Image

ജെസി റിന്‍സി ഫൊക്കാന അഡീഷനല്‍ അസോ. സെക്രട്ടറിയായി മത്സര രംഗത്ത്

ഫ്രാന്‍സിസ് തടത്തില്‍ Published on 11 March, 2018
ജെസി റിന്‍സി ഫൊക്കാന അഡീഷനല്‍  അസോ. സെക്രട്ടറിയായി  മത്സര രംഗത്ത്
ചിക്കാഗോ: ഫൊക്കാന അഡീഷനല്‍  അസോ. സെക്രട്ടറിയായി  വനിതാ തീപ്പൊരി നേതാവ്.  ചിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റ് ജെസി റിന്‍സിയാണ് സംഘടനാ രംഗത്തെ മികവുറ്റ പ്രവര്‍ത്തനവും രാഷ്ട്രീയ പാരമ്പര്യവുമായി മത്സര രംഗത്തേക്ക് വരുന്നത്. 

ഫൊക്കാനയുടെ ചിക്കാഗോ റീജിയണല്‍ സെക്രെട്ടറി കൂടിയായ ജെസി വരാനിരിക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ തെരെഞ്ഞെടുപ്പില്‍ ബോര്‍ഡ് മെമ്പര്‍ ആയി മത്സരിക്കാനിരിക്കുകയാണ്. 

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ റീജിയണല്‍ സെക്രെട്ടറികൂടിയായ ജെസി കോളേജ് രാഷ്ട്രീയത്തിലൂടെയാണ് സംഘടനാ രംഗത്തേക്ക് കടന്നു വരുന്നത്. മല്ലപ്പള്ളി പെരിമ്പട്ടി ഈപ്പന്‍ തോമസിന്റ്റെയും സൂസി തോമസിന്റ്റെയും മൂന്നു മക്കളില്‍ രണ്ടാമത്തെ ആളായ ജെസി അമേരിക്കയില്‍ എത്തും മുമ്പ് മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആയിരുന്നു. 

കോണ്‍ഗ്രസ് പാനലില്‍ കൊച്ചനാട് സഹകരണസംഘത്തില്‍ ബോര്‍ഡ് മെമ്പര്‍ ആയി ഒറ്റയ്ക്ക് ജയിച്ച പരമ്പര്യവും ജെസിക്കുണ്ട്. 11 അംഗ ബോര്‍ഡില്‍ ജെസി മാത്രമാണ് സിപിഎമ്മിന് മുന്‍തൂക്കമുള്ള ബോര്‍ഡില്‍ വിജയം നേടിയത്.അതുപോലെ തന്നെ വിദ്യാര്‍ത്ഥിനി ആയിരിക്കെ, തിരുവല്ല മാര്‍ത്തോമാ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്. യൂ പാനലില്‍ വൈസ് പ്രസിഡന്റ് ആയി മത്സരിച്ചു വിജയിച്ച ജെസി ഒഴികെ കെ.എസ്.യുവിന്റെ മുഴുവന്‍ പാനല്‍ അംഗങ്ങളും പരാജയപ്പെട്ടിരുന്നു.

ജെസ്സിയുടെ സംഘടനാ മികവിനുള്ള അംഗീകാരമായിട്ടാണ് ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ പിന്തുണ നല്‍കിയത്. 

 തിരുവല്ലയില്‍ അഭിഭാഷകയായി ജോലിചെയ്തുകൊണ്ടിരിക്കേ 1992ല്‍ അമേരിക്കയിലേക്ക് കുടിയേറി. ചിക്കാഗോ പോലീസില്‍ ഉന്നത പോലീസ് ഓഫീസര്‍ ആയ റിന്‍സി കുര്യന്‍ ആണ് ഭര്‍ത്താവ്. ചിക്കാഗോയില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷന്റെ സെക്യൂരിറ്റി കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്നു ഒരു മുതിര്‍ന്ന ഫൊക്കാന നേതാവുകൂടിയായ റിന്‍സി.
ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കൈരളി റേഡിയോ സ്റ്റേഷനില്‍ ന്യൂസ് റീഡര്‍ ആയിരുന്ന ജെസി ഇപ്പോള്‍ റെസ്പിറേറ്ററി തെറാപ്പിസ്‌റ് ആയി ജോലി ചെയ്യുന്നു. മെഡിക്കല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ബെഞ്ചമിന്‍ റിന്‍സി,അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന ജോഷ്വാ റിന്‍സി, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി പോള്‍ റിന്‍സി എന്നിവര്‍ മക്കളാണ്.

ഒരു മികച്ച വനിതാ നേതാവും സംഘടനാ പ്രവര്‍ത്തകകൂടിയായ ജെസിയുടെ സ്ഥാനാര്‍ഥിത്വം ജെസിയുടെ 2018-2020 ഫൊക്കാന ഭരണസമിതിക്ക് ഊര്‍ജവും ആവേശവും പകരുമെന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാധവന്‍ ബി. നായര്‍, സെക്രെട്ടറി എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍), ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിന്‍രാജ്, ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ ഡോ.മാത്യു വര്ഗീസ് (രാജന്‍), എറിക് മാത്യു, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോയി ടി. ഇട്ടന്‍, ദേവസി പാലാട്ടി, വിജി നായര്‍, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്‌സ് ഏബ്രഹാം, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ അപ്പുകുട്ടന്‍ നായര്‍ (ന്യൂയോര്‍ക്ക്), രഞ്ജു ജോര്‍ജ് (വാഷിംഗ്ടണ്‍ ഡി. സി.), എല്‍ദോ പോള്‍ (ന്യൂ ജേര്‍സി- പെന്‍സില്‍വാനിയ),ജോണ്‍ കല്ലോലിക്കല്‍ (ഫ്‌ലോറിഡ), വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ലൈസി അലക്‌സ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക