Image

പ്രമേഹം ഒരു നിശബ്ദകൊലയാളി (ഭാഗം-1: ഡോ. നദിയ എം.വിജയ്)

Published on 02 March, 2018
പ്രമേഹം ഒരു നിശബ്ദകൊലയാളി (ഭാഗം-1: ഡോ. നദിയ എം.വിജയ്)
പ്രമേഹം ഒരു നിശബ്ദകൊലയാളിയാണ്. ഓര്‍ക്കാപ്പുറത്താണത് തല പൊക്കുന്നതെങ്കിലും , മുന്‍പേ തന്നെ ഉള്ളില്‍ ഒളിഞ്ഞിരിപ്പുണ്ടാകും. രോഗം എന്നതിലുപരി പ്രമേഹം ഒരവസ്ഥയാണ്. രക്തത്തില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാരയുടെ അളവുണ്ടാകുമ്പോള്‍ അത് ശരീരത്തെയും അവയവങ്ങളെയും ബാധിക്കുന്നതാണ് രോഗമായി പരിണമിക്കുന്നത്.

പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍

രോഗിക്ക് ക്ഷീണം, തലകറക്കം, അമിതമായ വിശപ്പും ദാഹവും , കൂടുതലായി മൂത്രംപോകല്‍ , ശരീരം മെലിയല്‍ എന്നീ ലക്ഷണങ്ങള്‍ പ്രകടമാകും .

സത്യത്തില്‍ എന്താണ് പ്രമേഹം?
നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം അത്യാവശ്യമാണ്. ഈ ഊര്‍ജം നാം കഴിക്കുന്ന ആഹാരത്തിലുള്ള ഗ്ലൂക്കോസില്‍ നിന്നാണ് പ്രധാനമായും ലഭിക്കുന്നത്. വിവിധ ആഹാര സാധനങ്ങളില്‍ നിന്നും ഗ്ലൂക്കോസ് രക്തക്കുഴലുകള്‍ വഴി ശരീര ഭാഗങ്ങളില്‍ എത്തുന്നു. നമ്മുടെ ശരീരം അനേകായിരം കോശങ്ങള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്നു. കോശങ്ങള്‍ക്കുള്ളിലേക്ക് ഗ്ലൂക്കോസ് കടത്തിവിടണമെങ്കില്‍ പാന്‍ക്രിയാസ് എന്ന ആഗ്‌നേയഗ്രന്ഥി സ്രവിപ്പിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ അത്യാവശ്യമാണ്.
ഇന്‍സുലിന്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നു. ശരീരത്തില്‍ ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരുമ്പോള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നു. അമിതമായി ഉയരുന്ന ഗ്ലൂക്കോസ് ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നു. തല്‍ഫലമായാണ് അമിത മൂത്രവിസര്‍ജനവും അമിതദാഹവും പ്രമേഹരോഗികളില്‍ ഉണ്ടാകുന്നത്.
പ്രമേഹരോഗികള്‍ അമിതമായി ഭക്ഷണം കഴിച്ചാലും കോശങ്ങള്‍ക്ക് വേണ്ടത്ര ഗ്ലൂക്കോസ് ലഭിക്കുന്നില്ല. ഊര്‍ജം ലഭിക്കുമ്പോള്‍ കോശങ്ങള്‍ ശരീരത്തിലെ മാംസ്യവും കൊഴുപ്പും ഉപയോഗിക്കുകയും അത് ശരീര ഭാരം കുറയുന്നതിനും ക്ഷീണമുണ്ടാകുവാനും കാരണമായിത്തീരുന്നു.
പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങള്‍ക്ക് കാരണമാകാവുന്ന ഘടകങ്ങള്‍ താഴെ പറയുന്നവയാണ്.
1. ആഹാര രീതിയിലെ മാറ്റങ്ങള്‍. ഉദാഹരണം: നാര് കുറവുള്ളതും ഉയര്‍ന്ന തോതില്‍ പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങളും പാനീയങ്ങളും വറുത്തതും പൊരിച്ചതുമായ ആഹാര പദാര്‍ത്ഥങ്ങളും.
2. വ്യായാമക്കുറവ്.
3. അമിതവണ്ണം.

പ്രമേഹത്തെ നാലായി തിരിക്കാം

1.ടൈപ്പ് 1 :

ജന്മനാല്‍ തന്നെ ഇന്‍സുലിന്‍ ഉത്പാദനം കുറയുന്ന അവസ്ഥ. ഇക്കൂട്ടര്‍ക്ക് ഇന്‍സുലിന്‍ കുത്തിവയ്പ്പ് കൂടിയേ തീരൂ.

2.ടൈപ്പ് 2:

സാധാരണ 40 വയസ്സിനു ശേഷം കണ്ടുവന്നിരുന്നതാണെങ്കിലും ഇപ്പോള്‍ യുവാക്കളിലും ഇത് കാണപ്പെടുന്നു. അന്നജം കൂടിയ ഭക്ഷണക്രമവും വ്യായാമക്കുറവുമാണ് ഇതിലേക്ക് നയിക്കുന്നത്.

3.ടൈപ്പ് 3:

പാന്‍ക്രിയാസ് ഗ്രന്ഥിക്കുണ്ടാകുന്ന തകരാര്‍ മൂലമാണ് ടൈപ്പ് 3 പ്രമേഹം ഉണ്ടാകുന്നത്. സ്റ്റീറോയിഡുകളുടെ ഉപയോഗം മൂലം പാന്‍ക്രിയാസ് പ്രവര്‍ത്തന രഹിതമാകുന്നതാണ് ഈ അവസ്ഥയിലേക്കെത്തുന്നതിന് കാരണം.

4.ടൈപ്പ് 4:

ഗര്‍ഭകാല പ്രമേഹം എന്ന പേരുപോലെ തന്നെ ഗര്‍ഭകാലത്തുമാത്രമാണിത് കാണപ്പെടുന്നത്. പ്രസവം കഴിഞ്ഞ് ആറാഴ്ച കഴിയുമ്പോള്‍ ഇത് മാറാറുണ്ടെങ്കിലും കാര്യമായ ശ്രദ്ധ ലഭിക്കാത്ത പക്ഷം കുട്ടിക്കും അമ്മയ്ക്കും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഭാവിയില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.

ഹിഡന്‍ ഹംഗര്‍

വയറിന്റെ സാധാരണഗതിയിലുള്ള വിശപ്പ് അഥവാ ഓപ്പണ്‍ ഹംഗര്‍ നമുക്കെല്ലാവര്‍ക്കും ഉണ്ട്. പ്രമേഹ രോഗികളില്‍ മാത്രം കാണപ്പെടുന്ന ഹിഡന്‍ ഹംഗര്‍ കോശങ്ങളുടെ വിശപ്പാണ്. കോശങ്ങളുടെ ദൈനംദിന പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആന്റി ഓക്‌സിഡന്റ്‌സ് , നല്ല കൊളസ്‌ട്രോള്‍ , ഫ്‌ലേവനോയ്ഡ്‌സ് എന്നിവയുടെ അഭാവം മൂലമാണിത് ഉണ്ടാകുന്നത്.

എപ്പോള്‍ കഴിക്കണം , എന്തുകഴിക്കണം?

ഈ ചോദ്യത്തിനുള്ള ഉത്തരം ശരിയായി പാലിക്കുന്ന ആള്‍ക്ക് രോഗത്തെ ഭയക്കേണ്ടി വരില്ല.
പ്രമേഹരോഗി വിശക്കുമ്പോഴല്ല വിശക്കാതിരിക്കാനാണ് ഭക്ഷണം കഴിക്കേണ്ടത്. വിശപ്പ് അനുഭവപ്പെടുന്നത് രക്തത്തിലെ ഗ്ലുക്കോസ് നില കുറയുമ്പോഴാണ്. എന്നുകരുതി, അമിതമായി ഭക്ഷണം ചെന്നാല്‍ പ്രമേഹരോഗിയില്‍ ഷുഗര്‍ നിയന്ത്രണാതീതമായി ഉയരുകയും ചെയ്യും. അതായത് രക്തത്തിലെ പഞ്ചസാരനില കൂടാതെയും കുറയാതെയും സന്തുലിതമായി കൊണ്ടു നടക്കുക. അതാണ് പ്രമേഹരോഗി ചെയ്യേണ്ടത്. അതിനുള്ള എളുപ്പമാര്‍ഗം കുറഞ്ഞ അളവില്‍ കൂടുതല്‍ തവണകളായി കഴിക്കുകയാണ്. അതിലൂടെ ഷുഗര്‍നില ഏറ്റക്കുറച്ചിലില്ലാതെ നിലനിര്‍ത്താനാകും. വയറു നിറയ്ക്കുവാനല്ല, വിശപ്പ് ശമിപ്പിക്കുവാനാണ് ഭക്ഷണം കഴിക്കേണ്ടത്. ഇടയ്ക്ക് വിശപ്പു തോന്നുന്നുവെങ്കില്‍ വേവിക്കാത്ത പച്ചക്കറികള്‍ യഥേഷ്ടം കഴിക്കുക. വയര്‍ നിറയെ കഴിച്ചാലും കൊഴുപ്പുണ്ടാക്കാത്ത ഭക്ഷണസാധനങ്ങളാണു പച്ചക്കറികള്‍.

പച്ചക്കറികളും പഴങ്ങളും

ഇവയെ നമുക്ക് മൂന്നായി തിരിക്കാം. ഇലക്കറികള്‍, കിഴങ്ങുവര്‍ഗം, മറ്റു പച്ചക്കറികളും പഴങ്ങളും.

ഇലക്കറികള്‍: ചീര, മുരിങ്ങയില, ഉലുവയില, കാബേജ്, പുതിനയില എന്നിങ്ങനെ ഇലക്കറികള്‍ നിരവധിയുണ്ട് . വിറ്റമിന്‍ എയുടെ മുന്‍ഗാമിയായ ബീറ്റാകരോട്ടിന്‍ ഇവയില്‍ ധാരാളമടങ്ങിയിരിക്കുന്നത് ശരീരത്തിന് ഗുണകരമാണ് . അവയിലുള്ള ബി. കോംപഌ്‌സ് വിറ്റമിനുകള്‍ പ്രമേഹസങ്കീര്‍ണതകളിലൊന്നായ ഞരമ്പുരോഗത്തെ ചെറുക്കും.ഇലക്കറികളില്‍ നാരുകള്‍ സമൃദ്ധമാണ്. ശരീരത്തിലേക്കു നാരുകള്‍ വലിച്ചെടുക്കപ്പടുന്നില്ല എങ്കിലും ഇവയ്ക്ക് ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട്. നാരുകള്‍ കുടലിന്റെ സങ്കോചത്തിനു സഹായിക്കുകയും മലബന്ധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. പ്രമേഹത്തെ പ്രതിരോധിക്കുവാന്‍ സഹായിക്കുന്ന ഇന്‍ക്രിറ്റിന്‍ ഹോര്‍മോണുകളെ ക്രമപ്പെടുത്തുന്നതിനും സഹായിക്കും.

പയര്‍ വര്‍ഗങ്ങള്‍ :

പയര്‍ വര്‍ഗങ്ങള്‍ തൊലിയോടെ ഉപയോഗിച്ചാല്‍ ധാരാളം നാരുകള്‍ ലഭിക്കും. ഉണങ്ങിയ പയര്‍ വെള്ളത്തില്‍ കുതിര്‍ത്തു മുളപ്പിച്ചാല്‍ വിറ്റമിന്‍ സി ധാരാളമായി ഉല്‍പാദിപ്പിക്കപ്പെടും. ഇവ അമിതമായി വേവിക്കുവാന്‍ പാടില്ല. പ്രമേഹരോഗിയുടെ ആഹാരത്തില്‍ എല്ലാ നേരവും കുറേശെ ഏതെങ്കിലും പയര്‍ ഉള്‍ക്കൊള്ളിക്കണം.

കിഴങ്ങുവര്‍ഗങ്ങള്‍: കപ്പ, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, കാച്ചില്‍, കാരറ്റ് തുടങ്ങിയവയാണ്. ഇതില്‍ ആദ്യത്തെ മൂന്നെണ്ണം ഒഴിവാക്കാം. മറ്റുള്ളവ പ്രമേഹരോഗി കഴിക്കുന്നുണ്ടെങ്കില്‍ ഒപ്പം കഴിക്കുന്ന ധാന്യത്തിന്റെ അളവു കുറയ്ക്കണം.

മറ്റു പച്ചക്കറികള്‍: തക്കാളി, വെണ്ടയ്ക്ക, പാവയ്ക്ക, വഴുതന, വെള്ളരിക്ക, പടവലം, മത്തന്‍ മുതലായവയില്‍ വിറ്റാമിനുകളും ലവണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയില്‍ ചിലതു വേവിക്കാതെ എപ്പോള്‍ വേണമെങ്കിലും കഴിക്കാം. പ്രമേഹരോഗി പതിവായി അധികം വേവിക്കാത്ത ഇലക്കറികളും പച്ചക്കറികളും കഴിക്കുന്നുണ്ടെങ്കില്‍ ധാതുലവണങ്ങളുടെയും വിറ്റമിനുകളുടെയും കുറവു നികത്താന്‍ സാധിക്കുന്നു.

പഴവര്‍ഗങ്ങള്‍: മത്തപ്പഴങ്ങളായ പപ്പായ, മാങ്ങ, വാഴപ്പഴങ്ങള്‍, ചക്ക മുതലായവ ധാരാളം കഴിക്കുന്ന ശീലം നമ്മുടെ ഇടയിലുണ്ട്. പ്രമേഹരോഗി ഇങ്ങനെ ചെയ്യുവാന്‍ പാടില്ല. മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം മിതമായ അളവില്‍ കഴിക്കാം. ഉണങ്ങിയ പഴങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, എണ്ണക്കുരുക്കള്‍ മുതലായവ പ്രമേഹരോഗികള്‍ ഒഴിവാക്കണം. ഇവ നല്‍കുന്ന പോഷകങ്ങള്‍ വില കുറഞ്ഞ ഇലക്കറികളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും കിട്ടുമെന്നുള്ളപ്പോള്‍ വിലകൂടിയ ഇവയെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യം ഇല്ല. ഭക്ഷണരീതി കര്‍ശനമായി പാലിച്ചിട്ടും ചില രോഗികളില്‍ പ്രമേഹത്തെ പിടിച്ചുനിര്‍ത്തുവാന്‍ കഴിയാത്തതിനുകാരണം അവര്‍ ഇത്തരം പഴങ്ങളും മറ്റും ഇടയ്ക്കിടയ്ക്കു കഴിക്കുന്നതാണ്.

ബേക്കറിഭക്ഷണം ഇനി വേണ്ട

ബേക്കറി സാധനങ്ങള്‍ ഒഴിവാക്കുക. ഇവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കൊഴുപ്പ് ട്രാന്‍സ്ഫാറ്റ് അഥവാ ഹൈഡ്രോജിനേറ്റഡ് വെജിറ്റബിള്‍ ഓയില്‍ മോശപ്പെട്ട ഇനത്തില്‍പ്പെട്ട കൊഴുപ്പാണ്. ഇതു പ്രമേഹത്തിനു മാത്രമല്ല ഹൃദ്രോഗത്തിനും കാരണമാകും. ഏതൊരു പ്രമേഹരോഗിക്കും ആഹാരനിയന്ത്രണത്തിന് കുടുംബാംഗങ്ങളുടെ സഹകരണം ആവശ്യമാണ്. രോഗിയുടെ ഭക്ഷണക്രമം വീട്ടിലെ മറ്റുള്ളവരും സ്വീകരിക്കണം. സമീകൃതഭക്ഷണം പ്രമേഹനിയന്ത്രണത്തിനുള്ള മരുന്നുതന്നെയാണ്. പ്രമേഹപാരമ്പര്യമുള്ള കുടുംബങ്ങളില്‍ തലമുറകളിലേക്ക് ഈ രോഗം കൈമാറാതിരിക്കുവാനുള്ള മുന്‍കരുതല്‍ കൂടിയാണീ മരുന്ന്.

ഡോ. നദിയ എം.വിജയ് BAMS
സിദ്ധ ആയുര്‍വേദിക് ഫാറ്റ് ലോസ് ക്ലിനിക്ക്
കാരപ്പറമ്പ്, കോഴിക്കോട്

തയ്യാറാക്കിയത്: മീട്ടു റഹ്മത്ത് കലാം

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക