Image

സ്ത്രീശാക്തീകരണം, എല്ലാവര്‍ക്കും ഒരു വീട് പദ്ധതിക്കായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ യുഎന്നില്‍ (ഫ്രാന്‍സിസ് തടത്തില്‍)

(ഫ്രാന്‍സിസ് തടത്തില്‍) Published on 10 April, 2018
സ്ത്രീശാക്തീകരണം, എല്ലാവര്‍ക്കും ഒരു വീട് പദ്ധതിക്കായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ യുഎന്നില്‍ (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്‌സി: സ്ത്രീശാക്തീകരണത്തിനു ഊന്നല്‍ നല്‍കിക്കൊണ്ട് യു.എന്നുമായി ചേര്‍ന്നുകൊണ്ട് സംയുക്ത പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും സംഘവും ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്ത് എത്തി. കൊല്ലം ജില്ലാ കലക്ടര്‍ കാര്‍ത്തികേയന്‍, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷ്ണര്‍ സുദേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അജോയി തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് രണ്ടു ദിവസത്തെ ചര്‍ച്ചക്കായി ന്യൂയോര്‍ക്കില്‍ എത്തിയത്. സ്ത്രീ ശാക്തീകരണ പരിപാടിക്കു പുറമെ കൊല്ലം ജില്ലയിലെ കുണ്ടറ മണ്ഡലത്തില്‍ 'എല്ലാവര്‍ക്കും ഒരു വീട്' എന്ന സ്വപ്‌ന പദ്ധതിക്കായി കൊല്ലം ടി.കെ.എം. എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വിഭാവനം ചെയ്ത പദ്ധതിക്കു വേണ്ടിയും ചര്‍ച്ച നടത്തുന്നുണ്ട്.

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക(IPCNA)യുടെ സഹകരണത്തോടെ തെരഞ്ഞെടുക്കപ്പെട്ട ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്ന പ്രത്യേക പരിശീലന പദ്ധതിക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയായ സ്റ്റെപ്പി(Step)ന്റെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കാന്‍ ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ എത്തിയ മന്ത്രി യു.എന്‍. ചര്‍ച്ചകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സൂചിപ്പിച്ചു. ഇന്നും നാളെയുമാണ് ഭവന പദ്ധതിയെക്കുറിച്ചും നാളെ സ്ത്രീശാസ്‌ക്തീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ യു.എന്‍. ആസ്ഥാനത്ത് നടക്കും.

കൊല്ലം ടി.കെ.എം. എന്‍ജിനീയറിംഗ് കോളേജിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ വിഭാവനം ചെയ്തിട്ടുള്ള ഭവന പദ്ധതിയുടെ കരട് രേഖ അംഗീകരിച്ച യു.എന്‍. ഓഫീസ് മന്ത്രിയെയും സംഘത്തെയും ഔദ്യോഗികമായി പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു. ഈ പദ്ധതിയിലൂടെ രണ്ടു കാര്യങ്ങളാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യങ്ങളോടുകൂടിയ ഭവനം എല്ലാവര്‍ക്കും നിര്‍മ്മിച്ചു നല്‍കുക എന്നതാണ് പദ്ധതിയുടെ ഒന്നാമത്തെ ലക്ഷ്യം. വെറും നാലുലക്ഷത്തില്‍ താഴെ മാത്രം ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന വീടുകളുടെ പൈലറ്റ് പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. ഇവ ലഭ്യമാക്കപ്പെട്ടവരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടിനാണ് യു.എന്‍. ചര്‍ച്ചക്കായി അംഗീകാരം നല്‍കിയത്. യഥാര്‍ത്ഥത്തില്‍ നാലു ലക്ഷം രൂപ പോലും മനോഹരമായ ഈ ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടി വന്നില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലത്ത് മാത്രമായി 50,000 ഭവനരഹിതര്‍ ഉണ്ട്. അതില്‍ 35,000 പേര്‍ക്കുള്ള പദ്ധതിക്കുള്ള റിപ്പോര്‍ട്ടിന്മേലാണ് ചര്‍ച്ച നടക്കുക. ഈ പദ്ധതി വിജയിച്ചാല്‍ ഒരു പക്ഷേ കേരളം മുഴുവനും ഈ പദ്ധതി നടപ്പിലാക്കാന്‍ പറ്റുമെന്ന വിശ്വാസത്തിലാണ് താനെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

കേരളത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന തൊഴിലാളിമേഖലയിലാണ്  കൊല്ലം ജില്ലയിലെ കശുവണ്ടിതൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നത്. ബഹുഭൂരിപക്ഷം സ്ത്രീതൊഴിലാളികളുള്ള ഈ മേഖലയിലെ സ്ത്രീകളുടെ വിദ്യാഭ്യാസം, പരിശീലനം, എന്നിവ ലഭ്യമാക്കി അവരെ ശാക്തീകരിക്കാനുള്ള പദ്ധതിയുടെ രൂപരേഖക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതിന്‍മേലുള്ള ചര്‍ച്ചയാണ്  നടക്കുക. ഓഖി ദുരന്തത്തില്‍പ്പെട്ട് ജീവന്‍ പൊലിഞ്ഞ മത്സ്യബന്ധന തൊഴിലാളികളുടെ വിധവകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയും ചര്‍ച്ചയുടെ ഭാഗമാകും. ഒരു പാട് സ്വപ്‌നങ്ങളുമായാണ് ഇവിടെ എത്തിയതെന്നും അതു പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന വിശ്വാസമാണുള്ളതെന്നും മന്ത്രി പറഞ്ഞു.

നല്ല ആശയങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഐ.പി.സി.എ.എ.യുടെ ആഭിമുഖ്യത്തില്‍ ഇതൊടൊപ്പം നടന്ന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന  ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.
സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷാപദ്ധതിയാണ് രണ്ടു പദ്ധതികളിലൂടെയും ലക്ഷ്യമിടുന്നതെന്ന് സംഘാംഗമായ കൊല്ലം ജില്ലാ കളക്ടര്‍ കാര്‍ത്തികേയന്‍ പറഞ്ഞു. എല്ലാവര്‍ക്കും വിദ്യാഭ്യാസവും ശുചിത്വവും ആരോഗ്യപരവുമായ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനു പുറമെ യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതികളും നടപ്പിലാക്കുക. അതിന്റെ ഭാഗമായാണ് എല്ലാവര്‍ക്കും ശുചിത്വപൂര്‍ണ്ണവും ആവശ്യത്തിനു സൗകര്യവും സ്ഥലവും എല്ലാവിധ സംവിധാനങ്ങളോടും കൂടിയ  ഭവനം ചുരുങ്ങിയ ചെലവില്‍ നിര്‍മ്മിക്കു എന്ന ആശയം ഉണ്ടായത്. ഭവനനിര്‍മ്മാണത്തിന് ടി.കെ.എം. എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച എസ്റ്റിമേറ്റ് തുക നാലുലക്ഷത്തില്‍ താഴെയായിരുന്നു. 3,20,000 രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. എന്നാല്‍ ലഭ്യതയും നിലയും കണക്കിലെടുത്ത് തുക നാലുലക്ഷം വരെ ആയേക്കാം.

വിദ്യാര്‍ത്ഥികളില്‍ ഒരു സാമൂഹിക പ്രതിബന്ധത വളര്‍ത്തുക എന്ന ലക്ഷ്യവും ഈ പദ്ധതി മുന്നോട്ടു വയ്ക്കുന്ന മറ്റൊരാശയമാണ്. ഈ പദ്ധതി നടപ്പിലായാല്‍ ഇവിടെ പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഏറെ തൊഴില്‍ പരിശീലനം ലഭ്യമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഡീഷ്ണല്‍ ഡവലപ്‌മെന്റ് കമ്മീഷ്ണര്‍ സുദേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അജോയി, യു.എന്‍. അക്കാദമിക് ഇന്‍പാക്ടില്‍ നിന്നുള്ള പ്രതിനിധി സജി തെരുവില്‍ തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

സ്ത്രീശാക്തീകരണം, എല്ലാവര്‍ക്കും ഒരു വീട് പദ്ധതിക്കായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ യുഎന്നില്‍ (ഫ്രാന്‍സിസ് തടത്തില്‍)സ്ത്രീശാക്തീകരണം, എല്ലാവര്‍ക്കും ഒരു വീട് പദ്ധതിക്കായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ യുഎന്നില്‍ (ഫ്രാന്‍സിസ് തടത്തില്‍)സ്ത്രീശാക്തീകരണം, എല്ലാവര്‍ക്കും ഒരു വീട് പദ്ധതിക്കായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ യുഎന്നില്‍ (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക