Image

അയ്യോ ! പറ്റിച്ചേ.... (പഴയകാല രചന: സുധീര്‍ പണിക്കവീട്ടില്‍)

Published on 31 March, 2018
അയ്യോ ! പറ്റിച്ചേ.... (പഴയകാല രചന: സുധീര്‍ പണിക്കവീട്ടില്‍)
''നിങ്ങളുടെ ഷൂ ലെയ്‌സ് അയഞ്ഞ് കിടക്കുന്നു'

അത് കേട്ട് താഴെക്ക് നോക്കുന്നയാളിനെ നോക്കി മറ്റെയാള്‍ വിളിച്ചുകൂവ്വുന്നു. ഏപ്രില്‍ ഫൂള്‍.മാര്‍ക്ക് റ്റ്വയിന്‍ ഏപ്രില്‍ ഫൂള്‍ ദിവസത്തെപ്പറ്റി പറഞ്ഞത് : മറ്റ് ദിവസങ്ങളില്‍ നാം എന്താണോ അതാണു ഈ ദിവസം ഓര്‍മ്മിപ്പിക്കുന്നതെന്ന്.

മാര്‍ച്ച് 32 ! അത് ശരിയല്ല ഏപ്രില്‍ ഒന്ന് എന്ന് പറയുന്നതാണു് ശരിയെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ മറ്റുള്ളവര്‍ ചിരിക്കുന്നു. ഇവന്‍ ഏത് കോത്താഴത്ത്കാരന്‍ എന്നു പുരികമുയര്‍ത്തുന്നു. ശരിയെന്ന് വളരെ പേര്‍ കരുതുന്നതിനു വിപരീതമായി ആരെങ്കിലും പറയുകയോ പ്രവ്രുത്തിക്കുകയോ ചെയ്യുമ്പോള്‍ അറിവിന്റെ തുലാസ്സ് തട്ടുകള്‍ ആടുന്നു. മാസങ്ങള്‍ക്ക് കൊടുത്തിട്ടുള്ള ദിവസങ്ങള്‍ തുല്യമല്ലാത്തതിനാല്‍ മാര്‍ച് 32 എന്ന് പറയുന്നത് ഒരു വിഢിത്വമല്ലെന്നും ചിലര്‍ ചിന്തിക്കുന്നു. മനുഷ്യരെ മനുഷ്യര്‍ തന്നെ ആശയക്കുഴപ്പത്തിലാക്കുന്നത് അവര്‍ക്ക് വിനോദമാണ്.

ആളുകളെ കബളിപ്പിക്കുന്നതും വിഢികളാക്കുന്നതും തുടങ്ങിയെതെന്നു മുതല്‍ എന്ന് ക്രുത്യമായി പറയാന്‍ കഴിയില്ല. ഏപ്രില്‍ ഒന്നിനു എത്രയോ പേരെ നമ്മള്‍ പറ്റിച്ചിരിക്കുന്നു. തിയ്യതികള്‍ ഓര്‍ത്ത് വക്കുന്നവര്‍ക്ക് പോലും അങ്ങനെ ഒരനുഭവം വരുന്നില്ലെന്ന് ഉറപ്പിച്ച് പറയാമൊ? ഇല്ല. വായനക്കാര്‍ക്ക് ഓര്‍മ്മ കാണും 1998 ഏപ്രില്‍ ഒന്നിനു ബര്‍ഗര്‍ കിംഗ്്ഒരുപരസ്യമിറക്കി. അവര്‍ ഇടത്ത് കയ്യന്മാര്‍ക്കവേണ്ടി മസാലകള്‍ 180 ഡിഗ്രിയില്‍ചരിച്ച്‌വച്ച് ഒരുവോപ്പറുണ്ടാക്കുന്നുവെന്നു. (Whopper ) പിറ്റേന്ന് സത്യാവസ്ഥഅവര്‍ പുറത്ത്‌വിട്ടെങ്കിലുംആയിരക്കണക്കിനുഇടത്ത്കയ്യന്മാര്‍ അതാവശ്യപ്പെട്ടിരുന്നു.

ഹര്‍ഷപൂര്‍ണ്ണമായ ഒരു ഹ്രുദയം മരുന്നിന്റെ ഫലം ചെയ്യുന്നു എന്നാണു് ബൈബിള്‍പറയുന്നത്.. ചിരിക്കുന്നത് ആരോഗ്യത്തിനു നല്ലതാണു്. അതുകൊണ്ട് ചിരിക്കാന്‍, സ്വയം വിഢ്ഢിയാകാന്‍, ആരെയെങ്കിലും വിഢ്ഢിയാക്കാന്‍ ഒക്കെ ഈദിവസം ഉപയോഗിക്കുക..ചിരസ്ഥായിയായ ഒരു ഫലിത ബോധമില്ലാതെ ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്ക് ഒരുമിച്ച് ജീവിക്കുക പ്രയാസമാണെന്ന് ചാള്‍സ്് ഡിക്കന്‍സ് എഴുതുന്നു. അവര്‍ ഓരോരുത്തരും ഓരോ വിഡ്ഢികകളാണെന്ന് കണ്ടെത്തുക മാത്രമല്ല മഹാവിഡ്ഢികളാണെന്ന തിരിച്ചറിവും അവര്‍ക്കുണ്ട്. വളരെ വിപുലമായ ഈ മൂഢത്വമാണത്രെ നാം സ്‌നേഹിക്കയും വിശ്വസിക്കുകയും ചെയ്യുന്നവരില്‍ കാണുന്നത്. അതാണത്രെ നശിക്കാത്ത സ്‌നേഹത്തിന്റേയും ബഹുമാനത്തിന്റേയും ആധാരം.എന്നാണു് ഈ വിഡ്ഢിദിനത്തിന്റെ ആരംഭം എന്നതിനു ചരിത്രപരമായി തെളിവുകള്‍ ഇല്ല. മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ അവര്‍ പരസ്പരം പറ്റിച്ചിരുന്നു എന്ന് ഊഹിക്കാവുന്നതാണ്. പിന്നെ സംസ്കാരങ്ങള്‍ ഉരുതിരിഞ്ഞ് വന്നപ്പോള്‍ ആ പറ്റിക്കല്‍ ഒരു ദിവസത്തേക്ക് മാറ്റി വച്ച് കാണും. ഇങ്ങനെ ഓരോന്നിനായി ദിവസങ്ങള്‍ ഉഴിഞ്ഞ് വക്കുമ്പോള്‍ 365 ദിവസം പോരാതെ വരും. ജീവിതം ഒരു കാര്‍ണിവല്‍ പോലെ സുന്ദരമാകാന്‍ വഴി കാണുന്നുണ്ട്.എങ്കിലും ചില കഥകള്‍ ഈ ദിവസത്തെ ചുറ്റിപറ്റി നില്‍ക്കുന്നുണ്ട്.ധാരാളം കഥകളില്‍ ഒരെണ്ണത്തിന്റെ ചുരുക്കം താഴെ കൊടുക്കുന്നു.(സ്വതന്ത്ര പരിഭാഷ -ലേഖകന്‍)

1392 ല്‍ ജ്യോഫ്രി ചോസ്സര്‍ തന്റെ കാന്റെര്‍ബറി കഥകളില്‍ ഒന്നിലെ ഒരു വരി വായ്‌നക്കാര്‍ക്ക് ആശയകുഴപ്പമുണ്ടാക്കിയിട്ടുണ്ട്. മാര്‍ച്ച് മാസം കഴിഞ്ഞ് മുപ്പത്തിരണ്ടാം ദിവസം അതായത് മേയ് 2 ആണോ അതോ മാര്‍ച്ച് മാസത്തിലെ മുപ്പത്തിരണ്ടാം ദിവസമാണോ ( ഏപ്രില്‍ 1) കഥ നടക്കുന്നത് എന്ന് കവി ഉദ്ദേശിച്ചിരിക്കുന്നത് എന്ന് ഇപ്പോഴും സംശയത്തിലാണു്. മാര്‍ച്ച് മാസത്തിലെ മുപ്പത്തിരണ്ടാം ദിവസമായിരിക്കും കഥ നടന്നതെന്ന് കഥയുടെ സ്വഭാവം ഉറപ്പിക്കുന്നു.അഹങ്കാരിയും പൊങ്ങച്ചക്കാരനുമായ ഒരു പൂവ്വന്‍ കോഴിയെ ചുറ്റിപറ്റിയുള്ള കഥയിലൂടെ മനുഷ്യര്‍ക്കുള്ള ദുരഭിമാനവും, ദംഭും, അഹങ്കാരം മൂലം അവര്‍ക്ക് നഷ്ടപ്പെടുന്ന ജ്ഞാനവും ഏറെ ഹാസ്യരസപ്രധാനമായ ഈ കഥയില്‍ ചിത്രീകരിച്ചിരിക്കുന്നു.

വ്രുദ്ധയായ ഒരു വിധവയും അവരുടെ രണ്ട് പെണ്‍മക്കളും ഉപജീവനത്തിനായി ആടു്, പശു, കോഴി എന്നിവയെ വളര്‍ത്തിയിരുന്നു. കോഴികളില്‍ ഒരു പൂവ്വനും പിന്നെ ഏഴ് പിടകളുമുണ്ടയിരുന്നു. പൂവ്വന്‍ കോഴിക്ക് സ്പഷ്ടമായി പാടുന്നവന്‍ എന്നര്‍ത്തമുള്ള പേരാണു നല്‍കിയിരുന്നത്.. ഈ പൂവ്വന്‍ മനോഹരമായ അങ്കവാലും, പൊന്നിന്‍ നിറമുള്ള ചിറകുകളും, ഉച്ചികുടുമക്ക് നല്ല പവിഴ ചോപ്പും ഒക്കെയുള്ള ഒരു സുന്ദര വിഢ്ഢിയായിരുന്നു.. അത് കൊണ്ട് അല്‍പ്പം പൊങ്ങച്ചവും അഹംഭാവവുമുണ്ടായിരുന്നു.

സുന്ദരിമാരായ പിടകളുമൊത്തുള്ള രാസലീല കഴിഞ്ഞ് ആ സുരതാലസ്യത്തില്‍ മയങ്ങിപോയ പൂവ്വന്‍ ഒരു ദുഃസ്വപ്നം കണ്ടു പേടിച്ച് നിലവിളിച്ചു. '' എന്നെ കുറുക്കന്‍ പിടിച്ചേ"... അനുരാഗലോലയായി അരികില്‍ പറ്റികിടന്നിരുന്ന അവന്റെ പ്രിയഭാജനം ആഅപശബ്ദംകേട്ട്ഉണര്‍ന്ന്അവനെസമാധ ാനിപ്പിക്ലു. ആവശ്യത്തില്‍ കൂടുതല്‍ വാരിവലിച്ച് തിന്നിട്ട് ദഹനകേട്‌കൊണ്ട് ഓരോന്നുതോന്നുകയാണു. പുലരിവെളിച്ചം സ്വപ്നംകണ്ടുകൊണ്ട്‌സുഖമായി ഉറങ്ങുക. പിടയുടെ തേന്മൊഴി ആശ്വാസ പ്രദമായിരുന്നെങ്കിലും പെണ്ണുങ്ങള്‍ പറഞ്ഞത് അനുസരിച്ചാല്‍ പറുദീസ നഷ്ടപെടുമല്ലോ എന്നൊക്കെ പൂവ്വന്‍ ഓര്‍ത്തുവത്രെ. എന്തായാലും നേരം വെളുത്തു. പിടകളില്‍ ഒരുവള്‍ ഇര തേടി നടക്കുമ്പോള്‍ ഒരു കുറുക്കന്‍ അവളെ തന്നെ സൂക്ഷിച്ച് നോക്കുന്നു. എഴുത്തുകാരന്‍ സക്കറിയ ഒരു കഥയില്‍ എഴുതിയ വരികള്‍ വായനക്കാര്‍ ഓര്‍മ്മിക്കുക. '' എന്റെ കുറുക്കാ നീ ഇങ്ങനെ എന്റെ കണ്ണിലേക്ക് നോക്കാതെ, ഞാന്‍ വീണു പോകും കേട്ടോ"..(കോഴി കുറുക്കനെ പേടിച്ച് മരത്തില്‍ ഇരിക്കയായിരുന്നു. എങ്കിലും അവന്റെ കണ്ണുകള്‍ പിടയെ പിടപ്പിക്കുന്നു.). അങ്ങനെ ശ്രുംഗരിക്കാന്‍ നില്‍ക്കാതെ ഈപിട പരിഭ്രമിച്ചു കൊണ്ട്പുവ്വന്റെ അടുത്തേക്ക്ഓടി. പൂവ്വന്‍ കുറുക്കനെ കണ്ട് ഒന്ന ്ഭയന്നെങ്കിലുംകുറുക്കന്‍ പൂവ്വനെമുഖ്‌സ്തുതികൊണ്ട്‌വീഴ്ത്തികളഞ്ഞു. പൂവ്വന്റെ പേടിയകറ്റിഅവനെ കയ്യിലെടുക്കാന്‍ സൂത്രശാലിയായ ്കുറുക്കന്‍ പറഞ്ഞു. നീ എത്ര മനോഹരമായി കൂവ്വുന്നു. അത് കേട്ട് പൂവ്വന്‍ ഒന്ന് ഞെളിഞ്ഞു. തന്റെ മുന്‍പാദങ്ങള്‍ മണ്ണില്‍ അമര്‍ത്തി ഒന്നു പൊങ്ങി, ചിറകുകള്‍ അടിച്ച് ശബ്ദമുണ്ടാക്കി, കണ്ണടച്ച് നിര്‍വ്രുതി പൂണ്ട് കഴുത്ത് നീട്ടി ഉച്ചത്തില്‍ ഒന്നു കൂടി കൂവ്വി, മുഖസ്തുതി കേട്ട് വിഢ്ഢിവേഷം കെട്ടി നിന്ന പൊങ്ങച്ചക്കാരന്‍ പൂവ്വന്റെ കൊങ്ങക്ക് കടിച്ച് പിടിച്ച് സമയം കളയാതെ കുറുക്കന്‍ മണ്ടി കളഞ്ഞു. തന്റെ എല്ലാമെല്ലാമായവനെ ഒരു കുറുക്കന്‍ കടിച്ച് കൊണ്ടോടുന്നത് കണ്ട് പിടക്കോഴികളില്‍ പൂവ്വനു പ്രിയപ്പെട്ടവള്‍ ആര്‍ത്തലച്ചു. അത് കേട്ട് മറ്റുള്ളവരും ബഹളം കൂട്ടി. വവര്മറിഞ്ഞ ഉടമസ്തയും, മക്കളും, പട്ടികളും ഒക്കെ കൂടി കുറുക്കന്റെ പുറകെ ഓട്ടം തുടങ്ങി. പുറകില്‍ വരുന്നവരോട് തന്നെ പിടിക്കാന്‍ പറ്റുകയില്ലെന്ന സത്യം വിളിച്ച് പറയാന്‍ അപ്പോള്‍ ബുദ്ധിയുദിച്ച പൂവ്വന്‍ കുറുക്കനോട്പറയുന്നു.വിജയപാതയിലൂടെ പായുന്ന കുറുക്കന്‍ അത് കേട്ട് അഹങ്കരിക്കുകയും അത് പറയാന്‍ വായ തുറക്കുകയും ചെയ്തു. ഉടനെ പൂവ്വന്‍ കൊക്കക്കൊ എന്ന ശബ്ദം വച്ച് ഉയരമുള്ള ഒരു മരത്തില്‍ കയറി ഇരുന്നു. കുറുക്കന്‍ വീണ്ടും മുഖ്‌സ്തുതി പാടി നോക്കി എന്നാല്‍ പൂവ്വന്‍ പറഞ്ഞ് മുഖ്‌സ്തുതി ഒരു വട്ടം മാത്രമെ ഫലപ്രദമാകൂ. കുറെ നേരം ഓരിയിട്ട് മ്ലാനവദനനായി കുറുക്കന്‍ തിരിഞ്ഞ്‌നടന്നു.

മുഖസ്തുതി പാടുന്നവരെ വിശ്വസിക്കരുതെന്ന ഒരു പാഠം ഈ വിഢ്ഢി ദിനാഘോഷം പഠിപ്പിക്കുന്നുണ്ട്. ആറു് കാര്യങ്ങള്‍ കൊണ്ട് ഒരു വിഢ്ഢിയെ തിരിച്ചറിയാമെന്ന് അറബി പഴമൊഴി സമര്‍ഥിക്കുന്നു.1. കാരണങ്ങളില്ലാതെ ദ്വേഷ്യം, 2. ഫലമില്ലാത്ത സംസാരം, 3. പുരോഗതിയില്ലാത്ത മാറ്റങ്ങള്‍, 4. ഉദ്ദേശ്യമില്ലാത്ത അന്വേഷണം, 5. അപരിചതരില്‍ വിശ്വാസമര്‍പ്പിക്കല്‍, 6. ശത്രുവിനെമിത്രമായി തെറ്റിദ്ധരിക്കല്‍.

ജീവിതത്തില്‍ പലപ്പോഴും നമ്മള്‍ വിഢികളായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വളരെ ബുദ്ധിയും സാമര്‍ഥ്യവുമുള്ളവര്‍ പോലും കബളിപ്പിക്കപ്പെടുന്നു. നിഷക്കളങ്കരായവരുടെ കാര്യം പറയുകയേ വേണ്ട., നമ്മള്‍ക്ക് എപ്പോഴും ജാഗരൂഗരാകേണ്ടിയിരിക്കുന്നു. ഒരു പക്ഷെ മനുഷ്യനില്‍ കബളിപ്പിക്കപെടാനുള്ള ഒരു ദൗര്‍ബ്ബല്യം നിലനില്‍ക്കുന്നത് കൊണ്ടായിരിക്കും ലോക വിഢി ദിനം അവര്‍ ആഘോഷിക്കുന്നത്. ഏപ്രില്‍ ഒന്നിനു എന്തു പറഞ്ഞാലും വിശ്വസിക്കാന്‍ മനുഷ്യര്‍ക്ക് പ്രയാസമാണു്.

ആരെയാണു് എളുപ്പത്തില്‍ വിഡ്ഢിയാക്കാന്‍ കഴിയുക. അഹന്തയും, അല്‍പ്പത്തരവും, ദുരഭിമാനവുമൊക്കെയുള്ളവരാണത്രെ അതിനിരയാകുന്നവര്‍.പുവ്വന്റെ അഹംഭാവവും മുഖസ്തുതിയില്‍ മയങ്ങിപോകുന്ന ദൗര്‍ബ്ബല്യവും അപകടത്തില്‍ ചാടിച്ചു. അതെപോലെ കുറുക്കനും വിജയം കൈവന്ന വേളയില്‍ മുഖസ്തുതികേട്ട് പരാജിതനായി. ഒരമേരിക്കന്‍ മലയാളി എഴുത്തുകാരനോട് അദ്ദേഹത്തിനു അക്കാദമി അവാര്‍ഡ് കിട്ടിയെന്ന് പറഞ്ഞാല്‍ അയാള്‍ വിശ്വസിക്കും. കാരണം അതിനര്‍ഹനാണയാള്‍ എന്ന് അയാള്‍വിശ്വസിക്കുന്നു. അത് കിട്ടിയില്ലെങ്കില്‍ ഡോളര്‍ കൊടുത്ത് വാങ്ങാന്‍ ശ്രമിക്കുന്നതും അനര്‍ഹമായ അംഗീകാരങ്ങള്‍ കിട്ടാനുള്ള മനസ്സിന്റെ ഭ്രമമാണു്. നോബല്‍ സമ്മാനത്തിന്റെ അമേരിക്കന്‍ ഹാസ്യാനുകരണമാണു് "ഐജി നോബല്‍ സമ്മാനം''.1991 ലാണു ഇതാരംഭിച്ചത്. ആദ്യം കേള്‍ക്കുമ്പോള്‍ ജനം ചിരിക്കുകയും പിന്നെ അവരെ ചിന്തിപ്പിക്കുകയും ചെയ്യുന്ന നേട്ടങ്ങള്‍ക്കുള്ള ബഹുമതിയും അഭിനന്ദനവും അര്‍പ്പിക്കുന്നതാണു ഈ അവര്‍ഡിലൂടെ ഉദ്ദേശിക്കുന്നത്.'' വാളു വിഴുങ്ങലും അതിന്റെ അനന്തരഫലവും എന്ന വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തിയവര്‍ക്ക് പ്രസ്തുത സമ്മാനം നല്‍കുകയുണ്ടായി.ഈ വാളു മലയാളി കള്ള് കുടിച്ച് കഴിയുമ്പോള്‍ താഴെ വക്കുന്ന വാളല്ല. ഇത് സാക്ഷാല്‍ വാള്‍ (.Sword ) സമ്മാനം കിട്ടുന്നവരുടെ പ്രസംഗം നീണ്ടുപോയാല്‍ ഒരു കുട്ടി അത്യുച്ചത്തില്‍ " എനിക്ക് ബോറടിക്കുന്നു'' എന്ന് വിളിച്ച് പറയുമത്രെ.ഒരു പക്ഷെ വളരെ ഗൗരവതരമായ ജീവിതം നയിക്കുന്നവര്‍ക്ക് ഒരു ദിവസമെങ്കിലും പിരിമുറുക്കം ഇല്ലാതെ കഴിയാന്‍ വേണ്ടി സംഘടിപ്പിക്കുന്നതായിരിക്കും ഇത്തരം സമ്മേളനങ്ങള്‍. ഒരു അക്കാദമി അവാര്‍ഡ് സമ്മാനദാന ചടങ്ങ് എഴുത്തുകാരായ അമേരിക്കന്‍ മലയാളികള്‍ക്ക് ആലോചിക്കാവുന്നതാണു്.

മനുഷ്യരുടെ മായാമോഹങ്ങളും, അഹംഭാവവും, ആശയും, ദുരാഗ്രഹവുമൊക്കെ ചേരുമ്പോഴാണു് ഒരാള്‍ അവരെ വിഡ്ഢിയാക്കുന്നത്. ഏദന്‍ തോട്ടത്തില്‍ ഹവ്വയെ സാത്താന്‍ പറ്റിച്ചതും ഹവ്വയുടെ മോഹത്തെ ചൂഷണം ചെയ്തായിരുന്നു. ദൈവത്തെപോലാകാന്‍കൊതിക്കുന്ന ഹവ്വയുടെ വ്യാമോഹത്തെ.വിഡ്ഢികളുടെ സ്വര്‍ഗ്ഗദിനം വരുന്നുണ്ട്. ജൂലായ് 13നു. അപ്പോള്‍ കഥകളുമായി വീണ്ടും കാണാം.

ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക