Image

പുഷ്പനെ അറിയാമോ..സഖാവ് പുഷ്പനെ അറിയാമോ?...(ജയ് പിള്ള)

Published on 08 April, 2018
പുഷ്പനെ അറിയാമോ..സഖാവ് പുഷ്പനെ അറിയാമോ?...(ജയ് പിള്ള)
(കൊടിക്കൂറകള്‍ മറന്നു ഒരു വിമോചന സമരത്തിന് കൂടി കാലമായി)

1994 നവംബര്‍ 25 കേരളത്തെ ചുവന്നു അഗ്‌നിക്ക് ഇരയാക്കിയ ദിനം ആണ്.ഞാനും നിങ്ങളും ആരും മറക്കുവാന്‍ ഇടയില്ല കൂത്ത് പറമ്പ് വെടി വയ്പ്പ് .എം വി രാഘവന്‍ എന്ന പൂര്‍വ്വകാല സഖാ വിനെ തെരുവില്‍ തടഞ്ഞതിന് 5 യുവാക്കള്‍ വീരമൃത്യു വരിച്ചു.ഇന്നും ജീവിക്കുന്ന രക്തസാക്ഷി ആയി സഖാവ് പുഷ്പന്‍ വാട്ടര്‍ ബെഡില്‍ ജീവിതം തള്ളി നീക്കുന്നു.എന്തിനു വേണ്ടി ആയിരുന്നു ഈ സമരം.? ഇന്ന് ഭരിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അത് എന്നെ മറന്നു.

“ എന്‍റെ മകനെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു..! പിന്തിരിഞ്ഞോടി പുറകില്‍ വെടി കൊണ്ട് മരിച്ച ഭീരുവല്ല അവന്‍… പടപൊരുതി, പിന്തിരിഞ്ഞോടാതെ മുന്നോട്ട് കാലെടുത്ത് വെച്ച് മാറില്‍ വെടിയുണ്ട ഏറ്റു വാങ്ങിയ ധീരരക്തസാക്ഷിയാണവന്‍ ” ഇത് കൂത്തുപറമ്പില്‍ വെടിയേറ്റ് മരിച്ച ഒരു രക്തസാക്ഷിയുടെ അച്ഛന്‍ പറഞ്ഞ വരികള്‍ ആണ്.

സ്വാശ്രയ മന്ത്രിയെ വഴിയില്‍ തടഞ്ഞു രക്തസാക്ഷികള്‍ ഉണ്ടായ പാര്‍ട്ടി.ആ രക്തസാക്ഷികളെ കേരളം മുഴുവന്‍ പ്രസംഗ കലയില്‍ ചൂടും ചുവപ്പും നല്‍കി ജന പ്രതിനിധി പദവികള്‍ നേടിയെടുത്ത രാജേഷ്,ഷംസീര്‍,സ്വരാജ്,..ഇങ്ങനെ നീളുന്ന യുവ പ്രതിഫകള്‍ ഒന്നിച്ചു മറ്റു രാഷ്ട്രീയ പാര്‍ട്ടിയ്ക്കളുടെയും,സ്വാശ്രയ മുതലാളി മാരുടെയും തോളില്‍ കൈയ്യിട്ടു കീശ വീര്‍പ്പിച്ചപ്പോള്‍ ഭാവി തുലഞ്ഞത് 46 മെഡിക്കല്‍ വിദ്യാര്ഥികളുടേതു മാത്രമാണ്.പണമുള്ള കാരണവന്മാര്‍ കോടികള്‍ കോഴ നല്‍കി സീറ്റു വാങ്ങി.അതിനെ ന്യായീകരിയ്ക്കാന്‍ നിയമപരമായി പ്രവേശനം നേടിയ കുട്ടികളെ തുലച്ച ഇവരെ തെറ്റു പറഞ്ഞിട്ട് കാര്യം ഇല്ല.1985 1987 കളില്‍ സ്വാശ്രയ കോളേജുകള്‍ക്കെതിരെ പഠിപ്പു മുടക്കിയവര്‍ ആണ് ഇന്ന് മന്ത്രിയും,എം പി യും,എം എല്‍ എ യും ഒക്കെ.ഇവര്‍ക്ക് എന്ത് ധാര്‍മ്മീകത ആണ് ഉള്ളത്.അത് ഉണ്ടാകുകയില്ല കാരണം സ്വാശ്രയ കോളേജ് കള്‍ക്കെതിരെ,മാനേജ് മെന്റുകള്‍ക്കു എതിരെ സമരം ചെയ്ത സഖാക്കളുടെ ചുടു ചോര വീണ മണ്ണില്‍, അവരുടെ നെഞ്ചില്‍ ചവിട്ടി നിന്ന് കേരള നിയമസഭയില്‍ ആദ്യമായി സ്വാശ്രയ ബില്‍ പാസ്സ് ആക്കിയത് 29.06.2006ല്‍ അച്ചുതാനന്ദന്‍ എന്ന കമ്യൂണിസ്റ്റ് കുലപതി യുടെ മന്ത്രി സഭയുടെ കാലത്താണ്.

ഇന്ന് അതെ സര്‍ക്കാര്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍,തഴുകുന്നതും സംരക്ഷിക്കുന്നതും അതേ മുതലാളിമാരെ തന്നെ.കൂട്ടിനു അതെ പ്രതിപക്ഷം,മുനിയായി പുതിയ രാജേട്ടനും.

ഇവര്‍ കോടികളില്‍ കൊടികള്‍ മുക്കുന്നവര്‍ ആണ് എന്നതിനുള്ള തെളിവുകള്‍ ആണ് ഇന്ന് കാണിച്ചു കൂട്ടുന്നതും, മുതിര്‍ന്ന സഖാക്കളുടെ മക്കള്‍ എല്ലാവരും ക്യൂബാ മുകുന്ദന്‍ മാര്‍ ആയി വിദേശത്തു പഠിക്കുകയും,കച്ചവട സ്ഥാപനങ്ങള്‍ നടത്തുകയും ചെയ്യുന്നത്. കേരളത്തിലെ ഈ സ്വാശ്രയ ക്യൂബാ മുകുന്ദന്മാരെ ജനം തിരിച്ചറിഞ്ഞു പുറം കാലുകൊണ്ട് ചവിട്ടുന്ന കാലം അതി വിദൂരമല്ല.

രാഷ്ട്രീയ ബോധം ഇല്ലാത്ത ചെറുപ്പക്കാരുടെ നാടല്ല കേരളം.കൊടിക്കൂറകള്‍ മറന്നു ഒരു വിമോചന സമരത്തിന് കൂടി കാലമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക