Image

മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ -അദ്ധ്യായം - 21: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 12 January, 2017
മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ -അദ്ധ്യായം - 21: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
സൂസമ്മ തന്റെ ജീവിതയാത്ര തുടരുന്നു. മറ്റു യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലാണ്. തന്റെ മനസ്സുമാത്രം മയങ്ങുന്നില്ല. ഉയര്‍ന്നുപൊങ്ങുന്ന തിരമാലകള്‍ ഒന്നിനു പിറകെ ഒന്നായി സൂസമ്മയെ അസ്വസ്ഥയാക്കുന്നു. ഉദയവര്‍മ്മ തനിക്കുവേണ്ടി കണ്ടുപിടിച്ച പുതിയ ജോലിയും അവിടുത്തെ ജീവിതവും സുഗമമായിരിക്കണെ എന്നവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

അടുത്തദിവസം പുലര്‍ച്ചയോടുകൂടി അവള്‍ തന്റെ പുതിയ ഔദ്യോഗികസ്ഥാപനത്തിലെത്തി, അധികൃതരുമായി സംസാരിച്ചു. രണ്ടു ദിവസങ്ങള്‍ക്കുശേഷം ജോലിയില്‍ പ്രവേശിക്കാം. ആശുപത്രിയോടു ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസസൗകര്യവും ലഭിച്ചു. ശാന്തമായ അന്തരീക്ഷം.

ഇടയ്ക്കിടെ അവള്‍ അജിത്തിനെക്കുറിച്ചു ആലോചിച്ചു. തന്റെ ജീവിതരഹസ്യങ്ങള്‍ എല്ലാം അറിയാവുന്ന ഒരേ ഒരു വ്യക്തി. സുമുഖനും സൗമ്യനുമായ അജിത്. പക്ഷെ അയാള്‍ അനേക മൈലുകള്‍ക്കപ്പുറത്താണ്. "താന്‍ അയച്ച കത്ത് അജിത്തിന് കിട്ടിക്കാണുമോ, മറുപടി അയയ്ക്കുമോ. ചതിയില്‍ പെട്ടിട്ടാണെങ്കിലും അവിഹിത ഗര്‍ഭം പേറിയവളാണു താന്‍. മാത്രമല്ല, നിയമപരമായി മറ്റൊരാളിനുവേണ്ടി വീണ്ടും ഒരു ഗര്‍ഭം പേറാന്‍ വിധിക്കപ്പെട്ടവളുമാണ് താന്‍. തന്നെപ്പറ്റി അജിത് എന്തായിരിക്കും ചിന്തിക്കുക.'

സൂസമ്മ ജോലിയില്‍ പ്രവേശിച്ചു. ദിവസത്തിന്റെ ഒരു നല്ല ഭാഗം ജോലിയില്‍ വ്യാപൃതമാകുന്നതുകൊണ്ട് മനസ്സും അകാരണമായി വേദനിക്കാറില്ല. അതും ഒരാശ്വാസമായി. എങ്കിലും എന്തുകൊണ്ടാണ് രാജശ്രീയും ഉദയവര്‍മ്മയും തന്നെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നത്. താന്‍ ജന്മം കൊടുത്ത പിഞ്ചോമനയെ ഒന്നു വാരിപുണരാന്‍. ഒരു മുത്തം കൊടുക്കാന്‍ തനിക്കു സാധിക്കുന്നില്ലല്ലോ. ഭാഗ്യദോഷിയായ ഒരു സ്ത്രീയാണ് താനെന്ന അപകര്‍ഷതാബോധം ഇടയ്ക്കിടെ അവളെ അലട്ടിയിരുന്നു. താന്‍ മൂലം തന്റെ കുടുംബം പട്ടിണിയില്‍ നിന്നും മുക്തി നേടി എന്ന ചാരിതാര്‍ത്ഥ്യം മാത്രം.

ദിവസങ്ങള്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. അവള്‍ക്ക് അജിത്തിന്റെ കത്തുകിട്ടി, അവളുടെ പുതിയ ജോലിക്ക് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട്, ബാംഗ്‌ളൂരില്‍ എത്തി ജോലിയില്‍ പ്രവേശിച്ച വിവരവും ജോലി ഏര്‍പ്പാടാക്കി തന്നതിനുള്ള നന്ദിയും എല്ലാം വിശദമായി അറിയിച്ചുകൊണ്ട് രാജശ്രീക്ക് എഴുതിയിട്ട് ദിവസങ്ങളായി. എങ്കിലും ഇതുവരെ ഒരു മറുപടി വരാതിരിക്കുന്നതില്‍ അവള്‍ കുണ്ഠിതപ്പെട്ടു.

അജിത്തും സൂസമ്മയുമായുള്ള സുഹൃദ്ബന്ധം കത്തുകളില്‍ കൂടി പുരോഗമിച്ചുതകൊണ്ടിരുന്നു. തങ്ങള്‍ ഹൃദയംകൊണ്ട് കൂടുതല്‍ അടുക്കുന്നതുപോലെ ഇരുവര്‍ക്കും അനുഭവപ്പെട്ടു. അജിത് വളരെ അപ്രതീക്ഷിതമായി ബാംഗ്‌ളൂരില്‍ എത്തി സൂസമ്മയെ സന്ദര്‍ശിച്ചു. ഒരു മാസത്തെ അവധിയില്‍ നാട്ടിലേക്കു പോകുന്ന വഴിയില്‍ ബാംഗ്‌ളൂരില്‍ സൂസമ്മയെ കാണാന്‍ ഇറങ്ങിയതാണ്. തികച്ചും ആകസ്മികമായുള്ള ആ സന്ദര്‍ശനം സൂസമ്മയ്ക്ക് വളരെ ആഹ്ലാദം പകര്‍ന്നു. ഏകദേശം പതിനഞ്ചു വര്‍ഷക്കാലത്തെ പട്ടാളജീവിതം അവസാനിപ്പിച്ച്, ഒരു സാധാരണ പൗരനായി ജീവിതം തുടരാന്‍ താന്‍ ആഗ്രഹിക്കുന്നതായി സംസാരമദ്ധ്യേ അജിത് സൂചിപ്പിച്ചു. മെഡിക്കല്‍ അസിസ്റ്റന്റായി പട്ടാളസേവനം ചെയ്യവെ, ഒരു ഏക്‌സറെ ടെക്കായി പരിശീലനം നേടിയതും ഒരു പുതിയ ജോലിക്ക് സഹായകമാകും എന്നും അജിത് വെളിപ്പെടുത്തി. തന്റെ ഉദ്ദേശ്യം ഒരിക്കല്‍ ഉദയവര്‍മ്മയുമായി സംസാരിച്ചതായും, തന്നാല്‍ കഴിയുന്ന ഏതു സഹായവും ചെയ്യാന്‍ താന്‍ ഒരുക്കമാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും അജിത് സൂസമ്മയോടു പറഞ്ഞു.

അന്നു അജിത് യാത്ര പറഞ്ഞു പിരിഞ്ഞപ്പോള്‍, ഇന്നുവരെ തോന്നിയിട്ടില്ലാത്ത എന്തൊക്കെയോ, വികാരങ്ങള്‍ സൂസമ്മയില്‍ ജനിച്ചു. ""അജിത് തന്നെ സ്‌നേഹിക്കുന്നുണ്ട്. പട്ടാളജീവിതം ഉപേക്ഷിക്കുന്നതിന്റെ കാരണം അതായിരിക്കാം. വിവാഹവും കുടുംബവും ഒക്കെയായി സ്വസ്ഥമായ ഒരു ജീവിതം അജിത്തും ആഗ്രഹിക്കുന്നുണ്ടാവും. അതെപ്പറ്റി ഒന്നും അയാള്‍ സംസാരിച്ചില്ല. തന്നെപ്പോലെതന്നെ, താഴ്ന്ന നിലയില്‍ ജീവിച്ച്, കുടുംബത്തെ സ്‌നേഹിക്കുന്ന ഒരു സാധാരണക്കാരന്‍''. അജിത്തിനെക്കുറിച്ചുള്ള സൂസമ്മയുടെ ചിന്തകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

നാട്ടിലെത്തിയ അജിത് സൂസമ്മയുടെ മാതാപിതാക്കളെ പോയിക്കണ്ടു. അവര്‍ വാര്‍ധക്യത്തില്‍ സമാധാനപരമായ ഒരു ജീവിതം നയിക്കുന്നു. സൂസമ്മയോടു അയാള്‍ക്കു ബഹുമാനം തോന്നി. അജിത്തിന്റെ പിതാവ് വാസുദേവന്‍ പ്രായാധിക്യത്തില്‍ എത്തിയിരിക്കുന്നു. ഇപ്പോഴും സൂസമ്മയുടെ മാതാപിതാക്കളുമായി നല്ല ആത്മബന്ധത്തിലാണ്. മറ്റുള്ളവരുടെ നന്മയില്‍ ഹൃദയം തുറന്നു സന്തോഷിക്കുന്ന നിഷ്ക്കളങ്കരായ ഗ്രാമീണര്‍. അവിടെ അസൂയയ്ക്ക് തര്‍ക്കത്തിനും സ്ഥാനമില്ല. ജാതിമതവ്യത്യാസങ്ങള്‍ അവിടെ കടന്നുചെല്ലാറില്ല. സൂസമ്മയും താനുമായുള്ള പരിചയം മാത്രം അജിത് എല്ലാവരില്‍ നിന്നും മറച്ചുവച്ചു.

അവധി കഴിഞ്ഞു ജോലി സ്ഥലത്തെത്തിയ അജിത് ഉദയവര്‍മ്മയെ പോയിക്കണ്ടു. യാത്രാമധ്യേ, ബംഗ്‌ളൂരില്‍ ഇറങ്ങി സൂസമ്മയെ കണ്ട വിവരം അയാള്‍ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹത്തോടൊപ്പം രാജശ്രീയും ഉണ്ടായിരുന്നു. സൂസമ്മയുടെ വിശേഷങ്ങള്‍ അറിയാന്‍ വലിയ ആകാംക്ഷ ഒന്നും അവര്‍ പ്രകടിപ്പിച്ചില്ല എന്നത് അജിത് പ്രത്യേകം ശ്രദ്ധിച്ചു. അജിത് തന്റെ ആഗമനോദ്ദേശം അറിയിച്ചു;- ""ഏകദേശം പതിനഞ്ചു വര്‍ഷമായി താന്‍ പട്ടാളസേവനം തുടങ്ങിയിട്ട്. മെഡിക്കല്‍ അസിസ്റ്റന്റായി ജോലി ചെയ്തുകൊണ്ട്, എക്‌സറെ പരിശീലനം നേടി, ഇപ്പോള്‍ എക്‌സറേ ഡിപ്പാര്‍ട്ടുമെന്റില്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. തന്റെ പ്രായമായിരിക്കുന്ന മാതാപിതാക്കളുടെ പരിചരണത്തിനായി ഇനി പട്ടാളമേഖല ഉപേക്ഷിക്കാന്‍ താല്പര്യപ്പെടുന്നു.'' ഒപ്പം ഒരു സഹായവും അഭ്യര്‍ത്ഥിച്ചു:- ""മേലേക്കിടയില്‍ നല്ല സ്വാധീനമുള്ള ആഫീസര്‍ എന്ന നിലയില്‍ തന്റെ റിലീസ് ഒന്നു ത്വരിതപ്പെടുന്നതില്‍ സഹായിക്കണം.''

സൂസമ്മയോടു അജിത്തിനുള്ള സൗഹൃദം ഏറെക്കുറെ അറിയാവുന്ന ആ പട്ടാള ഉദ്യോഗസ്ഥന്‍ തന്റെ സഹായം ഉണ്ടായിരിക്കുമെന്നു വാഗ്ദാനം ചെയ്തു.

അടുത്ത ആറുമാസങ്ങള്‍ക്കുള്ളില്‍, സര്‍വ്വീസിലെ എല്ലാ ആനുകൂല്യങ്ങളോടും കൂടി അജിത്തിന് പട്ടാളജീവിതത്തില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ലഭിച്ചു. ഇതിനോടകം ബാംഗ്‌ളൂരിലുള്ള ഒരു പ്രൈവറ്റ് ആശുപത്രിയില്‍ അവന്‍ ഒരു ജോലിയും കരസ്ഥമാക്കിയിരുന്നു. സര്‍വ്വീസില്‍ നിന്നും വിരമിച്ച അജിത് നേരെ ബാംഗ്‌ളൂരിലേക്കാണു പോയത്. അവിടെ എത്തി ജോലിയില്‍ പ്രവേശിച്ചതിനുശേഷമാണ് അയാള്‍ സൂസമ്മയെ വിവരങ്ങളെല്ലാം വിശദമായി അറിയിച്ചത്.

ഇന്നു സൂസമ്മയുടെ മനസ്സില്‍ അജിത്തിന്റെ സ്ഥാനം കേവലം ഒരു സുഹൃത്ത് എന്ന നിലയില്‍ നിന്നും വളരെ ഉയര്‍ന്നിരുന്നു. അജിത്തിന്റെ ബാംഗ്‌ളൂരിലേക്കുള്ള മാറ്റം അവളെ ആഹ്ലാദഭരിതയാക്കി. ഒരു പക്ഷെ, ഇന്നുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത ഒരു ആത്മസന്തോഷം അവള്‍ക്കു തോന്നിത്തുടങ്ങി.

(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക