Image

തോമസ് ഓലിയാന്‍കുന്നേല്‍ ഫോമ സൗത്ത് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ്സ്ഥാനാര്‍ഥി

എ.സി. ജോര്‍ജ് Published on 26 February, 2018
തോമസ് ഓലിയാന്‍കുന്നേല്‍ ഫോമ സൗത്ത് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ്സ്ഥാനാര്‍ഥി
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനില്‍ കൂടിയ ഫോമയുടെ പ്രവര്‍ത്തന ബോധവത്കരണ യോഗത്തില്‍ തോമസ് ഓലിയാന്‍കുന്നേല്‍ ഫോമയുടെ സൗത്ത് വെസ്റ്റ് റീജിയന്‍, വൈസ് പ്രസിഡന്റായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേയിറ്റര്‍ ഹ്യൂസ്റ്റന്‍, തോമസിന്റെ നോമിനേഷനെ ഔദ്യോഗികമായി അംഗീകരിക്കുകയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയുമുണ്ടായി. മലയാളികള്‍ ഏറെ അധിവസിക്കുന്ന ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനും, ഗ്രെയിറ്റര്‍ ഡാളസ്-ഫോര്‍ട്ടുവര്‍ത്തും ഫോമാ സൗത്ത് വെസ്റ്റ് റീജിയന്റെ ഭാഗമാണ്.

വലിയ ഇലക്ഷന്‍ പ്രചാരണം ഒഴിവാക്കി സംഘടനാ പ്രവര്‍ത്തനം ജനസമൂഹത്തിന്റെ സാമൂഹ്യസാംസ്‌കാരിക ഉന്നമനത്തിനു വേണ്ടിയായിരിക്കണമെന്ന് തോമസ് അഭിപ്രായപ്പെട്ടു. വിവിധ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം 2007ല്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേയിറ്റര്‍ ഹ്യൂസ്റ്റന്റെ പ്രസിഡന്റായിരുന്നു. അക്കൊല്ലമാണ് അസോസിയേഷന് സ്വന്തമായി സ്ഥലവും കെട്ടിടവും ഓഫീസും വാങ്ങിയത്. 2010ല്‍ ഫോമ കേരളത്തില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന്റെ കണ്‍വീനറായി തോമസ് പ്രവര്‍ത്തിച്ചു. 2011ലെ കേരളത്തിലെ മുല്ലപ്പെരിയാര്‍ സത്യാഗ്രത്തിലും റാലിയിലും തോമസ് മറ്റ് പ്രവാസികളെ സംഘടിപ്പിച്ച്് കേരളത്തിലെ വണ്ടിപ്പെരിയാറില്‍ എത്തിയിരുന്നു.

ഫോമയുടെ ആരംഭകാലം മുതല്‍, ഏല്‍പ്പിച്ച ചെറുതും വലുതുമായ എല്ലാ ഉത്തരവാദിത്തങ്ങളും കാര്യക്ഷമമായി നിര്‍വഹിച്ചിട്ടുള്ള തന്നെ ഫോമാ വോട്ടേഴ്‌സ് കൈവിടുകയില്ലെന്ന ആത്മവിശ്വാസം തോമസിനുണ്ട്. പ്രത്യേകിച്ച് ഒരു പാനലിന്റെയും വക്താവായിട്ടല്ല തോമസ് മല്‍സരിക്കുന്നത്. ജനങ്ങളുടെയും ഫോമയുടെയും വക്താവും എളിയ സേവകനും എന്ന രീതിയില്‍ മാത്രമാണ് താന്‍ മല്‍സരരംഗത്തുള്ളത്. ജയിച്ചുവരുന്ന ആരുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ സദാ സന്നദ്ധനായിരിക്കുമെന്നും അതിനാല്‍ തന്റെ വിജയം സുനിശ്ചിതമായിരിക്കുമെന്നും തോമസ് ഓലിയാന്‍ കുന്നേല്‍ പറഞ്ഞു.

അമേരിക്കയില്‍ കുടിയേറുന്നതിനുമുമ്പ് തോമസ് കേരളത്തിലെ നോര്‍ത്തേണ്‍ ഫാര്‍മസിസ്റ്റ് യൂണിയന്റെ സെക്രട്ടറിയായിരുന്നു. യുഎസിലെ ഹ്യൂസ്റ്റനില്‍ എത്തിയശേഷം ടെക്‌സാസ് സതേണ്‍ യൂണിവേഴ്‌സിറ്റിയില്‍ ക്ലിനിക്കല്‍ അധ്യാപകനായും നാലു വര്‍ഷക്കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫോമയുടെ എല്ലാ നല്ല പദ്ധതികള്‍ക്കും എപ്പോഴും തന്റെ സജീവ പ്രവര്‍ത്തനവും പിന്തുണയുമുണ്ടായിരിക്കുമെന്നും അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള സൗത്ത് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ്്ായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി പല നൂതനമായ മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ താന്‍ അക്ഷീണമായി പവര്‍ത്തിക്കുമെന്നും വാഗ്ദാനം ചെയ്തു.

കേരളത്തിലെ മൂവാറ്റുപുഴ സ്വദേശിയായ തോമസ് ഹ്യൂസ്റ്റനില്‍ താമസിക്കുന്നു. ഭാര്യ: ലില്ലിക്കുട്ടി. മക്കള്‍: ദിവ്യ, ദയാന, ദീപ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക