Image

കൈനീട്ടത്തോടൊപ്പം ഒരു കൊന്നപ്പുവും (അനില്‍ പെണ്ണുക്കര )

അനില്‍ പെണ്ണുക്കര Published on 09 April, 2018
കൈനീട്ടത്തോടൊപ്പം ഒരു കൊന്നപ്പുവും  (അനില്‍ പെണ്ണുക്കര )
മേടപ്പുലരിക്ക് ഇനി കുറച്ചു ദിവസങ്ങള്‍ മാത്രം.
കേരളീയരുടെ ജീവിതത്തിന്റെ ശെരിയും ശെരികേടും  നിശ്ഛ യിക്കുന്ന സുവര്‍ണ്ണ ദിനം.മലയാളിയുടെ നാട്ടുപച്ചയുടെ സമൃദ്ധി കൂടി വിലയിരുത്തുന്ന പുണ്യ ദിനം മലയാളക്കരയെ ഓര്‍മ്മിപ്പിക്കുന്നത് ഒരു സ്വര്‍ണ്ണ പുഷ്പ്പമാണ് .കണിക്കൊന്ന.നമ്മുടെ സ്വന്തം കണിക്കൊന്ന.

ദൈവാംശത്തോടെയുള്ള കണിസാധങ്ങളെ ദര്‍ശിച്ച് ഭഗവാന്റെ പൂപ്പുഞ്ചിരിയില്‍ മനമലിയിച്ച് കൈവെള്ളയിലേക്ക് കാണിക്കയായി വീഴുന്ന നാണയത്തുട്ടുകളെ സ്വന്തമാക്കി പടക്കത്തിന്റെയും, കമ്പിത്തിരികളുടേയും അകമ്പടിയോടെ ആദിത്യസ്‌തോത്രം ചൊല്ലി സൂര്യദേവനെ നമസ്‌കരിക്കുമ്പോള്‍ മനസ്സിന്റെ മഞ്ഞിന്‍പാളികളിലേക്ക് തുളഞ്ഞിറങ്ങുന്ന ശാന്തി കിരണങ്ങള്‍ അവയുടെ അവാച്യാനുഭൂതി മനസ്സിലെങ്കിലും പറയാം. ഇന്നത്തെ കണി എന്നത്തേയും കണിയാകട്ടെ എന്ന്. വിഷുപ്പൂക്കളായി നമ്മള്‍ സങ്കല്‍പ്പിച്ചിട്ടുള്ളത് കണിക്കൊന്നപൂക്കളെയാണ്. സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന ആ സുന്ദരിപുഷ്പങ്ങള്‍ കര്‍ണ്ണികാരപുഷ്പങ്ങള്‍ എന്ന പേരിലും അറിയപ്പെടുന്നു. അശുദ്ധമായ അന്തരീക്ഷങ്ങളില്‍ അവ ഒരിക്കലും വളരില്ലെന്നാണ് പറയപ്പെടുന്നത്. ഭഗവാന്റെ പൊന്‍ചിലമ്പുകളാണ് കണിക്കൊന്ന പൂക്കളായി രൂപപ്പെട്ടതെന്ന് ഒരു വാമൊഴിക്കഥയുണ്ട്. അത് ഭഗവാന്‍ ശ്രീകൃഷ്ണുമായി ബന്ധപ്പെട്ട ഒരു ഭക്തിസാന്ദ്ര വിവരണമാണ്.    

പണ്ടുപണ്ട് ഗുരുവായൂരമ്പലത്തിനടുത്തായി പരമദരിദ്രരായ ഒരമ്മയും മകളും താമസിച്ചിരുന്നു. തീര്‍ത്തും കഷ്ടപ്പാടായിരുന്നെങ്കിലും ഭഗവാന്‍ കൃഷ്ണനെ ഭജിക്കുന്നതില്‍ അവര്‍ ഒട്ടും മുടക്കം വരുത്തിയിരുന്നില്ല. കൃഷ്ണനെ സ്വന്തം കുഞ്ഞായിത്തന്നെ സങ്കല്‍പ്പിച്ചുകൊണ്ടായിരുന്നു ആ അമ്മയുടെ പ്രാര്‍ത്ഥനകളും പൂജകളും.       ബാല്യം പിന്നിട്ട് ഒരു പെണ്‍കുട്ടിയായി യൌവ്വനത്തിലേക്ക് കടന്നു. സമപ്രായക്കാര്‍ പൊന്നും പട്ടുമണിഞ്ഞ് ഓരോരോ ആഘോഷങ്ങള്‍ക്ക് ഒത്തുകൂടുമ്പോള്‍ തന്റെ ദരിദ്രാവസ്ഥയോര്‍ത്ത് ആ കുട്ടിയുടെ മനം വിതുമ്പും. പൊന്നിന്റെ ഒറ്റയൊരാഭരണമെങ്കിലും തനിക്കുണ്ടായിരുന്നെങ്കില്‍ വേറൊന്നും വേണ്ട കിലുകിലുങ്ങുന്ന രണ്ട് പൊന്‍ കൊലുസുകള്‍ ഗതിയില്ലാത്തവര്‍ അതിനായി മോഹിക്കുന്നത് ദുര്‍മോഹമാണെന്നറിയാം. എന്നാലും കൊതിച്ചുപോവുകയാണ് ആഗ്രഹിച്ചുപോവുകയാണ്.       അത്തരമൊന്ന് വാങ്ങിത്തരാനുള്ള കഴിവ് ഒരിക്കലും അമ്മക്കുണ്ടാവുകയില്ലെന്നറിയാം. എങ്കിലും തന്റെ മോഹവും സങ്കടവും അമ്മക്കുമുമ്പില്‍ അവള്‍ സമര്‍പ്പിച്ചു.       'നിന്റെ ആശ കണ്ണനോട് പറയ് മോളെ.' അമ്മ മകളുടെ ശിരസ്സില്‍ അരുമയോടെ തലോടി. 'ആ അമ്പാടിക്കുഞ്ഞ് നിന്റെ മോഹം നിറവേറ്റിത്തരും. ഉറപ്പായും.'       ആ പെണ്‍കുട്ടി അന്നുമുതല്‍ തന്റെ അര്‍ത്ഥന കണ്ണന്റെ മുമ്പില്‍ സമര്‍പ്പിതമാക്കാന്‍ തുടങ്ങി. ഒരുദിവസം കണ്ണന്റെ നേരെ കീൈട്ടി യാചിച്ചുകൊണ്ടുനിന്ന അവളുടെ കൈവെള്ളയിലേക്ക് ഒരു പട്ടുപൊതി വന്നുവീണു. അവള്‍ അതെടുത്തു തുറന്നുനോക്കി. അതില്‍ രണ്ട് മനോഹരങ്ങളായ പൊന്‍ചിലമ്പുകള്‍. തന്റെ ആശയറിഞ്ഞ് കണ്ണന്‍ ഭിക്ഷയാക്കിയതാണ് അവയെന്ന് അവള്‍ ഉറപ്പായും വിശ്വസിച്ചു.       കൊതിയോടെ ആ കൊലുസ് രണ്ടും അവള്‍ കാലിലണിഞ്ഞു. ഹാവു എന്തൊരു ചന്തം കാല്‍പ്പാദങ്ങള്‍ രണ്ടും സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്നതുപോലെ!       എന്നാല്‍ വീട്ടിലെത്തിയതോടെ സംഗതി മാറി. കണ്ണന്‍ പൊന്‍ചിലമ്പുകള്‍ കൊടുക്കുകയോ! അമ്മ അത് വിശ്വസിച്ചില്ല. മാത്രമല്ല സംഭവമറിഞ്ഞ ഭക്തരാരുംതന്നെ അത് സത്യമാണെന്ന് വിശ്വസിച്ചില്ല. അവര്‍ കള്ളിയെന്ന് മുദ്രകുത്തി പെണ്‍കുട്ടിയെ നിന്ദിക്കാനും അപഹസിക്കാനും തുടങ്ങി.       'കണ്ണാ, എന്റെ നിരപരാധിത്വം ഇവരെ ബോധ്യപ്പെടുത്തണെ.'       അവള്‍ സോപാനപ്പടിയില്‍ നെറ്റി മുട്ടിച്ചു. അല്ലെങ്കില്‍ ഈ കരിങ്കല്‍പ്പടിയില്‍ തലയടിച്ച് ഞാന്‍ ചാകും. തന്ന കൊലുസ് ഞാനിതാ തിരിച്ചുവെക്കുന്നു. പെട്ടെന്ന് ഒരശരീരി ശ്രീകോവിലില്‍ നിന്നും മുഴങ്ങി. ഒപ്പം കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും.       'ഞാനിതെന്റെ ഭക്തക്ക് ദാനം ചെയ്തതാണ്. ദാനവസ്തു ഞാന്‍ തിരിച്ചെടുക്കില്ല. ചിലമ്പുകള്‍ രണ്ടും വലതു വശത്തേക്കെറിഞ്ഞോളൂ. എന്റെ സ്പര്‍ശനമേല്‍ക്കുന്ന നറുമലരുകളായിത്തീരും അവ.'       പെണ്‍കുട്ടി സ്വയം അവയെ വലതുവശത്തേക്ക് വലിച്ചെറിഞ്ഞു. അല്‍പ്പം കഴിഞ്ഞ് എല്ലാവരുമായി അങ്ങോട്ടേക്ക് ചെന്നപ്പോള്‍ കണ്ട കാഴ്ച നിറയെ പൂക്കളുമായി ഒരു കണിക്കൊന്ന മരം. പെണ്‍കുട്ടി കുറെ പൂക്കള്‍ അതില്‍നിന്നും അടര്‍ത്തിയെടുത്ത് കണ്ണുനു മുമ്പില്‍ സമര്‍പ്പിച്ചു. അന്നു തുടങ്ങിയതാണ് കണിക്കൊന്നപ്പൂക്കള്‍ കണ്ണന്റെ പൂജാപുഷ്പങ്ങളായി സ്ഥാനപ്പെട്ടത്. ക്രമേണ ആ പെണ്‍കുട്ടിയുടെ ദാരിദ്ര്യം മാറുകയും അവര്‍ സമ്പന്നരാവുകയും ചെയ്തു.   
എന്തായാലും കണിക്കൊന്നയ്ക്ക് ഉള്ള ആഴകും ആഭിജാത്യവും മറ്റൊരു പൂവിനും ഉണ്ടെന്നു തോന്നുന്നില്ല.അതാണല്ലോ വിഷുവിന് മലയാളി കണിക്കൊന്നയ്ക്കായി നെട്ടോട്ടമോടുന്നത് .
കൈനീട്ടത്തോടൊപ്പം ഒരു കൊന്നപ്പുവും ..അതാണ് ആചാരം ..

കൈനീട്ടത്തോടൊപ്പം ഒരു കൊന്നപ്പുവും  (അനില്‍ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക