Image

പ്രമേഹം ഒരു നിശബ്ദ കൊലയാളി (രണ്ടാം ഭാഗം: ഡോ. നദിയ എം. വിജയ് ബി.എ.എം.എസ്)

Published on 04 March, 2018
പ്രമേഹം ഒരു നിശബ്ദ കൊലയാളി (രണ്ടാം ഭാഗം: ഡോ. നദിയ എം. വിജയ് ബി.എ.എം.എസ്)
പ്രമേഹത്തെ നേരിടാന്‍ എടുക്കേണ്ട തീരുമാനങ്ങള്‍ .

1.മുടങ്ങാതെയുള്ള രക്ത പരിശോധന

പ്രമേഹത്തിനുള്ള രക്ത പരിശോധന പൊതുവെ രണ്ടുതരമാണ്

* ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ ( എഫ് ബി എസ്)

ഒരു നിശ്ചിത നേരത്തേക്ക് ആഹാരം കഴിക്കാതെയിരുന്ന ശേഷം രോഗിയുടെ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നോക്കുന്നതാണ് എഫ്.ബി.എസ്.

പോസ്റ്റ് പ്രാന്‍ഡിയ്ല്‍ ബ്ലഡ് ഷുഗര്‍ ( പി .പി. ബി. എസ്) ഭക്ഷണത്തിനു ശേഷമോ എഴുപത്തിയഞ്ച് ഗ്രാം ഗ്ലുക്കോസ് കഴിച്ച ശേഷമോ നോക്കുന്നതാണ് പി.പി.ബി.എസ്.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് രോഗനിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ് .ഈ അളവ് കൂടുതലായാലും നന്നേ കുറവായാലും അപകടകരമാണ്. ഭക്ഷണത്തിന് മുന്‍പുള്ള ഗ്ലൂക്കോസ് നില 80ല്‍ കുറയരുത്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെവരെ ബാധിക്കും. തീരേ ഊര്‍ജമില്ലാതെ തോന്നുക, കൈകാലുകളുടെ പേശികള്‍ക്ക് തളര്‍ച്ച, വിയര്‍പ്പ്, ബോധം നഷ്ടപ്പെടുക ഇവ ഹൈപ്പോഗ്ലൈസീമിയ എന്ന ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്.രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 120ല്‍ കൂടിയാല്‍ ഹൈപ്പര്‍ഗ്ലൈസീമിയ എന്ന അവസ്ഥയുണ്ടാകാം.ഇത് നീണ്ടുനിന്നാല്‍ വൃക്കകള്‍, കണ്ണ്, നാഡികള്‍ ഇവയുടെ പ്രവര്‍ത്തനം തടസ്സപ്പെടും.

ഇത്തരം പ്രശ്‌നങ്ങളിലേക്ക് രോഗാവസ്ഥ പോകുന്നുണ്ടോ എന്നറിയാന്‍ ഭക്ഷണത്തിന് മുന്‍പും കഴിച്ചതിന് രണ്ടുമണിക്കൂറിന് ശേഷവും രക്തപരിശോധന നടത്തണം. ഭക്ഷണശേഷമുള്ള ഗ്ലൂക്കോസിന്റെ അളവ് 140 വരെയാണ് സുരക്ഷിതം.

2. ഹീമോഗ്ലോബിന്‍ പരിശോധന
വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഹീമോഗ്ലോബിന്‍ അളവ് പരിശോധിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എല്ലായിപ്പോഴും ആരോഗ്യകരമായ അളവിലാണോ എന്നറിയാനാണ് ഈ പരിശോധന. ഈ അളവ് 7ല്‍ കുറഞ്ഞിരിക്കണം.

3. പതിവായും സമയത്തിനും മരുന്ന്
കൃത്യസമയത്ത് മറക്കാതെ മരുന്നുകഴിക്കുകയാണ് പ്രമേഹരോഗികള്‍ ചെയ്യേണ്ട പ്രധാന കാര്യം. ഒരു നേരത്തെ ഗുളിക കഴിക്കാന്‍ മറന്നുപോയാല്‍ അടുത്ത തവണ രണ്ടെണ്ണം ഒന്നിച്ചുകഴിക്കുന്നവരുണ്ട്. ഇത് ഗുണകരമല്ല. പ്രത്യേക എന്‍സൈമുകളുമായി പ്രത്യേക സമയത്ത് പ്രവര്‍ത്തിക്കേണ്ടവയാണ് പ്രമേഹ മരുന്നുകള്‍. ഇവ സമയംതെറ്റി കഴിക്കുന്നത് രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കും.

4.വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുക
പ്രമേഹം വേണ്ടരീതിയില്‍ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കും. ഡോക്ടറുടെ നിര്‍ദേശാനുസരണമുള്ള ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയുമാണ് വേണ്ടത്. നാരുകളടങ്ങിയതും പൊട്ടാസിയവും മറ്റ് ധാതുക്കളടങ്ങിയതുമായ ഭക്ഷണം ശീലമാക്കണം. വൃക്കകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന പരിശോധനകളും നടത്താവുന്നതാണ്.

5. കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കുക
പ്രമേഹരോഗികള്‍ക്ക് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടാനുള്ള സാധ്യത ഏറെയാണ്. ഈ അവസ്ഥ ഹൃദയധമനികള്‍ക്ക് കട്ടികൂടാനും അതുവഴി ഹൃദ്രോഗമുണ്ടാകാനും ഇടവരുത്തും. മധുരം, വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍ തുടങ്ങി കൊഴുപ്പ് കൂടിയ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുകയാണ് പോം വഴി. പകരം മത്സ്യം, തവിടോടുകൂടിയ ധാന്യങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ശീലമാക്കണം.

6.ശരിയായ ക്രമത്തിലുള്ള ഭക്ഷണം
ഒറ്റയടിക്ക് കുറേയധികം ഭക്ഷണം പ്രമേഹരോഗികള്‍ക്ക് അശാസ്യമല്ല. മൂന്ന് നേരത്തെ പ്രധാന ഭക്ഷണത്തിനിടയില്‍ രണ്ട്മൂന്ന് മണിക്കൂര്‍ ഇടവിട്ട് ലഘുഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ സഹായിക്കും. മൈദപോലുള്ള സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണം. ഓട്‌സ്, മുത്താറി, ഗോതമ്പ് ഇവയാകാം. ദിവസം 25ഗ്രാം നാര് എങ്കിലും ഭക്ഷണത്തിലൂടെ ഉള്ളിലെത്തണം. തോലുരിച്ച കോഴിയിറച്ചി, ചെറു മീനുകള്‍, മുട്ടയുടെ വെള്ള, അധികം കൊഴുപ്പടങ്ങാത്ത തൈര്, പാട നീക്കിയ പാല്‍ ഇവ കഴിക്കണം. ഇലക്കറികള്‍ ധാരാളമായി കഴിക്കാം, പഴവര്‍ഗങ്ങള്‍ രണ്ടെണ്ണത്തിലധികമാകരുത്.


7. വ്യായാമം
പതിവായുള്ള വ്യായാമമാണ് പ്രമേഹരോഗികള്‍ക്ക് ഏറ്റവും ആവശ്യം. ദിവസം ചുരുങ്ങിയത് 30 മിനിറ്റ് വെച്ച് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യണം. എല്ലാ ദിവസവുമായാല്‍ നന്നായി. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഇത് അത്യാവശ്യമാണ്. അതിനോടൊപ്പം നല്ല മനോനില നിലനിര്‍ത്താനും വ്യായാമം സഹായിക്കും. സൈക്ലിങും സ്വിമ്മിങ്ങുമാണ് ഏറ്റവും ഉത്തമം.

8.ഭാരം കുറയ്ക്കുക
ശരീരഭാരം കൂടുന്നത് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ബോഡി മാസ് ഇന്‍ഡക്‌സാണ് ആരോഗ്യകരമായ ഭാരം കണ്ടെത്താനുള്ള മാര്‍ഗം. കിലോഗ്രാമിലുള്ള ശരീരഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ പെരുക്കം(സ്ക്വയര്‍ ) കൊണ്ട് ഹരിക്കണം. ഇങ്ങനെ കിട്ടുന്ന സംഖ്യ 18.5 ല്‍ കുറയാനോ 25ല്‍ കൂടാനോ പാടില്ല. പ്രമേഹം വരുന്നതിനുമുന്‍പുള്ള ശരീരഭാരത്തിന്റെ 10ശതമാനമെങ്കിലും കുറയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

9.പാദങ്ങളുടെ സംരക്ഷണം
പ്രമേഹരോഗികള്‍ക്ക് കാലിന് വൃണമുണ്ടായാല്‍ ഉണങ്ങാന്‍ കാലതാമസമുണ്ടാകും. ഇത് കാല്‍ മുറിച്ചുകളയുന്ന അവസ്ഥയിലേക്കുവരെ എത്താം. പ്രമേഹം വര്‍ധിച്ച് നാഡികളുടെ സംവേദനം കുറയുന്ന അവസ്ഥയില്‍ കാലിലെ മുറിവോ വേദനയോ അറിയാതെ പോകുന്നതും സാധാരണമാണ്. ഇക്കാരണത്താല്‍ അനുയോജ്യമായ പാദരക്ഷ ഉപയോഗിക്കുകയും പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും പ്രധാനമാണ്.

10. പുകവലി ഒഴിവാക്കുക
പുകവലി ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുമെന്നതിനാല്‍ സ്വതവേ ഹൃദ്രോഗ സാധ്യത കൂടുതലുള്ള പ്രമേഹരോഗികള്‍ക്ക് ഈ ദുശ്ശീലം അപകടകരമാണ്. പുകവലി ശീലമുള്ളവര്‍ ക്രമേണ ഇത് കുറച്ച് പൂര്‍ണമായി നിര്‍ത്തണം.

11.വെയിലുകൊള്ളാം പ്രമേഹം ചെറുക്കാം

ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറഞ്ഞിരിക്കുന്നത് പ്രമേഹം പിടിപെനുള്ള സാധ്യത വര്‍ധിപ്പിക്കുകയും രോഗികളില്‍ പ്രമേഹനിയന്ത്രണം ഫലപ്രദമല്ലാതാക്കുകയും ചെയ്യുമെന്നതാണ് സമീപകാലത്തുണ്ടായ ശ്രദ്ധേയമായ ഒരു കണ്ടെത്തല്‍. സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ശരീരത്തില്‍ രൂപംകൊള്ളുന്ന വിറ്റാമിനാണ് ഡി.

12.പാലിക്കേണ്ട ചില ശീലങ്ങള്‍

ഒരുകാരണവശാലും പ്രാതല്‍ ഒഴിവാക്കരുത്.

ഒന്നര മണിക്കൂറില്‍ കൂടുതല്‍ ഇരുന്ന് ജോലി ചെയ്യരുത്. ഉച്ചയുറക്കം എന്നൊരു പതിവുണ്ടെങ്കില്‍ അത് വര്‍ജിക്കുക.

ഭക്ഷണത്തിന്റെ അളവും സമയവും ഡോക്ടറോട് ചോദിച്ച് കൃത്യമായി പ്ലാന്‍ ചെയ്യണം.

ഒരിക്കല്‍ പാകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കരുത്. ഫ്രിഡ്ജില്‍ വച്ച് പഴകിയ ഭക്ഷണവും ഒഴിവാക്കുക.ഒഴിവാക്കേണ്ട സാധനങ്ങളോട് നോ പറയാനുള്ള മനസ്സാന്നിധ്യം ഉണ്ടാക്കുക.

13.സ്‌പെഷ്യല്‍ ഡയറ്റ് / ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഡയറ്റ്.

വിവിധ തരം ഭക്ഷണങ്ങള്‍ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ എപ്രകാരം ബാധിക്കുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ ഡയറ്റ്. സാധാരണ ഡയറ്റുകളില്‍ ശരീരഭാരം എങ്ങനെ കുറയ്ക്കാം എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു, എന്നാല്‍ ഡയറ്റ് നിര്‍ത്തിക്കഴിഞ്ഞാല്‍ വണ്ണം തിരിച്ചുവരും. ജിഐ ഡയറ്റ് ഒരു പ്രത്യേക ജീവിതക്രമമാണ്. ഇതില്‍ പറയുന്നത് വണ്ണം കുറയ്ക്കുവാനുളള മാര്‍ഗങ്ങളല്ല.

ജിഐ ഡയറ്റ് പ്രകാരം ഭക്ഷണം മൂന്നു രീതിയില്‍ തരം തിരിച്ചിട്ടുണ്ട്. ഹൈ ജിഐ, ലോ ജിഐ, മീഡിയം ജിഐ എന്നിവയാണവ. പെട്ടെന്ന് ദഹിക്കുന്നവയും പതുക്കെ ദഹിക്കുന്നവയും. പെട്ടെന്ന് ഭക്ഷണം ദഹിച്ചാല്‍ ശരീരത്തിലെ ഗ്ലൂക്കോസ് തോത് പെട്ടെന്ന് ഉയരും. അപ്പോള്‍ ഇത്തരം ഭക്ഷണങ്ങള്‍ ഉയര്‍ന്ന ജിഐ ഉള്ളവയില്‍ പെടും. പതുക്കെ ദഹിക്കുന്ന ഭക്ഷണങ്ങള്‍ ഗ്ലൂക്കോസ് തോത് പതുക്കെ ഉയര്‍ത്തുന്നതു കൊണ്ടു തന്നെ കുറഞ്ഞ ജിഐ ഉള്ളവയായിരിക്കും. ഇവ രണ്ടിനും ഇടയിലുള്ളതാണ് മീഡിയം ജി ഐ .

വെള്ള അരി, പഞ്ചസാര തുടങ്ങിയവ ഹൈ ജിഐ ഉള്ള ഭക്ഷണത്തില്‍ പെടും. ഓട്‌സ്, ബ്രൊക്കോളി, ഗോതമ്പ് തുടങ്ങിയവ കുറഞ്ഞ ജിഐ ഉള്ള ഭക്ഷണത്തില പെടുന്നവയാണ്.

മൂന്നു സ്റ്റെപ്പുകളായാണ് ജിഐ ഡയറ്റനുസരിച്ച് ഭക്ഷണം കഴിയ്‌ക്കേണ്ടത്. ആദ്യത്തെ ഘട്ടത്തില്‍ കുറഞ്ഞ ജിഐ ഉള്ള ഭക്ഷണം മാത്രം കഴിയ്ക്കുക. ഇത് മൂന്നു മുതല്‍ ആറുമാസം വരെ നീളും. ഈ ഘട്ടത്തില്‍ ശരീരഭാരം കുറയുകയും ശരീരം കുറഞ്ഞ ഗ്ലൂക്കോസ് തോതുമായി സമരസപ്പെടുകയും ചെയ്യുന്നു.

രണ്ടാം ഘട്ടത്തില്‍ മീഡിയം ജിഐ അടങ്ങിയ ഭക്ഷണം കഴിയ്ക്കണം. അതോടെ ആവശ്യമുള്ള ഭാരത്തിലേക്ക് ശരീരം തിരിച്ചെത്തും. മൂന്നാം ഘട്ടത്തില്‍ ആവശ്യമുള്ള ഭാരം മാത്രം നിലനിര്‍ത്തി ഭക്ഷണം ക്രമീകരിക്കാം. ഹൈ ജിഐ ഉള്ള ഭക്ഷണം ഈ ഘട്ടത്തില്‍ കഴിയ്ക്കാം. പക്ഷേ ശരീരഭാരം നിയന്ത്രിച്ചു വേണം കഴിയ്ക്കാന്‍. ഇത് കുറച്ചു നാള്‍ പിന്തുടര്‍ന്നാല്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ള ഭക്ഷണമേതെന്നും അതിന്റെ അളവും തിരിച്ചറിയാം.

ഒരു ഗ്രാം നാര് ദഹിക്കാന്‍ ഏഴ് കാലറി ഊര്‍ജം വേണ്ടി വരും. ദഹനസമയം കൂടുന്നതിനാല്‍ രക്തത്തിലേക്ക് സാവകാശമേ ഗ്ലുക്കോസ് എത്തുകയുള്ളൂ.

രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കുന്നതു കൊണ്ട് പ്രമേഹരോഗികള്‍ക്ക് യോജിച്ച ഡയറ്റാണിത്.

14. ആല്‍ക്കലൈന്‍ ഡ്രിങ്ക് ശീലമാക്കുക

ദിവസം തുടങ്ങുന്നത് ഒരു ആന്റി ഓക്‌സിഡന്റ് ആല്‍ക്കലൈന്‍ ഡ്രിങ്ക്

കുടിച്ചുകൊണ്ടായിരിക്കണം .

അത്തരത്തിലുള്ള ഡ്രിങ്കുകളും വീട്ടില്‍ ചെയ്യാവുന്ന ചില നാടന്‍ പ്രയോഗങ്ങളും പരിചയപ്പെടാം.

മാവില പാനീയം

ഒരു പാത്രത്തില്‍ പത്തോ പതിനഞ്ചോ മാവില എടുത്ത് നന്നായി തിളപ്പിക്കുക , രാത്രി മുഴുവന്‍ ഇങ്ങനെ വച്ചിട്ട് രാവിലെ വെറും വയറ്റില്‍ ഈ വെളളം കഴിക്കുക. രണ്ടോ മൂനോ മാസം ഇത് ആവര്‍ത്തിക്കേണ്ടതാണ്. മാവില ഉണക്കിപൊടിച്ച് ഈ പൊടി അര ടീ സ്പൂണ്‍ വീതം ദിവസം രണ്ടു തവണ കഴിക്കേണ്ടതാണ്. പ്രമേഹത്തിന് ശമനം ലഭിക്കും. മാവിലയ്ക്ക് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ വളരെ നല്ല സ്ഥാനമുണ്ട്. മാവിലയില്‍ ധാരാളം മിനറല്‍സും , വ്റ്റാമിനുകളും , എന്‍സൈമ്‌സും ,ആന്റിഓക്‌സിഡന്‍സും അടങ്ങിയിട്ടുണ്ട്. അതിനാല്‍ മാവില പല ആരോഗ്യ പ്രശ്‌നങ്ങള്‍

ചെമ്പരത്തിയില പാനീയം

ചുവന്ന നിറത്തിലെ നാടന്‍ അഞ്ചിതള്‍ ചെമ്പരത്തിയുടെ പത്തിലകള്‍ കഴുകി വൃത്തിയാക്കി അല്പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കണം. ഈ പേസ്റ്റില്‍ നിന്ന് മൂന്ന് സ്പൂണ്‍ എടുത്ത് ഒരു കപ്പ് വെള്ളത്തില്‍ ഇളക്കി രാത്രി മൂടി വെച്ച ശേഷം രാവിലെ വെറും വയറ്റില്‍ കുടിക്കാം. രണ്ടു മണിക്കൂര്‍ നേരത്തേക്ക് മറ്റൊന്നും കഴിക്കരുത്. തുടര്‍ച്ചയായി എട്ടു ദിവസം ഇങ്ങനെ ചെയ്യണം. ഇടയ്ക്ക് നിര്‍ത്തേണ്ടി വരുന്നവര്‍ രണ്ടുമാസം കഴിഞ്ഞേ വീണ്ടും തുടരാവൂ.

ഡോ. നദിയ എം.വിജയ് BAMS
സിദ്ധ ആയുര്‍വേദിക് ഫാറ്റ് ലോസ് ക്ലിനിക്ക്
കാരപ്പറമ്പ്, കോഴിക്കോട്

തയ്യാറാക്കിയത്: മീട്ടു റഹ്മത്ത് കലാം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക