Image

ഓര്‍മ്മക്കടലിലൂടൊരു സ്‌നേഹത്തോണി (ഒരിക്കല്‍ ഒരിടത്ത് -ജെയ്ന്‍ ജോസഫ്)

ജെയ്ന്‍ ജോസഫ് Published on 20 February, 2018
ഓര്‍മ്മക്കടലിലൂടൊരു സ്‌നേഹത്തോണി (ഒരിക്കല്‍ ഒരിടത്ത് -ജെയ്ന്‍ ജോസഫ്)
ഓക്ക് വാലി സീനിയേഴ്‌സ് ഹോമിന്റെ ഡൈനിംഗ് ഹോളില്‍ ഭംഗിയായി സെറ്റ് ചെയ്തിരിക്കുന്ന ഒരു ടേബിളിന്റെ ഇരുവശവുമായി അവര്‍ ഇരുന്നു. ഫ്രാങ്കും ഹെലനും. രണ്ടുപേരും ഓക്ക് വാലിയിലെ അന്തേവാസികളാണ്. ജീവിതത്തിന്റെ അസ്തമയത്തോടടുക്കുന്നവര്‍ക്ക് വിശ്രമവും പരിചരണവും ഒരുക്കുകയും സന്തോഷത്തിന്റെ സാന്ത്വനത്തിന്റെ ദിനങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്ന സീനിയര്‍ കെയര്‍ ഹോമാണ് ഓക്ക് വാലി. ഇവിടത്തെ കൂടുതല്‍ അന്തേവാസികള്‍ കിടപ്പായവരോ, നിരന്തരം പരിചരണം ആവശ്യമുള്ളവരോ ആണ്. ഡോക്ടേഴ്‌സും നഴ്‌സുമാരും നിരന്തരം സന്ദര്‍ശിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഓരോ അന്തേവാസിയേയും സ്വന്തം കുടുംബാംഗത്തെപ്പോലെ കരുതി ശുശ്രൂഷിക്കുന്ന സ്റ്റാഫാണ് ഓക്ക് വാലിയുടെ മുഖമുദ്ര. അതുകൊണ്ടുതന്നെ മക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഏറ്റവും നല്ല സംരക്ഷണം കിട്ടുന്നുവെന്ന് ആശ്വസിക്കാം.
ഇന്ന് ഫെബ്രുവരി പതിന്നാല്, വാലന്റയിന്‍സ് ഡേ. ലോകം ആഘോഷിക്കുന്ന എല്ലാ വിശിഷ്ട ദിവസങ്ങളും ഓക്ക് വാലിയിലെ അന്തേവാസികള്‍ക്കും അവകാശപ്പെട്ടതാണ് എന്ന് വിശ്വസിക്കുന്ന മാനേജര്‍ സിന്‍ഡിയുടെ മേല്‍നോട്ടത്തില്‍ ഒരു വാലന്റയിന്‍സ് ഡിന്നര്‍ ഇന്നിവിടെ ഒരുക്കിയിരിക്കുന്നു. വീല്‍ ചെയറില്‍ ഇരുത്തി കൊണ്ടുവരാന്‍ പറ്റുന്നവരെയൊക്കെ ഇവിടെ ഡൈനിംഗ് ഹോളില്‍ എത്തിച്ചിട്ടുണ്ട്. അല്ലാത്തവര്‍ക്ക് അവരുടെ സ്‌പെഷ്യല്‍ ഡിന്നര്‍ മുറികളില്‍ എത്തിക്കും. ഡൈനിംഗ് ഹോള്‍ മനോഹരമായി അലങ്കരിച്ചിരിക്കുന്നു. ഓരോ ടേബിളിലും വെള്ളവിരിയും നടുക്ക് ഒരു ചെറിയ വേസില്‍ ഒരു ചുവന്ന റോസാപ്പൂവും, പിന്നെ കത്തിച്ചിരിക്കുന്ന മെഴുകുതിരിയും! സ്റ്റാഫ് തന്നെ എല്ലാവര്‍ക്കും ഓരോ പങ്കാളിയെ വീതം സെലക്ട് ചെയ്തിട്ടുണ്ട്. സാധാരണ എല്ലാവരും ഒരുമിച്ചിരിക്കുകയാണ് പതിവ്. അങ്ങിനെയാണ് ഫ്രാങ്കും ഹെലനും ഒരുമിച്ച് ഒരു ടേബിളിലെത്തിയത്. രണ്ടുപേരും അല്‍ഷൈമേഴ്‌സ് രോഗികളാണ്. ഓര്‍മ്മയുടെയും മറവിയുടെയും ഊഞ്ഞാലാട്ടത്തില്‍ ദിവസം ചിലവിടുന്നവര്‍! ഇന്നത്തെ ഈ വിശേഷദിവസം അവര്‍ ഒറ്റപ്പെടരുത് എന്ന് കരുതിയാണ് സിന്‍ഡി അവര്‍ക്ക് ഒരുമിച്ച് ഇരിക്കാന്‍ അവസരം ഒരുക്കിയത്.

മറ്റു ടേമ്പിളുകളില്‍ വാര്‍ദ്ധക്യത്തിന്റെ വ്യത്യസ്തഘട്ടങ്ങളിലായ, തങ്ങളുടെ ജീവിതം പറ്റുന്ന പോലെ ആഘോഷിക്കുന്ന, മറ്റ് അന്തേവാസികള്‍. എല്ലാവരും അവരവരുടെ ടേബിളുകളില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം സിന്‍ഡി ഡിന്നര്‍ തുടങ്ങുവാന്‍ കിച്ചന്‍ സ്റ്റാഫിന് നിര്‍ദ്ദേശം നല്‍കി. സിന്‍ഡി ചുറ്റും കണ്ണോടിച്ചു. തമ്മില്‍ സ്റ്റാഫിന് നിര്‍ദ്ദേശം നല്‍കി. സിന്‍ഡി ചുറ്റും കണ്ണോടിച്ചു. തമ്മില്‍ അറിയുന്നവരും അറിയാത്തവരും ഒക്കെ വളരെ സന്തോഷത്തോടെ, ഉത്സാഹത്തോടെ, തങ്ങളുടെ സുഹൃത്തുമായി സംസാരിക്കുന്നു. പലരുടെയും കണ്ണുകളില്‍ ഒരു പുതിയ തിളക്കം; വാലന്റയിന്‍സ് ഡേയ്ക്ക് ഒരു പുതിയ അര്‍ത്ഥം വന്നതുപോലെ, സിന്‍ഡി കണ്ണുതുടച്ചു.
'Thank you for arranging me a beautiful date' ഫ്രാങ്ക് സിന്‍ഡിയോട് പറഞ്ഞു. മറവിയുടെ മൂടുപടങ്ങള്‍ നീക്കി വര്‍ത്തമാനകാലത്തിന്റെ യുക്തിയുള്ള ഒരു വാചകം! അതു കേട്ട് ഹെലന്റെ നീലക്കണ്ണുകള്‍ വിടര്‍ന്നു. മനോഹരമായ ഒരു ചിരി ആ മുഖത്ത് പടര്‍ന്നു. മുന്നിലിരിക്കുന്ന ഫ്രാങ്കിനെ ഹെലന്‍ കൗതുകത്തോടെ നോക്കി.

'എന്താണ് നിങ്ങളുടെ പേര്? ഇവിടെയാണോ താമസിക്കുന്നത്?' ഹെലന്‍ ചോദിച്ചു.
'എന്റെ പേര്.... എന്റെ പേര്.... ഓര്‍ക്കാന്‍ പറ്റുന്നില്ല.' ഫ്രാങ്ക് അസ്വസ്ഥനായി.
എന്റെ പേരും എനിക്കറിയില്ല. നിങ്ങളെ ഞാന്‍ ഇതിനുമുമ്പ് കണ്ടിരുന്നു. അവിടെ വച്ച്.' ഹെലന്‍ ഡൈനിംഗ് ഹോളിന്റെ പുറത്തേക്ക് വിരല്‍ ചൂണ്ടി.
'നിങ്ങളുടെ മക്കളുടെയൊപ്പം.' ഹെലന്‍ തുടര്‍ന്നു.

നീയവരെ കണ്ടോ?' എന്റെ മക്കളെ? അവര്‍ എന്നെ കാണാന്‍ വരാറുണ്ടല്ലോ. എനിക്ക് ഒന്നും ഓര്‍മ്മയില്ല.' ഫ്രാങ്കിന്റെ കണ്ണുകള്‍ നിറയുന്നതു പോലെ. നിങ്ങള്‍, നിങ്ങളുടെ പേര് ഞാന്‍ മറന്നു. എവിടെയാണ് താമസിക്കുന്നത്? ഭര്‍ത്താവും മക്കളുമൊക്കെ എവിടെ?' ഫ്രാങ്ക് ചോദിച്ചു.' എന്റെ ഭര്‍ത്താവ് മരിച്ചു പോയി. മക്കള്‍ ഉണ്ട്. ഉണ്ടാവും, അല്ലേ? ആവോ?'
ഹെലന്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി; ഭൂതകാലത്തെ  തിരയുന്നതു പോലെ!
കിച്ചണിലെ ജോലിക്കാരി മരിയ അവര്‍ക്ക് രണ്ടുപേര്‍ക്കും വൈന്‍ ഗ്ലാസ്സിലേക്ക് ഗ്രേപ്പ് ജ്യൂസ് ഒഴിച്ചു. വൈനോ മറ്റ് ആല്‍ക്കഹോളിക് പാനീയങ്ങളോ ഇവിടെ അനുവദനീയമല്ല.
ഫ്രാങ്ക് സന്തോഷത്തോടെ തന്റെ വൈന്‍ ഗ്ലാസ്സെടുത്ത് ഹെലന്റെ കൈയിലെ വൈന്‍ ഗ്ലാസ്സില്‍ മുട്ടിച്ചു.

'ചിയേഴ്‌സ്' രണ്ടുപേരും ചിരിച്ചു.
എന്റെ വൈഫിന് വൈന്‍ വളരെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ രണ്ടുപേരും കൂടി പല വൈനറീസിലും പോയിട്ടുണ്ട്. അവളുടെ പേര് ഞാന്‍ മറന്നു. നിന്നെപ്പോലെ തന്നെ സുന്ദരിയായിരുന്നു അവളും' ഫ്രാങ്ക് പുഞ്ചിരിച്ചു.

'എനിക്ക് വൈന്‍ ഇഷ്ടമില്ല. ഇവിടെ ഇവര്‍ എനിക്ക് ഇഷ്ടമുള്ളതൊന്നും തരില്ല. എനിക്ക് വീട്ടില്‍പോയാല്‍ മതി. പക്ഷെ വീട്...' എന്റെ വീടെവിടെയാ?' 'ഹെലന്‍.....ഹെലന്‍.... എന്റെ പേര്.' ഹെലന്‍ ആവര്‍ത്തിച്ചു. 
'എന്റെ പേരെന്താണ്?'
ഫ്രാങ്ക് പെട്ടെന്ന് സിന്‍ഡിയോട് ചോദിച്ചു.
'ഫ്രാങ്ക്... ഫ്രാങ്കഌന്‍ ലൊറിറ്റോ അതാണ് താങ്കളുടെ പേര്.'
'ആണോ? ഫ്രാങ്ക്? ശരിക്കും?'
എനിക്ക് ആ പേര് ഇഷ്ടമില്ല.' ഫ്രാങ്ക് പൊട്ടിച്ചിരിച്ചു.
ഹെലനും.

മരിയ ഇന്നത്തെ ഡിന്നറിന്റെ പ്രധാന വിഭവമായ ചിക്കന്‍ ആല്‍ഫ്രഡോ പാസ്റ്റ രണ്ടു പ്ലേറ്റുകളിലായി കൊണ്ടുവന്നു.

ഹെലനും ഫ്രാങ്കും ഭക്ഷണം കഴിച്ചുകൊണ്ട് തങ്ങളുടെ സംഭാഷണം തുടര്‍ന്നു.
ഭൂതകാലത്തിന്റെ ഓര്‍മ്മ വഴികളില്‍ നിന്ന് ഒളിഞ്ഞു കിടക്കുന്ന മഞ്ചാടിക്കുരുക്കള്‍ കണ്ടെടുത്ത് വര്‍ത്തമാലകാലത്തിന്റെ വഴിയോരത്ത് അവര്‍ വിതറി. ഭാവിയില്‍ വരുന്ന മഞ്ഞുവീഴ്ചയില്‍ അവ മറഞ്ഞ് പോകുമെന്ന ആശങ്കയില്ലാതെ!

ഡിസേര്‍ട്ട് കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഹെലന്‍ പറഞ്ഞു. നല്ലയൊരു ഈവ്‌നിംഗ് തന്നതിന് നന്ദി സുഹൃത്തേ. കുറെ നാളുകൂടിയാണ് ഞാന്‍ ഇത്രയും ചിരിച്ചത്. ഈ നല്ല നിമിഷങ്ങള്‍ അധികം വൈകാതെ ഞാനും നിങ്ങളും മറക്കും. എന്നാലും നന്ദി.'

കമോണ്‍ ഹെലന്‍...ഹെലന്‍... അതല്ലേ നിന്റെ പേര്. കണ്ടോ? ഞാന്‍ മറന്നില്ല. നിന്റെ മുഖം കണ്ടാലറിയാം. വളരെ സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതം നയിച്ച ആളാണെന്ന്. സ്‌നേഹിക്കാന്‍ ഇപ്പോഴും ഒരുപാട് പേരുണ്ടെന്ന് ആ കണ്ണുകള്‍ പറയുന്നുണ്ട്. ഞാനും അതുപോലെ തന്നെയാണ്. എന്നെക്കാണാനും ആരൊക്കെയോ വരുന്നുണ്ട്. ഭാര്യയാവാം, മക്കളാവാം. കൊച്ചുമക്കളാവാം. എനിക്കും ഒന്നും ഓര്‍മ്മയില്ല. ആരേയും! പക്ഷെ ഒന്നെനിക്കറിയാം. ഞാന്‍ സന്തോഷവാനാണ്. എന്റെ ഹൃദയം ശാന്തമാണ്. നമ്മുടെ ഓട്ടം നന്നായി ഓടിയവരാണ് നമ്മളൊക്കെ. ഈ വയസ്സു കാലത്ത് വാലന്റയിന്‍സ് ഡേ ആഘോഷിക്കാന്‍ നിന്നെപ്പോലെ സുന്ദരിയായ ഒരു കൂട്ടുകാരിയെ കിട്ടിയല്ലോ. അതുമതി. ഇന്നീ നിമിഷം നമുക്ക് സന്തോഷിക്കാം. നാളെ നമ്മുക്ക് വീണ്ടും പരിചയപ്പെടാം.' ഫ്രാങ്ക് ഹെലന്റെ കൈയില്‍ പിടിച്ച് തലോടി. 'ഗുഡ്‌നൈറ്റ് പ്രിയ സുഹൃത്തേ.'
ഹെലനേയും ഫ്രാങ്കിനെയും മുറിയിലാക്കി തിരിച്ച് സ്വന്തം മുറിയിലെത്തിയപ്പോള്‍ സിന്‍ഡിയുടെ ഫോണടിച്ചു. മാര്‍ക്കാണ് ഫോണില്‍.

മാര്‍ക്ക് ലൊറീറ്റോ, ഫ്രാങ്ക് ലൊറീറ്റോയുടെയും ഹെലന്‍ ലൊറീറ്റയുടെയും ഇളയമകന്‍. അപ്പനേയും അമ്മയേയും ഒരുമിച്ച് വാലന്റയിന്‍സ് ഡിന്നറിരുത്തുന്നു എന്ന് കേട്ടതില്‍ ഏറ്റവും സന്തേഷം മാര്‍ക്കിനായിരുന്നു. ഇന്നു രാവിലെയും മാര്‍ക്ക് ഭാര്യയെയും കുട്ടികളെയും കൂട്ടി തന്റെ മാതാപിതാക്കളെ കാണാന്‍ വന്നിരുന്നു. ഫ്രാങ്കും ഹെലനും അല്‍ഷൈമേഴ്‌സ് രോഗികളാണ്. ഹെലന്‍ ഓക്ക് വാലിയിലെത്തിയിട്ട് രണ്ട് വര്‍ഷത്തോളമാവുന്നു. ഫ്രാങ്കെത്തിയിട്ട് ആറുമാസവും. വളരെ സ്‌നേഹത്തോടെ ജീവിച്ച ഒരു കുടുംബം. മാര്‍ക്കിനെ കൂടാതെ ഒരു മകനും മകളും കൂടിയുണ്ട്  ഇവര്‍ക്ക്. എല്ലാവരും ഈ സിറ്റിയില്‍ത്തന്നെ. മിക്ക ദിവസവും മക്കളോ കൊച്ചുമക്കളോ മരുമക്കളോ ഒക്കെ ഇവരെ കാണാനെത്തും. രണ്ടുപേരും ഒരു മുറിയില്‍ത്തന്നെയാണ്. രണ്ട് കിടക്കകളില്‍ പരസ്പരം പരിചയപ്പെട്ടു കൊണ്ടാണ് എന്നും അവരുടെ ദിവസം ആരംഭിക്കുന്നത്. ഹെലന്‍ ഏതാണ്ട് പൂര്‍ണ്ണമായും ഓര്‍മ്മകള്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ്. പക്ഷെ ഇടയ്ക്ക് ഒരു മലവെള്ളപ്പാച്ചില്‍ പോലെ വരുന്ന ഓര്‍മ്മകള്‍, അതേ വേഗത്തില്‍ അപ്രത്യക്ഷമാവുകയും ചെയ്യും. ഫ്രാങ്കിന്റെ കാര്യത്തില്‍ വളരെപ്പെട്ടെന്നാണ് അല്‍ഷൈമേഴ്‌സ് ഫ്രാങ്കിനെ കീഴ്‌പ്പെടുത്തുന്നത്.

ഹെലന്‍ ഓക്ക് വാലിയിലേക്ക് മാറിയതും ഫ്രാങ്കിനെ നെഗറ്റീവായി ബാധിച്ചു. അങ്ങിനെയാണ് രണ്ടുപേരും ഒരുമിച്ച് ഇവിടെയാവുന്നതാണ് നല്ലത് എന്ന തീരുമാനത്തില്‍ മക്കളെത്തുന്നത്. ഒരുമിച്ചുള്ള വാലന്റയിന്‍സ് ഡിന്നര്‍ അപ്പന്റെയും അമ്മയുടെയും ഓര്‍മ്മകളെ ഉണര്‍ത്തിയോ, അവര്‍ തിരിച്ചറിഞ്ഞോ ഇതൊക്കെയാണ് മാര്‍ക്കിനറിയേണ്ടത്.
സിന്‍ഡിയുടെ മറുപടി ഇതായിരുന്നു. 'നമ്മുടെ സാമാന്യ ബുദ്ധിക്കതീതമായ ഏതോ തലങ്ങളില്‍ അവര്‍ തിരിച്ചറിയുന്നുണ്ട്. ആ കണ്ണുകളിലൂടെ അവര്‍ സംസാരിക്കുന്നുമുണ്ട്, വ്യക്തമായി. കിടക്ക പങ്കിടുന്നില്ലെങ്കിലും ഹൃദയം കൊണ്ട് അവര്‍ പുണരുന്നു. നിബന്ധനകളില്ലാത്ത സ്‌നേഹം എന്താണെന്ന് തങ്ങളുടെ ജീവിതം കൊണ്ട് അവര്‍ നമ്മുക്ക് കാണിച്ചുതരുന്നു.'

ഓര്‍മ്മക്കടലിലൂടൊരു സ്‌നേഹത്തോണി (ഒരിക്കല്‍ ഒരിടത്ത് -ജെയ്ന്‍ ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക