Image

ഇറാക്കില്‍ കാണാതായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

Published on 20 March, 2018
ഇറാക്കില്‍ കാണാതായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന്‌ കേന്ദ്ര സര്‍ക്കാര്‍
ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌ രാജ്യസഭയില്‍ അറിയിച്ചു. ഭീകരര്‍ തട്ടികൊണ്ടു പോയ ഇന്ത്യക്കാരാണ്‌ വധിക്കപ്പെട്ടത്‌. ഇവര്‍ ഇറാഖിലെ മൊസൂളില്‍ ബന്ദികളായിരുന്നു. ഇവരുടെ മൃതദേഹം കൂട്ടത്തോടെ കുഴിച്ച്‌ മൂടപ്പെട്ട നിലയിലായിരുന്നുവെന്നും മന്ത്രി അറിയിച്ചു. ഇതില്‍ 22 പേര്‍ പഞ്ചാബ്‌ സ്വദേശികളാണ്‌.

ഐഎസ്‌ ഭീകരാണ്‌ സംഭവത്തിന്റെ പിന്നില്‍. 2014 ല്‍ മൊസൂളില്‍ നിന്നാണ്‌ ഇവരെ ഭീകര്‍ തട്ടികൊണ്ടു പോയത്‌. പരിശോധനയിലൂടെ കൊല്ലപ്പെട്ടവരില്‍ 38 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഇവരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട്‌ പഞ്ചാബില്‍ നിന്നുള്ള ബന്ധുക്കളടക്കം കേന്ദ്ര സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു.

എന്നാല്‍ തട്ടിക്കൊണ്ട്‌ പോയ സ്ഥലത്ത്‌ നിന്നു പിന്നീട്‌ ഇവരെ അജ്ഞാത മേഖലയിലേക്ക്‌ മാറ്റുകയായിരുന്നുവെന്നും ഇവര്‍ക്ക്‌ അപായമൊന്നും സംഭവിച്ചിരിക്കാന്‍ വഴിയില്ലെന്നുമായിരുന്നു അന്ന്‌ സര്‍ക്കാര്‍ അറിയിച്ചിരുന്നത്‌. പിന്നീട്‌ വര്‍ഷങ്ങള്‍ക്ക ശേഷമാണ്‌ ഇവര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്‌.

ഐ എസ്‌ കൊലപ്പെടുത്തിയതിന്‌ ശേഷം കൂട്ടത്തോടെ കുഴിച്ച്‌ മൂടിയ ഇവരുടെ ഡി എന്‍ എ ടെസ്റ്റ്‌ നടത്തിയാണ്‌ മരിച്ചവര്‍ ഇന്ത്യാക്കാരാണെന്ന്‌ തിരിച്ചറിഞ്ഞത്‌. ഇതിനായി ഇന്ത്യയില്‌ നിന്നും ഡിഎന്‍എ സാമ്പിള്‍ ഇറാഖിലേക്ക്‌ അയച്ചിരുന്നുവെന്നും സുഷമ സ്വരാജ്‌ കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക