Image

ഓക്‌സിജന്‍ തീര്‍ന്നതിനാല്‍ രോഗി ശ്വാസം കിട്ടാതെ മരിച്ചു; സംഭവം തൃശൂരില്‍

Published on 21 March, 2018
ഓക്‌സിജന്‍ തീര്‍ന്നതിനാല്‍ രോഗി ശ്വാസം കിട്ടാതെ മരിച്ചു; സംഭവം തൃശൂരില്‍
 തൃശൂര്‍: ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ ആംബുലന്‍സിലെ ഓക്‌സിജന്‍ തീര്‍ന്നതിനാല്‍ ശ്വാസം കിട്ടാതെ രോഗി മരിച്ചു. തൃശൂര്‍ കാളത്തോട്‌ കെരേരക്കാട്ടില്‍ കെകെ സെബാസ്റ്റ്യനാണ്‌(64) ശ്വാസം കിട്ടാതെ ആംബുലന്‍സില്‍ വച്ച്‌ മരണപ്പെട്ടത്‌. കഴിഞ്ഞദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം.

ശ്വാസം മുട്ടലിനെ തുടര്‍ന്ന്‌ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സെബാസ്റ്റ്യനെ സ്വകാര്യ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴിയാണ്‌ ദാരുണമായ സംഭവമുണ്ടായത്‌. ജില്ലാ ആശുപത്രിയില്‍ നിന്ന്‌ ആംബുലന്‍സിലേക്ക്‌ കയറ്റിയപ്പോള്‍ ആശുപത്രി അധികൃതര്‍ ഓക്‌സിജന്‍ മാസ്‌ക്‌ ഊരിയെടുത്തെന്നാണ്‌ ബന്ധുക്കളുടെ ആരോപണം. ആംബുലന്‍സില്‍ ഓക്‌സിജന്‍ സൗകര്യമുണ്ടെന്ന്‌ പറഞ്ഞായിരുന്നു ആശുപത്രി അധിക!ൃതര്‍ നേരത്തെ ഘടിപ്പിച്ചിരുന്ന ഓക്‌സിജന്‍ മാസ്‌ക്‌ ഊരിയെടുത്തത്‌.

 എന്നാല്‍ ആംബുലന്‍സ്‌ പുറപ്പെട്ട്‌ രണ്ട്‌ കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും ഓക്‌സിജന്‍ തീര്‍ന്നു. തുടര്‍ന്ന്‌ ശ്വാസം കിട്ടാതെ സെബാസ്റ്റ്യന്‍ ആംബുലന്‍സിനുള്ളില്‍ വച്ച്‌ മരണപ്പെട്ടുവെന്നും, ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിന്‍ഡറില്‍ മതിയായ ഓക്‌സിജന്‍ ഇല്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന്‌ ശനിയാഴ്‌ച ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെബാസ്റ്റ്യനെ ആരോഗ്യനില ഗുരുതരമായതിനാലാണ്‌ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റാന്‍ നിര്‍ദേശിച്ചത്‌.

 ജില്ലാ ആശുപത്രിയുടെ ആംബുലന്‍സ്‌ തന്നെയാണ്‌ അധികൃതര്‍ യാത്രയ്‌ക്കായി ഒരുക്കിയിരുന്നത്‌. ഒരു അറ്റന്‍ഡറും ആംബുലന്‍സിലുണ്ടായിരുന്നു. എന്നാല്‍ ആംബുലന്‍സിലെ സിലിന്‍ഡറില്‍ മതിയായ ഓക്‌സിജന്‍ ഇല്ലെന്ന വിവരം ഇവര്‍ അറിഞ്ഞിരുന്നില്ലെന്നാണ്‌ ആരോപണം.

ആശുപത്രി അധികൃതരുടെ അലംഭാവത്തെ തുടര്‍ന്നാണ്‌ സെബാസ്റ്റ്യന്റെ മരണം സംഭവിച്ചതെന്ന്‌ ആരോപിച്ച്‌ ബന്ധുക്കള്‍ ജില്ലാ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു, പിന്നീട്‌ പോലീസെത്തിയാണ്‌ ഇവരെ ശാന്തരാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക