Image

ഭംഗിയുള്ള പൂമരം

Published on 17 March, 2018
   ഭംഗിയുള്ള പൂമരം
1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളിലൂടെ മികച്ച സംവിധായകരുടെ നിരയിലേക്കുയര്‍ന്ന എബ്രിഡ്‌ ഷൈന്റെ പൂമരം റിലീസാകുന്നതും കാത്ത്‌ പ്രേക്ഷകര്‍ ഇരിപ്പു തുടങ്ങിയിട്ട്‌ കാലം കുറച്ചായി. ഒടുവില്‍ തന്റെ ചിത്രത്തെ കുറിച്ച്‌ നായകന്‍ കാളിദാസ്‌ എന്തെങ്കിലും ഫേസ്‌ബുക്ക്‌ പോസ്റ്റിട്ടാല്‍ ട്രോളന്‍മാര്‍ കളിയാക്കി പൊങ്കാലയിടുന്ന അവസ്ഥയായി. ഏതായാലും എല്ലാ തടസങ്ങളും മാറി. പൂമരം തിയേറ്ററുകളില്‍ പൂത്തുലയുന്നു.

ജയറാമിന്റെ മകന്‍ കാളിദാസ്‌ നായകനാകുന്ന പൂമരം ഒരു ദിവസമെങ്കിലും കോളേജില്‍ പഠിച്ചിട്ടുള്ളവര്‍ക്ക്‌ ഇഷ്‌ടപ്പെടും എന്നത്‌ തീര്‍ച്ചയാണ്‌. യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ പങ്കെടുക്കുന്നതിനായി മാസങ്ങള്‍ക്കു മുമ്പേ റിഹേഴ്‌സലും മറ്റുമായി ഒരുക്കങ്ങള്‍ തുടങ്ങുന്ന കോളേജുകള്‍. നൃത്തവും സംഗീതവും വാദ്യസംഗീതവും അനുകരണകലയുമൊക്കെയായി വേദികള്‍ കീഴടക്കുന്ന പ്രതിഭകള്‍. കലയുടെ മാസ്‌മരിക സൗന്ദര്യവും യുവത്വത്തിന്റെ ആഘോഷങ്ങളും മത്സരത്തിന്റെ പിരിമുറുക്കങ്ങളും വിജയത്തിന്റെ ആഹ്‌ളാദാരവങ്ങളും വിജയം കൈവിട്ടവരുടെ കണ്ണീരും ഇതിനിടയിലെ പ്രണയവും സൗഹൃദങ്ങളും അങ്ങനെ നാലഞ്ചു നാള്‍ നീണ്ടു നില്‍ക്കുന്ന കലോത്സവഭംഗി മുഴുവനായും ഒപ്പിയെടുത്ത ചിത്രമാണ്‌ പൂമരം. കലാലയത്തില്‍ പഠിച്ചിറങ്ങിയ ഏതൊരാള്‍ക്കും യൂണിവേഴ്‌സിറ്റി കലോത്സവത്തെ കുറിച്ച്‌ കുറേ നല്ല ഓര്‍മ്മകള്‍ മനസിലുണ്ടാകും. അതാണ്‌ പൂമരത്തില്‍ എബ്രിഡ്‌ ഷൈന്‍ കാട്ടിത്തരുന്നത്‌.

മഹാത്മാഗാന്ധി സര്‍വകലാശാലാ യുവജനോത്സവത്തില്‍ കിരീടത്തിനായി മഹാരാജാസ്‌ കോളേജും സെന്റ്‌ തെരേസാസ്‌ കോളേജും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ്‌ ചിത്രത്തിന്റെ പ്രമേയം. മഹാരാജാസ്‌ കോളേജിന്റെ പേര്‌ അതേപടി തന്നെ കാണിക്കുമ്പോള്‍, സെന്റ്‌ തെരേസാസ്‌ കോളേജ്‌ സെന്റ്‌ ട്രീസയായും മഹാത്മാഗാന്ധി സര്‍വകലാശാല മഹാത്മാ സര്‍വകലാശാലയായും മാറിയിരിക്കുന്നു. അതെന്തിനാണ്‌ എന്നു മനസിലായില്ല. ചിത്രം തുടങ്ങുന്നത്‌ കലോത്സവത്തിനുള്ള ഒരുക്കങ്ങളിലൂടെയാണ്‌. കഥ വികസിക്കുന്നതും അതിലൂടെ തന്നെ. ഒടുവില്‍ ക്‌ളൈമാക്‌സും കലോത്സവത്തില്‍ ഒരുമിക്കുന്നു.

ഏറെ തടസങ്ങളുണ്ടായെങ്കിലും നായകനാകാനുള്ള കാളിദാസിന്റെ കാത്തിരിപ്പ്‌ വെറുതേയായിട്ടില്ല. കലോത്സവ ഓര്‍മ്മകള്‍ക്ക്‌ അതനുഭവിച്ചിട്ടുള്ളവര്‍ക്ക്‌ എന്നും ഗൃഹാതുരത്വം നല്‍കുന്ന ഒന്നാണ്‌. കോളേജ്‌ കലോത്സവമല്ലേ. അതും നല്ല ചോരത്തിളപ്പുള്ള പിളളേരുടെ. അതു കൊണ്ടു തന്നെ പ്രണയവും അതിന്റെ പേരില്‍ വിദേശ ലൊക്കേഷനുകളിലെ പാട്ടും ആക്ഷനും സ്റ്റണ്ടുമൊന്നും ഈ ചിത്രത്തില്‍ പ്രതീക്ഷിക്കരുത്‌. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളേ പോലെ അല്ലെങ്കില്‍ അതിലും റിയലിസ്റ്റിക്കായിട്ടാണ്‌ എബ്രിഡ്‌ ഷൈന്‍ ഈ ചിത്രവും ഒരുക്കിയിട്ടുള്ളത്‌.

ഗൗതം എന്ന കോളേജ്‌ യൂണിയന്‍ ചെയര്‍മാന്റെ വേഷം കാളിദാസ്‌ ഗംഭീരമാക്കി എന്നു പറയാതെ വയ്യ. സാഹിത്യവും രാഷ്‌ട്രീയവും സമാസമം കലരുന്ന, ശാന്തത നിഴലിക്കുന്ന, പുഞ്ചിരിക്കുന്ന മുഖമുള്ള നായകനായി കാളിദാസ്‌ തിളങ്ങി. നായകന്‍ എന്നു കാളിദാസിനെ വിശേഷിപ്പിക്കാനാകുമോ എന്നു ചിലപ്പോഴെങ്കിലും നമ്മള്‍ സംശയിച്ചേക്കും. അത്രകണ്ട്‌ കഥാപാത്രങ്ങള്‍ വന്നു നിറയുന്ന ചിത്രമാണ്‌ പൂമരം.നായികയായി എത്തിയ നീതു പിള്ളയും തന്റെ റോള്‍ മികച്ചതാക്കി. സംഗീതത്തിന്‌ ഏറെ പ്രാധാന്യമുള്‌ ചിത്രത്തില്‍ ആദ്യന്തം സംഗീതം നിറഞ്ഞു നില്‍ക്കുന്നു. പ്രത്യേകിച്ച്‌ കവിതാലാപം.. ഞാനും ഞാനുമെന്റാളും എന്ന ഗാനവും തിയേറ്ററില്‍ കൈയ്യടി നേടുന്നുണ്ട്‌. നായകന്‍ എന്ന നിലയ്‌ക്ക്‌ കാളിദാസിനു കിട്ടിയ മികച്ച തുടക്കമാണ്‌ പൂമരം. കലാലയജീവിതത്തിന്റെ മധുരസ്‌മരണകള്‍ ഉള്ളിലുള്ള ആര്‍ക്കും ഈ പൂമരം ഇഷ്‌ടപ്പെടും.
































































































































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക