Image

കയ്പ്പുനീര്‍ (സിജു പോള്‍)

Published on 25 February, 2018
കയ്പ്പുനീര്‍ (സിജു പോള്‍)
On thet ragic life ofMadhu – ayoung man who succumbed to death after mob beatings, and on our response. One moret ragedy that has no place in a socitey like ours.

മധു മരിച്ചു!
അവനെ കൊന്നു
നമ്മുടെ നാട്ടില്‍! മലയാളികള്‍!

നാം എല്ലാവരും രോഷാകുലരാകണം
അതാണ് ശരി, അതാണ് നമ്മുടെ കടമ!

അവന്‍ മരിച്ചിരുന്നില്ലെങ്കില്‍
എങ്ങാനും രക്ഷപെട്ടിരുന്നെങ്കില്‍
നാം എത്ര പേര്‍ ഈ വാര്‍ത്ത ശ്രദ്ധിക്കുമായിരുന്നു?
നാം എത്ര പേര്‍ രോഷാകുലരാകുമായിരുന്നു?
നാം എത്ര പേര്‍ അവന് കവചമാകുമായിരുന്നു?
നാം എത്ര പേര്‍ ആ മനസ്സിനെ മനസ്സിലാക്കുമായിരുന്നു?
തല്ലരുത് എന്ന് ഒന്നുരണ്ടു പേര്‍ പറഞ്ഞെങ്കിലും
നിര്‍ഭാഗ്യവശാല്‍ ആ ശബ്ദം ജനക്കൂട്ടത്തില്‍ കെട്ടു പോയി

മോഷ്ടിച്ചിട്ടുണ്ടോ എന്നുറപ്പില്ല
‘ഒരു നേരത്തെ ഭക്ഷണം എടുത്തതിന്’
എന്ന് എടുത്തു പറയുമ്പോള്‍
സ്വര്‍ണ്ണമാണ് എടുത്തതെങ്കില്‍ തല്ലികൊല്ലാമോ?
അവന്‍ മനസിന്‍റെ താളം ഇടറിയവനായിരുന്നു
പണ്ടേ വീടു വിട്ടിറങ്ങിവനായിരുന്നു
കാട്ടില്‍ ഒരു ഗുഹയില്‍ ആയിരുന്നു
നാം എത്ര പേര്‍ അന്ന് വികാര പ്രകടനം നടത്തി?

മോശം സംഭവങ്ങള്‍ക്കെല്ലാം
ഉത്തരേന്ത്യയാണ് നമ്മുടെ അളവുകോല്‍
അട്ടപ്പാടിയിലെ പട്ടിണിയും ദുരവസ്ഥയും
നാം എത്ര പേര്‍ കാണുന്നു, അറിയുന്നു?
അവിടെ ഇനിയും മധുമാരെ കാണാമായിരിക്കാം
അവിടെ മാത്രമല്ല, കേരളത്തില്‍ എവിടെയും
നാട്ടില്‍, കാട്ടില്‍,
തെരുവുകളില്‍, ചെരുവുകളില്‍,
കടത്തിണ്ണകളില്‍, ഗുഹകളില്‍
എവിടെ പ്രകമ്പനം കൊള്ളിക്കുന്ന വിശാല മനസ്കത?

അവന്‍ എന്നും ഒരു കണ്ണാടി ആയിരുന്നു
മരിക്കുമ്പോള്‍ മാത്രമല്ല, ജീവിച്ചിരുന്നപ്പോഴും
മലയാളിയുടെ കപട സംസ്കാര ബോധത്തെ
മലയാളിയുടെ കപട മാന്യതയെ
മലയാളിയുടെ കപട സമത്വ ചിന്തയെ
വളരെ പ്രകടമായി കാണിച്ചു തരുന്ന ഒരു കണ്ണാടി
എന്തേ അന്നെല്ലാം നമ്മള്‍ മുഖം തിരിച്ചു?

അവസാന ഭക്ഷണം പാകം ചെയ്യുമ്പോള്‍ പിടി കൊടുത്തത്
മര്‍ദ്ദനം ഏല്‍ക്കുമ്പോള്‍ ദാഹിക്കുന്നെന്നു പറഞ്ഞത്
മരിക്കുമ്പോള്‍ ചോര ഛര്‍ദ്ദിച്ചത്ത്
എല്ലാം അവന്‍ മന:പൂര്‍വ്വം ചെയ്തതാവാം
എത്രത്തോളം ക്രൂരമാണ് നമ്മളെന്നു
എത്രത്തോളം നീചമാണ് നമ്മുടെ തെറ്റെന്നു
വളരെ സ്ഫുടമായി തെളിയട്ടെന്നു
ആ കണ്ണാടി നിശ്ചയിചിരിക്കാം!

കേരളത്തില്‍ ഇത് ചെയ്തതിനു
മലയാളിയുടെ മാനം കളഞ്ഞതിന്
നാം ജീവിച്ചിരിക്കെ ഇങ്ങനെ സംഭവിച്ചതിനു
നമുക്ക് രോഷാകുലരാകാം
മര്‍ദ്ദിച്ചവരെ മാറി നിന്നു കല്ലെറിയാം
അവസാനമായവന് ദാഹജലം പോലും നല്‍കാതെ
നമുക്കവര്‍ കയ്പ്പുനീര്‍ തന്നിരിക്കുന്നു
ഈ ചോരയില്‍ നമുക്ക് പങ്കില്ലെന്ന് കൈ കഴുകാം
പാപം ചെയ്യാത്തവന്‍ ആദ്യ കല്ലെറിയട്ടെ എന്നത്
അവര്‍ മറന്നു, ഇനി നമുക്കും മറക്കാം
ലജ്ജിക്കാം, മാന്യരാവാം
ഒരു രക്തസാക്ഷിയെ കിട്ടിയല്ലോ!

നമ്മുടെ ദയക്കായ്, രോഷത്തിനായ്
ജീവനുള്ള രക്തസാക്ഷികള്‍ കാത്തിരിക്കുന്നു
ഇനിയെങ്കിലുംനമുക്ക് മുഖം തിരിക്കാത്തിരിക്കാം

മധു മരിച്ചു
പക്ഷേ വിശപ്പിനും പട്ടിണിക്കും മരണമില്ല
Join WhatsApp News
മാർക്കോസ്, വലിയ വീടൻ 2018-02-25 10:10:35
കൊന്നവനെ കല്ലെറിയൂ
കൊന്നവൻറെ കൈ വെട്ടൂ
കൊന്നവൻറെ കാൽ വെട്ടൂ
കൊന്നവൻറെ തല കൊയ്യൂ

ഇതൊക്കെ കവിതയായി അടിച്ചു വിടാം, നീണ്ട കഥയായി ആഴ്ചകളോളം ഓടിക്കാം

ആര് മരിച്ചാലും കവിതകളും കഥാ പ്രസംഗങ്ങളും ജനിക്കും.
സമൂഹത്തിനു വേണ്ടി ഇതൊക്കെ ചെയ്ത് ആരെങ്കിലും ജയിലിൽ പോകുമോ?

ആഹ്വാനം എളുപ്പമാണുണ്ണി 
പ്രവർത്തിച്ചു കാട്ടൽ ദുഷ്‌കരം
വർഗ്ഗീസ്, ഈരാറ്റുപേട്ട 2018-02-25 10:16:58
കാടിൻറെ മക്കളെ തച്ചു കൊന്നതിന്റെ രോഷം അണപൊട്ടി ഒഴുകുകയാണല്ലോ എല്ലാ കവികൾക്കും!!
നിങ്ങളുടെ മുന്നിൽ വരുന്ന ഒരു പാവത്തിന് ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുത്തതിനു ശേഷം പോരേ ഈ രോഷ കവിതകൾ?
വിദ്യാധരൻ 2018-02-25 15:07:49
കരയട്ടെ കരയട്ടെ കവികളല്ലേ 
ഹൃദയത്തിൽ കാപട്യം തീണ്ടിടത്തോർ 
മന്ത്രിമാരല്ലവർ ഞെട്ടിടാനായി 
രാഷ്ട്രീയക്കാരല്ല പൊട്ടിക്കരഞ്ഞിടാനായി  
ഏതേലും കൺപീലി നനഞ്ഞിടുകിൽ 
കവിയുടെ കൺപീലിം നനഞ്ഞു പോകും
ഏതേലും കണ്ണ് കരഞ്ഞു വീർത്താൽ 
കവിയുടെ കണ്ണും കരഞ്ഞു വീർക്കും
സഹജീവി ദുഃഖം താങ്ങിടുവാൻ 
കവിയുടെ ഹൃദയത്തിനാവുകില്ല 
മധുവിനെറ്റോരോരോ മർദ്ദനവും 
കവിയുടെ നെഞ്ചിലെ മർദ്ദനം താൻ
നമ്മളിൽ അവബോധം വളർത്തിടുവാൻ 
ബലിയാടായി 'മധു' അത്ര മാത്രം 
കവികളെ തൂലികയാലെ നിങ്ങൾ 
കപടമാം മുഖംമൂടി പിച്ചി ചീന്തു 
ചരിത്രത്തിൻ താളിൽ  എന്നുമെന്നും 
കവികളെകാണാം   ചരിത്രം തിരുത്തിയോരെ
കവികളെ നിങ്ങൾ ഉണർന്നിടുക
അധർമ്മത്തിനെതിരെ ഒച്ചവയ്ക്കാൻ 
ഒരു നീർക്കോലി ദംശനത്താൽ 
അത്താഴം പോലും മുടങ്ങുകില്ലേ ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക