Image

ആങ്ങളമാര്‍

മീട്ടു റഹ്മത്ത് കലാം Published on 11 March, 2018
ആങ്ങളമാര്‍
തിരക്കിട്ട ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സമയം കണ്ടെത്തുകയും അവരെ സഹായിക്കുകയും ചെയ്യാന്‍ വലിയ മനസ്സുവേണം. നന്മയുടെ വഴിയേ കൈപിടിച്ചുനടക്കാന്‍ നിയോഗമായി മാറിയ സൗഹൃദക്കൂട്ടായ്മയില്‍ പതിനാല് പേരുണ്ട് - അനില്‍, ഷാജി, ബിജു ജോര്‍ജ്ജ്, സെബാസ്ട്യന്‍ , ഗോകുല്‍ദാസ്, ജോജി, ജിജോ, നിഷാദ്, ജിയോ ഡാര്‍വിന്‍, മഹേഷ്, പ്രജീഷ്, സുധീഷ്, ബഷീര്‍, അരുണ്‍.

സഹജീവികളോടുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും കാര്യത്തില്‍ ഒരുപടി മുന്നിലുള്ള കോഴിക്കോട്ടുനിന്നും തൃശ്ശൂരു നിന്നുമെത്തി സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ചു ജോലിചെയ്യുന്നതിനിടയില്‍ ചിന്തയിലെ സമാനതകളാണ് ഇവരെ തമ്മില്‍ അടുപ്പിച്ചത്. ഇവര്‍ക്കിടയില്‍ ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടുകളില്ല. ആ പേരില്‍ തമ്മില്‍ തല്ലുന്നവരുടെ പോലും കണ്ണുതുറപ്പിക്കുന്നതാണ് മനുഷ്യത്വത്തിന്റെ ഈ മഹത്ഗാഥ.


യാത്രയ്ക്കിടയില്‍ പിറന്ന ആശയം


കിട്ടുന്ന ശമ്പളത്തില്‍ നിന്ന് മിച്ചം പിടിക്കുന്ന കാശുകൊണ്ട് വര്‍ഷത്തിലൊരിക്കല്‍ ട്രിപ്പ് പോകുന്ന ശീലം ബാച്ചിലര്‍ ലൈഫ് മുതല്‍ക്കേ ഞങ്ങള്‍ക്കുണ്ട്. കല്യാണം കഴിഞ്ഞ് മക്കളായിട്ടും യാത്രക്കാരുടെ എണ്ണം കൂടിയതല്ലാതെ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ആ യാത്രകളാണ് കുടുംബങ്ങള്‍ക്കിടയിലും സൗഹൃദം വളരാന്‍ കാരണം. ടൂറിന്റെ പ്ലാനിംഗ് ജിജോയും ജോജിയും ചെയ്യും. പുറപ്പെടുന്ന സമയം മുതല്‍ തിരിച്ചെത്തുന്നതുവരെയുള്ള കാര്യങ്ങള്‍ ഒരു തിരക്കഥ തയ്യാറാക്കും പോലെ ഒരുമിച്ചിരുന്ന് എഴുതി ഉണ്ടാക്കും. പതിനാലുപേരുടെയും പണം കൂട്ടത്തില്‍ ഒരാളെ ആകും ഏല്പിക്കുക. ഊഴം മാറി വരും. ഇത്തരത്തില്‍ ഇന്ത്യയ്ക്കകത്തും പുറത്തും ഒരുപാട് യാത്രകള്‍ നടത്തിയിട്ടുണ്ട്. അങ്ങനെ ഒരിക്കല്‍ , അനിലാണ് യാത്രയ്ക്കുവേണ്ടി സ്വരുക്കൂട്ടുന്ന പണംകൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്ന എന്തെങ്കിലും ചെയ്താലോ എന്ന ആശയം ആദ്യം പങ്കുവെച്ചത്. പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടതോടെ എല്ലാവരും ഗഹനമായ ചിന്തയില്‍ മുഴുകി. ഭാവരഹിതര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്നതും നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കുന്നതുമടക്കം പല സഹായപദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. പക്ഷേ , കാശ് കൊടുക്കുന്നതോടെ അതവിടെ തീരും. ഞങ്ങള്‍ക്ക് അതല്ലായിരുന്നു വേണ്ടിയിരുന്നത്. ആദ്യാവസാനം കൂടെ നിന്ന് സ്‌നേഹവും കരുതലും നല്‍കി കുടുംബത്തിലെ അംഗമായി മാറുന്ന ആശയം എന്ന രീതിക്കാണ് പെങ്ങന്മാരുടെ വിവാഹം ഏറ്റെടുത്ത് നടത്തുന്ന സ്‌നേഹനിധികളായ ആങ്ങളമാരായി മാറാന്‍ തീരുമാനിക്കുന്നത്. ' അത് പറഞ്ഞു നിര്‍ത്തിയതും മഹേഷിന്റെ മുഖത്ത് വല്യങ്ങളയുടെ ഉത്തരംവാദിത്തബോധം.

നോവില്‍ കുതിര്‍ന്ന പെണ്മനസ്സുകള്‍

' പലപ്പോഴും പത്രങ്ങളിലും ടിവിയിലും സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന വാര്‍ത്തകള്‍ കണ്ട് മനസ്സ് പൊള്ളിയിട്ടുണ്ട്. കല്യാണപ്രായം കഴിഞ്ഞ പെണ്‍കുട്ടികള്‍ പുര നിറഞ്ഞു നില്‍ക്കുന്നു എന്ന പ്രയോഗം പോലുമുള്ള നാടാണ് നമ്മുടേത്. പെണ്മക്കള്‍ ജനിക്കുമ്പോള്‍ നിസ്സഹായതകൊണ്ട് വിധിയെ ശപിക്കുന്നവര്‍ കുറവല്ല. കൂട്ടുകാര്‍ കതിര്‍മണ്ഡപത്തിലേക്ക് ഒരുങ്ങിപ്പോകുമ്പോള്‍, വിവാഹം സ്വപ്നം കാണാന്‍ പോലും അവകാശം നിഷേധിക്കപ്പെട്ടവര്‍ക്ക് സ്വന്തം ദുഃഖം പോരാഞ്ഞ് , കുടുംബക്കാരുടെയും നാട്ടുകാരുടെയും കുത്തുവാക്കുകള്‍ കൂടി കേള്‍ക്കേണ്ടി വരും. തന്റേതല്ലാത്ത തെറ്റിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും തന്റെ മനസിലെ നീറ്റല്‍ ആരോടും തുറന്നുപറയാനോ പൊട്ടിക്കരയാനോ കഴിയാതെ കടിച്ചമര്‍ത്തുന്ന സങ്കടക്കടലാണ് യഥാര്‍ത്ഥത്തില്‍ സാന്ത്വനം അര്‍ഹിക്കുന്നത്. എല്ലാവരുടെയും കണ്ണീര്‍ തുടയ്ക്കാന്‍ ഞങ്ങളെക്കൊണ്ട് കഴിയില്ലായിരിക്കാം. എല്ലാവരും അങ്ങനെ ചിന്തിച്ചുപിന്മാറിയാല്‍ ലോകത്ത് ഒന്നും നടക്കില്ല. ഈ ചെറിയ കാല്‍വെയ്പ്പിലെ നന്മയുടെ അംശം കണ്ടെത്തി മറ്റാര്‍ക്കെങ്കിലും ഇതുപോലെ ചെയ്യാന്‍ തോന്നിയാല്‍, അത് നല്ലതല്ലേ. അത്തരത്തില്‍ നൂറുപേര്‍ ചിന്തിച്ചാല്‍ കുറയാവുന്ന പ്രശ്‌നങ്ങളെ സമൂഹത്തിലുള്ളു. ' അരുണ്‍ സഹവര്‍ത്തിത്തെക്കുറിച്ച് വാചാലനാകുന്നു.

മതാതീതമായ മഹത് സന്ദേശം

ആങ്ങളമാരില്‍ മുസ്ലീങ്ങളായ നിഷാദും ബഷീറുമാണ് അധികം ആരും ചെയ്തുകാണാത്ത കരുണയുടെ വലിയൊരു പാഠത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്: ' ഞങ്ങളുടെ ഒക്കെ ചെറുപ്പത്തില്‍ ഹജ്ജിനു പോവുക എന്നാല്‍ , അയാള്‍ മരണത്തെപ്പോലും മുന്നില്‍ കണ്ട് അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകുറ്റങ്ങള്‍ക്ക് ബന്ധുമിത്രാദികളോട് മാപ്പിറന്നൊക്കെ ആയിരുന്നു. ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച് മടങ്ങിയെത്തുന്നതോടെ ആ നിമിഷം പിറന്നുവീണ കുഞ്ഞിന്റേതിന് സമാനമായ പരിശുദ്ധി മനസിന് കൈവന്നിരിക്കും. ഗള്‍ഫ് ബൂം വന്നതോടെ , സൗദിയില്‍ പോകുന്നതിന്റെ പണച്ചെലവ് ശരാശരിക്കാരനും താങ്ങാവുന്ന സ്ഥിതിയായി. ഹജ്ജ് ചെയ്തിട്ടും, മാനസികമായി അത്തരം ഒരു പരിവര്‍ത്തനം ഉണ്ടാകാത്ത പലരും ഇന്നുണ്ട്. ആളുകള്‍ ധരിച്ചുവച്ചിരിക്കുന്നതുപോലെ കടബാധ്യതകളില്ലാത്ത ആര്‍ക്കും ചെയ്യാവുന്ന ഒന്നല്ല ഹജ്ജ് കര്‍മ്മം. സഹജീവിയുടെ കണ്ണീരുപോലും ബാധ്യതയായാണ് ഇസ്ലാം കണക്കാക്കുന്നത്. രോഗാവസ്ഥയില്‍ കഴിയുന്നവരോ വിവാഹം നടത്താന്‍ കഴിവില്ലാതെ നില്‍ക്കുന്ന പെണ്‍കുട്ടിയോ അയല്‍പക്കത്ത് താമസിക്കുന്നുണ്ടെങ്കില്‍ ഹജ്ജിനായി സ്വരൂപിച്ച പണം അവരുടെ കണ്ണീരൊപ്പാന്‍ പഠിപ്പിച്ചിരിക്കുന്നത്. അങ്ങനെ ചെയ്യുന്നവര്‍ക്കേ യഥാര്‍ത്ഥ പുണ്യം ലഭിക്കൂ. ആന്തരികമായ സത്ത ഉള്‍ക്കൊള്ളാതെയാണ് ഇന്ന് പലരുടെയും ഭക്തി. '

വിവാഹം കഴിച്ചയക്കാന്‍ നിവൃത്തി ഇല്ലാത്ത പെണ്‍കുട്ടികളെ സഹായിക്കണമെന്ന് തോന്നാന്‍ ഈ മതസന്ദേശവും കാരണമായിട്ടുണ്ടെന്നു സുധീഷും ഗോകുല്‍ദാസും സാക്ഷ്യപ്പെടുത്തുന്നു. ഏതു മതത്തേയും നല്ല വശങ്ങള്‍ പകര്‍ത്താമെന്നു കൂടിയാണവര്‍ പറയാതെ പറഞ്ഞത്.

മാനദണ്ഡം മനുഷ്യത്വം


'ഫേസ്ബുക്കിലൂടെയും ഈമെയിലിലൂടെയും ലഭിക്കുന്ന നിര്‍ധനരായ യുവതികളുടെ അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികളുടെയും വീടും ചുറ്റുപാടും നേരില്‍ ചെന്ന് അന്വേഷിക്കും. ഏറ്റവും ക്ലേശകരമായ ജീവിത സാഹചര്യം ആരുടെതെന്ന് വിലയിരുത്തുന്നതിനപ്പുറം പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ല. മതമോ ജാതിയോ ഒന്നും നോക്കാറില്ല.' ആളും അര്‍ത്ഥവുമില്ലാത്ത വീടുകളില്‍ പ്രതീക്ഷയുടെ ഇത്തിരിവെട്ടമാകുന്ന ആങ്ങളമാര്‍ പറയുന്നു. അപേക്ഷ സ്വീകാര്യമാകുന്നതോടെ ആന്തുണയില്ലാതിരുന്ന പെണ്‍കുട്ടിയില്‍ നിന്ന് പതിനാല് ആങ്ങളമാരുടെ കുഞ്ഞിപ്പെങ്ങളായി സ്വപ്നങ്ങളില്‍പോലും വിലക്കുണ്ടായിരുന്ന നവവധുവിന്റെ വേഷത്തിലേക്ക് അവള്‍ മനസ്സുകൊണ്ട് അണിഞ്ഞൊരുങ്ങുകയായി.

ആദ്യ പെങ്ങള്‍

അട്ടപ്പാടി മുക്കാലിയില്‍ കാട്ടുശ്ശേരി നാരിയന്‍പറമ്പില്‍ അളകേശന്റെയും ശാരദയുടെയും മകള്‍ പ്രിയ ആയിരുന്നു സംഘം കണ്ടെത്തിയ ആദ്യ പെങ്ങള്‍.' ചുരം കടന്ന് വളരെ ബുദ്ധിമുട്ടി മുകളിലെ കാട് കടന്ന് അവളുടെ വീട്ടിലെത്തിയത് ജീവിതത്തില്‍ ഇതുവരെ നടത്തിയതില്‍ വെച്ച് സാഹസികമായ യാത്ര ആയിരുന്നു. പക്ഷെ ആ അനുഭവം പകര്‍ന്ന സുഖം പറഞ്ഞറിയിക്കാവുന്നതല്ല. അച്ഛന്റെ മരണശേഷം, പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ ഹൃദ്രോഗിയായ അമ്മയ്ക്കും അനിയത്തിക്കുമൊപ്പമാണ് പ്രിയ കഴിഞ്ഞിരുന്നത്. കൂലിവേല ചെയ്തിരുന്ന അമ്മയ്ക്ക് അസുഖം വന്നതോടെ ആ കുടുംബത്തിന്റെ വരുമാനം നിലച്ചിരുന്നു. ആ വീട്ടിലേക്കും അങ്ങനുള്ള അന്തരീക്ഷത്തിലേക്കും പോകുന്നത് ഞങ്ങളുടെ സ്റ്റാറ്റസിന് യോജിച്ചതല്ലെന്ന് പറഞ്ഞവര്‍ പോലുമുണ്ട്. സ്റ്റാറ്റസ് എന്ന് അക്കൂട്ടര്‍ എന്തിനെയാണ് കരുതുന്നതെന്നറിയില്ല. ഞങ്ങളിലാരും തന്നെ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരല്ല. ദുരിതങ്ങള്‍ അനുഭവിച്ചും ജീവിതത്തോട് പടവെട്ടിയും മുന്നേറിയതാണ്. അമ്മമാര്‍ ജോലിക്കുപോയി വീടുപോറ്റുന്നതൊക്കെ കണ്ടുവളര്‍ന്നതുകൊണ്ട് പ്രിയയുടെയും കുടുംബത്തിന്റെയും വേദന ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ക്ക് വേഗം കഴിഞ്ഞു. ' സെബാസ്റ്റിന്റെ വാക്കുകളില്‍ കണ്ണീരിന്റെ നനവ്.

ആങ്ങളമാരുടെ നേതൃത്വത്തിലെ വിവാഹ മാമാങ്കം

ചെറുക്കനെ കണ്ടെത്തേണ്ട ഉത്തരവാദിത്തം പെണ്ണിന്റെ വീട്ടുകാര്‍ക്കാണെന്ന് 'ആങ്ങളമാര്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അതൊരിക്കലും ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല . സംഘത്തെക്കുറിച്ചറിഞ്ഞും കേട്ടും പലരും വിളിക്കാറുണ്ട്. സൗജന്യമായി വിവാഹം കഴിക്കാമെന്നൊക്കെ പറഞ്ഞ്. നല്ലൊരു ഉദ്ദേശത്തോടെ ചെയ്യുന്ന കര്‍മ്മത്തിന് ഏതെങ്കിലും തരത്തില്‍ വിപരീത ഫലം ഉണ്ടായാല്‍ താങ്ങാനാവില്ലെന്നതുകൊണ്ടാണ് ആ ദൗത്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. എങ്കിലും ചെറുക്കന്റെ വീടും ചുറ്റുപാടുമൊക്ക ആങ്ങളമാര്‍ ചെന്നന്വേഷിച്ച ശേഷമേ വാക്കുകൊടുക്കൂ. നേരത്തെ തീരുമാനിച്ചുറപ്പിച്ച വിവാഹങ്ങള്‍ ഏറ്റെടുക്കില്ല. തുടക്കം മുതല്‍ ഒടുക്കം വരെയും സജീവമായി പ്രവര്‍ത്തിക്കുന്നതാണ് രീതി. സ്വന്തം പെങ്ങളുടെ വിവാഹം ഇവന്റ് മാനേജ്‌മെന്റുകാരെ ഏല്‍പ്പിച്ച് സ്വസ്ഥമായിരിക്കുന്ന ആങ്ങളമാരാണ് നമുക്ക് ചുറ്റും. അവിടെയാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് ഓടിനടന്ന് ചെയ്യുന്ന ആങ്ങളമാര്‍ വ്യത്യസ്തരാകുന്നത്. ഒരുവര്‍ഷം പത്ത് വിവാഹങ്ങള്‍ നടത്തുക എന്നതാണ് ഉദ്ദേശം. പണം കണ്ടെത്തുന്നതിന് സംഭാവന വാങ്ങാനും പിരിവ് നടത്താനും ഒന്നും മെനക്കെടില്ല. ശമ്പളത്തില്‍ നിന്നൊരു നിശ്ചിത തുക ഓരോരുത്തരും മാറ്റിവയ്ക്കുകയും ചിട്ടി കൂടിയുമൊക്കെയാണ് കല്യാണ ചെലവുകള്‍ നടത്തുന്നത്.

ഇവരുടെ നേതൃത്വത്തില്‍ നടന്ന പ്രിയയുടെ വിവാഹവിശേഷങ്ങള്‍ കൗതുകം നിറഞ്ഞതാണ്. ആങ്ങളമാരുടെയും പെങ്ങളുടെയും വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമായി 800 പേരുടെ സാന്നിധ്യത്തിലായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 11 നു പ്രിയയെ മണ്ണാര്‍ക്കാട് സ്വദേശി കൃഷ്ണകുമാര്‍ താലിചാര്‍ത്തിയത്. ആങ്ങളമാര്‍ എന്നൊരു സംഘം നടത്തുന്ന വിവാഹം എന്നുകേട്ടപ്പോള്‍ വരന്റെ വീട്ടുകാര്‍ക്ക് ഒന്നും മനസ്സിലായിരുന്നില്ല. അതുവരെ ആരും അങ്ങനൊന്ന് ചെയ്തിട്ടില്ലല്ലോ? വിവാഹ ക്ഷണക്കത്ത് തയ്യാറാക്കുക, പത്ത് പവന്റെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കൊടുക്കുക , വധുവിനും കുടുംബത്തിനും കല്യാണ വസ്ത്രങ്ങള്‍ വാങ്ങുക, കതിര്മണ്ഡപമൊരുക്കുക, തലേദിവസത്തെ സല്‍ക്കാരത്തിന് ഭക്ഷണമൊരുക്കുക , കല്യാണ സദ്യ ഒരുക്കുക തുടങ്ങി സദ്യ വിളമ്പല്‍ വരെ ആങ്ങളമാരാണ് നടത്തിയത്. വിവാഹച്ചടങ്ങിന് കൊഴുപ്പ് കൂട്ടാന്‍ തലേ ദിവസം പെണ്ണിന്റെ വീട്ടില്‍ ഗാനമേളയും സംഘടിപ്പിച്ചിരുന്നു. നാട്ടുകാരും ആഘോഷത്തിലും സന്തോഷത്തിലും പിന്തുണയോടെ ഒപ്പം കൂടി. സുഖമാണെന്നും മറ്റും വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രിയയും ഭര്‍ത്താവും കല്യാണശേഷവും വിളിക്കുന്നത് അടുത്ത പെങ്ങളുടെ വിവാഹ ഒരുക്കങ്ങളിലേക്ക് ഇറങ്ങാനുള്ള ഊര്‍ജമാണ് ആങ്ങളമാര്‍ക്ക്.

അടുത്ത ഘട്ടം?

'വയനാട്ടിലും ഇടുക്കിയിലുമുള്ള രണ്ടു പെങ്ങന്മാരുടെ കല്യാണ ഒരുക്കങ്ങള്‍ക്കുള്ള തിരക്കിലാണ് ഞങ്ങളിപ്പോള്‍. ഇങ്ങനൊരു ആശയം ഉടലെടുത്തതുമുതല്‍ വീട്ടുകാരും ഒപ്പം ഉണ്ടായിരുന്നെങ്കിലും പ്രിയയുടെ കല്യാണം കൂടിക്കഴിഞ്ഞാണ് ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പുമ്പോള്‍ ഉള്ള സന്തോഷം അവര്‍ കണ്ടറിഞ്ഞത്. കൂട്ടത്തില്‍ പലര്‍ക്കും പെങ്ങന്മാരുടെ വിവാഹം നടത്തി പരിചയമുള്ളവരാണ്. പെങ്ങന്മാര്‍ ഇല്ലാത്തവര്‍ക്ക് ഒരുക്കങ്ങളുടെ ഭാഗമായി അവസാന നിമിഷംവരെ ഓടി നടക്കുന്നതൊക്കെ നല്ലൊരു അനുഭവമായി. ആയിരം പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിനേക്കാള്‍ ഇത്തരം പ്രവര്‍ത്തിയില്‍ പങ്കാളികളാകുമ്പോള്‍ കുട്ടികളിലും നന്മയുടെ വിത്ത് മുളയ്ക്കും. അച്ഛനമ്മമാരും ഗുരുക്കന്മാരും ഞങ്ങളില്‍ മുളപ്പിച്ച ആ വിത്ത് തലമുറകള്‍ക്ക് കൈമാറാന്‍ കഴിയുമ്പോഴാണ് ജീവിതത്തിന് അര്‍ത്ഥമുണ്ടാകുന്നത്. നമ്മളാരും ജനിക്കുമ്പോള്‍ ഒന്നും കൊണ്ടുവന്നവരല്ല, തിരികെ പോകുന്നതും വെറുംകൈയോടെ ആയിരിക്കും. അപ്പോള്‍ ആരെങ്കിലും നാലുപേര്‍ അവന്‍ നല്ലവനായിരുന്നെന്ന് പറയാന്‍ ഉണ്ടാകണം. ' ചുരുങ്ങിയ വാക്കുകളിലൂടെ ആങ്ങളമാര്‍ അത് പറയുമ്പോള്‍ കരഞ്ഞുകലങ്ങിയ കണ്ണുകള്‍ തുടച്ച് , അസ്തമിച്ച പ്രതീക്ഷ വീണ്ടെടുത്ത്, കാതങ്ങള്‍ അകലെ ഇരുന്ന് ഒരു പെങ്ങള്‍ വിവാഹസ്വപ്നം നെയ്യുന്നുണ്ട്. 
ആങ്ങളമാര്‍
Join WhatsApp News
Ann zach 2018-03-12 10:35:42
What a beautiful idea.❤️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക