Image

വിഷുപ്പക്ഷി പാടുമ്പോള്‍.... (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 10 April, 2018
വിഷുപ്പക്ഷി പാടുമ്പോള്‍.... (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
പ്രിയതര സ്മരണയായണയുന്ന ഗ്രാമീണ
ചിത്രപദംഗമായ് സ്മിതകാല പുലരിയായ്
ചാഞ്ചാടിയാടുന്നയഴകിന്‍ ലതകളായ്
ചാറ്റല്‍മഴകൊണ്ടൊരതിവര്‍ണ്ണ പറവയായ്
ചേറ്റില്‍വിരിഞ്ഞുയര്‍ന്നീടുമീ, മുകുളമായ്
ആറ്റുവഞ്ചിത്താളമേകുന്നയോളമായ്
നാട്ടിടവഴികളിലുയരുന്നയീണമായ്
നിറവാര്‍ന്ന സ്വപ്നച്ചിറകുകള്‍ക്കുയിരുമായ്
വന്നണയുന്നയെന്‍ പൊന്‍വിഷുക്കാലമേ,
കോലായില്‍നിന്നുയരുന്നതാം തവ രവം
തേഞ്ഞുതീരാറായിയെങ്കിലും ഭക്തിയോ
ടോരോ തലമുറകള്‍ക്കുമുണര്‍വ്വുമായ്,
കാതുകള്‍ക്കിമ്പമായ്, ദിവ്യസാന്നിദ്ധ്യമായ്
നിറയുന്നൊരോടക്കുഴല്‍നാദമായ് പ്രിയ
രാഗമായ്; വന്നുണര്‍ത്തീടുന്നു ശുഭദിനം!!

* * * *
പലരുമീ വഴികളില്‍നിന്നുമകന്നുപോ
യെങ്കിലും ഗ്രാമീണ പാമരര്‍ക്കായിതാ,
ഉയരുന്നു; പഴയകാലത്തിന്‍ മധുരമോ
ടാമോദ ശാഖിയില്‍നിന്നതാ, ഗീതകം
തേടിപ്പറന്നിടുന്നതി ധന്യ ചിന്തതന്‍
തേന്‍ നുകര്‍ന്നീടുന്നതാം ശലഭസങ്കുലം.
* * * *
രമ്യഗ്രാമങ്ങളില്‍ നിറയുന്ന കാഴ്ചകള്‍
കണ്ടുമതിയാകാതെപോയ മുത്തശ്ശിമാര്‍
പിന്നെയും കനക വിഷുപ്പക്ഷിയായ് വന്നു
പുലരിയിലലിവോടുണര്‍ത്തവേയീദിനം;
നേര്‍ത്തു തളിര്‍പ്പിച്ചിടുന്നെത്ര സ്മരണകള്‍
ചേര്‍ത്തണച്ചീടുന്നതിലേറെ നോവുകള്‍
"സ്‌നേഹബന്ധത്തിന്നിഴയകലങ്ങളാല്‍
കാണാതെപോയാതാമാര്‍ദ്ര കാല്പാടുകള്‍”!!
* * * *
Join WhatsApp News
Amerikkan Mollaakka 2018-04-10 14:31:11
അൻവർ സാഹിബ് നിങ്ങളുടെ കബിത ഞമ്മക്ക് ഇസ്റ്റമായി. അബാസാനത്തെ ബ രികൾ "സ്നേഹബന്ധ." നന്നായി. ഞമ്മക്ക് ഇത്രക്കെ ബിബരമുള്ളു. വിദ്യാധരൻ സാഹിബും  , ഡോക്ടർ ശശിധരൻ സാഹിബും പറയുമായിരിക്കും. അബറൊക്കെ ബലിയ ബിബരം ഉള്ളവർ.ശശിധരൻ സാഹിബ്  നിങ്ങളോട് ചില
പുസ്തകങ്ങൾ ഒക്കെ വായിക്കാൻ പറയും. അങ്ങട് ബായിച്ചുകള ചങ്ങാതി.  അസ്സലാമു  അലൈക്കും.
വിദ്യാധരൻ 2018-04-10 23:26:54
' പലരുമീവഴികളിൽ നിന്നകന്നു പോയെങ്കിലും'  ആ കഴിഞ്ഞുപോയ 'സ്മിതകാല'ത്തിലേക്ക്  ഞങ്ങളെ കൂട്ടി കൊണ്ടുപോയതിനു നന്ദി .  'വിഷുപക്ഷിയായ്' വന്ന് കവി,  സ്മരണകൾകൊണ്ട് നേർത്തു തളിർപ്പിക്കുന്നതിന്  നന്ദി.   ചിത്രപദംഗങ്ങൾ ഇല്ലാതെ, ആറ്റുവഞ്ചി താളമില്ലാതെ അപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുന്ന വിഷുപോലെ മലയാള കവിതകളും മാറിക്കൊണ്ടിരിക്കുമ്പോൾ , താങ്കളുടെ കവിത ചാറ്റൽമഴകൊണ്ടൊരതി വർണ്ണ പറവയായ് , ചേറ്റിൽ വിരിയുന്ന മുകുളമായ് ഈ -മലയാളിയിൽ ഇടയ്ക്കിടെ പ്രത്യക്ഷപെടുന്നത് സന്തോഷത്തെ പ്രധാനം ചെയ്യുന്നു 
Nasar.m 2018-04-12 07:59:47
കവിത കൊള്ളാം സാർ
അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക