Image

പരീക്ഷണത്തെ അതിജീവിച്ചു ദിലീപ് വരെട്ട: ബാലചന്ദ്ര മേനോന്‍

Published on 08 March, 2018
പരീക്ഷണത്തെ അതിജീവിച്ചു ദിലീപ് വരെട്ട: ബാലചന്ദ്ര മേനോന്‍
Balachandra menon

ഞാന്‍ ദിലീപിനെ കണ്ടുമുട്ടി .
അതും തികച്ചും ആകസ്മികമായിട്ട് ...

ലാല്‍ മീഡിയായില്‍ 'എന്നാലും ശരത് ' എന്ന എന്റെ ചിത്രത്തിന്റെ അന്നത്തെ ഡബ്ബിങ് തീര്‍ത്തു പോവുകയായിരുന്നു ഞാന്‍ . ദിലീപാകട്ടെ തന്റെ വിഷു ചിത്രമായ ':കമ്മാര സംഭവത്തിനു ' വന്നതും .

ജയില്‍ വാസം കഴിഞ്ഞുള്ള ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത് .ഏതാണ്ട് അരമണിക്കൂറോളം നിന്ന നില്‍പ്പില്‍ ഞങ്ങള്‍ ആ സംഗമം ആഘോഷിച്ചു. വിഷയങ്ങള്‍ ഓരോന്നായി മാറി മാറി വന്നു . ദിലീപിന്റെ ഓരോ വാക്കിലും എന്തും തഞ്ചത്തോടെ നേരിടാനുള്ള ഒരു ലാഘവം ഞാന്‍ കണ്ടു .
പ്രതിസന്ധികളില്‍ തളരാത്ത ഒരു മനസ്സുണ്ടാവുകയെന്നതു അത്ര ചെറിയ കാര്യമല്ല .( പരീക്ഷയില്‍ തോറ്റു പോയതിനു ഇന്നും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്നത് കൂടി ഓര്‍ക്കുക.)
ശാന്തമായ സ്വരത്തില്‍ ദിലീപ് എന്നോട് പറഞ്ഞു :

' അവിടെ അകത്തുള്ളവര്‍ക്കു പുറത്തു സൗഹൃദം നടിക്കുന്ന പലരേക്കാളും എന്നോട് സ്‌നേഹമുണ്ടെന്നു ഞാന്‍ മനസ്സിലാക്കി .... '

അത് കലാകാരന്റെ മാത്രം നേട്ടമാണ് . പ്രേക്ഷകമനസ്സില്‍ 'ഇഷ്ട്ടം ' ( അങ്ങിനെ പേരുള്ള ഒരു ചിത്രത്തില്‍ മാത്രമേ ഞാന്‍ ദിലീപിനൊപ്പം അഭിനയിച്ചിട്ടുള്ളു . നവ്യാനായരുടെ അച്ഛനായിട്ടു . നവ്യയുടെ സിനിമയിലെ ആദ്യത്തെ അച്ഛനും ഞാനാണെന്ന് തോന്നുന്നു ) നേടിയിട്ടുള്ള ദിലീപിന് ആ പിന്തുണ ഏറെ ഉണ്ടാവും .ഇനി തന്റെ മുന്പിലുള്ള ഏക വെല്ലുവിളി ആ നിരപരാധിത്വം തെളിയിക്കുക എന്നതാണ് .ആ ദൃഢ നിശ്ചയമാണ് ഞാന്‍ ദിലീപിന്റെ മുഖത്തു കണ്ടത് ...

ഒരു കാര്യം കൂടി ഞാന്‍ ദിലീപിനോട് പങ്കു വെച്ചു . 'എന്നാലും ശരത്തി' ലെ ഒരു രംഗത്തു എന്നെയും ലാല്‍ ജോസിനെയും കൈയാമം വെച്ചുകൊണ്ട് പോകുന്ന ഒരു രംഗമുണ്ട്. അതിന്റെ ഷൂട്ടിംഗിനുള്ള ക്രമീകരണങ്ങള്‍ എല്ലാം കഴിഞ്ഞു . കോസ്റ്റിയുമര്‍ വന്നു കയ്യില്‍ വിലങ്ങിട്ടു പൂട്ടിയ നിമിഷം ഞാന്‍ ദിലീപുമായി ഷെയര്‍ ചെയ്തു . എനിക്കേറ്റവും ദുസ്സഹമായി തോന്നിയത് വീട്ടില്‍ നിന്ന് പോലീസ് ജീപ്പിലേക്കുള്ള വഴി മദ്ധ്യേ നാട്ടുകാര്‍ കൂട്ടം കൂടി നില്‍ക്കാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍സ് ഏര്‍പ്പാട് ചെയ്തിരുന്നു . വിലങ്ങണിഞ്ഞ ഞാന്‍ നടന്നു പോകുമ്പോള്‍ അവര്‍ എന്നെ നോക്കി ഒരു കുറ്റവാളി എന്ന നിലയില്‍ ആക്രോശിക്കുന്നത് അഭിനയമായിട്ടുകൂടി എനിക്ക് പൊള്ളുന്നതായി തോന്നി .

'ആ നിമിഷമാണ് ഒരു പക്ഷെ ഞാന്‍ താങ്കളുടെ മനസ്സിന്റെ നിലയിലേക്ക് ഇറങ്ങിച്ചെന്നത് . അത് എനിക്ക് ഭീകരമായ ഒരു അനുഭവമായിരുന്നു ....'

അത് കേട്ട് ദിലീപ് ചിരിച്ചു . ആ ചിരിയിലും ഒരു ദൃഢതയുണ്ടായിരുന്നു .

ദിലീപ് എന്ന കലാകാരനെ ഏവര്‍ക്കും ഇഷ്ടമാണ് .ആ ഇഷ്ട്ടം വീണ്ടും വീണ്ടും പകരാനായി ഇപ്പോഴത്തെ ഈ കടുത്ത പരീക്ഷണത്തെ അതിജീവിച്ചു ഉത്സുകനായി അദ്ദേഹം വരട്ടെ, പ്രേക്ഷക ലോകത്തിലേക്കു ...

that's ALL your honour !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക