Image

മികച്ച പരിപാടികള്‍, ഡ്രൈവ് ചെയ്യാവുന്ന ദൂരം, ഫൊക്കാന കണ്‍വന്‍ഷന് സ്വാഗതവുമായി ഫിലിപ്പോസ് ഫിലിപ്പ്

Published on 23 February, 2018
മികച്ച പരിപാടികള്‍, ഡ്രൈവ് ചെയ്യാവുന്ന ദൂരം, ഫൊക്കാന കണ്‍വന്‍ഷന് സ്വാഗതവുമായി ഫിലിപ്പോസ് ഫിലിപ്പ്
ഈസ്റ്റ് കോസ്റ്റിലെ ജനങ്ങള്‍ക്ക് ഡ്രൈവ് ചെയ്ത് എത്താന്‍ പാകത്തില്‍ ഫിലാഡല്‍ഫിയയില്‍ ജൂലൈ 5 മുതല്‍ 8 വരെ ഫൊക്കാന കണ്‍വന്‍ഷന്‍ അരങ്ങേറുമ്പോള്‍ മികവുറ്റ കണ്‍വന്‍ഷന്‍ എന്ന വാഗ്ദാനവുമായി ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്.

രജിസ്‌ട്രേഷന്‍ ഭംഗിയായി പോകുന്നു. ഡ്രൈവിംഗ് ദൂരം മാത്രം ഉള്ളതു കൊണ്ട് പലരും അവസാന ഘട്ടത്തിലേക്കാണ് രജിസ്‌ട്രേഷന്‍ മാറ്റിവച്ചിരിക്കുന്നത്- ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

മുമ്പ് ഫോമാ  കണ്‍വന്‍ഷന്‍ നടന്ന വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കാസിനോയിലാണ് കണ്‍വന്‍ഷന്‍. അന്നത്തേക്കാളൊക്കെ കണ്‍വന്‍ഷന്‍ സെന്റര്‍ നവീകരിച്ചിരിക്കുന്നു. സൗകര്യങ്ങളും കൂടി. ഫാലിമി രജിസ്‌ട്രേഷന് 995 ഡോളറാണ്. മൂന്നുനേരം ഭക്ഷണം സഹിതമാണത്. ബാങ്ക്വറ്റിന് അമേരിക്കന്‍ ഫുഡാണ്. മറ്റു സമയങ്ങളില്‍ ഇന്ത്യന്‍ ഫുഡ് ലഭ്യമാക്കും. യഥേഷ്ടം നല്ല ഭക്ഷണം ഉറപ്പാക്കും. ഭക്ഷണത്തിനു കുറ്റം പറയാന്‍ അവസരമുണ്ടാകില്ല.

ജൂലൈ 4 ഒഴിവു ദിനത്തിന്റെ പിറ്റേന്ന് വ്യാഴാഴ്ചയാണ് കണ്‍വന്‍ഷന്‍ തുടങ്ങുന്നത്. രാവിലെ പത്തു മണിക്ക് രജിസ്‌ട്രേഷന്‍ തുടങ്ങും. വൈകിട്ട് 5 മണിക്ക് ഘോഷയാത്രയോടെ ഔദ്യോഗിക പരിപാടികള്‍ക്കു തുടക്കം. 101 പേര്‍ പങ്കെടുക്കുന്ന തിരുവാതിര, ചെണ്ടമേളം. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം. അസോസിയേഷനുകളും പ്രാദേശിക ടാലന്റ്‌സും അവതരിപ്പിക്കുന്ന പരിപാടികളാണ് രാത്രിയെ സജീവമാക്കുന്നത്.

പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കിയിട്ടില്ലെങ്കിലും താഴെപ്പറയുന്ന പ്രോഗ്രാമുകള്‍ വെള്ളി, ശനി ദിവസങ്ങളിലായി അരങ്ങേറും.

അന്തരിച്ച വിവിധ സാഹിത്യകാരന്മാരുടെ പേരില്‍ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡ് നല്‍കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അവാര്‍ഡ് പരിപാടിക്ക് ന്യൂജേഴ്‌സിയില്‍ നിന്നു ബന്നി കുര്യനും, സാഹിത്യ സമ്മേളനത്തിനു അബ്ദുള്‍ പുന്നയൂര്‍ക്കുളവും നേതൃത്വം നല്‍കും. സച്ചിദാനന്ദന്‍, ആലംകോട് ലീലാകൃഷ്ണന്‍ എന്നിവര്‍ സാഹിത്യ സമ്മേളനത്തിനെത്തും.

സമ്മേളനത്തിലേക്ക് മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും ക്ഷണിച്ചിട്ടുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട് വിശ്രമം ആവശ്യമുള്ളതിനാല്‍ വരാനില്ലെന്നു ഗവര്‍ണര്‍ അറിയിച്ചു. സമ്മേളനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്ന ആശംസാ സന്ദേശം നേരത്തെ തന്നെ അയയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രി വന്നില്ലെങ്കില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി. തോമസ് എന്നിവരിലൊരാളെങ്കിലും ഉണ്ടാകും.

പതിവുപോലെ സ്‌പെല്ലിംഗ് ബീ മത്സരം ഇത്തവണയും പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും. 2000 ഡോളറാണ് ഫസ്റ്റ് പ്രൈസ്. കലാമത്സരമാണ് മറ്റൊന്ന് 11 റീജിയനുകളില്‍ പാട്ട്, നൃത്തം, പ്രസംഗം എന്നിവയില്‍ ഒന്നും രണ്ടും സമ്മാനം നേടിയവര്‍ മത്സരത്തില്‍ മാറ്റുരയ്ക്കും.  പ്രായത്തിനനുസരിച്ച് 3 ഗ്രപ്പുകളായി തിരിച്ചാണ് മത്സരം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.

മിസ് ഫൊക്കാന മത്സരത്തിന് എറണാകുളത്തെ സാജ് എര്‍ത്ത് ആണ് സ്‌പോണ്‍സര്‍. ലൈസി അലക്‌സിന്റെ നേതൃത്വത്തില്‍ മിസ് ഫൊക്കാന മത്സരം മികവുറ്റതായിരിക്കും. മലയാളി മങ്ക, മിസ്റ്റര്‍ ഫൊക്കാന മത്സരങ്ങളും അരങ്ങേറും.

കണ്‍വന്‍ഷനു മുന്നോടിയായി ക്രിക്കറ്റ് ടൂര്‍ണമെന്റ് ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയിലോ, ന്യൂജഴ്‌സിയിലെ പരാമസിലോ നടത്തും. കണ്‍വന്‍ഷനില്‍ വോളിബോള്‍ തുടങ്ങിയ മത്സരങ്ങളെപ്പറ്റിയും ആലോചിക്കുന്നു.

ചീട്ടുകളി മുതല്‍ പതിവ് മത്സരങ്ങളും സെമിനാറുകളും ഉണ്ടാകും. മതസൗഹാര്‍ദ്ദം, മീഡിയ സെമിനാര്‍, കേരള വികസന സെമിനാര്‍, രാഷ്ട്രീയ സെമിനാര്‍ എന്നിവ അവയില്‍ ചിലതാണ്. ഇതിലൊക്കെ നാട്ടില്‍ നിന്നും ഇവിടുന്നുമുള്ള വിദഗ്ധര്‍ പങ്കെടുക്കും.

വിമന്‍സ് ഫോറത്തിന്റെ സെമിനാറുകളും നഴ്‌സിംഗ് സെമിനാറുകളും ശ്രദ്ധേയമായിരിക്കും.

കണ്‍വന്‍ഷന്‍ നഷ്ടമാകുമെന്നു കരുതുന്നില്ല. ബജറ്റ് അനുസരിച്ച് ചെലവാക്കുക എന്ന നയമാണ് പിന്തുടരുന്നത്. അതിനു പുറമെ നാട്ടില്‍ നിന്ന് ഏറെ പേരെ കൊണ്ടുവരുന്നതും ഒഴിവാക്കും.

ബാങ്ക്വറ്റില്‍ അവതരിപ്പിക്കുന്നത് നാട്ടില്‍ നിന്നു വരുന്ന ഫിലിം സ്റ്റാറുകളുടെ പരിപാടി ആയിരിക്കും. അന്തിമ തീരുമാനം ആയിട്ടില്ല. കണ്‍വന്‍ഷന്‍ എന്തായാലും നന്നായിരിക്കുമെന്നുറപ്പാണ്. മുപ്പതോളം കമ്മിറ്റികള്‍ ഓരോ മേഖലയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.

അമിതമായ പബ്ലിസിറ്റി ഒന്നുമില്ലെങ്കിലും നല്ല പ്രവര്‍ത്തനങ്ങളാണ് ഫൊക്കാന നടത്തിയതെന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ആലപ്പുഴയില്‍ നടന്ന കേരളാ കണ്‍വന്‍ഷനില്‍ 300 പേരെ പ്രതീക്ഷിച്ചിടത്ത് 600 പേര്‍ വന്നു. മാര്‍ത്തോമാ സഭയുടെ വലിയ തിരുമേനി മാര്‍ ക്രിസോസ്റ്റം, സാഹിത്യകാരനായ എം.കെ. സാനു എന്നിവര്‍ക്ക് കണ്‍വന്‍ഷനില്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

ജില്ലയ്‌ക്കൊരു വീട് എന്ന പദ്ധതി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്റെ നേതൃത്വത്തില്‍ മുന്നേറുകയാണ്. ഏഴു വീടുകള്‍ തയാറായിക്കഴിഞ്ഞു.

എറണാകുളം ജില്ലയിലെ ആദിവാസി കേന്ദ്രമായ കുട്ടമ്പുഴയില്‍ സ്‌കൂളിനു 10 കംപ്യൂട്ടറുകള്‍ നല്‍കി. ഈ പദ്ധതി മറ്റു സ്‌കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കണമെന്നാഗ്രഹമുണ്ട്. കുട്ടമ്പുഴയിലെ ആദിവാസി ഊരുകളിലെ നിര്‍ധന രോഗികള്‍ക്ക് അടിന്തര ചികിത്സയ്ക്ക് ആംബുലന്‍സ് വിളിക്കാന്‍ വളരെ ദൂരെ സഞ്ചരിക്കേണ്ട സ്ഥിതിയാണിപ്പോള്‍. ആളുപോയി 
ആംബുലന്‍സ് വിളിച്ചുവരുമ്പോഴേയ്ക്കും രോഗി മരിച്ചിരിക്കും. ഇത് ഒഴിവാക്കാന്‍ പ്രത്യേക സിംഗ്നലിംഗ് മെഷീനുകള്‍ വാങ്ങി നല്‍കി. ആദിവാസി മൂപ്പന്‍ മെഷീനില്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ആംബുലന്‍സ് കേന്ദ്രത്തില്‍ അതു കിട്ടും.

ചാരിറ്റി പ്രവര്‍ത്തനങ്ങളും ജനോപകാരപ്രദമായ കാര്യങ്ങള്‍ ഇവിടെയും ചെയ്യുന്നുണ്ട്. പബ്ലിസിറ്റിക്ക് പോകാറില്ലെന്നു മാത്രം. നോട്ട് നിരോധനവും മറ്റും വന്നപ്പോള്‍ കൃത്യമായ വിവരം ശേഖരിച്ച് ജനങ്ങളെ അറിയിച്ചത് ഫൊക്കാനയാണ്.

ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉടനെ മത്സരിക്കാനൊന്നും ആഗ്രഹമില്ല. 26 വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷമാണ് സെക്രട്ടറിയായത്. അതുകൊണ്ട് തിരക്ക് കൂട്ടുന്നില്ല.

Read also
എല്ലാം 'ശരിയാക്കുന്ന' ഫിലിപ്പോസ് ഫിലിപ് 

മികച്ച പരിപാടികള്‍, ഡ്രൈവ് ചെയ്യാവുന്ന ദൂരം, ഫൊക്കാന കണ്‍വന്‍ഷന് സ്വാഗതവുമായി ഫിലിപ്പോസ് ഫിലിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക