Image

ജര്‍മന്‍ മലയാളികള്‍ക്കഭിമാനമായി ജോസ് പുന്നാംപറന്പിലിനു സാഹിത്യ അക്കാദമി പുരസ്‌കാരം

Published on 22 February, 2018
ജര്‍മന്‍ മലയാളികള്‍ക്കഭിമാനമായി ജോസ് പുന്നാംപറന്പിലിനു സാഹിത്യ അക്കാദമി പുരസ്‌കാരം

തിരുവനന്തപുരം: യൂറോപ്പിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജര്‍മന്‍ മലയാളിയുമായ ജോസ് പുന്നാംപറന്പില്‍ മലയാള ഭാഷക്കു നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്ത് 2016 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹനായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 

1986 ല്‍ ജര്‍മനിയില്‍ നടന്ന ലോക മലയാള സമ്മേളനം മുതല്‍ മലയാള ഭാഷയെ വിദേശങ്ങളില്‍ പുഷ്ടിപ്പെടുത്താന്‍ പുന്നാംപറന്പില്‍ നടത്തിയ ശ്രമത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2015 ഒക്ടോബര്‍ ഒന്‍പതിന് ജര്‍മനിയിലെ പുരാതന യൂണിവേഴ്‌സിറ്റിയായ ട്യൂബിംഗന്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു മലയാളം ചെയര്‍ (ഗുണ്ടര്‍ ചെയര്‍) സ്ഥാപിതമായത്. 

എണ്‍പത്തിയൊന്നിന്റെ നിറവില്‍ നില്‍ക്കുന്ന ജോസ് പുന്നാംപറന്പില്‍ ജര്‍മനിയിലെ ആദ്യകാല കുടിയേറ്റക്കാരന്‍ എന്നതിലുപരി ജര്‍മനിയിലെ മലയാളികളുടെ വഴികാട്ടിയായി നാളിതുവരെ നടത്തിയ പരിശ്രമങ്ങള്‍ വിസ്മരിക്കാനാവില്ല. കൊളോണ്‍ കാരിത്താസിന്റെ ലേബലില്‍ ജര്‍മനിയില്‍ നിന്നും ജര്‍മന്‍ ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന മൈനെ വേല്‍റ്റ്(എന്റെ ലോകം) മാസികയുടെ മുഖ്യപത്രാധിപര്‍ കൂടിയാണ് പുന്നാംപറന്പില്‍.

1966 ല്‍ ജര്‍മനിയില്‍ എത്തിയതുമുതല്‍ അധ്യാപകന്‍, ലക്ചറര്‍, പത്രപ്രവര്‍ത്തകന്‍, ക്ലറിക്കല്‍ അഡ്വൈസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്, വകുപ്പ് തലവന്‍, എഡിറ്റര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോസ് പുന്നാംപറന്പില്‍ ഇത്രയും കാലത്തെ അനുവഭങ്ങളുടെ ഉള്‍ക്കാഴ്ചകളും തിരിച്ചറിവുകളും മറ്റുള്ളവരുമായി പങ്കുവച്ചും സമൃദ്ധിയില്‍ ഒറ്റയ്ക്ക് എന്ന പുസ്തക രചനയിലൂടെ വിശകലനം ചെയ്തിരിക്കുന്ന നേര്‍ക്കാഴ്ചകള്‍ അദ്ദേഹത്തിന്റെ പ്രവാസ ജീവിതത്തിന്റെ ആകെത്തുകയാണ്. ജര്‍മനിയില്‍ 1960 മുതല്‍ കുടിയേറിയ മലയാളി നഴ്‌സുമാരുടെ അന്നത്തെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും പിന്നീട് അവര്‍ ജര്‍മനിയില്‍ മുഖ്യധാരയിലേയ്ക്ക് എത്തിയതും കോര്‍ത്തിണക്കി 2014 ല്‍ ട്രാന്‍സ്ലേറ്റഡ് ലൈവ്‌സ് എന്ന പേരില്‍ ഒരു ഡോക്കുമെന്ററിയും തയാറാക്കാന്‍ സാധിച്ചത് പുന്നാംപറന്പിലിന്റെ മറ്റൊരു നേട്ടത്തിന്റെ വിശേഷണമാണ്. 

നിരവധി ഗ്രന്ഥങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനുഭവകര്‍മങ്ങളുടെ വ്യാപ്തി അടിസ്ഥാനമാക്കി ഏറ്റവും പ്രധാനപ്പെട്ട ലേഖനങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ നൈപുണ്യം ഒന്നു വേറെതന്നെയാണ്. ഇന്തോ ജര്‍മന്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനും ലോകത്തെ ഏറ്റവും മികച്ച സ്ഥലമാക്കി കേരളത്തെയും ജര്‍മനിയെയും മാറ്റുന്നതിനും ജോസ് എഴുതിയ ഗ്രന്ഥങ്ങള്‍ ഏറെ പ്രശംസയര്‍ഹിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും മലയാള എഴുത്തുകാരുടെ പ്രത്യേകിച്ച് സഖറിയ, സച്ചിതാനന്ദന്‍ തുടങ്ങിയവരുടെ കവിതകളും നോവലുകളും മൊഴിമാറ്റം നടത്തി കവിതകളും ജര്‍മനിയിലെ സാഹിത്യപ്രേമികള്‍ക്ക് പരിചയപ്പെടുത്തിയതിന്റെ നേട്ടവും ജോസ് പുന്നാംപറന്പിലിനു മാത്രം സ്വന്തമാണ്.ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) ന്റെ 2016 ലെ സാഹിത്യപുരസ്‌കാരവും ജോസ് പുന്നാംപറന്പിലിന് ലഭിച്ചിരുന്നു.

ഇരിങ്ങാലക്കുടയിലെ എടക്കുളം ഗ്രാമത്തില്‍ 1936 മേയ് 10 ന് ജനിച്ച ജോസ് പുന്നാംപറന്പില്‍ ജര്‍മന്‍ മലയാളികളുടെ വിശേഷണത്തില്‍ പറഞ്ഞാല്‍ പുന്നാംപറന്പില്‍ ജോസേട്ടന്‍, മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയാണ് ജര്‍മനിയില്‍ കുടിയേറുന്നത്. സാമൂഹ്യപ്രവര്‍ത്തനത്തിലും പത്രപ്രവര്‍ത്തനത്തിലും പരിശീലനം നേടിയിരുന്ന കാലത്ത് മുംബെയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും കോളജ് അധ്യാപകനായും ജോലി ചെയ്തു. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായി ജര്‍മനിയില്‍ അഞ്ചുവര്‍ഷം ജോലി നോക്കി. കഴിഞ്ഞ 16 വര്‍ഷമായി ഇന്തോ ജര്‍മന്‍ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങള്‍ ജര്‍മന്‍ ഭാഷയിലും രണ്ടു പുസ്തകങ്ങള്‍ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബോണ്‍ നഗരത്തിനടുത്ത് ഉങ്കലിലാണ് താമസം. ശോശാമ്മയാണ് ഭാര്യ. മക്കള്‍: നിഷ (ജേര്‍ണലിസ്റ്റ്), അശോക്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക