Image

വയനാട് സ്വദേശി റവ. ഡോ ജോണ്‍ പെരുമ്പലത്ത് ബ്രിട്ടനില്‍ ബിഷപ്പ്

Published on 10 March, 2018
വയനാട് സ്വദേശി റവ. ഡോ ജോണ്‍ പെരുമ്പലത്ത് ബ്രിട്ടനില്‍ ബിഷപ്പ്

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി ബിഷപ്പിനെ നിയമിച്ചുകൊണ്ട് ബ്രിട്ടീഷ് രാജ്ഞി ഉത്തരവിട്ടു. വയനാട്, മാനന്തവാടി സ്വദേശി റവ. ഡോ ജോണ്‍ പെരുമ്പലത്ത് ആണു ബ്രിട്ടനിലെ ചെംസ്‌ഫോര്‍ഡില്‍ ബിഷപ്പായത്.

ബ്രിട്ടന്റെയും, ആംഗ്ലിക്കന്‍ സഭയുടെയും ചരിത്രത്തില്‍ ആദ്യമായിട്ടാണ് മലയാളി ബിഷപ് നിയമിതനാകുന്നത്. ഇംഗ്ലണ്ടിലെ ബ്രാഡ്‌വെല്‍ ആസ്ഥാനമായ ചെംസ്‌ഫോര്‍ഡ് രൂപതയുടെ സഹായ മെത്രാനായിട്ടാണ് റവ . ഡോ . ജോണ്‍ പെരുമ്പലത്തിനെ സഭയുടെ അധ്യക്ഷയായ ബ്രിട്ടീഷ് രാജ്ഞി നിയമിച്ചിരിക്കുന്നത് .2002 മുതല്‍ ആംഗ്ലിക്കന്‍ സഭയില്‍ വൈദികനായിരുന്നു ഡോ പെരുമ്പലത്ത്.

ചെങ്ങന്നൂരില്‍ നിന്നും വയനാട്ടിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ ഡോ ജോണ്‍ പൂനെയിലെ യൂണിയന്‍ ബിബ്ലിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ ബിഷപ്പ് ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയിലെ വൈദികനായിരുന്നു. 1995 മുതല്‍ 2001 വരെ കൊല്‍ക്കൊത്തയില്‍ വൈദികനായിരുന്ന അദ്ദേഹം ഉപരിപഠനാര്‍ദ്ധം യുകെയില്‍ എത്തിയപ്പോള്‍ ആണു ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ അംഗമായത് .റോചെസ്റ്റര്‍, ബെക്കെന്‍ഹാം നോര്‍ത്ത് ഫഌറ്റ്, പിയറി സ്ട്രീറ്റ് എന്നിവിടങ്ങളില്‍ വൈദികനായി പ്രവര്‍ത്തിച്ചിരുന്നു. 2013 ഇല്‍ ലണ്ടനിലെ ബാര്‍ക്കിങ് പള്ളിയില്‍ ആര്‍ച്ച് ഡീക്കനായി നിയമത്തിനായി .സഭയുടെ കീഴിലുള്ള വിവിധ സമിതികളിലും പബ്ലിക് അഫയേഴ്‌സ് കൗണ്‍സിലിലും ജനറല്‍ സിന്‍ഡിലും അംഗമായ ഫാ. ജോണ്‍ ബിഎ , ബിഡി, എംഎ, എംത്, പിഎച്ച്ഡി യോഗ്യതകള്‍ ഉള്ള ആളാണ് . ഗണിത ശാസ്ത്ര അധ്യാപികയായ ജസി ആണ് ഭാര്യ. ഏക മകള്‍ അനുഗ്രഹ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫിസാണ് വാര്‍ത്ത ഔദ്യോഗികമായി പുറത്തു വിട്ടത്. സഭ ആസ്ഥനമായ കാന്റര്‍ബറി പ്രോവിന്‍സിനു കീഴിലുള്ള രൂപത ആണു ഡോ . ജോണ്‍ നിയമിതനായ ചെംസ്‌ഫോര്‍ഡ് രൂപത. ജൂലൈ മൂന്നാം തീയതി ആണ് മെത്രാഭിഷേക ശുശ്രൂഷകള്‍ നടക്കുന്നത്. കാന്റര്‍ബറി ആര്‍ച്ച ബിഷപ് ആണ് ശുശ്രൂഷകള്‍ നടത്തുന്നത്. 

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക