Image

സമകാലിക ചെറുകഥകളിലെ രാഷ്ട്രീയം (ബിജോ ജോസ് ചെമ്മാന്ത്ര)

ബിജോ ജോസ് ചെമ്മാന്ത്ര Published on 06 April, 2018
സമകാലിക ചെറുകഥകളിലെ രാഷ്ട്രീയം (ബിജോ ജോസ് ചെമ്മാന്ത്ര)
മലയാള സാഹിത്യലോകത്തില്‍ ഇപ്പോള്‍ കഥകളുടെ പൂക്കാലമാണ്. ഒരു സര്‍ഗ്ഗാത്മക സൃഷ്ടിയായിമാത്രം ഒതുങ്ങാതെ സാമൂഹിക പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുവാന്‍ പുതിയകാല ചെറുകഥകള്‍ക്ക് കഴിയാറുണ്ട്. എക്കാലത്തും അതാതു കാലത്തെ സാമൂഹ്യവ്യവസ്ഥയെ രേഖപ്പെടുത്താന്‍ സാഹിത്യരചനകള്‍ക്ക് സാധിച്ചിട്ടുണ്ട്. മാറിയ കാലത്തിന്റെ വെല്ലുവിളികളും ആശയസംഘര്‍ഷങ്ങളും അതിസങ്കീണ്ണമായ ജീവിത പരിസരങ്ങളും അതില്‍ പ്രതിഫലിക്കുന്നു. രാഷ്ട്രീയമതസാമൂഹ്യ സംഘടനകളുടെ വിശ്വാസതയും പ്രസക്തിയും നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്താണ് ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയ ഇടപെടലുകലുമായി ചെറുകഥകള്‍ മുന്നോട്ട് വരുന്നത്.  സ്വതന്ത്രചിന്തകരും  യുക്തിവാദികളുമൊക്കെ നിശബ്ദരാക്കപ്പെടുന്ന കാലത്തെ അന്തരീക്ഷത്തില്‍ ഇതിന് പ്രാധാന്യമേറെയാണ്. 

കഥാകൃത്തുക്കളുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളല്ല ഇവിടെ വിഷയം മറിച്ച് അവരുടെ കഥകള്‍ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയ നിരീക്ഷണമാണ്. രാഷ്ട്രീയം എന്നത് കൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് കക്ഷി രാഷ്ട്രീയമോ 'രാഷ്ട്രത്തെ സംബന്ധിക്കുന്നത്' എന്ന പൊതുവായ അര്‍ത്ഥത്തിലോ അല്ല. ഒരു വ്യക്തിയെ താന്‍ ജീവിക്കുന്ന സാമൂഹ്യവ്യവസ്ഥയിലെ സങ്കീര്‍ണ്ണതകളില്‍ പുതിയ കാലം എങ്ങനെ അടയാളപ്പെടുത്തുന്നുവെന്ന് കണ്ടെത്തുകയും അതിനെ വിശകലം ചെയ്യുകയുമാണ് രാഷ്ട്രീയം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കഥാപരിസരങ്ങളില്‍, ബിംബങ്ങളില്‍, സൌന്ദര്യ മുദ്രകളില്‍, പ്രതീകങ്ങളില്‍ എന്തിന് കഥാപാത്രത്തിന്റെ പേരില്‍ പോലും രാഷ്ട്രീയത്തിന്റെ സൂക്ഷ്മമായ സൂചനകള്‍ ഒരു വായനക്കാരന് ദര്‍ശിക്കാനാവും.

പുനര്‍ നിര്‍വചിക്കപ്പെടുന്ന സ്ത്രീപുരുഷ ബന്ധങ്ങള്‍, ആഗോളസമ്പദ്‌വ്യവസ്ഥയുടെ സ്വാധീനം, ദളിത് വിഷയങ്ങള്‍, പരിസ്ഥിതി വാദം, സ്ത്രീ വിമോചനം, വര്‍ഗ്ഗീയത തുടങ്ങിയ വ്യത്യസ്ഥ ആശയങ്ങള്‍ കഥകള്‍ക്ക് പ്രമേയമാകാറുണ്ട്. പല കഥകളിലും ജീവിതാഘോഷങ്ങളും ലൈംഗികതയും ആസക്തികളുമൊക്കെ തുറന്നെഴുതപ്പെടുന്നു. ഇങ്ങനെ രചിക്കപ്പെട്ട പല സാഹിത്യ സൃഷ്ടികളും പിന്നീട് സംവാദങ്ങളായി വളരാറുണ്ട്. ചുംബനസമരം പോലെ ശരീരകേന്ദ്രീകൃതമായ സമരരീതികള്‍ പിന്തുടരുന്ന പുതിയ കാലത്ത് മലയാളിയുടെ സദാചാര സങ്കല്‍പ്പങ്ങളെ വര്‍ത്തമാന കഥകള്‍ ചോദ്യം ചെയ്യുന്നു.

പാരമ്പര്യ എഴുത്തു രീതികള്‍ പൊളിച്ചെഴുതപ്പെട്ടുകഴിഞ്ഞു. ഒരു പക്ഷെ ആഗോളവത്കരണത്തിനു ശേഷമാണ് പുതിയ സാമൂഹ്യ പശ്ചാത്തല പ്രമേയങ്ങള്‍ കഥകള്‍ക്ക്  വിഷയമായതെന്ന് വിലയിരുത്താം. അസ്തിത്വ പ്രശ്‌നങ്ങളില്‍ ചുറ്റിക്കറങ്ങിയ കഥകള്‍ ക്രമേണെ സാമൂഹ്യമാറ്റങ്ങളിലേക്കുള്ള അന്വേക്ഷണമായി മാറി. അങ്ങനെ സമകാലീന കഥകള്‍ മെല്ലെ അനേക തലങ്ങളിലേക്ക് പടര്‍ന്ന ബഹുശാഖയായി വളരുകയായിരുന്നു. പ്രത്യക്ഷമായി സൂചിപ്പിക്കാതെ ആഖ്യാനത്തിന്റെ പല മാനങ്ങല്‍ തേടുന്ന ഇത്തരം കഥകള്‍ രചനാരീതികളെ തന്നെ സമ്പുഷ്ടമാക്കി. ആഖ്യാതാവ് കാണാത്ത ആഖ്യാനങ്ങള്‍ വായനക്കാര്‍ പലപ്പോഴും കണ്ടെത്തുന്നു. കഥ എന്നു പറഞ്ഞു തുടങ്ങുമ്പോള്‍ ഒരുകാലത്ത് ഭൂതകാലത്തിലേക്കായിരുന്നു നാം സഞ്ചരിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ കഥയില്‍ പ്രതീക്ഷിക്കുന്നത് വര്‍ത്തമാന കാലമാണ്. ഏതു നല്ല കഥയും കടലാസുപുറങ്ങളില്‍ നിന്നും വായനക്കാരനെ ചിന്തയുടെ മറുകരയിലെത്തിക്കുന്ന നൌകകളാകുന്നു.

രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ട ചില സമകാലിക ചെറുകഥകള്‍ വിവാദങ്ങള്‍ക്ക് തിരികൊളിത്തിയത് ആകസ്മികമല്ല. എന്‍ പ്രഭാകരന്റെ 'കളിയെഴുത്ത്' എന്ന കഥ പുതിയ പൊതുവിദ്യാഭ്യാസ പരിശീലന പരീക്ഷണങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയില്‍ വിമര്‍ശിക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ നവീന പരിശീലന രീതികളോടുള്ള അസഹിഷ്ണുതയും സ്ത്രീവിരുദ്ധതയും ആ കഥയില്‍ പ്രകടമാണെന്നും അത് മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയം വികലമാണെന്നുമാരോപിച്ച് അധ്യാപക സമൂഹം അതിനെ എതിര്‍ത്തിരുന്നു. ധാരാളിത്തത്തിന്റെയും കൊടിയ ദാരിദ്രത്തിന്റെയും രണ്ടു സാമൂഹികാവസ്ഥകള്‍ തമ്മിലുള്ള അന്തരം പ്രമേയമാക്കിയ സന്തോഷ് എച്ചിക്കാനത്തിന്റെ 'ബിരിയാണി'യെന്ന കഥയും ഇതുപോലെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ആ കഥയില്‍ അസ്തിത്വ പ്രതിസന്ധിയുടെയും വിശപ്പിന്റെയും രാഷ്ട്രീയമുണ്ട്. എന്നാല്‍ പ്രധാന കഥാപാത്രങ്ങളായ 'കലന്തന്‍ ഹാജി'യും, 'ഗോപാല്‍ യാദവ്'വും ഹിന്ദുമുസ്ലീം വിരുദ്ധതയെയാണ് സൂചിപ്പിക്കുന്നതെന്ന വാദവും പിന്നീട് ചൂടേറിയ സംവാദങ്ങള്‍ക്ക് വഴിയൊരുക്കി. എസ്. ഹരീഷിന്റെ 'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ' എന്ന കഥ ഈ പുരോഗമന കാലത്തും ജാതിബോധം മനുഷ്യനില്‍ എങ്ങനെ അന്തര്‍ലീനമായിരിക്കുന്നു എന്ന് ഒരു നായര്‍ഈഴവ വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ വെളിവാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ണി ആര്‍ എഴുതിയ 'ഒഴിവുദിവസത്തെ കളി'യില്‍ ജാതിയിലെ അധികാര കേന്ദ്രീകരണവും  ഉച്ചനീചത്വവും തുറന്നുകാട്ടുന്നുണ്ട്. ദേശീയതയും ദേശസ്‌നേഹവും സങ്കുചിതമായി നിര്‍വ്വചിക്കപ്പെടുന്ന പുതിയകാലത്തെ രാഷ്ട്രീയം കെ ആര്‍ മീരയുടെ 'സംഘിയണ്ണന്‍' പോലെയുള്ള കഥകളില്‍ പ്രകടമാണ്. സ്ത്രീ ശരീരം ഒളിഞ്ഞുനോട്ടത്തിന്റെ ഭൂമികയായി മാത്രം കണക്കാക്കപ്പെടുന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തെ നിരീക്ഷണ വിധേയമാക്കിയ വിനോദ് കൃഷ്ണയുടെ 'കണ്ണുസൂത്രം'മെന്ന കഥയും വളരെ ശ്രദ്ധേയമായിരുന്നു. വി.ജെ .ജെയിംസിന്റെ 'ഉയിരെഴുത്ത്' എന്ന കഥ ഫേസ്ബുക്ക് പോലുള്ള  സമൂഹ മാധ്യമങ്ങളുടെ ഇരയായിമാറുന്ന വര്‍ത്തമാന കാലത്തെ യുവത്വത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. വളരെ ചുരുക്കം കഥകള്‍ കൊണ്ട് തന്നെ മലയാള കഥാലോകത്ത് തങ്ങളുടെ വരവറിയിച്ച വിനോയി തോമസും ഫ്രാന്‍സിസ് നെറോണയും പോലുള്ള ചെറുകഥാകൃത്തുക്കള്‍ നാട്ടുഭാഷയുടെ പരുക്കന്‍ കല്ലില്‍ തീര്‍ത്ത കഥാശില്‍പ്പങ്ങളിലൂടെ തനത് ദേശത്തെ വ്യക്തമായി അടയാളപ്പെടുത്താറുണ്ട്. അതോടൊപ്പം ഒളിഞ്ഞും തെളിഞ്ഞും ലൈംഗികതയുടേയും ആസക്തിയുടേയുമൊക്കെ രാഷ്ട്രീയം ഇവരുടെ കഥകളില്‍ ദര്‍ശിക്കാനാവും. രാഷ്ട്രീയം പ്രമേയമാക്കിയ പല കഥകളില്‍ ചിലവ ഇവിടെ ഉദാഹരണമായി സൂചിപ്പിച്ചെന്ന് മാത്രം.

പ്രസിദ്ധീകരണത്തിന് ശേഷം ഏതൊരു രചനയും ആത്യന്തികമായി വിലയിരുത്തുന്നത് വായനക്കാരാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഒരു രചനയെ ഏത് രീതിയിലും സൈദ്ധാന്തികമായി വിലയിരുത്താന്‍ ശ്രമിക്കുന്ന പുതിയ കാലത്ത് ആശയം മാത്രമല്ല ഭാഷയും വേഷവും പരിസരങ്ങളുമെല്ലാം പലവിധ രാഷ്ട്രീയഭാഷ്യങ്ങള്‍ക്ക് ഹേതുവാകാമെന്ന സാധ്യത കാണാതിരുന്നുകൂടാ. ഒരു സാഹിത്യ സൃഷ്ടിയും രാഷ്ടീയവിശകലനത്തിനും വിമര്‍ശനത്തിനും അതീതമല്ല. ഏതൊരു രാഷ്ട്രീയ പുനര്‍വായനയ്ക്കുമായി അതിന്റെ വാതിലുകള്‍ തുറന്നിടേണ്ട സമീപനമാണിന്നാവിശ്യം. 




സമകാലിക ചെറുകഥകളിലെ രാഷ്ട്രീയം (ബിജോ ജോസ് ചെമ്മാന്ത്ര)
Join WhatsApp News
Professor Kunjappu 2018-04-06 15:46:50

മലയാള കഥാസാഹിത്യ ശാഖയ്ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന രൂപഭാവപരിണാമങ്ങളുടെ ചെത്തുമുഖം ചില ഉദാഹരണങ്ങളോടെ ഉദീരണം ചെയ്യുന്ന ഈ ലേഖനം ശ്രദ്ധാര്‍ഹമാണ്.

നാരദന്‍ -from Houston 2018-04-06 16:52:46

You did a great job Mr.Chemanthra.

let me add to yours:-

വയറുവേദനയും വയറിളക്കവും പിടിച്ചു നിലത്തു കിടന്നു ഉരുളുന്ന രാഷ്ട്രിയ കിളവന്മാരെയും കോമാളികളെയും പൊക്കി കട്ടിലില്‍ കിടത്തിയ സാഹിത്യകാരന്‍; ഇവര്‍ താഴെ വീഴാതെ ഇന്നു അവര്‍ക്ക് കാവല്‍ ഇരിക്കേണ്ട ഗതികേടില്‍ ഞെളിപിരി കൊള്ളുന്നു.

 ഇ മലയാളിയിലെ ചില എഴുത്തുകാരുടെ മൂട്ടില്‍ കമ്മന്റ് എഴുതിയാലും ഇതേ ഗതികേട് തന്നെ. ചിലര്‍ക്ക് തലയില്‍ തന്നെ തൂറാന്‍ വാശി. ഇവര്‍ക്ക് കമന്റ്റ് ഇഷ്ടം ഇല്ല എങ്കില്‍ എഴുത്ത് നിര്‍ത്തുക. സൊയം ഒരു വലിയ സംഭവം എന്ന മട്ടില്‍ എഴുത്തും ഫോട്ടോയും, ചിലരുടെ ഫോട്ടോയില്‍ ജനിച്ചപ്പോള്‍ തന്നെ അമ്മിഞ്ഞക്ക് പകരം മൈക്ക്, ഇവര്‍ തന്നെ വിളിച്ചു കൂവുന്നു ഇ മലയാളിക്ക് 7 വായനക്കാരെ ഉള്ളു എന്ന്. 7 വായനക്കാരെ കാണിക്കാന്‍ ആണോ ഇ ഷോ ഒക്കെ.

sunu 2018-04-06 22:40:49
എല്ലാ സുഖവും വെട്ടിപിടിക്കുന്നവനാണ് ഇന്നത്തെ സാഹിത്യകാരനും രാഷ്ട്രീയക്കാരനും.  കന്യകാത്വത്തിന്റെ ഘനം നാം ഉപയോഗിച്ച കോണ്ടത്തിന്റെ തിക്‌നെസ്സ് ആന്നെന്നു എഴുതുന്ന വികാരജീവികളാണ് ഈ ചെറുകഥ എഴുത്തുകാർ.  എഴുത്തിലൂടെ കാമം പ്രകടിപ്പിച്ചും പക വീട്ടിയും പരസംഗം ചെയ്യുന്നവർ. 
ഡോ.ശശിധരൻ 2018-04-06 18:50:37

പെരുകുന്ന മനസികാസ്വാസ്ഥ്യങ്ങൾ ,തകരുന്ന കുടുബബന്ധങ്ങൾ, മാത്രമല്ല അനുദിനം ശിഥിലമായിക്കൊണ്ടിരിക്കുന്ന സർവത്ര സാമൂഹിക അനവസ്ഥയിൽ മതത്തിന്റെയും ,രാഷ്ട്രീയത്തിന്റെയും ,സാമാജിക സംഘടനകളുടെയും ഇടപെടുലകളുടെ പ്രസക്തി സമൂഹത്തിൽ അനുദിനം ഇന്ന് വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി കാണാം.ദിനംതോറും അധഃപതിച്ചുകൊണ്ടിരിക്കുന്ന  ഒരു സാമൂഹിക വ്യവസ്ഥിയിലെ അംഗങ്ങൾ എന്ന നിലയിൽ മനുഷ്യന്റെ ഇടപെടലുകൾ സകല തലങ്ങളിലും കാണാവുന്നതാണ്. സാമൂഹ്യനന്മയാണ് സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും ലക്‌ഷ്യം എന്നത് ഒന്നായിരിക്കെ ,ചെറുകഥയുടെ രാഷ്ട്രീയം ,ആധുനികതയുടെ രാഷ്ട്രീയം ,രാഷ്ട്രീയ പാർട്ടികളുടെ രാഷ്ട്രീയം എന്നിങ്ങനെ തരം തിരിക്കുന്നത് വികലമായ വീക്ഷണമാണ്.സാഹിത്യത്തിന്റെരാഷ്ട്രത്തിന്റെ ,പാർട്ടി രാഷ്ട്രീയത്തിന്റെ പരമമായ ലക്‌ഷ്യം തന്നെ സംസാരദുഃഖനിവർത്തിയിലൂടെ മനുഷ്യജീവിതത്തിലെ സകല തലങ്ങളെയും സമന്വയിപ്പിക്കുന്ന വീക്ഷണ മനോഭാവമാണ് .ദുഃഖനിവർത്തിയിലൂടെ സമുഹത്തെ ഉയർച്ചക്കും ഉണർവിനുമുള്ള സങ്കേതങ്ങളാക്കി മാറ്റുകയാണ് സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും ലക്‌ഷ്യം.സ്വന്തം സുഖങ്ങളെ ത്വജിച്ചുകൊണ്ട് മറ്റുള്ളവരുടെ സുഖത്തിനുവേണ്ടി പ്രവർത്തിക്കുമ്പോൾ അവിടെ രാഷ്ട്രീയമുണ്ടാകുന്നു , സാഹിത്യമുണ്ടാകുന്നു.സ്വന്തം സുഖങ്ങളെ ത്വജിച്ചുകൊണ്ട് മറ്റുള്ളവരുടെ സുഖത്തിനുവേണ്ടി പ്രവർത്തിക്കുന്നവനാരോ അവനാണ് സാഹിത്യക്കാരൻ,അവനാണ് രാഷ്ട്രീയക്കാരൻ .

(ഡോ.ശശിധരൻ)

ഡോ.ശശിധരൻ 2018-04-07 12:39:48

സുനു (Sunu)എന്ന വായനക്കാരൻ സ്ഥൂലമായും സൂക്ഷ്മമായും കഥാകാരന്മാരെ കുറിച്ച്  നിരീക്ഷിച്ചെഴുതിയ നല്ല പ്രതികരണം വായിച്ചപ്പോൾ ഞാനെഴുതിയ പ്രതികരണത്തിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി അത് താഴെ തിരുത്തിയെഴുതുന്നു .സ്വന്തം അനുഭവം കൊണ്ടും ഒരു വലിയൊരു ശരിയുണ്ട് സുനു കുറിച്ചതിൽ .എഴുത്തോളം ഉയരാൻകഴിയാത്ത ക്ലാസ് അധമന്മാരും ഈകൂട്ടത്തിലുണ്ട്.കഥ വടക്കോട്ടും ജീവിതം തെക്കോട്ടുമായ ഒരുപാടു കഥാകാരന്മാരെ  പരിചയപ്പെട്ടിട്ടുണ്ട് .

തിരുത്ത് :

സ്വന്തം സുഖങ്ങളെ ത്വജിച്ചുകൊണ്ട് മറ്റുള്ളവരുടെ സുഖത്തിനുവേണ്ടി പ്രവർത്തിക്കുന്നവനാരോ അവനാണ് യഥാർത്ഥ സാഹിത്യക്കാരൻ,അവനാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ .

(ഡോ.ശശിധരൻ)

Observer 2018-04-07 16:28:19
"സ്വന്തം സുഖങ്ങളെ ത്വജിച്ചുകൊണ്ട് മറ്റുള്ളവരുടെ സുഖത്തിനുവേണ്ടി പ്രവർത്തിക്കുന്നവനാരോ അവനാണ് യഥാർത്ഥസാഹിത്യക്കാരൻ,അവനാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ ."  If you tell this truth to the writers on their face then you will be doing a justice to the Malayalam literature and writers.  But, instead of doing it,  you do just the opposite and that  does more harm than helping 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക