അരുണ്‍ ഷൂറിയുടേയും മുന്‍ സംഘപരിവാര്‍ ബൗദ്ധീകനും ആയിരുന്ന ഗോവിന്ദാചാര്യയുടെയും മേല്‍നോട്ടത്തില്‍ ആയിരുന്നുവെന്ന് മനസിലാക്കണം.

ഇതിന് ഉടനടി മോഡി ഭക്തരായ ബി.ജെ.പി. നേതാക്കന്മാരുടെ മറുപടി വന്നു. മുന്‍ ബി.ജെ.പി. അദ്ധ്യക്ഷന്മാരായ രാജ്‌നാഥ് സിംങ്ങും, വെങ്കയ്യ നായിഡുവും നിതിന്‍ ഗഡ്ക്കരിയും മറുപ്രസ്താവന നടത്തി. അവരുടെ പ്രസ്താവന പ്രകാരം ഒരു തെരഞ്ഞെടുപ്പ് പരാജയ്തിതന് പാര്‍ട്ടി പൊതു ഉത്തരവാദിത്വം ഏറ്റെടുക്കയെന്നത് ബി.ജെ.പി.യുടെ പൊതുസ്വഭാവം ആണ്, പാരമ്പര്യം ആണ്. അദ്വാനിയുടെ കാലത്തും ജോഷിയുടെ കാലത്തും പാര്‍ട്ടി തെരഞ്ഞെടുപ്പുകള്‍ തോറ്റിട്ടുണ്ട്. 2014- ലെ തകര്‍പ്പന്‍ ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം മോഡി ഷാ ദ്വന്ദം മഹാരാഷ്ട്രയിലും ഝാര്‍ഖണ്ടിലും, ഹരിയാനയിലും, ജമ്മു-കാശ്മീരിലും നിയമസഭ തെരഞ്ഞെടുപ്പുകള്‍ വിജയിപ്പിച്ചിട്ടുണ്ട്. കൂടാതെ കര്‍ണ്ണാടകയിലും, മഹാരാഷ്ട്രയിലും, ആന്റമാന്‍സിലും, കേരളത്തിലും, ആസാമിലും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളും ജയിച്ചു. പക്ഷേ, ഇവര്‍ മറ്റ് ചില ഉപതെരഞ്ഞെടുപ്പ്, തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ മോഡിയുടെ വാരണാസി ഉള്‍പ്പെടെ- വിട്ടുകളഞ്ഞു. സാരമില്ല. പക്ഷേ, ഇവരുടെ പ്രതിരോധം ഗംഭീരവും തികച്ചും സമയോചിതവും ആയിരുന്നു. അതുകൊണ്ട് മതിയാകുമോ?
ആക്രമണം ഇതുകൊണ്ട് തീര്‍ന്നില്ല. ശത്രുഘ്‌നന്‍ സിന്‍ഹയും(ബി.ജെ.പി. പാറ്റ്‌ന സാഹിബ് എം.പി.) സോലാസിംങ്ങും(ബി.ജെ.പി. ബെഗുസെറായി എം.പി.), ആര്‍.കെ.സിംങ്ങും(ബി.ജെ.പി. ആര്‍ എം.പി.), മനോജ് തീവാരിയും(ബി.ജെ.പി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി എം.പി.) ഇതില്‍ പങ്കുചേര്‍ന്നു. അവര്‍ മോഡിയേയും ഷായേയും ബീഹാര്‍ തകര്‍ച്ചയില്‍ പഴിചാരി. ബീഹാറില്‍ നിന്നുമുള്ള നേതാക്കന്മാരെ ഒഴിച്ച് നിര്‍ത്തി 'ബാഹരി'കളായ നേതാക്കന്മാരെ പ്രചരണത്തിന് ഉപയോഗിച്ച തന്ത്രത്തിന്റെ പാളിച്ചയെ അവര്‍ തുറന്നുകാട്ടി.

മോഡിക്കും ഷാക്കും എതിരായുള്ള വിമര്‍ശനം തികച്ചും ഉചിതമാണ്. ഒരു തെരഞ്ഞെടുപ്പില്‍ വിജയവും പരാജയവും സ്വാഭാവികം ആണെങ്കിലും ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.(എന്‍.ഡി..യെ.) തോറ്റതിന്റെ പ്രധാനകാരണക്കാര്‍ മോഡിയും ഷായും തന്നെയാണ്. അവരുടെ ഏകാധിപത്യ രീതികള്‍, കേന്ദ്രഭരണത്തിന്റെ പരാജയങ്ങള്‍, രാജ്യത്ത് പൊതുവെ വളര്‍ന്നു വരുന്ന അസഹിഷ്ണുത ഇവയെല്ലാം ബീഹാറില്‍ മോഡിയുടെയും ഷായുടെയും തോല്‍വി കുറിച്ചു.
എന്നാല്‍ ഒരു കാര്യം പ്രത്യേകമായി മനസിലാക്കേണ്ടതായിട്ടുണ്ട്. ഈ ആക്രമണങ്ങളുടെ പ്രധാന ഇര അമിത് ഷായാണ്. കാരണം മോഡിയെ അക്രമിയ്ക്കുവാന്‍ അദ്വാനിയും സംഘവും പ്രാപ്തരല്ല. അമിത് ഷായുടെ അദ്ധ്യക്ഷപദവി ഡിസംബറില്‍ തീരുകയാണ്. ജാനുവരിയില്‍ പുതിയ ബി.ജെ.പി. അദ്ധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് ഉണ്്. അതില്‍ ഷായെ പുറത്താക്കുക എന്നതാണ് പദ്ധതി. അത് നടന്നാലും നടന്നില്ലെങ്കിലും ആരാണ് ഈ അമിത്ഷായെന്ന് മനസിലാക്കുന്നത് നല്ലതാണ്. കാരണം നമ്മളൊക്കെ കാര്യങ്ങള്‍ എളുപ്പം മറന്നു പോകും.

ഈ ബഹുമാന്യനായ നേതാവ് 2010 ജൂലൈ 24-ന് നരേന്ദ്രമോഡിയുടെ ഗുജറാത്ത് ഗവണ്‍മെന്റില്‍ നിന്നും രാജി വയ്ക്കുവാന്‍ നിര്‍ബന്ധിതനായതാണ്. അന്ന് അദ്ദേഹം ഉപഗൃഹകാര്യ മന്ത്രി ആയിരുന്നു. അദ്ദേഹത്തിനെതിരെ കൊല, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി കേസുകള്‍ സി.ബി.ഐ. ചുമത്തിയിരുന്നു തലേന്ന്. രാജിവച്ച അദ്ദേഹം പോലീസിന് കീഴടങ്ങി. മൂന്നുമാസത്തോളം അദ്ദേഹം ജയിലില്‍ ആയിരുന്നു. 2012-ല്‍ സി.ബി.ഐ.ഷായെ രണ്ടാമതൊരു വ്യാജ ഏറ്റുമുട്ടല്‍ വധക്കേസില്‍ പ്രതിയാക്കി കുറ്റപത്രം നല്‍കി(തുളസി രാം പ്രജാപതി കേസ്, ആദ്യത്തേത് സൊഹറാബുദ്ദിന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ വധക്കേസ്). ജ്യാമത്തില്‍ ഇറങ്ങിയ ഷായെ മോഡി സംരക്ഷിച്ചു. ബി.ജെ.പി.യുടെ ജനറല്‍ സെക്രട്ടറിയാക്കി (ഉത്തര്‍പ്രദേശിന്റെ ചുമതല). പിന്നീട് 2014-ല്‍ രാജ്‌നാഥ് സിംങ്ങ് കേന്ദ്രമന്ത്രിയായപ്പോള്‍ ബി.ജെ.പി.യുടെ ദേശീയ അദ്ധ്യക്ഷനും ആക്കി. 2014 ഡിസംബര്‍ 30ന് മുംബൈയിലെ ഒരു കോടതി ഷാക്ക് കേസുകളില്‍ നിന്നും മുക്തി നല്‍കി. ഭരണം ലഭിച്ചാലത്തെ ആനുകൂല്യങ്ങള്‍ എത്രയാണ്! കോടതിയുടെ ഈ വിധിക്കെതിരെ സി.ബി.ഐ. അപ്പീല്‍ നല്‍കിയതുമില്ല!  അങ്ങനെ ഷാ കുറ്റവിമുക്തന്‍. ഷാ പക്ഷേ, ബി.ജെ.പി.യിലെ വിമതസഖ്യം ഷായെ ഉന്നമിടുന്നത് ഇതുകൊണ്ടൊന്നും അല്ല. ഷായുടെ കഥകഴിച്ചാല്‍ അത് മോഡിയുടെ ചിറകരിയുന്നതിന് തുല്യം ആണ്. അതുകൊണ്ട് ജാനുവരിയിലെ ബി.ജെ.പി. അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിമതര്‍ ഷായെ ഉന്നമിടുകയാണ്. പക്ഷേ അവരുടെ വിജയസാദ്ധ്യത ചുരുക്കം ആണ്. മോഡി അദ്ദേഹത്തിന്റെ പ്രധാന സേനാധിപനെ ബലികൊടുക്കുകയില്ല. 2016-ല്‍ ബംഗാള്‍, ആസാം, കേരള, തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പുകള്‍ വരുന്നു. 2017-ല്‍ തെരഞ്ഞെടുപ്പുകളുടെ തെരഞ്ഞെടുപ്പായ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പും. ബീഹാറിന് പകരം വീട്ടണം. ഇതിന് മോഡിക്ക് ഷായെ വേണം.

ബി.ജെ.പി.യിലെ പൊട്ടിത്തെറി ആര്‍ക്ക് എതിരെ? എന്ത് ഫലം? (ഡല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക