Image

അസുഖം കാരണം സ്‌പോണ്‍സര്‍ വഴിയരികില്‍ ഉപേക്ഷിച്ച വീട്ടുജോലിക്കാരിയെ നവയുഗം ജീവകാരുണ്യവിഭാഗം രക്ഷപ്പെടുത്തി.

Published on 05 March, 2018
അസുഖം കാരണം സ്‌പോണ്‍സര്‍ വഴിയരികില്‍ ഉപേക്ഷിച്ച വീട്ടുജോലിക്കാരിയെ നവയുഗം ജീവകാരുണ്യവിഭാഗം രക്ഷപ്പെടുത്തി.
അല്‍ഹസ്സ: അസുഖം കാരണം ജോലി ചെയ്യാനാകാത്തതിനാല്‍, സ്‌പോണ്‍സര്‍ വഴിയരുകില്‍ ഉപേക്ഷിച്ച ഇന്ത്യക്കാരി, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ തക്കസമയത്തെ ഇടപെടല്‍ കാരണം, രക്ഷപ്പെട്ട് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ഹൈദരാബാദ് സ്വദേശിനിയായ നൂര്‍ജഹാനാണ് പ്രവാസലോകത്ത് ഏറെ ദുരിതങ്ങള്‍ താണ്ടേണ്ടി വന്നത്. ആറു മാസങ്ങള്‍ക്ക് മുന്‍പാണ്,  നൂര്‍ജഹാന്‍ നാട്ടില്‍ നിന്നും വീട്ടുജോലിയ്ക്കായി അല്‍ഹസ്സയിലെ ഒരു സൗദി ഭവനത്തില്‍ എത്തിയത്.  നാട്ടില്‍ വെച്ചേ ആസ്മ രോഗം ഉണ്ടായിരുന്ന നൂര്‍ജഹാനെ, ഏജന്റ് പൈസ കൊടുത്ത് മെഡിക്കല്‍ പാസ്സാക്കിയാണ് കയറ്റി വിട്ടത്. അഞ്ചു മാസം അവിടെ ജോലി ചെയ്തപ്പോള്‍ അസുഖം കൂടി ആരോഗ്യം മോശമായി. ശാരീരികാദ്ധ്വാനം അസാധ്യമായ അവസ്ഥയില്‍, അവര്‍ക്ക് ഇനി ജോലി ചെയ്യാന്‍ സാധിയ്ക്കില്ല എന്ന് മനസ്സിലായ സ്‌പോണ്‍സര്‍, ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകാനെന്ന വ്യാജേന കൊണ്ട് പോയി, ദൂരെ ഒരിടത്ത് വഴിയരികില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. 

എങ്ങോട്ടു പോകണമെന്ന് അറിയാതെ, ഒരു ദിവസം മുഴുവന്‍, നൂര്‍ജഹാന്‍ പല സ്ഥലത്തായി അലഞ്ഞു നടന്നു. വഴിയില്‍ വെച്ച് കണ്ട ഒരു മലയാളി, ഇവരുടെ ദയനീയാവസ്ഥ, നവയുഗം അല്‍ഹസ്സ മേഖല രക്ഷാധികാരിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ ഹുസ്സൈന്‍ കുന്നിക്കോടിനെ വിളിച്ചറിയിയ്ക്കുകയായിരുന്നു. ഉടനെ ഹുസ്സൈനും, സാമൂഹ്യപ്രവര്‍ത്തകന്‍ മണി മാര്‍ത്താണ്ഡവും കൂടി അവിടെ എത്തുകയും, നൂര്‍ജഹാന്റെ അവസ്ഥ മനസ്സിലാക്കി, പോലീസിന്റെ സഹായത്തോടെ അവരെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ്ക്കുകയും ചെയ്തു. അവിടെ നിന്നും നൂര്‍ജഹാനെ ചികിത്സയ്ക്കായി അടുത്തുള്ള ഹോസ്പിറ്റലിലും അഡ്മിറ്റ് ചെയ്തു.

ഹുസ്സൈനും നവയുഗം പ്രവര്‍ത്തകരും ലഭ്യമായ വിവരങ്ങള്‍ വെച്ച് സ്‌പോണ്‍സറെപ്പറ്റി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഹുസ്സൈനും മണിയും അഭയകേന്ദ്രം വഴി നൂര്‍ജഹാന് ഫൈനല്‍ എക്‌സിറ്റ് അടിയ്ക്കുകയും, ഒരു നവയുഗം പ്രവര്‍ത്തകന്‍ വിമാനടിക്കറ്റ് നല്‍കുകയും ചെയ്തു.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു മാസത്തെ അഭയകേന്ദ്രത്തിലെയും, ആശുപത്രിയിലെയും താമസം അവസാനിപ്പിച്ച്, സഹായിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞ്, നൂര്‍ജഹാന്‍ നാട്ടിലേയ്ക്ക് മടങ്ങി.



അസുഖം കാരണം സ്‌പോണ്‍സര്‍ വഴിയരികില്‍ ഉപേക്ഷിച്ച വീട്ടുജോലിക്കാരിയെ നവയുഗം ജീവകാരുണ്യവിഭാഗം രക്ഷപ്പെടുത്തി.
നൂര്‍ജഹാന്, മണി യാത്രാരേഖകള്‍ കൈമാറുന്നു. ഹുസൈന്‍ കുന്നിക്കോട് സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക