Image

ഉച്ചാറുച്ചക്ക് വെള്ളരി നട്ടാല്‍ വിഷു ഉച്ചക്ക് പറിക്കാം (മിനി വിശ്വനാഥന്‍)

Published on 13 April, 2018
ഉച്ചാറുച്ചക്ക് വെള്ളരി നട്ടാല്‍ വിഷു ഉച്ചക്ക് പറിക്കാം (മിനി വിശ്വനാഥന്‍)
ഉച്ചാറുച്ചക്ക് വെള്ളരി നട്ടാല്‍ വിഷു ഉച്ചക്ക് പറിക്കാംന്ന് പറഞ്ഞു കൊണ്ടാണ് അനന്തേട്ടന്‍ വയലില്‍ വെള്ളരി വിത്തുകള്‍ നടുക.

നെല്ല് കൊയ്ത് പാടമൊരുക്കി മൂന്നാം വിളക്ക് പകരം വെള്ളരി കൃഷിയായിരുന്നു പതിവ്.ചീരയും, പയറും കയ്പയും വെണ്ടക്കയുമൊക്കെ ഓരോ വയലിലായി നട്ടു വെക്കും. വയലില്‍ തന്നെയുള്ള ചെറിയ കുണ്ടുകുളങ്ങളില്‍ വെള്ളവും സുലഭമായിരുന്നു. ചെടികള്‍ക്കിടയില്‍ നിന്ന് കളപറിക്കാനും, ഒടിഞ്ഞു വീഴുന്നവയ്ക്ക് താങ്ങ് കൊടുക്കാനും, പയറിന് ചെറിയ പന്തല്‍ പണിയാനും, ചാണകപ്പൊടി വിതറാനുമൊക്കെയായി കുടുംബം മുഴുവന്‍ സന്ധ്യവരെ വയലില്‍ കാണും.
ഞങ്ങള്‍ക്ക് വയലിലില്ലെങ്കിലും ദേവു അമ്മയുടെ വയലിലെ വെള്ളരി പിഞ്ചിന് കാവലായി ഞാനും എത്തും. അച്ഛമ്മ ഇഷ്ടദാനം നല്‍കിയതാണു ആ വയലെന്ന് രാജേട്ടനെ ഇടക്ക് ഇടക്ക് ദേവു അമ്മ ഓര്‍മ്മിപ്പിക്കും.വെള്ളരി പിഞ്ചിന് ചുറ്റുമുള്ള എന്റെ ചുറ്റി നടത്തം രാജേട്ടന് ഒട്ടും ഇഷ്ടമല്ല.
ഒരു കുഞ്ഞു വെള്ളരി മിടിയാണ് എന്റെ ആവശ്യം. വെള്ളരി മിടി പറിക്കാതെ കണി വെക്കാന്‍ വല്യ ഒരു വെള്ളരി തരാംന്ന് ദേവു അമ്മ ഉറപ്പ് തരും.

ചെറിയ മണ്‍പാത്രത്തില്‍ വെള്ളം ചീരക്ക് പാറിച്ചൊഴിക്കണം. പയറിന്റെ ഇലകളില്‍ വെള്ളം കുടയണം..... കയ്പക്ക കുത്തി പോവാതെ കവറുകളിടണം. വൈകീട്ട് തിരിച്ച് വരുമ്പോ ചെറിയ ഒരു കെട്ട് ചീരയും, ഒരോലന്‍ വെക്കാനുള്ള പയറും ഒക്കെ എല്ലാരും കൂടി കൈയില്‍ തരും.
വിഷു തലേന്ന് മാധവിയമ്മയും സുരേശന്‍ ചെക്കനും പൊന്ന്യം വയലില്‍ നിന്ന് നിറയെ പച്ചക്കറികളുമായി വരും.മാധവിയമ്മയുടെ കാര്യസ്ഥന്റെ തലയില്‍ വലിയ ഒരു കുട്ട നിറയെ സ്വര്‍ണ്ണ നിറമുള്ള വെള്ളരികളായിരിക്കും. സിമന്റ് നിലത്ത് വെച്ചില്ലെങ്കില്‍ അടുത്ത കര്‍ക്കിടകം വരെ കേടാവാതെ നില്‍ക്കും ഈ വെള്ളരിയെന്ന് മാധവി അമ്മ ഓര്‍മ്മിപ്പിക്കും.സുരേശന്‍ ചെക്കന്റെ അച്ഛന്‍ തന്നെയാ ചാണക വളവും ആട്ടിന്‍ കാട്ടവും പൊടിച്ച് ചേര്‍ത്ത് പാകത്തിന് വളമിട്ടതെന്ന് പറയുമ്പോള്‍ മാധവിയമ്മയുടെ വലിയ സ്വര്‍ണ്ണത്തക്കകള്‍ തിളങ്ങും.
സുരേശന്‍ ചെക്കന്റെ അച്ഛന്റെ കാര്യം പറയുമ്പോള്‍ മാധവിയമ്മക്കെപ്പോഴും നാണമാണ്.

.ഒരു കുട്ട പച്ചക്കറികള്‍ക്കും വെള്ളരിക്കും കണക്ക് പറയില്ല മാധവിയമ്മ.ഒരു സംഭാരം കുടിയും, മുറുക്കലും കഴിഞ്ഞ് തിരിച്ച് പോവാനാവുമ്പോ തുണി സഞ്ചിയില്‍ കരുതി വെച്ചിരുന്ന പിഞ്ചു വെള്ളരി മിടികള്‍ എനിക്ക് നേരെ നീട്ടും.. വയലൊഴിക്കുകയാണ്. ഇനി വിഷു കഴിഞ്ഞാല്‍ വയലില്‍ ഉഴുന്ന് കൃഷിയാണ്.സുരേശന്‍ പ്രത്യേകം പറഞ്ഞിട്ടാണ് ഇത് പറിച്ചതെന്ന് പറയുമ്പോ സുരേശന്റെ മുഖത്തും ഒരു വെളിച്ചം നിറയും.

സുരേശന്‍ എന്റെ ക്ലാസിലാണ്.കേട്ടെഴുത്തിന് കാണിച്ച് കൊടുക്കുന്നതിന്റെ പ്രത്യുപകാരമാണ് ഈ വെള്ളരി മിടികള്‍ എന്ന് മാധവിയമ്മ ക്കറിയില്ല.

വിഷുവിന് മുന്നേ തന്നെ കൈനീട്ടം കിട്ടും മാധവിയമ്മക്കും സുരേശനും കാര്യസ്ഥനും.പറമ്പിലെ നേന്ത്രക്കായയും ചേമ്പും, ചേനയും ചെറുകുലയുമൊക്കെ പഴുക്കാനും കറികള്‍ക്കുമായി വടക്കെ മുറിയില്‍ എത്തിയിട്ടുണ്ടാവും. ചക്കക്കുരുവും മാങ്ങയുമൊക്കെ കൂട്ടത്തിലുണ്ടാവും. അയല്‍ വീടുകളിലൊക്കെ എത്തും ഒരോഹരി. നല്ല ചുവന്ന ചീരക്കെട്ടുമായി ദേവു അമ്മ എത്തുന്നതോടെ വിഷു പച്ചക്കറികളുടെ കണക്ക് തികയും.

ഗുരുവായൂര് നിന്ന് വല്യച്ഛനും വല്യമ്മയും ഏച്ചിയും, ഏട്ടനും സുനിയും എത്തും ., കോയമ്പത്തൂര്‍ നിന്ന് മീനയും മനോജും വരില്ല.. പക്ഷേ അവരുടെ പങ്ക് നിലച്ച ക്രവും, പൂത്തിരിയും ഞങ്ങള്‍ വാങ്ങും.വീട്ടില്‍ ആള് നിറഞ്ഞാല്‍ ഉണ്ണിയപ്പത്തിന്റെ മൊരിഞ്ഞ നെയ്മണം പരക്കും, വാഴയിലയിട്ട് വച്ച മണ്‍പാത്രം നിറയെ രസികന്‍ ഉണ്ണയപ്പങ്ങള്‍ ചിരിച്ചിരിക്കും.
വിഷുക്കൈ നീട്ടത്തേക്കാള്‍ എന്നെ ആകര്‍ഷിക്കുന്നത് ഉണ്ണിയപ്പത്തിന്റെ മധുരമാണ്...

കൊന്നപ്പൂവിന്റെ ഉത്തരവാദിത്തം അമ്മാവനാണ്.കണിയൊരുക്കുന്നതിന് തൊട്ട് മുന്‍പ് വലിയ ഒരു കുല പൂ വും കൊണ്ട് വരും. അത് പറിക്കാന്‍ പെട്ട പാടുകളെ കുറിച്ചൊരു നീണ്ടകഥയും അനുബന്ധമായുണ്ടാവും. കഥ പറയുന്നതിന്റെ ഇടവേളകളിലൊക്കെ വായിലേക്ക് ഉണ്ണിയപ്പങ്ങള്‍ സഞ്ചരിക്കുന്നുമുണ്ടാവും.അമ്മാവന്റെ കഥയൊന്ന് തീരുന്നതും കാത്ത് ഞാനും സുനിയും നോക്കി നില്‍ക്കും. ഉണ്ണിയപ്പങ്ങള്‍ തീര്‍ന്നു പോവുമോന്ന സങ്കടത്തോടെ

ഗുരുവായൂരപ്പന്റെ ഫോട്ടോയ്ക്ക് മുന്നില്‍ കണിവെള്ളരി, നവധാന്യങ്ങള്‍ കോടി വസ്ത്രം, സ്വര്‍ണ്ണം ,പണം, അപ്പം, കൊന്നപ്പൂവ്, അഷ്ടദ്രവ്യ ത്തട്ട്, ഇത്രയും നിരത്തി വെച്ച് തിളങ്ങുന്ന നിലവിളക്കില്‍ ഏഴു തിരിയിട്ട് എണ്ണയും നിറച്ച് ഒരുക്കി വെക്കും..... കണി കാണലും കൈ നീട്ടം വാങ്ങലും പൂത്തിരി കത്തലും സ്വപ്നം കണ്ട് ഒരര്‍ദ്ധ മയക്കം.

മമ്മി കിടക്കക്ക് അരികെ ഒരു ഉണ്ണിക്കണ്ണന്റെ ഫോട്ടോ എടുത്ത് വെക്കും .ഉണര്‍ന്നയുടനെ അത് കണി കാണും. പിന്നെ ഡാഡിയുടെ മുഖവും.ഡാഡിയുടെ മുഖം കണിവെള്ളരിയാണെന്ന് ഇളയച്ഛന്‍ കളിയാക്കും. ഇന്നും മമ്മിയുടെ വിഷുക്കണി ഇതു തന്നെ.

പ്രായക്രമത്തില്‍ ആള്‍ക്കാരെ വിളിച്ചുണര്‍ത്തി കിണ്ടിയിലെ വെള്ളത്തില്‍ മുഖം കഴുകി കണി കാണിക്കും. കണി കണ്ട് നീങ്ങുന്ന കുട്ടികള്‍ക്ക് കൈനീട്ടം....തിളങ്ങുന്ന ഒരു രൂപയാണ് ഞങ്ങള്‍ കുട്ടികള്‍ക്ക്.

കണി കണ്ടു തീരു മ്പോഴേക്ക് മാലപടക്കത്തിന് തീ കൊളുത്തും അമ്മാവന്‍ . നൂറിന്റെ ഒരു കോയക്ക് അമ്മാവന്‍ തീ കൊടുക്കുമ്പോ 200 ന്റെ ഒരു കോയ അക്കരെ നിന്ന് പൊട്ടും. ഇവിട്ന്ന് ഒരു ഗുണ്ടു പൊട്ടിയാല്‍ അക്കരെ നിന്നൊരു ഏറ് പടക്കം. പിന്നെ യൊരു ഓല പടക്കം.ഞങ്ങള്‍ കുട്ടികള്‍ക്ക് പൂക്കുറ്റി, നിലച്ചക്രം ,മത്താപ്പ് .

രാവിലെ മുറ്റത്ത് നിറയെ ഗന്ധക മണം. കൈ നീട്ടം വാങ്ങാന്‍ വരുന്ന കുട്ടികള്‍ . മാലപടക്കത്തില്‍ നിന്ന് കത്താതെ കൊഴിഞ്ഞു വീണ കാന്താരികള്‍ പെറുക്കിയെടുക്കുന്ന ഏട്ടന്‍ . ചെറിയൊരു നഷ്ടബോധത്തിന്റെ ഫീലിങ്ങാണ് ആ സമയത്ത്.സദ്യയും സാമ്പാറ് മണവും കഥകളും ഇത്തിരി പരദൂഷണവുമായി അടുക്കള ഭാഗവും വടക്ക് പുറവും സജീവം.
മമ്മിയുടെ പിറകെ ചിണുങ്ങി നടക്കുന്ന അമ്മാവന്‍ .

അക്കരെ വയലിലുള്ളവര്‍ ഒരു ഗുണ്ടിന് മുന്നേറി നില്‍ക്കുന്നു.

ഊണ് കഴിഞ്ഞ് പൊട്ടിക്കാന്‍ ഒരു മാലപടക്കത്തിനും കൂടി കാശ് വേണം .. ഗുണ്ടുകള്‍ ചേര്‍ത്ത് കെട്ടി മാലപടക്കം പൊട്ടിച്ച് അവരെ തോല്‍പ്പിക്കണം... അടുത്ത കൊല്ലം കൊന്നപ്പൂ വേണം ന്ന് പറഞ്ഞാല്‍ കൊണ്ടുവരണമെങ്കില്‍ എന്നതാണ് അവസാനത്തെ ഭീഷണി ... പ്രേ മേച്ചിയുടെ മക്കളാണ് അമ്മാവന് കൂട്ട് .ഞങ്ങള്‍ക്ക് ആ പൈസക്കും കൂടെ പൂത്തിരി കിട്ടിയാ മതിയായിരുന്നു.

സദ്യ കേമത്തിലാവും .എന്നാലുംഒരു പിടി ചോറും കറികളും ഇത്തിരി പായസവും കുടിക്കുമ്പോഴേക്ക് കുഞ്ഞി വയറുകള്‍ നിറയും.
അപ്പോഴത്തെക്ക് അമ്മാവന്റെ കലാപരിപാടി തുടങ്ങിയിരിക്കും.ഗുണ്ടുകള്‍ ചേര്‍ത്ത് കെട്ടിയ മാലപടക്കം.

അമ്മാവനും കൂട്ടുകാരും പടക്കം പൊട്ടിച്ച് സ്വയം വിജയശ്രീ ലാളിതരായി തിരിഞ്ഞു നടക്കുമ്പോഴേക്ക് എന്റെ കണ്ണ് നിറയും .
അറിയാതെ പൊട്ടിക്കരഞ്ഞു പോവും,ഏങ്ങലടിച്ച് പോവും.
വിഷു ഇനിയും വരില്ലേ .പടക്കമിനിയും പൊട്ടിക്കാമെന്ന് വല്യച്ഛന്‍ സമാധാനിപ്പിക്കും ...

അവസാനം പൊട്ടിയ ഗുണ്ടില്‍ പാവം എന്റെ ഒരുറുപ്പിക കൈനീട്ടം കൂടിയുണ്ടായിരുന്നെന്ന് അവര്‍ക്കറിയില്ലല്ലോ !
ഉച്ചാറുച്ചക്ക് വെള്ളരി നട്ടാല്‍ വിഷു ഉച്ചക്ക് പറിക്കാം (മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക