Image

നിങ്ങളും 'വയല്‍കിളികള്‍'ക്കൊപ്പമുണ്ടോ? (എഴുതാപ്പുറങ്ങള്‍ -19: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 08 April, 2018
നിങ്ങളും 'വയല്‍കിളികള്‍'ക്കൊപ്പമുണ്ടോ? (എഴുതാപ്പുറങ്ങള്‍ -19: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
നിങ്ങള്‍ വയല്‍കിളികളെ അനുകൂലിയ്ക്കുന്നവരോ, പ്രതികൂലിയ്ക്കുന്നവരോ? വയല്‍കിളികള്‍ വികസനത്തിന് തടസ്സം സൃഷ്ടിയ്ക്കുന്നുവോ?

ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അനുഭാവിയല്ല. രാഷ്ട്രീയ വിശകലനങ്ങളിലോ, മറ്റു വശങ്ങളിലോ കൂടുതല്‍ ചികഞ്ഞു കൊണ്ടല്ല ഇതെഴുതുന്നത്. കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിലൂടെയുള്ള ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിയ്ക്കുന്ന, കേരളമെന്ന കളിമുറ്റത്ത് കളിച്ചുവളര്‍ന്ന, കേരളത്തിന്റെ പ്രകൃതിഭംഗിയെ എന്നും മനസ്സിലിട്ടു താലോലിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ മാത്രമാണ് ഞാന്‍.
കണ്ണൂര്‍, കീഴാറ്റൂരിലെ വിശാലമായ നെല്‍വയലുകള്‍ നിരത്തി ബൈപാസ് റോഡ് നിര്‍മ്മിയ്ക്കുവാനുള്ള പദ്ധതിയ്‌ക്കെതിരെ ശക്തമായി പ്രതികരിയ്ക്കുകയാണ് ‘വയല്‍കിളികള്‍’ എന്ന ഒരു ജനസമൂഹം. ദേശീയ പാത വികസനത്തിന്റെ ഭാഗമായി വയലിലൂടെ ബൈപാസ് റോഡ് നിര്‍മ്മിയ്ക്കാനുള്ള ഈ തീരുമാനത്തിനെതിരെ ഈ ഗ്രാമം പ്രതികരിയ്ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളോളമായി. എന്നാല്‍ ഈ സമരം ഇത്രയും രൂക്ഷമായത് ഇപ്പോഴാണ്. ഈ പുതിയ പദ്ധതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ‘വയല്‍കിളികളെ’ അനുകൂലിച്ചാല്‍ സര്‍ക്കാരില്‍ നിന്നുമുള്ള അനുകൂലങ്ങള്‍ തടസ്സപ്പെടുത്തുമെന്നും, സഹകരണ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരെ പിരിച്ചു വിടുമെന്നും തുടങ്ങിയ പല ഭീഷണികള്‍ ആ പ്രദേശത്തെ ജനങ്ങള്‍ നേരിട്ടുകൊണ്ടിരിയ്ക്കുന്നു എന്ന് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവിടെ വികസന പരിപാടികള്‍ എന്ന പേരില്‍ നടത്തുന്നത് ഭീകര പ്രവര്‍ത്തനങ്ങളാണെന്നും, കുന്നും പാടങ്ങളും നികത്തി നടത്തുന്ന വികസനങ്ങള്‍ നടത്തുവാന്‍ അനുവദിയ്ക്കില്ലെന്നും, ഇത് ഈ തലമുറയ്ക്കുവേണ്ടിയല്ല വരും തലമുറയ്ക്ക് വേണ്ടിയും കൂടിയാണെന്നും അവര്‍ പറഞ്ഞു. ദേശീയ പാത വികസനത്തിനേയുള്ള ഈ ബൈപാസ് റോഡ് പദ്ധതിയെ എതിര്‍ക്കുന്ന വയല്‍കിളികള്‍ക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മാര്‍ച്ച് 25നു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ കീഴാറ്റൂരിലെത്തി സമരത്തില്‍ പങ്കെടുത്തു. ഇവിടുത്തെ ഈ സാഹചര്യത്തെ മുന്നില്‍ കണ്ട് ഈ പ്രശ്‌നത്തെ കൂടുതല്‍ രാഷ്ട്രീയവത്ക്കരിച്ച് അതില്‍ നിന്നും മുതലെടുക്കുവാനും ചില രാഷ്ട്രീയ കക്ഷികള്‍ ശ്രമിയ്ക്കുന്നു. ഈ പ്രശ്‌നത്തിന്റെ നീക്കുപോക്കുകളെ രാഷ്ട്രീയവത്ക്കരിച്ചു കൊണ്ടുള്ള ന്യായീകരങ്ങങ്ങളും, പ്രതികൂലിച്ചുകൊണ്ടുള്ള സമരങ്ങളും അന്തിമ തീരുമാനത്തിനായി കേരളത്തില്‍ കാതോര്‍ത്തിരിയ്ക്കുന്നു.

ഓരോ സംസ്ഥാനത്തിനും ഭൂമിവിവരണപരമായ, പ്രകൃതിപരമായ മുഖഛായയുണ്ട്. ഗോവ എന്ന പേര് കേള്‍ക്കുമ്പോഴേയ്ക്കും നമ്മുടെ മനസ്സില്‍ ഓടിവരുന്നത് അവിടുത്തെ വിശാലമായി പരന്നു കിടക്കുന്ന കടല്‍ തീരങ്ങളാണ്. രാജസ്ഥാന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഉടനെ മരുഭുമിയെന്ന ഒരു മുഖഛായ ഏവരുടെയും മനസ്സില്‍ ഓടിവരുന്നു. പച്ചവിരിച്ച പാടശേഖരങ്ങളും, കളകളാരവം മുഴക്കി ഒഴുകുന്ന അരുവികളും, കായലുകളും, കയങ്ങളും തിങ്ങിനിരന്നു നില്‍ക്കുന്ന തെങ്ങിന്‍തോപ്പുകളും ഇതിലൂടെയാണ് കേരളമെന്ന ഗ്രാമസുന്ദരിയെ തിരിച്ചറിയുന്നത്. കാലത്തിന്റെ പുരോഗമനത്തിന്റെ കയ്യുംപിടിച്ച് കൊണ്ടുള്ള സഞ്ചാരത്തില്‍ ഇപ്പോള്‍ തന്നെ കേരളത്തിന്റെ മുഖച്ഛായയ്ക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട് എന്നുള്ളത് ഓരോ പ്രകൃതിസ്‌നേഹിയും വ്യസനത്തോടെ ഓര്‍ക്കുന്ന കാര്യമാണ്.

തൃശൂര്‍ ജില്ലയിലെ വിശാലമായി പരന്നു കിടന്നിരുന്ന പാടശേഖരമായിരുന്നു പുഴയ്ക്കല്‍ പാടം. വര്ഷങ്ങള്ക്കു മുന്‍പ് പുഴയ്ക്കല്‍ പാടത്തിന്റെ ഈ അറ്റം മുതല്‍ ആ അറ്റം വരെ യാത്രചെയ്യുമ്പോള്‍ തഴുകി ഉറക്കിയിരുന്ന കുളിര്‍കാറ്റും, ആ കാറ്റിനൊപ്പം നൃത്തമാടി രസിരുന്ന നെല്‍പാടവും എന്നും ആ വഴിയിലൂടെയുള്ള യാത്രയില്‍ ഹരമായിരുന്നു. എന്നാല്‍ വര്ഷങ്ങള്ക്കുശേഷം കുറശ്ശേ കുറേശ്ശേയായി അത് നികത്തപ്പെടുകയും പാടശേഖരത്തെ വിഴുങ്ങി കെട്ടിടങ്ങളും അവിടെ അണിനിരക്കാന്‍ തുടങ്ങി. ആ വഴിയിലൂടെ കടന്നുപോകുമ്പോള്‍ തമ്മില്‍ മത്സരിച്ചുയരുന്ന വില്ലകളും ഷോപ്പിംഗ് കോമ്പ്‌ലെക്‌സുകളും കാണുമ്പോള്‍ ആ പാടശേഖരത്തിനുണ്ടായിരുന്ന നൈസര്‍ഗ്ഗിക ഭംഗിയെക്കുറിച്ച് ഓര്‍മ്മവരുകയും, ആ സൗന്ദര്യത്തിന്റെ ശവകല്ലറകള്‍ മുന്നില്‍ ഉയര്‍ന്നുനില്‍ക്കുന്നതായും തോന്നാറുണ്ട്. ഇതൊരു പ്രദേശത്തിന്റെ ചിലരുടെ മാത്രം അനുഭവം. ഇതുപോലെ ഒരുപാട് പ്രദേശങ്ങളില്‍ പലര്‍ക്കും കേരളത്തിന് കളഞ്ഞുപോയ സൗന്ദര്യത്തെക്കുറിച്ച് പറയാനുള്ള കഥകള്‍ വിവിധങ്ങളാണ്. പലരുടെയും മനസ്സിലെ ഓര്‍മ്മകളുടെ തിരിനാളങ്ങളെ ഊതികെടുത്തികൊണ്ടു പുരോഗമനത്തിന്റെ കയ്യുംപിടിച്ചുകൊണ്ടു കേരളം മുന്നോട്ടു നടന്നകലുന്നു.

പുരോഗമനം ഓരോ സംസ്ഥാനത്തിനും അനിവാര്യമാണ്. കാലത്തിനൊത്ത പുരോഗമനം ഓരോ സമൂഹവും ആഗ്രഹിയ്ക്കുന്നു. പക്ഷെ ആ പുരോഗമനം പ്രകൃതിയെ മുഖഛായമാറ്റികൊണ്ടോ, പ്രകൃതിയെ നൊമ്പരപ്പെടുത്തികൊണ്ടോ ആകുമ്പോള്‍ പ്രകൃതി സൗന്ദര്യം നഷ്ടമാകുന്നു എന്ന് മാത്രമല്ല, അവിടുത്തെ കാലാവസ്ഥയിലും വ്യതിയാനങ്ങള്‍ കാണുന്നു. മരങ്ങള്‍ നശിപ്പിച്ചും, കൃഷിയിടങ്ങള്‍ തൂര്‍ത്തും ഓരോ വ്യക്തിയ്ക്കും ഓരോ വീട് വീതം തീര്‍ക്കുന്ന പ്രവണത വന്നു. എത്രയും മോടിപിടിപ്പിച്ചാലും മതിവരാത്ത കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് കൂണുകള്‍പോലെ കേരളത്തില്‍ പൊട്ടി ഉയരുന്നത്. ഇതുമൂലം ഇവിടെ വീട് പണിയ്ക്കുള്ള കല്ലിന്റെ ഉപഭോഗം വര്‍ദ്ദിച്ചു. ഈ ആവശ്യത്തെ മുന്‍നിര്‍ത്തി കച്ചവടലക്ഷ്യത്തോടെ കുന്നുകള്‍ ഇടിച്ച് നിരത്തി കരിങ്കല്‍ കോറികളാക്കി മാറ്റി. ഇതോടെ കുന്നുകളും അവിടെത്തെ വൃക്ഷങ്ങളും അന്യമായി. എന്തിനും ഏതിനും ഹര്‍ത്താലിലൂടെ പ്രതികരിയ്ക്കുന്ന കേരളരാഷ്ട്രീയത്തില്‍ ശ്വാസം മുട്ടിയ ജനത ഓരോ വീട്ടിലും ഓരോ കാറും ഓരോ ബൈക്കും വീതം എന്ന സ്ഥിതിവിശേഷത്തില്‍ എത്തിച്ചേര്‍ന്നു. . അപ്പോള്‍ ഓരോ വീട്ടിലും നേരിട്ട് എത്തിച്ചേരാവുന്ന നിരത്തുകളുടെ ആവശ്യകത വര്‍ദ്ദിച്ചു. പാടങ്ങള്‍ നിരത്തിയും മരങ്ങള്‍ മുറിച്ചുമാറ്റിയും നിരത്തുകള്‍ ഗ്രാമത്തെ വരിഞ്ഞുമുറുക്കി. ഉത്പാദനക്ഷമത കുറഞ്ഞ നമ്മുടെ നാടിനു എല്ലാ അവശ്യസാധനങ്ങള്‍ക്കും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്നതിനാലും, പുരോഗമനത്തിന്റെ പാതയില്‍ വിദേശസംസ്കാരത്തെ കേരളീയര്‍ ദത്തെടുത്ത് വളര്‍ത്താന്‍ തുടങ്ങിയതിനാലും ഷോപ്പിംഗ് കോമ്പ്‌ലെക്‌സുകളിന്മേലുള്ള ആകര്‍ഷണം വര്‍ദ്ദിച്ചു. ഈ ആവശ്യത്തെ സാക്ഷാത്കരിയ്ക്കാന്‍ വയലുകളും, തൊടികളും നിരത്തേണ്ടി വന്നു. ഇത്തരത്തിലുള്ള മനുഷ്യന്റെ പ്രവൃത്തികള്‍ പ്രകൃതിരമണീയതയെ പീഡിപ്പിച്ചു. ഇന്ന് കേരളം അഭിമുഖീകരിയ്ക്കുന്ന ജലക്ഷാമത്തിനും, അമിതമായ ചൂടിനും മനുഷ്യന്റെ ഇത്തരം പ്രവൃത്തികള്‍ ഉത്തരവാദികളല്ലേ?

പ്രകൃതി രമണീയത നഷ്ടപ്പെടും എന്നതിനാല്‍ വികസനത്തെ തടഞ്ഞു നിര്‍ത്താന്‍ ആകുമോ? പ്രകൃതി സംരക്ഷണം വികസനത്തിന് ഒരിയ്ക്കലും തടസ്സമായിക്കൂടാ. കേരളം സമ്പുര്‍ണ്ണ സാക്ഷര കേരളമാണ്. നിലനില്‍ക്കുന്ന പ്രകൃതി സമ്പത്തിനെ സംരക്ഷിച്ചുകൊണ്ട് തന്നെ വേണ്ടത്ര വികസന പരിപാടികള്‍ നടപ്പിലാക്കുന്നതിനുള്ള ഇതര മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു കൊണ്ട് വികസന പരിപാടികള്‍ നടപ്പിലാക്കാവുന്നതാണ്. ഇവിടെ കിഴാറ്റൂരിലെ പ്രശ്‌നപരിഹാരത്തിനും ഇതര മാര്‍ഗ്ഗങ്ങളുമായി പലരും മുന്നോട്ട് വന്നു. ഈ പാടശേഖരത്തെ നികത്തി ഇവുടുത്തെ ജൈവവ്യവസ്ഥയെ തകിടം മറിയ്ക്കാതെ തന്നെ ആകാശപാലങ്ങള്‍ നിര്‍മ്മിച്ച് ജനങ്ങളുടെ ഗതാഗതം എളുപ്പമാക്കാം എന്ന ഒരു മാര്‍ഗ്ഗം ആരാഞ്ഞു. ഇതുപോലെ കേരളത്തിന്റെ തനതായ പ്രകൃതി രമണീയതയെ സ്‌നേഹിച്ചും, ഊട്ടിവളര്‍ത്തിയും ജനങ്ങള്‍ക്കാവശ്യമായ വികസന പരിപാടികള്‍ പ്രാവര്‍ത്തികമാണ്. നിലനില്‍ക്കുന്ന ഒന്നിനെ ഉപേക്ഷിച്ച് പുതിയ ഒന്നിനെ സ്വീകരിയ്ക്കുന്ന പ്രവണത സ്വീകരിയ്ക്കാതെതന്നെ കാലത്തിനൊത്ത വികസനം പര്യാപ്തമാണ്. കാലത്തിനനുയോജ്യമായ ശാസ്ത്രീയവും, സാങ്കേതികവുമായ പുരോഗമനം തീര്‍ച്ചയായും വേണം. അതോടൊപ്പം തന്നെ പ്രകൃതി എന്ന നമ്മുടെ സമ്പത്തിനെ കാത്ത് സൂക്ഷിയ്ക്കുന്നതും നമ്മുടെ കടമയാണ്. ഇതിനെ രണ്ടിനെയും തുലനാവസ്ഥയില്‍ കൊണ്ടുപോകണം എന്നതാകണം ഓരോ വികസന പദ്ധതിയുടെയും ലക്ഷ്യം
ഓരോ വികസന പദ്ധതിയും അരങ്ങേറുന്നത് ജനങ്ങളുടെ നന്മയെ കേന്ദ്രീകരിച്ചുകൊണ്ടല്ല. അവിടെ പ്രധാന ഘടകങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങളും, വ്യക്തി ലാഭവുമാണ്. കോണ്‍ഗ്രസോ കമ്യുണിസ്‌റ്റോ ബി.ജെ പിയോ ഏതു പാര്‍ട്ടിയുമാകട്ടെ ഇവിടെ ഓരോ പാര്‍ട്ടിയ്ക്കും തനിയ്ക്കായി ലഭിയ്ക്കുന്ന അവസരങ്ങള്‍, സാധാരണ ജനങ്ങളുടെ ലാഭനഷ്ടങ്ങള്‍ കണക്കിലെടുക്കാതെ രാഷ്ടീയ നേട്ടങ്ങള്‍ക്കും വ്യക്തിപരമായ മുതലെടുപ്പിനും വിനിയോഗിയ്ക്കുന്നു എന്നത് ഖേദകരമായ ഒന്നാണ്. ഇവിടെ ഇരയാക്കപ്പെടുന്നത് സാധാരണ, അല്ലെങ്കില്‍ പാവപ്പെട്ട ജനങ്ങള്‍ മാത്രമാണ്. നഷ്ടങ്ങളുടെ കണക്കുകളും ഇവര്‍ക്കാണുള്ളത്. കണ്ണൂരിലെ കീഴാറ്റൂരില്‍ അരങ്ങേറിയിരിയ്ക്കുന്ന ഈ പദ്ധതി പ്രകൃതി വിരോധമാണെങ്കില്‍ തീര്‍ച്ചയായും അതിനെ ശക്തമായി തടയണം.

കേരളത്തിന്റെ പ്രകൃതി ഭംഗിയില്‍ അഭിമാനം കൊള്ളുന്ന നമ്മള്‍ ഓരോ കേരളീയര്‍ക്കും ഈ പ്രശ്‌നത്തെ വിലയിരുത്താം, പ്രതികരിയ്ക്കാം. ഈ പ്രതികരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വിജയപരാജയങ്ങള്‍ക്കു വേണ്ടിയല്ല. പ്രകൃതിയെ സ്‌നേഹിയ്ക്കുന്ന, കേരളത്തെ സ്‌നേഹിയ്ക്കുന്ന ഒരു കേരളീയന്‍ മാത്രമായി പ്രതികരിയ്ക്കാം. സാധാരണ ജനതയ്ക്കു വേണ്ടി പോരാടുന്ന, പാര്‍ട്ടിയോ, മതമോ കാര്‍ന്നുതിന്നാത്ത ഒരു മനുഷ്യ മനസ്സുമായി നമ്മുടെ കേരളത്തിനുവേണ്ടി പ്രതികരിയ്ക്കാം.

ഇവിടെ ഇനിയും പാര്‍ട്ടികള്‍ മാറും, പുതിയ സ്വാര്‍ത്ഥ താല്പര്യങ്ങളുടെ പദ്ധതികള്‍ ഇനിയും ജനിയ്ക്കും ചെറുത്തുനില്‍ക്കാനും, നന്മതിന്മകളെ വിലയിരുത്താനും പഠിയ്ക്കാം, നമ്മുടെ രമണീയ കേരളത്തിന്റെ അഭിമാനം കാത്തുസൂക്ഷിയ്ക്കാന്‍ ഉത്തരവാദിത്വമുള്ള ഒരു മലയാളിയായി കൂട്ടായ്മയോടെ തുടരാം.
Join WhatsApp News
ജി. പുത്തൻകുരിശ് 2018-04-09 13:51:07
സമൂഹത്തിൽ നന്മയ്ക്കും നീതിക്കും മനുഷ്യ പുരോഗതിയ്ക്കുമായി സ്ഥാപിക്കപ്പെട്ട മതങ്ങൾ  ലക്ഷ്യത്തിൽ എത്തി ചേരാതെ വഴിതെറ്റി വിവിധ മാർഗ്ഗങ്ങളിൽ സഞ്ചരിക്കുകയാണ്.  സാമൂഹ്യ നന്മയ്ക്കായ് ഒന്നിച്ചു നിൽക്കേണ്ട മതങ്ങൾ കൂനൻപാലയ്ക്ക് കാ വിരിഞ്ഞതുപോലെ അങ്ങോട്ടും ഇങ്ങോട്ടും മുഖം തിരിഞ്ഞിരിക്കുകയാണ് .പാലയെ സംബന്ധിച്ചടത്തോളം ഇത് ആ വൃക്ഷത്തിന്റ സഹജമായ സ്വഭാവ വിശേഷമാണ്. എന്നാൽ മതങ്ങളെ സംബന്ധിച്ചടത്തോളം വ്യക്തമായ കാഴ്ചപ്പാടില്ലാത്തതും സാമൂഹ്യപ്രിതിബദ്ധത ഇല്ലാത്തതും, സ്വാർത്ഥ താത്‌പര്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്നതുമായ  നേതൃത്വങ്ങളുടെ  കുഴപ്പമാണ് .  അതുപോലെ തന്നെ മതം നൽകുന്ന കറുപ്പടിച്ച് തല മന്ദിച്ചിരിക്കുന്ന സമൂഹത്തിനും ഈ ലക്‌ഷ്യം തെറ്റിയുള്ള പോക്കിൽ വളരെ പങ്കുണ്ട് . മനുഷ്യന് ചിന്താ ശക്തി നഷ്ടപ്പെടുമ്പോൾ അവർ, ഡൽഹിയിൽ നിന്ന് ആഗ്രയിലേക്ക് തലസ്ഥാനം മാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ച് പിന്നീട് അത് തിരുത്തി ഡൽഹിയിലേക്ക് തിരിച്ചുപോകാൻ ഉത്തരവിട്ട തുഗ്ലക്കിനെ പിന്തുടർന്ന് പലതും നഷ്ടപ്പെട്ട ജനങ്ങളെ പോലെ ലക്‌ഷ്യം ഇല്ലാതെ ഉഴലേണ്ടി വരും  .  'എബ്രാൻ ഇത്തിരി കട്ടു ഭുജിച്ചാൽ അമ്പലവാസികൾ ഒക്കെ കേൾക്കും' . വായനക്കാരെ ബോധവതിക്കരിക്കാൻ ഉതകുന്ന നല്ലൊരു ലേഖനം .   അഭിനന്ദനം
P R Girish Nair 2018-04-09 11:31:45
വളരെ നല്ല ലേഖനം. നല്ല വീക്ഷണം.
വികസനം ആകാം പ്രകൃതി രമണീയത നഷ്ടപ്പെടുത്താതെ. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമകുടിയാണ്.
Amerikkan Mollaakka 2018-04-09 14:44:19
ശ്രീമതി നമ്പ്യാർ സാഹിബ ഇങ്ങടെ എയ്ത്ത് ഞമ്മക്ക്
പെരുത്ത് ഇസ്റ്റം. പുരോഗതിയെന്നും പറഞ്ഞു കേരളത്തിന്റെ
ഭംഗിയൊക്കെ കളഞ്ഞു കുളിച്ചു. ഇങ്ങളെപോലുള്ളവർ
എയ്തി മാറ്റങ്ങൾ വരുത്തുക. അമേരിക്കൻ മലയാളികൾ
നാട്ടിലുള്ളവർക്ക് സഹായം ചെയ്യും പക്ഷെ നാടിനു വേണ്ടി
ഒന്നും ചെയ്യില്ല. ഇ മലയാളി ഇത്തരം ബിഷയങ്ങൾ
പ്രസിദ്ധീകരിക്കുന്നതിന് അനുമോദനം.  ഇവിടത്തെ എയ്ത്തുകാർ എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാം.
Sudhir Panikkaveetil 2018-04-09 17:52:49
നാട്ടിലെ വിശേഷങ്ങൾ ഇങ്ങനെ അറിയിക്കുന്നത് നല്ലത് തന്നെ. അമേരിക്കൻ മലയാളികൾക്ക് കേരളത്തിന്റെ പ്രകൃതി ഭംഗി നഷ്ടപ്പെടുന്നതിനെക്കുറിച്ച് വേവലാതി ഉണ്ടാകുമോ? അറിയില്ല. അവർ അവിടെയുള്ളവർക്ക് വീട് വയ്ക്കാനും, കുട്ടികളെ പഠിപ്പിക്കാനുമൊക്കെയല്ലേ പരിശ്രമിക്കുന്നത്. പ്രകൃതിയെക്കാൾ മനുഷ്യരെ സ്നേഹിക്കുന്ന ചിന്താഗതി. എന്തായാലും മനസ്സിൽ നന്മയുള്ളവരാണ് അമേരിക്കൻ മലയാളികൾ. 
വിദ്യാധരൻ 2018-04-10 00:25:50
ലേഖനം കേരളത്തെക്കുറിച്ചുള്ളതാണെങ്കിലും ഇതിന് വിശ്വവിശാലമായ   പ്രാധാന്യമുള്ള ഒരു ലേഖനമാണ്  കാരണം ഇന്ന് ലോകത്തെമ്പാടും കച്ചവട മനോഭാവമുള്ള മനുഷ്യരും രാഷ്ട്രീയക്കാരും ചേർന്ന് ഇരിയ്ക്കുന്നിടം കുഴിക്കുന്ന ഒരു പ്രവണതയാണ് കാണുന്നത് .  'വയൽക്കിളികൾ',  പ്രകൃതിയെ സംരക്ഷിക്കാൻ  ഇറങ്ങി പുറപ്പെട്ട നോർത്ത് ഡെക്കോട്ടയിലെ നേറ്റീവ് അമേരിക്കൻസിനെ ഓർമ്മിപ്പിക്കുന്നു  അമേരിക്കയുടെ സമ്പത്ത് വ്യവസ്ഥയുടെ വികാസത്തിന്റെ ഒഴുക്ക് തടയുന്ന അലാസ്‌ക്കൻ പൈപ്പ് ലൈനിന്റെ മുന്നിൽ ഒരു തടസ്സമായി നില കൊള്ളുന്ന ഈ അമേരിക്കൻ  ഗോത്രവർഗ്ഗക്കാർ ട്രംപ് ഭരണകൂടത്തിന് ഒരു തലവേദനയാണ് .  കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇവിടുത്തെ വിഷയം പ്രകൃതിയാണ്.  അത് മനുഷ്യജീവിതത്തിന്റെ നിലനിൽപ്പിന് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് തിരിച്ചറിയുന്ന ഒരു വിഭാഗമാണ് സാഹിത്യപ്രവർത്തകർ ,കലാകാരന്മാർ, കവികൾ തുടങ്ങിയവർ . ശ്രീമതി. ജ്യോതിലക്ഷ്മി നമ്പ്യാർക്ക് അങ്ങനെ ഒരു വേദന അനുഭവപ്പെട്ടതിൽ അതുഭുതമില്ല .  പെട്ടെന്ന് എന്റെ മനസ്സിൽ വന്നത് 'സമാനഹൃദയ, നിനക്കായ് പാടുന്നേൻ' എന്ന  സുഗതകുമാരിയുടെ (അമ്പലമണിയിലെ ) കവിതയിലെ ചില വരികളാണ്

"ഞാനറിയുന്നു, ഞാനറിയാത്തോ-
രിടത്തിലെങ്ങാമോ
നീ വാഴുന്നു, സമാനഹൃദയ, 
നിനക്കായ് പാടുന്നേൻ 
----------------------------------
എൻമിഴി നനയുവതേതിൽ , അതി 
ലാമിഴി നനയുന്നു "

അതുകൊണ്ടാണ് ഞാൻ പറഞ്ഞത് വയൽകിളികളുടെ വേദന ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർക്ക് അനുഭവപ്പെട്ടതിൽ അത്ഭുതമില്ലെന്നു പറഞ്ഞത്. അവരുടെ മിഴികൾ നനഞ്ഞപ്പോൾ നിങ്ങളുടെ മിഴിയും നനഞ്ഞു . ഒരു കലാകാരന്, എഴുത്തുകാരന്, കവിക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ധാര്‍മ്മികഗുണം അതായിരിക്കണം .  എനിക്കും ഒരിക്കൽ വേദന അനുഭവപ്പെട്ടു കാരണം മറ്റൊന്നാണ് . വികസനത്തിന്റെ പേരിൽ   പ്രകൃതി സൗന്ദര്യം കൊണ്ടും, ചരിത്രപരമായും കേരളത്തിന്റെ നെറ്റിത്തടത്തിലെ തൊടുകുറിയായ ആറുമുളയുടെ നെഞ്ചു തകർത്ത് അവിടെ കൂറ്റൻ വിമാനങ്ങൾ ഇറക്കണം എന്ന് പറഞ്ഞ് സഖറിയാ എന്ന ഒരു സാഹിത്യകാരന്റെ തോളിൽ കൈ ഇട്ട് അമേരിക്കയിലെ സാഹിത്യകാരമാരും കവികളും എന്ന് പറഞ്ഞു പുകഴുന്ന ചിലർ മുറവിളി കൂട്ടിയപ്പോൾ . 

നനഞ്ഞുപോയി എൻ മിഴികളും 
ഞാനറിയാതെ സോദരി 

കേരളത്തിന്റ പ്രകൃതി സൗന്ദര്യത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ആർക്ക് ചങ്ങമ്പുഴയുടെ 

"മലരണി കാടുകള്‍ തിങ്ങി വിങ്ങി 
മരതക കാന്തിയില്‍ മുങ്ങി മുങ്ങി 
കരളും മിഴിയും കവര്‍ന്നു മിന്നി 
കറയറ്റോരാലസ്സല്‍  ഗ്രാമ ഭംഗി "  എന്ന കവിത ശകലം ഓർക്കാതിരിക്കാൻ കഴിയും 

അല്ലെങ്കിൽ  കുമാരനാശാന്റെ 

"പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം
ആഹാ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍
ചോക്കുന്നു കാടന്തി മേഘങ്ങള്‍പോലെ
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം

എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു (2)
ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍
ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍
എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം

പാടങ്ങള്‍ പൊന്നിന്‍ നിറം‌പൂണ്ടു നീളെ..
പാടിപ്പറന്നെത്തിയീത്തത്ത എല്ലാം (2)
കേടറ്റ നെല്ലിൻ കതിര്‍ക്കാമ്പുകൊത്തി
ചൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍
ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍
ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍
എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം.. "  എന്ന കവിത .

സച്ചിദാന്ദന്റെയും, ചുള്ളിക്കാടിന്റെയും കവിതകളിൽ പ്രകൃതി സൗന്ദര്യത്തെ വർണ്ണിക്കുന്ന കവിതകൾ തപ്പിയപ്പോൾ കിട്ടിയത് 

'മുല്ലവള്ളിയും നിലാവും ഇണചേർന്ന് 
വെള്ളിമൊട്ടുകളുടെ  വെള്ളിമുട്ടകൾ ഉണ്ടായി 
രാത്രിയും ആകാശവും ഇണചേർന്നപ്പോൾ സ്വർണ്ണ
ത്താരകളുണ്ടായ്‌, മണ്ണും മഴയും ഇണ ചേർന്ന് .... ' (സൃഷ്ടിയും സൗന്ദര്യവും - സച്ചിദാനന്ദൻ)

ചുള്ളിക്കാടിന്റ്റെ ഋതുഭേദങ്ങൾ നോക്കിയപ്പോൾ അതിൽ കണ്ടതിതാണ് 

"പ്രഭാതത്തിൽ മഞ്ഞുതുള്ളിയെ സൂര്യരസ്മി എന്നപോലെ 
ബാല്യത്തിൽ ഒരു ബാലികയെ ഞാൻ പ്രേമിച്ചു 
അവൾ ഉരുകി അപ്രത്യക്ഷയായി "   ഋതുഭേദങ്ങൾ പ്രകൃതിയുമായി ബന്ധപ്പെട്ടതാണെന്ന് ചിന്തിച്ചു വായിച്ചപ്പോൾ അതിന് പ്രകൃതിയുമായി യാതൊരു ബന്ധവുമില്ല . എനിക്ക് തോന്നുന്നത് ഇവരാണ് പ്രകൃതിയുടെ ഗദ്ഗദങ്ങളും മനുഷ്യരുടെ തേങ്ങലുകളും ഇല്ലാത്ത മലയാളത്തിലെ  ആധുനിക കവിതയ്ക്ക് ജന്മം കൊടുത്തവരെന്ന്  . ഇന്നവരുടെ സന്താന പരമ്പരയിൽപെട്ട വളരെ ആധുനികർ അമേരിക്കയിൽ ഉണ്ട് 

'പെരിയാറേ പെരിയാറേ 
പർവ്വത നിരയുടെ പനിനേരെ' എന്ന കവിതയും 

'പമ്പയാറു പിറക്കുന്നു ശബരിഗിരിയിൽ'  എന്ന കവിതയും    ആധുനികരുടെ കയ്യിൽ കിട്ടിയാൽ എങ്ങനെ ഇരിക്കും (കവിതയല്ല ഗാനത്തിന്റെ വരികളാണ് -ഇനി അതിന്റെ പേരിൽ പണ്ഡിതവർഗ്ഗം ഗുസ്തി പിടിക്കേണ്ട  - ഞാൻ കവിതയായിട്ടു കാണുന്നു എന്നേയുള്ളു) 

മാന്തിപോയി മാന്തിപോയി 
പെരിയാറ് മാന്തിപോയി 

മാറിപ്പോയി മാറിപ്പോയി 
പമ്പയാറു മാലിന്യ ആറായി മാറിപ്പോയി - അവരെ കുറ്റം പറയുന്നില്ല കാണാത്ത കാര്യം എങ്ങനെ കണ്ടെന്ന് പറയാൻ പറ്റും. കാണുന്നതല്ലേ കുറിക്കാൻ പറ്റു അല്ല വരയ്ക്കാൻ പറ്റു 

പ്രകൃതി നമ്മൾക്ക് ആവശ്യമുള്ളതെല്ലാം നൽകുന്നു എന്നാൽ ആവശ്യം അത്യാഗ്രഹമായി മാറുമ്പോൾ നാം നമ്മളെയും നമ്മളുടെ അടുത്ത തലമുറയെയും നശിപ്പിക്കുന്നു 

അതിനാൽ കവികളെ എഴുത്തുകാരെ 
വയൽക്കിളികൾക്കൊപ്പം നിന്നിടുക 
വികസനത്തിന്റെ പേരിൽ നമ്മൾ 
ചുട്ടു കരിച്ചിടാ സ്വന്ത ഗേഹം 

ചിന്തകളെ ഉണർത്തുന്ന വളരെ നല്ലൊരു ലേഖനത്തിന് ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർക്ക് എല്ലാം ആശംസകളും 
Ninan Mathulla 2018-04-10 09:05:09

Jyothylakshmy’s article is very relevant for this time of Global Warming, Hurricane and flood and big changes in climate. It is natural for us to get emotional about the subject that makes reasoning difficult. Another difficulty is that scholars and experts on climate change can not agree on the reasons for climate change. It is a fluid developing branch of science. Politics is always involved in everything. Any difference of opinion such as religion and race is used for political purpose nowadays. By dividing people on such issues political parties come to power. Most people think they have no politics in such regional issues. If the road or place of development is through our ancestral property we feel deeply about it. If not most are detached from the issue.

 

We want development in our state to create jobs for us and our children. Transportation and infrastructure is very important when it comes to and job creation. We must be able to foresee needs twenty five or fifty years ahead when we plan developments. When the Freeways and tollways were built here in USA many thought why all this waste as not many is using it. Now traffic is so congested that the tollways and freeways are not adequate. Yes, the negative side of it is that the roads and concrete houses have contributed to flooding as water will not drain fast. If it touches as personally with our job, we will not care much about it as our immediate need is more important to each of us than its effect in the future or future generation.

 

The biggest reason for Global warming is deforestation and carbon dioxide build up from factories. When plants are removed the carbon dioxide and heat from sun is not converted to useful harmless products like wood and oxygen from photosynthesis. Just because a local road is built in one place it will not make appreciable change to climate. But the combined effect of development everywhere has its effect on us. So deforestation and infrastructure development and cars and factories in other states and other countries affect our climate more than local changes we initiate. The very hot climate we face now in Kerala is due to the developments and deforestation and infrastructure development elsewhere.

 

If a tree is cut each of us must plant another one in our land. Governments all over the world must study and bring policy changes, and development must be as per these policies instead of dividing the community by political interests to come to power.

JAYASREE GIRISH 2018-04-10 11:06:28
നെൽവയലുകളുടെ സുരക്ഷ ഒരിക്കൽകൂടി കേരളത്തിൽ ചർച്ചാ വിഷയമാവുകയാണ്‌. നെൽപ്പാടങ്ങൾ മലയാളിയുടെ കാർഷിക സംസ്കാരത്തിന്റെ മുഖമുദ്രയും കൊയ്ത്തുപാട്ടുകളിലൂടെയും
മറ്റും തലമുറകൾ കൈമാറിവന്ന ജീവിതരീതിയുടെ താളവും നന്മുടെ
ഭക്ഷ്യ-ജല സുരക്ഷയുടെ പരന്നുകിടക്കുന്ന പച്ചപ്പും ഒക്കെ
ആയിരുന്നിടത്തുനിന്നും, നികത്തപ്പെടാനും രൂപം മാറാനും
പൊതുവികസന പദ്ധതികൾക്ക്‌ വഴിമാറാനുമുള്ള വെറും നിലങ്ങളായി
ഇന്ന്‌ മാറിക്കഴിഞ്ഞു. കാലഘട്ടങ്ങളായി, എല്ലാ വികസന പ്രവർത്തനങ്ങളുടെയും ആദ്യ ഇര നെൽവയലുകൾ ആയിത്തീർന്നിരിക്കുന്നു.  പ്രകൃതി  മനുഷ്യ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്ന് ശ്രിമതി ജ്യോതിലക്ഷ്‌മി ചുണ്ടികാണിച്ചിരിക്കുന്നു. 
പ്രകൃതിയെ സ്നേഹിക്കുന്നവർക്കായി ഒരു നല്ല ലേഖനം. 
ശ്രീമതി ജ്യോതിലക്ഷ്‌മിക്ക്  അഭിനന്ദനം.

Jyothylakshmy Nambiar 2018-04-11 01:53:54
Special thanks to Shri. Girish Nair, American Mollakka, Shri Sudhir Panikkaveetil, Shri Vidyadharan, Shri Ninan Mathulla and Shrimathi. Jayashree Girish for your review and vallid comments for my article. Your comments are really a inspiration for me. Anticipating your future support. Regards, Jyothyllakshmy
SchCast 2018-04-11 13:21:33

First of all, let me congratulate the author for the concern for the nature. All the arguments in favor of spoiling the nature for 'so-called' development will have a great price to pay in due time. The truth is that where ever such unthoughtful, unplanned developmental activities take place, the nature answered it with calamities in due time. Human beings as a whole, is part of the nature. If we want to increase our comfort zone, let us do it carefully without harming the nature.

I also want to thank 'Vidhyadharan master' for taking me back to the days when Kerala state had the poetic beauty as he described. In USA and European countries, there is a very good check by Environmental Protection Agencies. However, it is anybody's regime when it comes to development in India. When we grew up, we could travel without holding our nose from the stench that comes in the air. Now-a-days how many city streets has the privilege? The lop-sided development has taken over the thinking of politicians and bureaucrats. People of all ages, races and culture admired/admires the nature. Let us preserve what if destroyed cannot be replaced. Let me conclude with a poem of William Wordsworth:

I HEARD a thousand blended notes,
          While in a grove I sate reclined,
          In that sweet mood when pleasant thoughts
          Bring sad thoughts to the mind.

          To her fair works did Nature link
          The human soul that through me ran;
          And much it grieved my heart to think
          What man has made of man.

          Through primrose tufts, in that green bower,
          The periwinkle trailed its wreaths;                         10
          And 'tis my faith that every flower
          Enjoys the air it breathes.

          The birds around me hopped and played,
          Their thoughts I cannot measure:--
          But the least motion which they made
          It seemed a thrill of pleasure.

          The budding twigs spread out their fan,
          To catch the breezy air;
          And I must think, do all I can,
          That there was pleasure there.                              20

          If this belief from heaven be sent,
          If such be Nature's holy plan,
          Have I not reason to lament
          What man has made of man?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക