Image

എന്റെ ജന്‍മക്ഷേത്രം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക് Published on 24 December, 2016
എന്റെ ജന്‍മക്ഷേത്രം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
താമസക്കരിമ്പടക്കെട്ടിനാല്‍ പുതച്ചപോല്‍
വിസ്മയം, ഭയം, ശോകം തിങ്ങിടും തുരുത്തുപോല്‍
മൂകമായ് നിലകൊള്ളും ചൈതന്യക്ഷേത്രമേ, നീ
ലോകനീതിയുച്ഛസ്ഥം ഘോഷിപ്പൂ ശോകാക്രാന്തം !

    ശാരദ സാന്ധ്യനീല കാന്തിയില്‍ വിഷാദാര്‍ദ്രം
    താരകവെളിച്ചത്തില്‍ നില്പൂ നീ പരിക്ഷീണം
    പച്ചമേടുകള്‍ താരും പാടവും മേളിക്കുമീ
    സ്വച്ഛന്ദ സുന്ദരമാം ഗ്രാമീണ വിശ്രാന്തത്തില്‍,

നാലഞ്ചു ദശകങ്ങള്‍ പുഷ്‌ക്കലപ്രഭങ്ങളായ്
നിഷ്‌ക്കമ്പം ദീപ്തിച്ചു നീ വാസര രാത്രങ്ങളെ,
സ്‌നേഹാര്‍ദ്ര ജീവിതത്താല്‍ ദിവ്യമാം നാളങ്ങളാല്‍
ഗേഹാശ്രമാന്തരീക്ഷം വര്‍ണ്ണാഭമായ് നീ മാറ്റി.

    ജീവല്‍സ്പന്ദനങ്ങളില്‍ സപ്തവര്‍ണ്ണം നീ ചാര്‍ത്തി
    ഭൂവിതില്‍ സ്വരരാജ വീചികള്‍ വിടര്‍ത്തി നീ
    നാടിന്റെ നെടംതൂണായ് മേവിയ നിവേശനം
    ക്ലാന്തത്വം പടര്‍ന്നിന്നു ജീര്‍ണ്ണമായ് നില്‍പൂ തത്ര !

ഹന്ത! മര്‍ത്യ ജീവിതത്താവളം ക്ഷണപ്രഭം !
നൊന്തിടും ചിന്തകളാല്‍ നെഞ്ചകം തകരുന്നോ ?
പിഞ്ചിളം കാല്പാദങ്ങള്‍ പിച്ചവച്ചൊരങ്കണം
കഞ്ചിത പ്രബുദ്ധരായെത്രപേരുയര്‍ന്നതില്‍ !

    എത്ര ജന്‍മങ്ങള്‍ നിന്റെ വക്ഷസ്സില്‍ തലചായ്ചു,
    പത്രം വിടര്‍ത്തിയങ്ങു ദൂരത്തേക്കകന്നുപോയ് ?
    കൂടുവിട്ടകന്നാലും കൂട്ടിലേക്കണച്ചിടാന്‍
    കൂട്ടിലൊട്ടുനാള്‍ രണ്ടു ജനിത്വര്‍ പാര്‍ത്തിരുന്നു;

മാതൃത്വ വക്ഷോജത്തിന്‍ ലാളനാ പരിമളം
താതസൗഭഗത്തിന്റെ സൗരഭസംരക്ഷണം
കാലത്തിന്‍ യവനിക മായിച്ചെന്നിരിക്കിലും
ലോലതന്ത്രികള്‍ മീട്ടി നില്‍ക്കുമെന്‍ ഹൃദന്തത്തില്‍ !

    സ്‌നേഹപൂര്‍ണ്ണമായെന്നെ പാലിച്ചു വളര്‍ത്തൊരെന്‍
    ഗേഹമാം സൗചിത്ര്യത്തെ എങ്ങനെ മറക്കും ഞാന്‍ ?
    എത്ര ജന്‍മങ്ങള്‍ നിന്നിലുയര്‍ന്നു പൊലിഞ്ഞുവോ?
    എത്ര ജന്‍മങ്ങളിനി വിടരാനിരിക്കുന്നോ?

എങ്കിലുമെന്‍ ജീവിത മിത്ര സംപുഷ്ടമാക്കി
എന്നിലെ ചൈതന്യത്തെ പൂരിച്ച ജന്‍മക്ഷേത്രം !
എന്നും ഞാന്‍ നിന്നെക്കാണ്മതത്യന്തം ഭക്ത്യാദരാല്‍
എന്നും നീതെളിയുന്നെന്‍ കര്‍മ്മസാക്ഷിയായ് മുന്നില്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക