Image

ഓട്ടിസം ബോധവത്കരണവുമായി മുവായ് തായ് റിംഗില്‍ ഒരു മലയാളി യുവാവ്

Published on 01 February, 2018
ഓട്ടിസം ബോധവത്കരണവുമായി മുവായ് തായ് റിംഗില്‍ ഒരു മലയാളി യുവാവ്

മെല്‍ബണ്‍: കുട്ടികളില്‍ കണ്ടുവരുന്ന ഓട്ടിസം എന്ന രോഗാവസ്ഥയെ എത്രയും നേരത്തെ തന്നെ രോഗനിര്‍ണയം നടത്തി കണ്ടെത്തുകയും അതനുസരിച്ച് കഴിയുന്നതും വേഗം ഇന്റര്‍വെന്‍ഷന്‍ തെറാപ്പികള്‍ തുടങ്ങേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി മാതാപിതാക്കളെയും സാധാരണ ജനങ്ങളെയും ബോധവത്കരിക്കുക എന്ന ഉദ്ദേശവുമായി തായ് കിക്ക് ബോക്‌സിംഗ് റിംഗില്‍ ആദ്യമായി മത്സരിക്കുവാനിറങ്ങുകയാണ് മെല്‍ബണ്‍ മലയാളിയായ പ്രദീപ് രാജ്.

വളരെ ചെറുപ്പത്തില്‍ തന്നെ ഇന്റര്‍വെന്‍ഷണ്‍ തെറാപ്പികള്‍ ലഭ്യമാകുന്ന കുട്ടികളില്‍ നല്ലൊരു ശതമാനവും പില്‍ക്കാലത്ത് ഫംഗ്ഷണലും ഇന്‍ഡിപെന്‍ഡന്റും ആയി മാറുമെന്നാണ് ഗവേഷണങ്ങളില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. അതിനാല്‍ കുട്ടികളില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കാണുന്‌പോള്‍ അതിനെ അവഗണിക്കാതെ എത്രയും പെട്ടെന്നു രോഗം നിര്‍ണയിക്കാനും അതുവഴി Early Intervention കുട്ടിക്ക് പ്രാപ്യമാക്കുവാനും വേണ്ടി മാതാപിതാക്കളെ ബോധവത്കരിക്കുകയുമാണ് കിക്ക് ബോക്‌സിംഗ് മത്സരത്തിലൂടെ പ്രദീപ് ലക്ഷ്യമിടുന്നത്.

മെല്‍ബണില്‍ ബര്‍ക്ക് സ്ട്രീറ്റിലുള്ള ഡൈനമൈറ്റ് മുവായ് തായി ജിമ്മാണ് മത്സരം സംഘടിപ്പിക്കുന്നത്. ബോധവത്കരണ പരിപാടിയുടെ ഭാഗമായി സോഷ്യല്‍ മീഡിയ വഴിയും റേഡിയോ ഇന്റര്‍വ്യൂ വഴിയും തന്റെ ഓഫീസില്‍ മുവായ് തായ് ഡെമോ സംഘടിപ്പിക്കുന്നതു വഴിയും നോട്ടീസ് വിതരണം നടത്തുന്നതു വഴിയും തന്നാല്‍ കഴിയുന്ന വിധം പ്രയത്‌നക്കിന്നുണ്ടെന്നാണ് പ്രദീപ് പറഞ്ഞത്. 

ലാട്രോബ് യൂണിവേഴ്‌സിറ്റിയുടെ ഓള്‍ഗ ടെന്നിസണ്‍ ഓട്ടിസം റിസര്‍ച്ച് സെന്ററിനു വേണ്ടിയാണ് പ്രദീപ് ബോധവത്കരണവും ധനശേഖരണവും നടത്തുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന തുക മുഴുവനും ഓള്‍ഗ ടെന്നിസണ്‍ സെന്ററിന്റെ ഓട്ടിസം റിസര്‍ച്ചിനുവേണ്ടി സംഭാവന ചെയ്യും. സംഭാവനകള്‍ സ്വീകരിക്കുന്നതിനായി പ്രദീപ് ഒരു  Go Fund Meപേജും ഉണ്ടാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക