Image

കരാര്‍ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേയ്ക്ക് അയച്ചില്ല; അഹ്മദി ബീഗം നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

Published on 19 March, 2018
കരാര്‍ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേയ്ക്ക് അയച്ചില്ല; അഹ്മദി ബീഗം നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: സ്വന്തം നാട്ടുകാരന്റെ വീട്ടില്‍ 2 വര്‍ഷം ജോലി ചെയ്തിട്ടും,  നാട്ടിലേയ്ക്ക്  തിരികെ അയയ്ക്കാത്തതിനാല്‍ വനിതാഅഭയകേന്ദ്രത്തില്‍ എത്തിയ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ഹൈദരാബാദ് സ്വദേശിനിയായ അഹ്മദി ബീഗമാണ് രണ്ടു മാസത്തെ വനിതാഅഭയകേന്ദ്രത്തിലെ താമസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു വര്‍ഷം മുന്‍പാണ് അഹ്മദി ബീഗം ദമ്മാമിലെ ഒരു ഹൈദരാബാദി  സ്വദേശിയായ ഡോക്ടറുടെ വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. 22 മാസത്തിലധികം  അവിടെ ജോലി ചെയ്ത അവര്‍, സ്വദേശത്ത്  മകളുടെ വിവാഹം ഉറപ്പിച്ചതിനെത്തുടര്‍ന്ന്, നാട്ടിലേയ്ക്ക് ഉടനെ അയയ്ക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ ഏറെ നിര്‍ബന്ധിച്ചിട്ടും ഡോക്ടര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ആ വീട്ടില്‍ നിന്നും പുറത്തു കടന്ന അവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസ് അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി.

അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് അഹ്മദി ബീഗം തന്റെ അവസ്ഥ വിവരിച്ച് നാട്ടിലേയ്ക്ക് തിരികെപ്പോകാന്‍ സഹായിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും ഡോക്ടറെ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും അയാള്‍   സഹകരിയ്ക്കാന്‍ തയ്യാറായില്ല. 

അയാളുടെ പിടിവാശി കാരണം അഹ്മദി ബീഗത്തിന്റെ അഭയകേന്ദ്രത്തിലെ താമസം നീണ്ടു പോയതിനെത്തുടര്‍ന്ന്, മഞ്ജു മണിക്കുട്ടന്‍ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ പോലീസ് വിഭാഗത്തെക്കൊണ്ട് ഡോക്ടറെ ഫോണില്‍  വിളിപ്പിച്ച്, ഉടനെ ഹാജരാകാന്‍ ഉത്തരവിടീപ്പിച്ചു. ഗത്യന്തരമില്ലാതെ  ഡോക്ടര്‍ അഭയകേന്ദ്രത്തില്‍  എത്തി. തുടര്‍ന്ന് അഭയകേന്ദ്രം അധികാരികളുടെ സാന്നിദ്ധ്യത്തില്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ഒടുവില്‍, അഹ്മദി ബീഗത്തിന് ഫൈനല്‍ എക്‌സിറ്റും, പാസ്സ്‌പോര്‍ട്ടും, കുടിശ്ശികയായ 4 മാസത്തെ ശമ്പളവും നല്‍കാന്‍ ഡോക്ടര്‍ സമ്മതിച്ചു. 

തുടര്‍ന്ന് നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി, അഹ്മദി ബീഗം സ്വന്തം ടിക്കറ്റില്‍ നാട്ടിലേയ്ക്ക് മടങ്ങി.



കരാര്‍ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേയ്ക്ക് അയച്ചില്ല; അഹ്മദി ബീഗം നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക