Image

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പ്രത്യേക ഉപവാസ പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 23-നു വെള്ളിയാഴ്ച

ജോയിച്ചന്‍ പുതുക്കുളം Published on 17 March, 2018
ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പ്രത്യേക ഉപവാസ പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 23-നു വെള്ളിയാഴ്ച
ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ "സ്ഥിരം സിനഡിന്റെ' നിര്‍ദേശത്തെ തുടര്‍ന്നു സഭയില്‍ സമാധാനം പുലരുന്നതിനായി മാര്‍ച്ച് 23-നു ശനിയാഴ്ച സഭാ മക്കള്‍ ഉപവസിച്ച് പ്രാര്‍ത്ഥിക്കും. ഇതു സംബന്ധിച്ചുള്ള, രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ സര്‍ക്കുലര്‍ മാര്‍ച്ച് 18-നു ഞായറാഴ്ച രൂപതയുടെ വിവിധ ഇടവകകളിലും, മിഷനുകളിലും വായിക്കുമെന്നു രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി അറിയിച്ചു.

"നാല്‍പ്പതാം വെള്ളി'യായ മാര്‍ച്ച് 23-നു രൂപതയിലും സഭാ സമൂഹത്തിലും ഉപവാസ പ്രാര്‍ത്ഥനാദിനമായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സഭാമക്കള്‍ ഇടവക ദേവാലയത്തിലോ, സമീപത്തുള്ള പള്ളികളിലോ, ചാപ്പലുകളിലോ, സ്വന്തം ഭവനത്തിലോ, ജോലി സ്ഥലത്തോ ആയിരുന്നുകൊണ്ട് സഭയുടെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണം. ഇതു നമ്മുടെ കടമയാണ്.

സഭയില്‍ സമീപ കാലയളവില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും, സഭയ്ക്ക് മുഴുവനും കടുത്ത ദുഖവും വേദനയും ഉണ്ടായ സാഹചര്യത്തിലാണ് ഈ പ്രാര്‍ത്ഥനാദിനാചരണം സംഘടിപ്പിക്കുന്നത്. പരസ്പരം മുറിപ്പെടുത്താതെ, സഭയിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നതിനായി ദൈവത്തോട് സഭാമക്കള്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കണമെന്നു മാര്‍ അങ്ങാടിയത്ത് സര്‍ക്കുലറിലൂടെ നിര്‍ദേശിക്കുന്നു. കര്‍ത്താവിന്റെ പീഡാസഹനങ്ങളെക്കുറിച്ച് ധ്യാനിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഈ കാലയളവില്‍ നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരമായും ഈ ഉപവാസ പ്രാര്‍ത്ഥനാദിനത്തെ സമീപിക്കാം. "കര്‍ത്താവാണ് നമ്മുടെ രക്ഷയും കോട്ടയും', ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ശക്തിപ്രാപിച്ച് മാത്രമേ തിന്മയെ നമുക്ക് കീഴ്‌പ്പെടുത്താനാവൂ എന്നു ബിഷപ്പ് തന്റെ സര്‍ക്കുലറിലൂടെ ഉദ്‌ബോധിപ്പിക്കുന്നു. ചാന്‍സിലര്‍ റവ. ഫാ. ജോണിക്കുട്ടി പുലിശേരി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക