Image

അവനോടൊപ്പം (കഥ: ജെസ്സി ജിജി)

Published on 06 March, 2018
അവനോടൊപ്പം (കഥ: ജെസ്സി ജിജി)
സന്ധ്യ പതിവിലും നേരത്തെ , അന്ന് ഭൂമിയിലേക്ക് വന്നതുപോലെ. ചേക്കേറാന്‍ വെമ്പുന്ന കിളികളുടെ കലപില ശബ്ദവും ,സമീപത്തെ പൊയ്കയില്‍ നിന്നും കാലം തെറ്റി പെയ്യുന്ന മഴയുടെ വരവ് അറിയിച്ചുകൊണ്ടുള്ള തവളകളുടെ ക്രോം ക്രോം ശബ്ദവും ,സന്ധ്യക്ക് മുന്‍പേ വീട് അണയാന്‍ വെമ്പുന്ന ആളുകളുടെ ബഹളവും ഒക്കെ കൊണ്ട് ആ കൊച്ചു കവല ബഹളമയമായി. പതിവില്ലാതെ എല്ലാവരും രോഷാകുലരാണ് .”ഹും, ഇതൊക്കെ ഈ കേരളത്തിലാ നടക്കുന്നത് എന്നോര്‍ക്കുമ്പോഴാ “ കട അടച്ചു വീട്ടിലേക്കു പോകുന്നതിനു മുന്‍പ് , ദേവസ്സിയുടെ കടയില്‍ നിന്നും വീട്ടിലേക്കുള്ള പലചരക്കു സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ ബാര്‍ബര്‍ വാസു ആരോടെന്നില്ലാതെ പറഞ്ഞു. “ “അതെ, അതെ ,ഇവനെയൊക്കെ എന്താ ചെയ്യേണ്ടത്? വിശപ്പകറ്റാന്‍ വേണ്ടിയല്ലേ പാവം . അതിനു എല്ലാവരും കൂടി അതിനെ തച്ചുകൊല്ലുകയാ”സമീപത്തെ ചായക്കടയില്‍ നിന്നും ചായ കുടിച്ചശേഷം കപ്പു തിരിച്ചു വെയ്ക്കുന്നതിനിടയില്‍ ചെത്തുകാരന്‍ പരമു രോഷം കൊണ്ടു .

“ഫേസ്ബുക്കിലും വാട്‌സാപ്പിലും ഒക്കെ എല്ലാവരുടെയും പ്രതിഷേധങ്ങളാ. ഞാനും സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തു “അവനോടൊപ്പം” . സമീപത്തെപാരലല്‍ കോളേജ് വിദ്യാര്‍ത്ഥി ആയ മുനീര്‍ പറഞ്ഞു. “ഇതാ മുഖ്യമന്ത്രി അവന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രെഖ്യാപിച്ചിട്ടുണ്ട് “”ഇനി പൈസ കിട്ടിയിട്ട് എന്ത് കാര്യം അതുകൊണ്ടു അവന്റെ ജീവന്‍ തിരിച്ചുകിട്ടുമോ . ഇതൊന്നും ഇവിടെയായിരുന്നുവെങ്കില്‍ നടക്കില്ലായിരുന്നു . ഞാനെങ്ങാനും ആയിരുന്നുവെങ്കില്‍ “ ലിസ്റ്റ് നോക്കി സാധനങ്ങള്‍ എടുത്തുകൊടുക്കുന്നതിനിടയില്‍ ദേവസി ആത്മരോഷം പ്രകടിപ്പിച്ചു .

കടയിലേക്ക് ഒരു തുണ്ടുകടലാസുമായി വന്ന ആനി എല്ലാം കേട്ടെങ്കിലും ഒന്നും പ്രതികരിച്ചില്ല . പക്ഷെ അവളുടെ ഉള്ളിന്റെ ഉള്ളില്‍ പ്രതീക്ഷയുടെ ഒരു ചെറു മൊട്ട് നാമ്പിട്ടു . മക്കള്‍ പറഞ്ഞു അവളും കേട്ടിരുന്നു ആ സംഭവങ്ങളൊക്കെ . “ ദേവസിച്ചേട്ടാ ഈ സാധനങ്ങള്‍ കൂടി”. ആനി തുണ്ടുകടലാസു നീട്ടി. ആനിയെക്കണ്ടതും ദേവസിച്ചേട്ടന്റെ മുഖത്തേക്ക് എവിടെനിന്നോ കുറെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകയറി.”നിന്നോട് എത്ര പ്രാവശ്യം പറഞ്ഞു ഇവിടെ പറ്റൂ പടി പാടില്ലെന്ന് , വെറുതെ സമയം മെനക്കെടുത്താതെ പോകുന്നുണ്ടോ? “ “ ഇപ്രാവശ്യം കൂടി, അടുത്തയാഴ്ചത്തേക്കു എങ്ങനെയെങ്കിലും കുറച്ചു പൈസ ഞാന്‍ ഉണ്ടാക്കിത്തരാം” “അപ്പോള്‍ സാധനങ്ങളും അടുത്ത ആഴ്ച തരാം. ചെല്ല് ,ചെല്ല് പോകാന്‍ നോക്ക് ,മനുഷ്യന്റെ സമയം മെനക്കെടുത്താതെ ,എനിക്ക് കട അടച്ചിട്ടു പോകണം “ നിസ്സഹായതയോടെ ആനി ചുറ്റും നിന്നവരെ നോക്കി . മുനീര്‍ഫേസ്ബുക്കില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ തിരക്കില്‍ . ഇതൊന്നും തന്നെ ബാധിക്കുന്നതു അല്ല എന്ന മട്ടില്‍ പരമു സൈക്കിള്‍ ബെല്‍ നീട്ടി അടിച്ചു പോയി. “ എന്നാല്‍ ഞാനും ചെല്ലട്ടെ അവള്‍ നോക്കിഇരിക്കുക ആകും “ വാസു കാലുകള്‍ നീട്ടി വച്ച് നടന്നു. കടയുടെ ഷട്ടര്‍ ശബ്ദത്തോടെ വീണപ്പോള്‍ അത് തന്റെ ഹൃദയത്തിലേക്ക് വീണ വേദന ആനിക്കു അനുഭവപ്പെട്ടു. വിഷണ്ണയായി വീട്ടിലേക്കു തിരിച്ചു നടക്കുമ്പോള്‍ ആനിയുടെ മനസ്സില്‍ മുനീറിന്റെ വാക്കുകള്‍ മുഴങ്ങി. “ അവന്റെ കുടുംബത്തിന് മുഖ്യമന്ത്രി അഞ്ചുലക്ഷം രൂപ ധനസഹായം പ്രെഖ്യാപിച്ചു .
.........................,,.................................................. .

സ്ഥലത്തെ പ്രെമുഖ എഞ്ചിനീയറിംഗ് കോളേജ് ആയിരുന്നു അന്നത്തെ വാര്‍ത്തകളുടെ കേന്ദ്രബിന്ദു. ‘അവന്റെ’ പഠിക്കാന്‍ മിടുക്കിയായ സഹോദരിയുടെ മുഴുവന്‍ പഠനചിലവും ആ എഞ്ചിനീയറിംഗ് കോളേജ് ഏറ്റെടുത്ത വാര്‍ത്ത എല്ലാ സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിന്നു. കോളേജ് ഉടമസ്ഥനായ തരകന്റെ ഉദര മനസ്ഥിതിയെ എല്ലാവരും വാനോളം പുകഴ്ത്തി . കഥയിലെ ജീന്‍വാല്‍ ജീനോട് ദയ കാണിച്ച ബിഷപ്പിനേക്കാള്‍ മേലെ ആയി തരകന്റെ സ്ഥാനം.

ഇതെല്ലാം വായിച്ചപ്പോള്‍ മനുവിന് ഒരു പുത്തന്‍ ഉണര്‍വ് കിട്ടിയതുപോലെ . പ്രതീക്ഷിക്കാതെ സംഭവിച്ച പിതാവിന്റെ മരണം കടക്കെണിയുടെ രൂപത്തില്‍ അവന്റെ എഞ്ചിനീയറിംഗ് സ്വപ്നങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. ഫീസ് കൊടുക്കാത്തതിനാല്‍ മൂന്ന് മാസമായി അവന്‍ കോളേജില്‍ നിന്നും പുറത്തായിട്ട്. അവനും ആ പ്രെമുഖ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ആയിരുന്നു. തരകനെ നേരില്‍ കണ്ടു തന്റെ ഇല്ലായ്മ പറഞ്ഞാല്‍ മതിയായിരുന്നു. പ്രതീക്ഷകളുടെ ഭാണ്ഡക്കെട്ടുകള്‍ മനു വേഗം അടുക്കി. നാളെത്തന്നെ കോളേജില്‍ ചെന്ന് തരകനെകാണണം .

“വെല്‍ക്കം ടു ഔര്‍ കോളേജ്“ അമ്പതു ലക്ഷത്തിന്റെ ചെക്ക് പുഞ്ചിരിയോടെ കൈനീട്ടി വാങ്ങിക്കൊണ്ടു സ്റ്റേറ്റ്‌സില്‍ നിന്നും വന്ന ആ അടിപൊളി പയ്യനോട് , മൂന്നുമാസം മുന്‍പ് കോളേജില്‍ നിന്നും പുറത്താക്കിയ മനുവിന്റെ സീറ്റിന്റെ പുതിയ അവകാശിയോട് , തരകന്‍ മൊഴിഞ്ഞു. തരകന്‍ തന്റെ ഫേസ്ബുക് സ്റ്റാറ്റസ് ഒന്നുകൂടി അപ്‌ഡേറ്റ് ചെയ്തു. “അവനോടൊപ്പം എന്നും”
അവനോടൊപ്പം (കഥ: ജെസ്സി ജിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക