Image

150 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാല്‌ വയസുകാരനെ രക്ഷപ്പെടുത്തി

Published on 12 March, 2018
150 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാല്‌ വയസുകാരനെ രക്ഷപ്പെടുത്തി

മധ്യപ്രദേശ്‌:  150 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാല്‌ വയസുകാരനെ 35 മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ ദേവാസ്‌ ജില്ലയില്‍ ഉമരിയ എന്ന ഗ്രാമത്തിലെ റോഷന്‍ എന്ന നാലുവയസുകാരനാണ്‌ അത്ഭുതകരമായി രക്ഷപ്പെട്ടത്‌. സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാസേനയാണ്‌ കുട്ടിയെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌. വീടിന്റെ സമീപത്ത്‌ കളിച്ചുകൊണ്ടിരുന്ന റോഷന്‍ ശനിയാഴ്‌ച രാവിലെ 11 മണിയോടെയാണ്‌ കുഴല്‍ക്കിണറില്‍ വീണത്‌.

30 അടി താഴ്‌ചയിലെത്തിയ കുട്ടിയെ കയര്‍ ഉപയോഗിച്ച്‌ പുറത്തെത്തിക്കുകയായിരുന്നു. ഞായറാഴ്‌ച രാത്രി 10.45നാണ്‌ കുട്ടിയെ പുറത്തെടുത്തതെന്ന്‌ ദേവാസ്‌ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ അന്‍ഷുമാന്‍ സിംഗ്‌ പറഞ്ഞു. കുഴല്‍ക്കിണറിന്‌ സമീപം സമാന്തരമായി കുഴി എടുത്ത്‌ കുട്ടിയെ പുറത്തെത്തിക്കാനാണ്‌ സൈന്യം ആദ്യം ശ്രമിച്ചത്‌. എന്നാല്‍ ഇതിന്‌ വേണ്ടി വരുന്ന സമയം കുട്ടിയുടെ ജീവന്‌ ഭീഷണി വരുത്തുമെന്നതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന്‌ കയറുപയോഗിച്ച്‌ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ സൈന്യം ആരംഭിക്കുകയായിരുന്നു. കുട്ടിക്ക്‌ കുഴലിലൂടെ ഓക്‌സിജന്‍ നല്‍കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തോട്‌ കുട്ടി പൂര്‍ണമായും സഹകരിച്ചതാണ്‌ ദൗത്യം എളുപ്പമാക്കിയതെന്ന്‌ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. കുട്ടിയെ പരിശോധനക്കായി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക