Image

പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ ... (വാല്‍ക്കണ്ണാടി : കോരസണ്‍ )

വാല്‍ക്കണ്ണാടി : കോരസണ്‍ Published on 24 March, 2018
 പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ ... (വാല്‍ക്കണ്ണാടി :  കോരസണ്‍  )
അനിന്തരവന്റെ കല്യാണത്തിനാണ് ഇക്കുറി നാട്ടില്‍ പോയത്. വിവാഹം പള്ളിയില്‍ വച്ചായിരുന്നെകിലും നഗരസഭ ഓഫിസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള കാര്യം ഏറ്റെടുത്തത്, മുന്‍പ് പഞ്ചായത്ത് ഓഫീസ് ആയിരുന്ന കെട്ടിടവും ഒത്തിരി ഓര്‍മ്മകള്‍ അവശേഷിപ്പിക്കുന്ന ഇടവുമായതിനാലാണ്. കൗണ്‍സില്‍ മെമ്പര്‍ മഹേഷ് എല്ലാ സഹായവും ചെയ്യാമെന്ന് ഏറ്റിരുന്നു; കേവലം ഒരാഴ്ചത്തെ അവധിക്കു മാത്രം നാട്ടില്‍ എത്തിയതായതിനാല്‍ അതായിരുന്നു ഏറ്റവും വലിയ ആശ്വാസവും. 

അത്യാവശ്യം വേണ്ട രേഖകള്‍ മഹേഷ് തന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു തയ്യാറാക്കിയിരുന്നു. മലയാളത്തില്‍ ഉള്ള അപേക്ഷ പൂരിപ്പിക്കാന്‍ കേരളത്തിന് പുറത്തു ജനിച്ചു വളര്‍ന്ന കുട്ടികള്‍ നന്നേ പാടുപെട്ടു. ഓഫീസിനു മുന്‍പില്‍ അപേക്ഷകള്‍ എഴുതികൊടുക്കാന്‍ സഹായിക്കുന്ന വികലാംഗനായ  ഒരാളുടെ ഒരു മിനിഓഫീസ് ഉണ്ട്. അവിടെ ഒന്ന് കാണിച്ചു ഒക്കെ ശരിയായി എന്ന് ഉറപ്പു വരുത്താമല്ലോ എന്ന് നിരുവിച്ചു. പഞ്ചായത്ത് ഓഫീസ് ആയിരുന്ന കാലത്തു പ്രധാന ഉദ്യോഗസ്ഥനായിരുന്ന എന്റെ പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങുവാനാണ് ഏറ്റവും ഒടുവില്‍ അവിടെ പോയിരുന്നത്. 

'അമ്പതു രൂപയുടെ മുദ്രപത്രം വാങ്ങിക്കൊണ്ടു പോരൂ, ബാക്കി ഒക്കെ ഞാന്‍ തയ്യാറാക്കാം, രണ്ടു സാക്ഷികളും വേണം' എന്ന് ഓര്‍മിപ്പിച്ചു, മിനി ഓഫീസ് നടത്തുന്ന സഹായി. സമയം പതിനൊന്നു മണി ആയപ്പോഴേക്കും കയറിച്ചെന്ന ഓരോ ആധാരമെഴുത്തു ആഫീസിലും മുദ്രപത്രം തീര്‍ന്നുപോയി എന്ന മറുപടി; ഒത്തിരി നിര്ബന്ധിച്ചിട്ടാണ് അതുതന്നെ ഒന്നു പറഞ്ഞുതരുന്നത്. ഇനി എന്ത് ചെയ്യും? അതിനു മറുപടിയുമില്ല. കുറെ അലഞ്ഞപ്പോള്‍ ഒരു ആള്‍ പറഞ്ഞുതന്നതനുസരിച്ചു അത്ര എളുപ്പം ഒന്നും കണ്ടുപിടിക്കാന്‍ സാധിക്കാത്ത ഒരു വീട്ടില്‍ നിന്നും മുദ്രപത്രം ലഭിച്ചു. 

ഏതോ ചടങ്ങുകള്‍ക്ക് പോയിരുന്ന മഹേഷ് അപ്പോഴേക്കും എത്തിയിരുന്നു. എന്തിനാ ഈ ഓട്ടം, ഇപ്പോള്‍ മുദ്രപത്രം ഒന്നും ആവശ്യമില്ലല്ലോ, ഒക്കെ നെറ്റില്‍ ഉണ്ടല്ലോ, ഏതായാലും ഇയാള്‍ക്ക് ഒരു സഹായമാകുമല്ലോ എന്ന് പറഞ്ഞു തുരുമ്പെടുച്ചു ദ്രവിച്ച ആ ഒറ്റയാള്‍ സഹായ നിലയത്തിന് മുന്‍പ് നിലയുറപ്പിച്ചു.  എവിടെനിന്നോ പാറി വന്ന കാറ്റില്‍ ദുര്‍ഗ്ഗന്ധം വമിക്കുന്നു.ഞാന്‍ മൂക്ക് പൊത്തി മഹേഷിന്റെ മുഖത്തേക്ക് നോക്കി. ഒരു ചെറു ചിരിയോടെ മഹേഷ്  അടുത്തുള്ള മതിലിന്റെ പിറഭാഗത്തേക്കു ചൂണ്ടിക്കാണിച്ചു.നഗര മധ്യത്തിലുള്ള ഈ സ്ഥലത്തേക്കാണ് ഇവിടെയുള്ള എല്ലാ മാലിന്യങ്ങളും ഇപ്പോള്‍ തള്ളുന്നത്. വേറെ ഒരു പോംവഴിയും ഇതുവരെ കണ്ടിട്ടില്ല. 

വില്ലേജ് കോടതിയുടെ സമീപത്താണ് ഈ മാലിന്യ കൂമ്പാരം. അതിന്റെ വ്യാപ്തി എന്ത് ഉണ്ട് എന്ന് കാണാന്‍ അങ്ങോട്ട് നോക്കിയപ്പോഴാണ് ട്രെയിനിന്റെ ഒരു വാഗണ്‍ പോലെ നീല നിറമുള്ള ഒരു സംഭവം കാടുപിടിച്ചു കോടതിക്ക് മുന്‍പില്‍ കിടക്കുന്നതു ശ്രദ്ധിച്ചത്. എബ്രഹാം ലിങ്കന്റെ പ്രസിദ്ധമായ ഗെറ്റിസ്ബര്‍ഗ് പ്രസംഗം ചെയ്ത പീഠത്തിന്റെ പുനാവിഷ്‌കാരം ആണെന്നാണ് ധരിച്ചത്. അടുത്തുചെന്നു വായിച്ചപ്പോഴാണ് മനസ്സിലാകുന്നത് , പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ 'ജില്ലാ ശുചിത്വ മിഷന്‍' പദ്ധതിയുടെ ഭാഗമായ 'മൊബൈല്‍ സാനിറ്ററി വാഗന്‍' ആണ് ഈ അത്ഭുത സംഭവം എന്ന് ! ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം അത്ഭുതങ്ങള്‍ പുരാവസ്തുക്കള്‍ പോലെ സൂക്ഷിച്ചിട്ടുണ്ടത്രെ!  

അനാവശ്യ ധൂര്‍ത്തിന്റെ മുഗ്ദ്ധ ഭാവമെന്നോ വികലമായ ആസൂത്രണത്തിന്റെ ശേഷക്രിയ എന്നോ വിശേപ്പിക്കാവുന്ന ഈ മൊബൈല്‍ സാനിറ്ററി വാഗണില്‍ കണ്ണ് മിഴിച്ചു നോക്കി നിന്ന എന്നെ മഹേഷ് തോണ്ടി വിളിച്ചു. നടുക്കത്തോടെ നോക്കിയപ്പോള്‍ നിസ്സംഗഭാവത്തോടെ മറ്റൊരു മഹാത്ഭുതം കാണാനായി എന്നെ ക്ഷണിച്ചു. 

മഞ്ഞ നിറത്തിലുള്ള ഒരു ക്യാബിന്‍ബോക്‌സ് ചപ്പു ചവറുകളുടെ മധ്യത്തില്‍ വച്ചിരിക്കുന്നു. 'കണക്ടഡ് ഇ  ടോയ്‌ലറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍  പത്തനംതിട്ട ജില്ലാ പഞ്ചായത്ത്'  ഭാരതത്തിലെ പ്രഥമ മാതൃകാ പദ്ധതി ! വെണ്ടയ്ക്ക അക്ഷരത്തില്‍ അതിനു പുറത്തു എഴുതി വച്ചിരിക്കുന്നു. അഭിമാനത്തോടെയും തെല്ലു അല്‍ഭുതത്തോടെയും മഹേഷിന്റെ മുഖത്തേക്ക് നോക്കി. ഞാന്‍ വിചാരിച്ചതിലും മുന്‍പേ എന്റെ നഗരം പുരോഗമനത്തിന്റെ പാതയിലായല്ലോ!!. 'ഒരിക്കലേ ഇത് ഉപയോഗിക്കേണ്ടി വന്നുള്ളു ,ഏതോ ദൗര്‍ഭാഗ്യത്തിനു ഒരു സ്ത്രീ ഇതില്‍ കയറി, പുറത്തിറങ്ങാനാവാതെ നാട്ടുകാര്‍ തല്ലിപ്പൊളിച്ചാണ് രക്ഷപെടുത്തിയത്രെ ! പിന്നെ ഇങ്ങനെ ഒരു മ്യൂസിയം സംഭവമായി ചവറുകളുടെ മദ്ധ്യത്തില്‍ ഇവന്‍ സമാധിയിലാണ്' മഹേഷ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപ വിലയുള്ള ഇത്തരം പദ്ധതികളുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അത് ശരിയായി നടപ്പിലാക്കാനുള്ള നിശ്ചയദാര്‍ഢ്യം ഇല്ല എന്നത് സമ്മതിച്ചേ തീരൂ. നികുതി പിരിച്ചു എടുക്കുന്ന ജനങ്ങളുടെ പണം ഇങ്ങനെ ഏതോ മായാ പദ്ധതികളിലൂടെ ഏതൊക്കെയോ കമ്പനിക്കാരുടെയും ഇടനിലക്കാരുടെയും അക്കൗണ്ടുകളില്‍ എത്തിച്ചേരുന്നത് കെടുകാര്യസ്ഥത എന്നല്ലാതെ എന്താണ് പറയേണ്ടത്.

പന്തളം സ്‌പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തു ആയിരുന്ന കാലത്തു നഗരസഭയായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ജനകീയ പ്രക്ഷോഭണത്തില്‍ വീണ്ടും അത് പഞ്ചായത് ആക്കപ്പെടുകയും കുറെ കാലത്തിനു ശേഷം തിരികെ നഗരസഭയായി തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ നഗരസഭ ആയി ഉയര്‍ത്തപ്പെട്ടതിന്റെ യാതൊരു ലാഞ്ഛനയും ഇപ്പോഴും എങ്ങും പ്രത്യക്ഷത്തില്‍ കാണാനില്ല. പൊതു സംവിധാനങ്ങള്‍ എല്ലാം അതേപടി തുടരുകയോ അല്ലെങ്കില്‍ മരവിച്ചതോ ആയ അവസ്ഥയിലാണ് നിലനില്‍ക്കുന്നത്. അരനൂറ്റാണ്ടിന് മുന്‍പ് എന്‍.എസ്സ്.എസ്സ് എന്ന മഹാപ്രസ്ഥാനം മുതല്‍മുടക്കി പണിതുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും പ്രൗഢമായി തന്നെ തലഉയര്‍ത്തി നില്‍ക്കുന്നു. 

പരമശിവന്റെയും മഹാവിഷ്ണുവിന്റെയും പുണ്യസംഗമത്തില്‍ ഉരുവായ ഹരിഹരന്‍ ശ്രീഅയ്യപ്പന്റെ പിള്ളത്തൊട്ടിലായ പന്തളം, തെന്നിന്ത്യയിലെ പ്രധാന പുണ്യഭൂമിയാണ്. പ്രസിദ്ധമായ കുറുന്തോട്ടയംചന്ത, മന്നം ഷുഗര്‍ മില്‍സ് എന്ന വ്യവസായ കേന്ദ്രം ഒക്കെകൊണ്ടു പന്തളം എന്നേ പ്രശസ്തമായിരുന്നു. എന്നാല്‍ മരവിച്ച വികസനത്തിന്റെ വേതാള കഥകളാണ് ഇന്നും പന്തളത്തെ തുറിച്ചു നോക്കുന്നത്. 

സമീപ പ്രദേശങ്ങള്‍ എല്ലാം ഒരുപടി മുന്നില്‍ കയറി പോയപ്പോഴും പന്തളം, ജീര്‍ണ്ണത ബാധിച്ച തറവാടുപുരപോലെ നില്‍ക്കുകയാണ്. നഗര മദ്ധ്യത്തു കാലങ്ങളായി അടഞ്ഞുകിടക്കുന്ന കടകള്‍! അവയുടെ പുറത്താകെ ഒട്ടിച്ചുവച്ചും പറിച്ചെടുത്തും തിരമാലപ്പതപ്പുകള്‍  പോലെ തോന്നുന്ന നോട്ടീസിന്റെ പാടുകള്‍, അവക്കിടയിലൂടെ തുറിച്ചു നോക്കുന്ന അവശേഷിച്ച കണ്ണുകള്‍!! കാലം എത്ര കഴിഞ്ഞാലും, കാതം എത്ര താണ്ടിയാലും,എസ്.കെ.സ്വാമിയുടെ ഹോട്ടലില്‍ നിന്നും കഴിച്ച മസാല ദോശയുടെ രുചി ഇന്നും പലരുടെയും സിരകളില്‍ കടന്നു വരാന്‍ വലിയ പ്രയാസമില്ല. അതിനടുത്ത കടയായ ബാറ്റാ ഷൂ കടയും മനോരമയുടെ പത്രക്കടയും മറ്റും പന്തളംകാരുടെ സ്വകാര്യ ഇഷ്ട്ട ഇടങ്ങളായിരുന്നു.  

പന്തളം കെ.എസ്.ആര്‍.ടി.സി. ബസ്സ്‌റ്റേഷന്‍ കണ്ടാല്‍ ഏതോ ഗുഹാകേന്ദ്രത്തിന്റെ വന്യത ജനിപ്പിക്കും.ബസ് മുഴുവനായി മുങ്ങി താഴാനാവുന്ന ഗര്‍ത്തങ്ങള്‍ ചന്ദ്രപ്രതലം എങ്ങനെയിരിക്കാമെന്ന് കുട്ടികള്‍ക്ക് കാട്ടികൊടുക്കാനുള്ള മാതൃകയാണ്. അതിനു മുന്നിലുള്ള പ്രസിദ്ധമായിരുന്ന  അശ്വതി ടാക്കീസിന്റെ സ്മാരക ശിലകള്‍ കാടുകയറി കിടക്കുന്നു. നഗര മദ്ധ്യത്തിലുള്ള ഈ പുതുകാവ് പ്രകൃതി സ്‌നേഹികള്‍ക്ക് സന്തോഷം പകരും എന്നതില്‍ തര്‍ക്കമില്ല. തിരക്കുപിടിച്ച ജംഗ്ഷനില്‍ ശൂന്യാകാശത്തുനിന്നു വന്നു പതിച്ച ഉല്‍ക്കകള്‍ പോലെ തറഞ്ഞു നില്‍ക്കുന്ന സിമന്റ് കോണുകള്‍, അവയില്‍ ചിരിച്ചു കൈവീശി നില്‍ക്കുന്ന ജനനേതാക്കളുടെ കൂറ്റന്‍ കട്ടവിട്ടുകള്‍ ! പഴയ പഞ്ചായത്തു ഓഫീസിന്റെ അതേ  കെട്ടിടത്തില്‍ നിലയുറപ്പിച്ച നഗരസഭാ കെട്ടിടത്തില്‍ വളരെ പരിമിതമായ സംവിധാനങ്ങള്‍ മാത്രമേ ഇന്നുള്ളൂ. ജനപ്രതിനധികള്‍ക്കു സ്വസ്ഥമായി ഇരുന്നു പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനപരമായ  സഹായക്കാരോ സംവിധാനങ്ങളോ അവിടെ കാണാനില്ല. വികസനം എന്ന വാക്കിന് മരവിപ്പ് എന്ന അര്‍ത്ഥം ആരോ അറിയാതെ കല്‍പ്പിച്ചെങ്കില്‍ അത് പത്തനംതിട്ട ജില്ലയിലെ ഈ പുണ്യനഗരത്തെക്കുറിച്ചാണെന്നു മടികൂടാതെ പറയാം. 

പന്തളത്തിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുത്ത പൂഴിക്കാട് ചിറയുടെ ഭംഗി ലോകോത്തരമാണെന്നു, ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചവര്‍ സമ്മതിക്കും. ഇവിടെ ഉണ്ടാക്കപ്പെട്ട പൊതു തോട്ടങ്ങളും, മല്‍സ്യ ഫാമുകളും, മിനി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ പദ്ധതികള്‍ മുഴുവന്‍ കാലത്തിന്റെ  കുത്തൊഴുക്കില്‍ അപ്രത്യക്ഷമായി. ഇവിടെ ഇന്ന് പൊതു  സ്വകാര്യ പദ്ധതിയില്‍ നടപ്പാക്കാവുന്ന പാര്‍പ്പിട സമുച്ഛയങ്ങള്‍, ലോകോത്തര കായികവിനോദ വ്യവസായങ്ങള്‍,ഭക്ഷണശാലകള്‍, തുടങ്ങി ഒരു മദ്ധ്യവര്‍ഗ്ഗ  ജീവിതത്തിനു അനുകൂലമായ കാലാവസ്ഥ സൃഷ്ട്ടിക്കാന്‍ കഴിയണം. പൊതു മാലിന്യ സംസ്‌കരണത്തിനുള്ള പ്ലാന്റ് ഉണ്ടാകണം. നിരത്തുകളില്‍, യാത്രക്കാര്‍ അപകടം കൂടാതെ കടന്നുപോകാനുള്ള സന്നദ്ധ സേവകരെ നിയോഗിക്കണം. 

വന്‍കിട വ്യവസായികളെ ഇവിടേയ്ക്ക് ആകര്‍ഷിച്ചു കൊണ്ടുവരാനുള്ള ഉദാരസമീപനം കൊണ്ടുവന്നാല്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും. കുടിവെള്ളക്ഷാമം ഉണ്ടാവാതെ ക്രമീകൃതമായ പൊതുജല വിതരണം, തണ്ണീര്‍ത്തട സംസ്!കാരം, ജൈവവള കൃഷികള്‍ പ്രോത്സാഹിപ്പിക്കുക, കുട്ടികളില്‍ സമ്പാദ്യശീലവും പരിതഃസ്ഥിതിയെ സംരക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും നിരന്തരം നല്‍കുക ഒക്കെ നഗര സഭയുടെ ലക്ഷ്യമാണെങ്കിലും, ഇവ ക്രമീകൃതമായി നടപ്പിലാകുന്നുവോ എന്ന് പരിശോധിക്കാനുള്ള പൊതു സംവിധാനം ഉണ്ടാവണം. രാഷ്ട്രീയ ലക്ഷ്യം വച്ച് മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കൂട്ടായി ചെറുക്കാന്‍ മത നേതാക്കളുടെ സംയുക്ത യോഗങ്ങള്‍ നിരന്തരം സംവേദിക്കണം. തിരികെ എത്തുന്ന പ്രവാസികള്‍ക്ക് മുന്‍ഗണന കൊടുത്തു മുതല്‍ മുടക്കാന്‍ എല്ലാ സാഹചര്യവും സഹായവും നല്‍കണം.   
 
ബന്തും പണിമുടക്കുകളും നമുക്ക് തല്ക്കാലം ഉപേക്ഷിക്കാം എന്ന പൊതു രാഷ്ട്രീയ ധാരണ ഉണ്ടാക്കണം. വിശ്രമ വിനോദത്തിനായി പൊതു ഇടങ്ങള്‍, പാര്‍ക്കുകള്‍ ഉണ്ടാവണം, ഇവിടൊക്കെ മതിയായ സുരക്ഷിതത്വം ഉറപ്പാക്കണം. മഹനീയത നിലനിര്‍ത്താനുതകുന്ന മ്യൂസിയം ,വായനശാല, കായിക പരിശീലന കേന്ദ്രങ്ങള്‍ ഒക്കെ പൊതു  സ്വകാര്യ സമ്മിശ്ര തലത്തില്‍ നടപ്പിലാക്കാം. ശുചിത്വത്തെ പ്പറ്റി അവബോധം ഉണ്ടാക്കുന്ന പരിപാടികളില്‍ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ പങ്കെടുക്കണം. എല്ലാ കാര്യങ്ങള്‍ക്കും ഒരു  പൊതു മാനദണ്ഡം ഉണ്ടാക്കുകയും, അതില്‍ എത്തുന്നവരെ അംഗീകരിക്കുകയും ചെയ്യണം; ഇല്ലാത്തവ ചോദ്യം ചെയ്യപ്പെടണം. എല്ലാ അടിസ്ഥാന വിവരങ്ങളും അടങ്ങുന്ന വെബ്‌സൈറ്റ് നവീകരിച്ചുകൊണ്ടേയിരിക്കണം. 

സ്വദേശികള്‍ക്കും വിദേശികള്‍ക്കും എളുപ്പത്തില്‍ നടത്തിയെടുക്കാവുന്ന സര്ട്ടിഫിക്കേറ്റ് സംവിധാനം ഉണ്ടാവണം. പെട്ടന്ന് നല്‍കപ്പെടുന്ന സര്ടിഫിക്കറ്റുകള്‍ക്കു കൂടുതല്‍ ചാര്‍ജ് ഈടാക്കാം. എല്ലാവരെയും സ്വാഗതം ചെയ്യുന്ന തുറന്ന സമീപനം ഒരു നഗരലക്ഷ്യം ആയി തന്നെ പരിഗണിക്കണം. വലിയ കമ്പനികളുടെ ഏജന്‍സികള്‍ തുടങ്ങാനായുള്ള ഉദാര നയങ്ങള്‍ കൊണ്ടുവരണം. അവ കൊണ്ടുവരാനുള്ള കൂട്ടായ ശ്രമം ഉണ്ടാവണം. ടൗണിലെ ഗതാഗതകുരുക്ക്  കുറക്കാനുള്ള സംവിധാനങ്ങള്‍ കൊണ്ടുവരണം. പന്തളത്തെ പ്രവാസികളെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉള്‍കൊള്ളിക്കാനുള്ള സംവിധാനം ഉരുത്തിരിയണം. പന്തളത്തിന്റെ മാത്രം വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന മാധ്യമം ഉണ്ടാവണം. 

ഒന്‍പതാം നൂറ്റാണ്ടുമുതലുള്ള ചേതോഹരമായ പ്രൗഢകഥകള്‍ പള്ളിഉറങ്ങുന്ന പന്തളം രാജവംശത്തിന്റെ സിരാകേന്ദ്രമായ വലിയകോയിക്കല്‍ കൊട്ടാരം ഇന്നും ഇവിടെ നിലനില്‍ക്കുന്നു. രാജകുമാരനായ മണികണ്ഠന്‍, പന്തളത്തുനിന്നും ശബരിമലയിലേക്ക് പോകേണ്ടിവന്നകഥകള്‍ കോറിയിട്ട ചരിത്രം പ്രതിധ്വനിക്കുന്ന ഈ പുണ്യഭൂമിക്കു എന്തേ ഒരു ശാപമോക്ഷം കിട്ടാതെ പോകുന്നത് എന്ന് ഓര്‍ത്തു പോയിട്ടുണ്ട്. 

'ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകേണം പാവമാം എന്നെ നീ കാക്കുമാറാകണം' കാലത്തെ  അതിജീവിക്കുന്ന ഈ പ്രാര്‍ഥനാമന്ത്രങ്ങള്‍ മഹാകവി പന്തളം കേരളവര്‍മ്മ തമ്പുരാന്റെ വിരലുകളിലൂടെയാണ്  മലയാളത്തിന് സമ്മാനമായത്. 'അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തി' പ്രപഞ്ച സത്യങ്ങള്‍ കോര്‍ത്തിണക്കിയ പരിശുദ്ധ വേദാന്തം മലയാളത്തിനു നിവേദിച്ചതു യശ്ശശരീനായ പന്തളം കെ. പി. രാമന്‍ പിള്ള ആയിരുന്നു. രാജാ രവിവര്‍മ്മയുടെ രതിഭാവം പ്രതിബിംബിച്ച നൂറുകണക്കിന് എണ്ണശ്ചയാ ചിത്രങ്ങള്‍ കൊണ്ട് വര്‍ണ്ണചാമരം വിരിയിച്ച ആര്‍ട്ടിസ്‌റ്  വി .എസ്. വല്യത്താന്റെ ചിത്രശാല പന്തളത്തിന്റെ കലാനിധിയാണ്. ഈ അതുല്യ പ്രതിഭകളുടെ സ്മരണ നിലനിര്‍ത്തുന്ന സ്മാരകങ്ങള്‍ ഒന്നും നഗരഹൃദയത്തില്‍ കൊത്തിവച്ചിട്ടില്ല. അതുകൊണ്ടു തന്നെ പന്തളത്തെ പുതിയ തലമുറയ്ക്ക് ഇവര്‍ അപരിചിതര്‍ ആയെങ്കില്‍ അത്ഭുതപ്പെടാനുമില്ല.

സാഹിത്യവും കലയും മാത്രമല്ല, മലയാളത്തിലെ ആക്ഷേപ ഹാസ്യത്തിനും പുത്തന്‍ കരുത്തേകിയ പി. കെ. മന്ത്രിയുടെ 'പാച്ചുവും കോവാലനും ' പിച്ചവച്ചു നടന്നത് ഈ നാട്ടില്‍ നിന്ന് തന്നെയാണ്. രേഖാ ചിത്രങ്ങളിലൂടെ നര്‍മ്മത്തില്‍ ചാലിച്ച ചിന്തകള്‍ അടുക്കിവെച്ച 'സരസന്‍' ഈ പ്രദേശത്തുനിന്ന് തന്നെയാണ് സഞ്ചരിച്ചു തുടങ്ങിയത്. കമ്യൂണിസ്‌റ് ചിന്തകളുടെ അകത്തളത്തില്‍ വിരാജിച്ച എം.എന്‍. ഗോവിന്ദന്‍നായര്‍, സമുന്നത കോണ്‍ഗ്രസ്  നേതൃത്വ നിലയിലേക്ക് ഉയര്‍ന്ന പന്തളം സുധാകരന്‍ ഒക്കെ പന്തളത്തിന്റെ സ്വന്തം രാഷ്ട്രീയ രസക്കൂട്ടുകള്‍ തന്നെയാണ്.    

ആടുജീവിതത്തിലൂടെ ലോകശ്രദ്ധ നേടി, സാഹിത്യലോകത്തു തന്റേതായ ഇടം നേടിയെടുത്ത പ്രതിഭ ബന്യാമിനും, 'വീട്ടിലേക്കുള്ള വഴി' എന്ന ചലച്ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും അന്തര്‍ദേശീയ അംഗീകാരങ്ങളും നേടിയ ഡോ. ബിജുകുമാര്‍, പടയണിയുടെ ഇതിവൃത്തം ജനഹൃദയത്തില്‍ കളമെഴുതി ചേര്‍ത്ത പ്രൊഫ. കടമ്പനിട്ട വാസുദേവന്‍ പിള്ളയും പുതിയ തലമുറയിലൂടെ പന്തളത്തിന്റെ ദീപശിഖ തെളിയിച്ചു നില്‍ക്കുന്നു. 

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പാണ്ഡ്യരാജാക്കന്മാരോടൊപ്പം ചേക്കേറിയ മുസ്ലിം കച്ചവടക്കാര്‍, കുറവലങ്ങാട്ടുനിന്നു കുടിയേറിയ സുറിയാനി ക്രിസ്ത്യാനികള്‍, നാട്ടറിവിന്റെ നേരുള്ള അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ ഒക്കെ മതസൗഹാര്‍ദ്ദത്തിന്റെ നാരുകള്‍ ചേര്‍ത്തു നെയ്‌തെടുത്ത 97 ശതമാനം സാക്ഷരതയുള്ള, രാഷ്രീയ അവബോധമുള്ള  ഒന്നാന്തരം ഒരു മനുഷ്യകൂട്ടമാണ് ഈ നാടിന്റെ കരുത്തും പ്രതീക്ഷയും. എന്നാല്‍ ഈ നാടിന്റെ സ്പന്ദനങ്ങള്‍ ഉള്‍കൊണ്ട ദീര്‍ഘവീക്ഷണം ഉള്ള ഒരു നേതൃത്വ നിരയുടെ അഭാവം ഇവിടെ അനുഭവപ്പെടുന്നുണ്ട്. നാടിന്റെ പുരോഗതിയെപ്പറ്റി സ്വപ്നങ്ങള്‍ കാണുന്നത് നല്ലതുതന്നെ, ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും തെളിയുന്ന പന്തളം ജംക്ഷനിലെ വമ്പന്‍ എല്‍. ഇ.ഡി. വിളക്കു പോലെ, തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പ്രേതഗോപുരമായി നാട്ടുകാരെ കൊഞ്ഞനം കാട്ടുന്ന ഇരുളടഞ്ഞേ പ്രേതഗോപുരമായി തീരാതെയാവട്ടെ അവ.  

പന്തം കൊളുത്തിത്തന്നെ നമുക്ക് പടക്കൊരുങ്ങാം.

കോരസണ്‍.
 പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ ... (വാല്‍ക്കണ്ണാടി :  കോരസണ്‍  )
Benyamin
 പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ ... (വാല്‍ക്കണ്ണാടി :  കോരസണ്‍  )
Dr.Biju
 പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ ... (വാല്‍ക്കണ്ണാടി :  കോരസണ്‍  )
E- Toilet
 പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ ... (വാല്‍ക്കണ്ണാടി :  കോരസണ്‍  )
E-Toilet Notice
 പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ ... (വാല്‍ക്കണ്ണാടി :  കോരസണ്‍  )
M.N.GovindenNair
 പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ ... (വാല്‍ക്കണ്ണാടി :  കോരസണ്‍  )
Mobile sanitary Wagon with Councilor Pandalam Mahesh
 പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ ... (വാല്‍ക്കണ്ണാടി :  കോരസണ്‍  )
Pandalam Sudhakaran
 പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ ... (വാല്‍ക്കണ്ണാടി :  കോരസണ്‍  )
Pandalam Kerala Varma
 പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ ... (വാല്‍ക്കണ്ണാടി :  കോരസണ്‍  )
Pandalam palace
 പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ ... (വാല്‍ക്കണ്ണാടി :  കോരസണ്‍  )
PK MANTHRI WORK
 പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ ... (വാല്‍ക്കണ്ണാടി :  കോരസണ്‍  )
Sanitation Wagon
 പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ ... (വാല്‍ക്കണ്ണാടി :  കോരസണ്‍  )
v.s valyathan
Join WhatsApp News
Sudhir Panikkaveetil 2018-03-24 10:53:39
മനുഷ്യർക്ക് ഉപദ്രകരവും പ്രയോജനരഹിതവുമായ ഒത്തിരി നിയമങ്ങൾ ഉണ്ടാക്കിയത്കൊണ്ടാണ് കൈക്കൂലിയും   അഴിമതിയും ഭാരതത്തിൽ വർധ്ധിച്ചത്. അതൊക്കെ നിരോധിച്ചാൽ കൈക്കൂലി മുക്കാൽ ഭാഗമെങ്കിലും നിന്നുപോകും. കേരളത്തിന്റെ അവസ്ഥയെക്കുറിച്ച് എത്രയോ ഭംഗിയായി ശ്രീ കോ ര സ ണ്  എഴുതിയിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്ന് ടൂറിസം വിഭാഗക്കാർ കച്ചവട തന്ത്രത്തിന്റെ പേരിൽ പടച്ചു വിട്ട പ്രയോഗം കുഴിച്ച് മൂടാറായി. ശ്രീ കോ ര സ നിൽ നിന്നും ഇനിയും നല്ല നല്ല ലേഖനങ്ങൾ വായനക്കാർക് ലഭ്യമാകട്ടെ.
Amerikkan Mollaakka 2018-03-24 14:42:32
ഞമ്മടെ കേരളം നാട് നന്നാകണ ലക്ഷണം കാണുന്നില്ല. ഇങ്ങളെപോലെയുള്ള എയ്‌ത്തുകാർ കണ്ടെതെല്ലാം എയ്തി മനുസ്സന്മാരെ സംഗതികൾ അറീക്കാ. ഇമ്മടെ അമേരിക്കൻ
മലയാളി ഇക്കാമാർ നാട് നന്നാക്കാൻ നടക്കുമ്പോൾ ഇങ്ങള് എയ്തിയിത് കാണുന്നില്ല എങ്ങനെ കാണും  ഓനൊക്കെ  നോക്കുന്നത് കാമറാമേലേക്ക് അല്ലെ. നല്ല മൊഞ്ചുള്ള പടം പത്രത്തിൽ ബാരണം അല്ലാതെന്തു. ഞമ്മടെ രണ്ട് ബീവിമാർ നാട്ടിലാണ്. ഞമ്മള് അതുകൊണ്ട് ഇടക്കൊക്കെ പോകും. ഞമ്മന്റെ ബാപ്പാടെ കയ്യിൽ കായുണ്ടായിരുന്നത്കൊണ്ട് കണ്ണായ സ്ഥലത്ത് നല്ല ബംഗ്ളാവും ബെലക്കാരുമുണ്ട്. ഞമ്മള് അബടെ അങ്ങനെ ബീവിമാരും അവരുടെ അത്തറിന്റെ മണവുമായി കയ്യും. അതുകൊണ്ട് ഇങ്ങളെപോലുള്ളവർ എയ്തി അയക്കുന്ന ബിഭരമേ ഉള്ളു.  ഇങ്ങടെ എയ്ത്ത് നന്നായെക്കണ്. അസ്സാലാമു അലൈക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക