Image

ഭൂമി ഇടപാട്‌: കര്‍ദ്ദിനാളിന്റെ അപ്പീല്‍ പരിഗണിക്കുന്നത്‌ വെള്ളിയാഴ്‌ചത്തേക്ക്‌ മാറ്റി

Published on 13 March, 2018
 ഭൂമി ഇടപാട്‌: കര്‍ദ്ദിനാളിന്റെ അപ്പീല്‍ പരിഗണിക്കുന്നത്‌ വെള്ളിയാഴ്‌ചത്തേക്ക്‌ മാറ്റി


കൊച്ചി: അതിരൂപത ഭൂമി ഇടപാടില്‍ കേസെടുക്കാന്‍ ഉത്തരവിട്ട സിംഗിള്‍ ബെഞ്ച്‌ വിധി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വെള്ളിയാഴ്‌ചത്തേക്ക്‌ മാറ്റി.

കര്‍ദ്ദിനാളിന്റെ അഭിഭാഷകന്റെ അഭ്യര്‍ത്ഥന മാനിച്ചാണിത്‌. കര്‍ദ്ദിനാളിനു വേണ്ടി സുപ്രീം കോടതിയില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ വിശ്വനാഥനാണ്‌ ഹാജരാകുന്നത്‌. അദ്ദേഹത്തിന്റെ സൗകര്യാര്‍ത്ഥം സമയം നീട്ടി നല്‍കണമെന്നാണ്‌ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്‌.

കര്‍ദ്ദിനാളിനൊപ്പം പ്രതിചേര്‍ക്കപ്പെട്ട മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടനു വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന അപ്പീലും ഇന്ന്‌ പരിഗണനയിലുണ്ട്‌.

മറ്റു പ്രതികളായ ഫാ.ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ്‌ കുന്നേല്‍ എന്നിവരുടെ അപ്പീലുകള്‍ നാളെയാണ്‌ പരിഗണനയ്‌ക്ക്‌ വരുന്നത്‌. ഈ അപ്പീലുകളിലെ കോടതി നിലപാട്‌ കൂടി അറിഞ്ഞ ശേഷം മുന്നോട്ടുപോകാനാണ്‌ കര്‍ദ്ദിനാളിന്റെ നീക്കം.

പോലീസ്‌ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌ത സാഹചര്യത്തില്‍ അപ്പീലില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേക്കും. അതേസമയം, കോടതിയില്‍ നിന്നുള്ള നിലപാട്‌ അറിഞ്ഞിട്ട്‌ കേസില്‍ തുടര്‍ നടപടി മതിയെന്നാണ്‌ കൊച്ചി സെന്‍ട്രല്‍ സി.ഐയ്‌ക്ക്‌ മുകളില്‍ നിന്ന്‌ നല്‍കിയിരിക്കുന്ന നിര്‍ദേശം.

കര്‍ദ്ദിനാളിനും മറ്റു മൂന്നു പേര്‍ക്കുമെതിരെ ഗൂഢാലോചന, വിശ്വാസ വഞ്ചന, സാമ്‌ബത്തിക തിരിമറി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ്‌ സിംഗിള്‍ ബെഞ്ച്‌ ഉത്തരവ്‌. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ്‌ കേസെടുക്കാന്‍ വൈകുന്നതിനെതിരെ ഹര്‍ജിക്കാരന്‍ ഇന്നലെ പോലീസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയും നല്‍കിയിരുന്നു. ഇതോടെ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക