Image

മാതൃത്വം ഒരുവഴിയോര കാഴ്ചയോ? (അനുപ സാം, ഡാലസ്)

Published on 09 March, 2018
മാതൃത്വം ഒരുവഴിയോര കാഴ്ചയോ? (അനുപ സാം, ഡാലസ്)
പനിയോ ചുമയോ വന്ന് ഒരാള്‍ ആശുപത്രിയില്‍ എത്തിയാല്‍, രക്തം, കഫം എക്‌സ് റേ തുടങ്ങിയ എല്ലാ വിശദ പരിശോധനകളും നടത്താറുണ്ട്. ഉള്ളില്‍ ഒളിച്ചിരിക്കുന്ന മാരകമായ ഏതോ രോഗം പുറത്തേക്ക് പ്രകടമായി വരുന്ന ലക്ഷണങ്ങളാവാം ഈ പനിയും ചുമയും. യഥാര്‍ത്ഥ രോഗ കാരണം, ചിലപ്പോള്‍ കാലപ്പഴക്കം കൊണ്ട് ഏറ്റവും ഗുരുതരമായ അവസ്ഥയിലാവും. അത് ചികിത്സാ സാധ്യതകളുടെ പരിധി വിട്ടിരിക്കാനും സാധ്യതയുണ്ട്.

ഇവിടെ ഇങ്ങനെയൊരു രോഗ ലക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത് ഗൃഹലക്ഷ്മി മാര്‍ച്ചു മാസം പതിപ്പിന്റെ കവര്‍ ചിത്രമായി വന്ന മുലയൂട്ടുന്ന അമ്മയുടെയും കുഞ്ഞിന്റെയും ചിത്രവും അതിനോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ വന്ന വാദ പ്രതിവാദങ്ങളും ആണ്. പൊതു ഇടങ്ങളില്‍ മുലയൂട്ടുന്ന അമ്മമാര്‍ നേരിടുന്ന തുറിച്ചു നോട്ടങ്ങളും കമന്റടികളും കാലാകാലങ്ങളായി ഒരു മാറ്റവുമില്ലാതെ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നു. മാരകമായ ഈ സാമൂഹിക പ്രശ്‌നം അതിന് കാരണഭൂതരായ സമൂഹത്തിന്റെ സമക്ഷത്തിലേക്ക് വളരെ  ശക്തമായ ഭാഷയില്‍ എത്തിക്കുവാന്‍ ഗൃഹലക്ഷ്മിക്കും ഈ സംരംഭത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും സാധിച്ചു എന്നത് സംശയ രഹിതമാണ്. ഇതിന്റെ പിന്നില്‍ യഥാര്‍ത്ഥത്തില്‍ അനേക തലമുറയിലെ അമ്മമാരുടെ വേദനയും അപമാനവും അടങ്ങിയിരിക്കുന്നു.

ചിത്രത്തിനൊപ്പം വന്ന അടിക്കുറിപ്പില്‍ കേരളത്തോട് അമ്മമാര്‍ 'തുറിച്ചു നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന സന്ദേശം തികച്ചും അനുയോജ്യമായി .

പൊതു സ്ഥലങ്ങളില്‍ സ്ത്രീ ശരീരത്തിന് മേല്‍ കൈകള്‍ കൊണ്ടും കണ്ണുകള്‍ കൊണ്ടും കടന്നു കയറാന്‍ വ്യഗ്രത പൂണ്ടു നടക്കുന്ന ഒരു സമൂഹം ഇന്ന് നമ്മുടെ നാടിന്റെ തീരാ ശാപമായി നിലകൊള്ളുന്നു എന്ന സത്യം ആദ്യം നമ്മള്‍ അംഗീകരിക്കണം. ഇതിനെതിരെയുള്ള ചെറുതും വലുതുമായ ചെറുത്തു നില്‍പ്പുകള്‍ ധാരാളം നടന്നിട്ടുണ്ടെങ്കിലും ഈ വ്യവസ്ഥിതിക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

എന്നാല്‍ കേരളത്തിന് വെളിയിലെത്തിയാല്‍ പരസ്യമായ ഈ അപമാനം സ്ത്രീകള്‍ക്ക് അത്രമേല്‍ അനുഭവപ്പെടാറില്ല എന്നത് പൊതുവായ അഭിപ്രായമാണ്. മറ്റു പല രീതിയിലും സ്ത്രീകള്‍ അന്യ സംസ്ഥാനങ്ങളില്‍ അക്രമിക്കപെടുന്നു എന്ന സത്യം നിലനില്‍ക്കുന്നു എന്നത് മറക്കുന്നില്ല. അതു കൊണ്ടു തന്നെ ഇതിനോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തിലേക്ക് മാത്രം കേന്ദ്രീകൃതമാണ്..

ഈ പരസ്യ ചിത്രത്തിന്റെ സദാചാരത്തിനു പുറകെ ഓടുന്നവര്‍ ഇവിടെ യഥാര്‍ത്ഥ പ്രശ്‌നം മനസ്സിലാക്കുന്നില്ല, അഥവാ സത്യത്തെ മിഥ്യയുടെ മുഖം മൂടി കൊണ്ട് മറക്കുവാന്‍ വ്യഗ്രതപ്പെടുന്നു . ഇവിടെ മോഡല്‍ ആയി വന്ന പെണ്‍കുട്ടി വിവാഹിതയാണോ, സിന്ദൂരമണിഞ്ഞോ, കുട്ടി ആരുടേത്, എത്ര ശതമാനം മാറ് കാണിച്ചു, ഇതൊന്നും ഇവിടെ പ്രസക്തിയുള്ള വിഷയങ്ങളല്ല.

അവളാരുമാവട്ടെ, സ്വന്തം ജോലി ഉത്തരവാദിത്തപൂര്‍വ്വം ചെയ്തു എന്നതിനപ്പുറം എന്താണതിനു വിലയിടുവാന്‍? കാലാകാലങ്ങളായി നിലനില്‍ക്കുന്ന അനാവശ്യ സമ്പ്രദായങ്ങളെ മാറ്റുവാന്‍ അവയ്ക്കെതിരെ ശക്തമായ തുടക്കവും മുന്നേറ്റങ്ങളുമാണ് ആവശ്യം. അമ്മയെ ദേവിയായി പുകഴ്ത്തി കവിതകളും കഥകളും എഴുതുന്ന നമ്മള്‍, അവരെ സാധാരണ മാനുഷിക പരിഗണനകള്‍ അര്‍ഹിക്കുന്ന സാമൂഹിക ജീവിയായി കാണുവാന്‍ മറക്കുന്നു. സ്ത്രീയുടെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്ന പ്രവണതക്ക് എതിരെയാണ് ഇവിടെ പ്രതികരണം. അപകര്‍ഷതാ ബോധത്തോടെ തലകുമ്പിട്ടു കുഞ്ഞിനെ മുലയൂട്ടുന്ന ഒരു തുണിക്കെട്ടായി അമ്മയെ ചിത്രീകരിച്ചിരുന്നു എങ്കില്‍ ഈ സംരംഭം ആരുമറിയാതെ കടന്നു പോയിരിക്കും .

സമ്പൂര്‍ണ സാക്ഷരര്‍, സംസ്‌കാര സമ്പന്നര്‍, എന്നൊക്കെയാണ് നാം സ്വയം വിലയിത്തുന്നത്. പക്ഷെ നമുക്ക് മാത്രം കൈ മുതലായുള്ള ചില ''സംസ്‌ക്കാരങ്ങള്‍'' എത്ര പരിഷ്‌ക്രുതരായിട്ടും ഇന്നും മാറാതെ നില്‍ക്കുന്നു. സ്ത്രീകളോടുള്ള സമീപനത്തില്‍ മലയാളി ഇന്നും പിന്നോക്ക ചിന്താഗതിക്കാരനാണ് . അന്യന്റെ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കടക്കുവാന്‍ യാതൊരു വിമുഖതയുമില്ല എന്നതിനുപരി അതൊരു അവകാശമായി കരുതുന്നവരാണ് നല്ല വിഭാഗം മലയാളികളും.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സദാചാര പോലിസെന്ന  പുതിയ ഒരു അവതാരത്തെ നാം കാണുന്നു. ഇതിനിടയില്‍ ന്യൂനപക്ഷങ്ങള്‍ വീണ്ടും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. എണ്ണത്തില്‍ അത്ര ' ന്യൂനമല്ല ' എങ്കിലും അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന നിരക്കില്‍ ന്യൂനപക്ഷരായ സ്ത്രീകള്‍ ഇന്നും അവകാശ സമരങ്ങള്‍ തുടരുന്നു .

സ്ത്രീ, അവള്‍ പരിചിത ആണെങ്കിലും അല്ലെങ്കിലും തങ്ങളുടെ അവകാശമാണെന്ന പുരുഷന്റെ മനോഭാവത്തിനു മാറ്റം വരാത്തിടത്തോളം സുരക്ഷിതയല്ല.. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ അന്യരുടെ മേല്‍ അവകാശം സ്ഥാപിക്കുന്നവര്‍ ഇന്നുമുണ്ട്.

തിരക്കുള്ള ബസില്‍, മാര്‍ക്കറ്റില്‍, സ്‌കൂള്‍ പരിസരങ്ങളില്‍, ആരാധനാലയങ്ങളില്‍, ഒക്കെ കാണുന്ന ഈ കൂട്ടരുടെ ആക്രമണ രീതികളില്‍ ടെക്‌നോളജിയുടെ പുതിയ സ്വാധീനവും ഉണ്ടായിട്ടുണ്ട് . ഇതിനെതിരെ പ്രതികരിക്കാനുള്ള മാനുഷികമായ അവകാശമാണ് ഒരു ജനാധിപത്യ രാജ്യത്ത് നമുക്കാവശ്യം. അങ്ങനെ പ്രതികരിക്കുന്നവര്‍ക്കെതിരായി ആക്രമണങ്ങള്‍ നടത്തുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നതില്‍ നമ്മുടെ സമൂഹം മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്നത് തികച്ചും അപലപനീയമാണ് .

സ്ത്രീ വിഷയങ്ങള്‍ നിസ്സാരമായി തള്ളി കളയാതെ സമൂഹത്തിന്റെ തന്നെ നിലനില്‍പ്പിന്റെ പ്രശ്‌നമായി കണക്കിലെടുത്ത് പടപൊരുതുന്ന ഒരു വിഭാഗം സ്ത്രീ പുരുഷന്മാരും, സ്‌കൂള്‍ കോളേജ് കുട്ടികളും നമുക്കുണ്ട് എന്നത് ആശാവഹമാണ്. ഇവരുടെ ഒക്കെ ഇടപെടലുകള്‍ ഉണ്ടെങ്കിലും എന്തുകൊണ്ടാണ് ഇത്തരം അക്രമങ്ങളുടെ നിരക്കുകള്‍ കൂടി വരുന്നത് എന്നത് ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍ കാണപ്പെട്ടിരുന്ന 'ഷോമാനും' 'തിരുമ്മനും' ഒക്കെ ഇന്നും അവിടെ തന്നെ നില്‍ക്കുന്നു - മറ്റൊരു വേഷത്തില്‍ കൂടുതല്‍ അക്രമാസക്തരായി .

സ്ത്രീകളുടെ മേലുള്ള ആക്രമണങ്ങളില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ഒന്നാണ് മുലയൂട്ടുന്ന അമ്മമാരുടെ പ്രശ്‌നങ്ങള്‍. വേണമെങ്കില്‍ മാറ്റി വെയ്ക്കപ്പെടാവുന്ന ഒരു കര്‍മ്മമായി മുലയൂട്ടല്‍ വ്യാഖ്യാനിക്കപ്പെടാം. അത്യാവശ്യം ജീവിത സൗകര്യങ്ങളുടെ സുരക്ഷിതത്വത്തില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് ചിലപ്പോള്‍ ഇതൊരു വലിയ പ്രശ്‌നമാവില്ല. ഒരു യാത്രയില്‍ സ്വകാര്യ വാഹനങ്ങളോ പാല്‍ കുപ്പിയോ ഒക്കെ അവരുടെ തുണക്കുണ്ടാവും.

എന്നാല്‍ കേരളത്തില്‍ ഒരു നല്ല ശതമാനം സ്ത്രീകളും ദിവസ കൂലിക്ക് തൊഴില്‍ ചെയ്യുന്നവരാണ്. അവരുടെ ഇടയിലും അമ്മമാരുണ്ടാവും. കുട്ടികള്‍ക്ക് സ്വന്തം പാല്‍ അല്ലാതെ മറ്റൊന്നും കൊടുക്കാന്‍ നിര്‍വാഹമില്ലാത്ത ഇവരും ഇത്തരം സാമൂഹിക വിരുദ്ധരുടെ ഇരയാവാറുണ്ട്. നിസ്സഹായരായ ഇവരുടെ മേല്‍ ആക്രമണങ്ങള്‍ നടക്കുന്നത് ശരീര ഭാഗങ്ങള്‍ കാണിച്ചത് കൊണ്ടാവില്ലല്ലോ? കേരളത്തിലെ ഏതെങ്കിലും ഒരു പട്ടണത്തില്‍ കൂടി ഒന്ന് യാത്ര ചെയ്തു നോക്കൂ, ഇതുപോലെ കൈക്കുഞ്ഞുമായി എത്ര അമ്മമാര്‍ നമ്മെ കടന്നു പോകും. ചിലപ്പോള്‍ അവളൊരു തെരുവിന്റെ മകളാവും. അല്ലെങ്കില്‍ അന്യ സംസ്ഥാന തൊഴിലാളി, ദീര്‍ഘദൂരം പൊതുവാഹനത്തില്‍ സഞ്ചരിക്കുന്ന ഒരു പാവം സ്ത്രീയാവം. അവള്‍ക്കും അവകാശങ്ങളുണ്ട് .

തുടര്‍ച്ചയായി നിഷേധിക്കപ്പെടുന്നതു കൊണ്ട് അവള്‍ ചിലപ്പോള്‍ അതിനെപ്പറ്റി ബോധവതി ആവണമെന്നില്ല. ഇരുട്ടില്‍ മാത്രമല്ല പകല്‍ വെളിച്ചത്തിലും കാപാലികന്മാര്‍ അലയുന്ന ഈ സമൂഹത്തില്‍ സ്ത്രീകള്‍ക്ക്, അമ്മമാര്‍ക്ക് അവരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് സ്‌കര്യങ്ങള്‍ ഉണ്ടാവണം .

കുഞ്ഞിനു പാല് കൊടുക്കുവാന്‍  സൗകര്യപ്രദമായ ലാക്ടേഷന്‍ റൂമുകള്‍ പൊതു ഇടങ്ങളില്‍ തുടങ്ങണം. സ്ത്രീകള്‍ക്ക് ജോലി സ്ഥലത്ത് അതിനുള്ള സ്‌കര്യങ്ങള്‍ ഉണ്ടാവണം . വളരുന്ന കുട്ടിയുടെ ഉത്തമ ആഹാരം അമ്മയുടെ പാലാണ് എന്ന് അറിയാമെങ്കിലും അതിനുള്ള പ്രാഥമിക  സൗകര്യങ്ങള്‍ അമ്മമാര്‍ക്ക് നല്‍കുവാന്‍ മറക്കുന്നു . നിസ്സഹായതയില്‍ ചിലപ്പോള്‍ പൊതു കക്കൂസുകളിലും വൃത്തിഹീനമായ മൂത്രപുരകളിലും കുഞ്ഞിനെ മുലയൂട്ടുന്ന അമ്മമാരെ നമുക്ക് കാണാം .

വിശന്നു കരയുന്ന കുഞ്ഞിനെ വെറുതെ താരാട്ട് പാടി ഉറക്കുവാന്‍ ശ്രമിക്കുന്ന അമ്മയും നമുക്ക് മുന്നിലുണ്ട്. അരുതാത്തതെന്തോ ചെയ്യുന്നു എന്ന അപകര്‍ഷതയാണ് ഈ അമ്മമാരുടെ മേല്‍ വീണിരിക്കുന്ന നിഴല്‍, ഈ നാണക്കേട് മാറ്റി എടുക്കുവാന്‍ സമയമായി. നമുക്ക് ഭക്ഷിക്കുവാന്‍ സൗകര്യങ്ങള്‍ ഒരുക്കി നാടുനീളെ ഭക്ഷണ ശാലകള്‍ നിറഞ്ഞു . ഒരു പിഞ്ചു കുഞ്ഞിനു വിശപ്പകറ്റുവാന്‍ അമ്മയുടെ പാല്‍ മാത്രം മതി. അത് അപ്രാപ്യമായ ഒരു സമൂഹത്തില്‍ എന്ത് നീതി ബോധം ? എന്ത് സ്വാതന്ത്ര്യം?

കുഞ്ഞിനെ പാലൂട്ടുന്ന അമ്മയുടെ മാറിടത്തിന്റെ ഒരു ഭാഗം കണ്ടുപോയാല്‍ നിയന്ത്രണം വിട്ടു പോകുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരെയല്ലേ നിങ്ങള്‍ തുറിച്ചു നോക്കേണ്ടത് ? അവരെ വിമര്‍ശിച്ച് നിങ്ങള്‍ കവിതകള്‍ രചിക്കൂ . എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബലാല്‍സംഗം ചെയ്തത് ഏത് ശരീരഭാഗം കണ്ടത് കൊണ്ടാണ് ? ഇളയച്ഛന്റെ കൈ പിടിച്ചു സ്‌കൂളില്‍ പോയ അഞ്ചു വയസുകാരിയെ ബലാല്‍സംഗം ചെയ്യുവാന്‍ ആ പിഞ്ചു കുഞ്ഞിന്റെ ഭാഗത്ത് നിന്നും എന്ത് പ്രകോപനം ഉണ്ടായിട്ടാണ് ? കാലാകാലങ്ങളായി നിലനിന്ന പല അനാചാരങ്ങളും പോരാട്ടങ്ങളിലൂടെ മാറ്റിയെടുത്ത, അതിനു പങ്കാളികളായ സമൂഹമാണ് മലയാളികള്‍. എന്നാല്‍ അവിടെ നിന്നും നമ്മള്‍ പിന്നിലേക്ക് യാത്ര ചെയ്യുന്നു എന്നത് വരും തലമുറയുടെ നിര്‍ഭാഗ്യമാണ്.

മാര്‍ച്ച് 8 നു 118-മതു ലോക സ്ത്രീ ദിനം ആഘോഷിച്ചു . സ്ത്രീ ശാക്തീകരണത്തെയും സാമ്പത്തിക സ്വയം പര്യാപ്തതയെയും ലക്ഷ്യമാക്കി ലോകം മുന്‍പോട്ടു പോകുമ്പോള്‍ നാം എവിടെ എത്തി എന്നതിനുള്ള ഉദാഹരണമാണ് ഇതുപോലെയുള്ള സംഭവങ്ങള്‍ . ഒരു ചെറിയ സമൂഹം സ്ത്രീകള്‍ സമൂഹത്തില്‍ ഉന്നത സ്ഥാനീയരായി നിലകൊള്ളുന്നു എന്ന അവകാശ വാദം നമുക്കുണ്ട് . എങ്കിലും ഇന്നും നല്ല ഒരു വിഭാഗം സ്ത്രീകളും ഇതു പോലെയുള്ള അവകാശ സമരത്തിലാണ് . ഈ അവസ്ഥ മാറണമെങ്കില്‍ നമ്മള്‍ ഒന്നാവണം . സ്ത്രീകളെ തുറിച്ചു നോക്കി നില്‍ക്കുന്നവരുടെ ഇടയില്‍, കൊച്ചു കുട്ടികള്‍ക്ക് വിലയിടുന്നവരുടെ ഇടയില്‍,  നമ്മുടെ മകന്‍, അച്ഛന്‍, സഹോദരന്‍, ബന്ധു അയല്‍ക്കാരന്‍,  ആരെങ്കിലും ഉണ്ടോ എന്ന് നോക്കുക. ഇതിനു പരിഹാരം അവിടെ നിന്ന് തുടങ്ങണം.

ഒരു സുപ്രഭാതത്തില്‍ എല്ലാം നേടും എന്നു വിശ്വസിക്കുവാന്‍ മുന്‍കാല അനുഭവങ്ങള്‍ നമ്മെ അനുവദിക്കുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ നമുക്ക് മുന്‍പോട്ടു പോകാം.
മാതൃത്വം ഒരുവഴിയോര കാഴ്ചയോ? (അനുപ സാം, ഡാലസ്)
Join WhatsApp News
Josen George 2018-03-10 22:24:06
വളരെ കാലിക പ്രസക്തമായ ചില ചോദ്യങ്ങളിലൂടെ ഒരു സമകാലിക പ്രശ്നത്തെ അതിനിശിതമായി വിമർശിക്കുകയും പ്രതിപാദ്യ വിഷയത്തെ ആത്മാർഥമായി വിലയിരുത്തുകയും ചെയ്ത അനുപയുടെ ലേഖനം അഭിനന്ദനം അർഹിക്കുന്നു. 8948
Meenu Elizabeth 2018-03-11 10:59:29
ജിലു ജോസഫിന്റെ മാറിടത്തിന്റെ മോഡലിങ്ങോടെ ഗൃഹാലക്ഷ്മിയിറക്കിയ എഡിഷനെക്കുറിച്ചും അതിനെ തുടർന്നുണ്ടായ വിവാദങ്ങളെക്കുറിച്ചും , ഗൃഹലക്ഷ്മി യഥാർത്ഥത്തിൽ ഉന്നയിക്കാൻ ശ്രമിച്ച മുലയൂട്ടൽ പ്രശനങ്ങളെക്കുറിച്ചുമായിരുന്നല്ലോ അനുപയുടെ ലേഖനം.  അതേക്കുറിച്ചുള്ള അനുപയുടെ ചില കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ടെങ്കിലും എഴുത്തിന്റെ രീതി, ശൈലി ഇവ നന്നായിരിക്കുന്നു എന്ന് തന്നെ പറയട്ടെ. 

എന്തെ ഗൃഹലക്ഷ്‍മിക്ക് മുലപ്പാൽ നിറഞ്ഞു നിൽക്കുന്ന മാറിടമുള്ള ഒരു അമ്മയെ മോഡൽ ആയി കിട്ടിയില്ല എന്നുള്ള എന്റെ ചോദ്യത്തിന് ഗൃഹാലക്ഷ്മിയിൽ ജോലി ചെയ്യുന്ന സുഹൃത്ത് ബിജുവിന്റെ മറുപടി ഇതായിരുന്നു. 

""ശരിക്കുള്ള അമ്മയും കുഞ്ഞും തന്നെയാണ് കവർ ചിത്രമായി ഉദ്ദേശിച്ചത്.പലരെയും സമീപിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. രണ്ടു നടിമാർ തന്നെ ആദ്യം തയാറായെങ്കിലും ഒടുവിൽ പിൻമാറുകയായിരുന്നു. കാരണം നമ്മുടെ  സമൂഹത്തിലെ കാഴ്ചപ്പാട് തന്നെ.ഒടുവിലത്തെ ശ്രമം എന്ന നിലയിലാണ് ഇങ്ങനെയൊരു ഫോട്ടോ ഷൂട്ട് നടത്തിയത്.മാസിക മുന്നോട്ടുവെക്കുന്ന ആശയത്തെ അത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ ഞങൾക്ക് കഴിയുമായിരുന്നില്ല. അത് വിജയിച്ചു എന്നു തന്നെയാണ് ഈ ചർച്ച ഇവിടെ വരെ എത്തിയെന്നത് കാണിക്കുന്നത്. ചുരുങ്ങിയ പക്ഷം മുല എന്ന് ഉച്ചരിക്കാനെങ്കിലും മലയാളിക്ക് ധൈര്യം വന്നിരിക്കുന്നു.""

ഞാൻ ഇതിനോട് പൂർണ്ണമായി യോജിക്കുന്നില്ലങ്കിലും ചില സത്യങ്ങൾ ഇവിടെ പറയാതെ വയ്യ. 
മാറിടം മുഴുവൻ തുറന്നു അമ്മമാർ കുഞ്ഞിന് പാല് കൊടുക്കുന്നത് അവരുടെ സ്വകാര്യതയിലാണ്. സ്വന്തം വീട്ടിലാണ് അതവർ ചെയ്യാറുള്ളത്. ഇന്ത്യായിലെ കോടിക്കണക്കിനാളുകളുടെ നോട്ടം പിടിച്ചു പറ്റി, മാസിക ചിലവാകാൻ തുറന്നു കാട്ടാലല്ലാതെ വേറെ എന്ത് തന്ത്രം.? ആരുടെ ബുദ്ധിയാണെങ്കിലും ആ കച്ചവടതന്ത്രം ഏറ്റു. 
ഗൃഹാലക്ഷ്മിയുടെ മൈലേജ് കൂടി. മാസിക നന്നായി ചിലവായി. ജിലു ജോസഫ് എന്ന മോഡലും ശ്രദ്ധിക്കപ്പെട്ടു. 

യഥാർത്ഥ അമ്മമാർ മുന്നോട്ടു വരാഞ്ഞതും, രണ്ടു  നടിമാർ വന്നിട്ട് പിന്മാറിയതും ഒരു പക്ഷെ
അവർക്കു മാറിടാം അത്രയ്ക്ക് തുറന്നിട്ട് പോസുചെയ്യാനുള്ള വിമുഖത കൊണ്ടാവണം. അവിടെയാണ് ജിലു ജോസഫ് എന്ന മോഡൽ കടന്നു വരുന്നത്. കേരളം പോലെയുള്ള നാട്ടിൽ അത് ചെയ്യാൻ അവർ കാണിച്ചത് ചങ്കൂറ്റം തന്നെ. സംശയമില്ല. ഇങ്ങനെയൊക്കെ ചെയ്യാൻ ആഗ്രഹമുള്ള, എന്നാൽ ധൈര്യം ഇല്ലാത്ത ധാരാളം മോഡലുകൾക്കോ അല്ലാത്തവർക്കോ ഇത് ഇൻസ്പിരേഷൻ ആയിക്കാണണണം. 

മുലയൂട്ടുന്ന അമ്മമാരേ തുറിച്ചു നോക്കി സായൂജ്യമടയുന്നു കേരളത്തിലെ ചിലവായിനോക്കികളുടെ ശല്യം ഒന്നും ഈ ഒരു തുറന്നു കാട്ടലിലൂടെ തീരുന്നതല്ല. ഈ നോട്ടങ്ങളുടെയെല്ലാം മൂലകാരണത്തിന്റെ അടിവേര് ഇതും മറ്റു പലതുമാണ്. അനിലാൽ സൂചിപ്പിച്ചതു പോലെ അടിച്ചമർത്തപ്പെട്ട ലയിഗികതയുള്ള കേരളത്തിൽ സമൂഹത്തിന്റെ, വ്യക്തിയുടെ കാഴ്ചപ്പാടാണ് മാറേണ്ടത്. അതിന്റെ തുടക്കം വീടുകളിൽ നിന്നും തുടങ്ങട്ടെ. 

ഗൃഹലക്ഷ്മിയെന്ന മാസികയുടെ കച്ചവടതന്ത്രത്തിന്റെ ഭാഗമായി സ്ട്രീകളുടെ ഒരു വലിയ പ്രശനം തന്നെ കൊണ്ട് വന്നു അവർ മാസികയ്ക്കു റേറ്റിങ് ഉണ്ടാക്കിയത് മൂലം വിഷയത്തിൽ അവർക്കുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന അവരുടെ ഉദ്ദേശ ശുദ്ധി പോലും ചോദ്യം ചെയ്യപ്പെട്ടു. ഒപ്പം മറ്റു ഗഹനമായ വിഷയങ്ങളും ഇതോടൊപ്പം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചക്ക് വിഷയമായി. 

ഈ വിഷയം ചർച്ചക്കെടുത്തതിൽ അനുപക്കു അഭിനന്ദനങ്ങൾ.
Sudhir Panikkaveetil 2018-03-11 11:57:49
സ്ത്രീകൾ ഇതിനൊന്നും പ്രാധാന്യം നൽകരുത്. ഇത് പുരുഷമേധാവിത്വത്തിന്റെ ഒരു പൊയ്മുഖമാണ്. ഞങ്ങൾ നോക്കും അത് നിങ്ങൾക്ക് മാനക്കേടാണെന്ന അഹന്ത. ഛെ ! നിയ്യോക്കെ കുടിച്ച്  വലുതായത് ഇതുകൊണ്ടാണെന്ന് തിരിച്ച് കുത്താൻ പോകാതെ മറ തേടാനും അത് വാർത്തയാക്കാനും പോകുന്നത് കൊണ്ടാണ് ഇതേപോലെയുള്ള  "മഹിളകൾക്ക് മാനഹാനി" എന്നൊക്കെ പറഞ്ഞ് ഓരോ ഞരമ്പ് രോഗികൾ വരുന്നത്. 
rama lingam 2018-03-11 14:35:57
തോന്യവാസം . പറഞ്ഞു പറഞ്ഞു മുലയുടെ വില ഇടിച്ചു .  എന്റെ പേരിന്റെ വില നിങ്ങൾ പണ്ടേ കളഞ്ഞു കുളിച്ചതാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക