Image

വിഷുപ്പക്ഷിയുടെ പാട്ടില്‍ ഒരു തേങ്ങല്‍ (എഴുതാപ്പുറങ്ങള്‍- 20: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 14 April, 2018
വിഷുപ്പക്ഷിയുടെ പാട്ടില്‍ ഒരു തേങ്ങല്‍ (എഴുതാപ്പുറങ്ങള്‍- 20: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
പ്രകൃതി ഒരിയ്ക്കലും മനുഷ്യനെ ചതിയ്ക്കാറില്ല. മനുഷ്യനനുകൂലമായി ഋതുക്കള്‍ മാറുന്നു. കുളിരും, മഞ്ഞും, കാറ്റും, വെയിലും, നിലാവും, മഴയും മനുഷ്യമനസ്സിനെ തുലനപ്പെടുത്തുന്നു. വീണ്ടുമൊരു വിഷു ഒരുക്കുന്നതിനായി പ്രകൃതി ഒരുങ്ങി കഴിഞ്ഞു. കണികൊന്നകള്‍ കണിപൂക്കള്‍ ഒരുക്കി. 'വിത്തും കൈക്കോട്ടും പാടി' കര്‍ഷകനെ ഉണര്‍ത്താന്‍ വിഷുപ്പക്ഷിയെത്തി.

വിദ്യാഭ്യാസത്തിനുശേഷം തരക്കേടില്ലാത്ത ഒരു ജോലി സമ്പാദിയ്ക്കുന്നതിനായി പ്രിയപ്പെട്ട നാടിനെയും, വേണ്ടപ്പെട്ടവരെയും അവിടെ തനിയ്ക്കായി സമ്മാനിച്ച കുറെ നല്ല ഓര്‍മ്മകളും ഉപേക്ഷിച്ച് വേറൊരു രാജ്യത്തെത്തി അവിടുത്തെ സംസ്കാരവുമായി ഇഴുകിച്ചേര്‍ന്നു പലരും അത് തന്റെ സംസ്കാരമാക്കി കേരളീയനുമുന്നില്‍ ഞെളിഞ്ഞു കാണിയ്ക്കുമെങ്കിലും, താന്‍ വളര്‍ന്നുവന്ന, തന്നെ ഊട്ടി വളര്‍ത്തിയ സംസ്കാരത്തെ ആരുമറിയാതെയെങ്കിലും മനസ്സിലിട്ടു താലോലിയ്ക്കാന്‍ ഇഷ്ടപ്പെടുന്നു. ആ ഓര്‍മ്മത്തൊട്ടിലില്‍ മലയാളി ആട്ടിയുറക്കുന്ന ഒന്നാണ് വിഷുവെന്ന ശുഭദിനവും.

പ്രവാസി മലയാളിക്ക് വിഷു ഒരു ഓര്‍മ്മകളുടെ അയവിറക്കലാണ്. അരമണിപോലെ മാവില്‍ തൂങ്ങിക്കിടക്കുന്ന നാടന്‍ മാങ്ങയും, ഒരമ്മ മക്കളെ കെട്ടിപിടിച്ചിരിയ്ക്കുന്നതുപോലെ തടിയില്‍ പറ്റി തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ചക്കയും, ആനന്ദത്തിന്റെ, സമൃദ്ദിയുടെ മഞ്ഞപ്പട്ടു പുതച്ച് നില്‍ക്കുന്ന കണിക്കൊന്നയും എന്നും മലയാളിയുടെ മനസ്സില്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരിയ്ക്കലും വാടി കൊഴിയാത്ത ഓര്‍മ്മ പൂക്കളാണ്. പൊന്നിന്‍ കിരീടവും, പൊന്മണി മാലയും, മഞ്ഞപ്പട്ടുടയാടയും, കിങ്ങിണിയും മിന്നുന്ന കുണ്ഡലവും പൊന്നും ചിലമ്പും, മഴവില്ലുപോലുള്ള പുരികവും അതിനിടയില്‍ സ്വര്‍ണ്ണ തിലകവും, കരുണ തന്‍ മൊഴിയായ അധരങ്ങളും, തെച്ചിപ്പൂമാലയും, തുളസിമാലയും ധരിച്ച് നില്‍ക്കുന്ന സാക്ഷാല്‍ നാരായണന്‍. അദ്ദേഹത്തിനു മുന്നില്‍ പൊന്നുരുളിയില്‍ സ്ഥാനം പിടിച്ചിരിയ്ക്കുന്ന ഉണക്കലരി അതില്‍ പതുങ്ങിയിരിയ്ക്കുന്ന കണിവെള്ളരിയും, കോടിവസ്ത്രവും, വാല്‍ക്കണ്ണാടിയും, സ്വര്ണാഭരണവും, വെള്ളിനാണയങ്ങളും, മുന്നില്‍ ചിരിച്ചുനില്‍ക്കുന്ന കണി കൊന്നപുവ്വും, ചക്കയും, മാങ്ങയും നാളികേരവും പിന്നെ കൃഷിചെയ്തുണ്ടാക്കിയ മറ്റെല്ലാ പച്ചക്കറികളും, സര്‍വ്വ ഐശ്വര്യങ്ങളും നേര്‍ന്നുകൊണ്ട് ഭഗവാന് മുന്നില്‍ കത്തി തെളിഞ്ഞു നില്‍ക്കുന്ന പ്രതീക്ഷയുടെ നിലവിളക്കും ചേര്‍ന്നുള്ള വിഷു കണി. വിഷുക്കണി കണ്ടു കഴിഞ്ഞാല്‍ അച്ഛന്‍ കയ്യില്‍ വച്ച് തരുന്ന വിഷുകൈ നീട്ടം, വിഷുക്കണി കണ്ടുകഴിഞ്ഞാല്‍ കുട്ടികള്‍ കമ്പിപ്പൂത്തിരിയും, പടക്കവും, ലാത്തിരിയും, കത്തിച്ച് ഉല്ലസിയ്ക്കും, അതിനുശേഷം എല്ലാവരും ചേര്‍ന്ന് കണിവെള്ളരിയും, മാങ്ങയും ചേര്‍ന്നുള്ള മാങ്ങാപുളിശ്ശേരി, ചക്ക എരിശ്ശേരി എന്നിവയെല്ലാം ചേര്‍ന്നുള്ള വിഷു സദ്യ തയ്യാറാക്കല്‍ . വിഷു സദ്യ ഉണ്ട് കഴിഞ്ഞാല്‍ ഉടനെ എല്ലാ വീട്ടുകാരും പടക്കം പൊട്ടിയ്ക്കും, പിന്നെ ഭൂമി ദേവിയെ സന്തോഷിപ്പിയ്ക്കാന്‍ കൈക്കോട്ട് ചാല്‍ ഇടല്‍, പാടത്ത് നല്ല വിളവിനായി വിത്തിടലിനു തുടക്കം കുറിയ്ക്കും. ഇങ്ങനെ വിഷുവിനെ കുറിച്ചുള്ള കുറെ നല്ല ഓര്‍മ്മകള്‍ എല്ലാ പ്രവാസി മനസ്സിലും ഈ സുദിനത്തില്‍ ഓടിവരും. ഈ ഓര്‍മ്മകളെ പരിപോഷിയ്ക്കാന്‍ പ്രവാസി തനിയ്ക്കാവുംവിധം പരിശ്രമിയ്ക്കും. പ്രവാസി മലയാളിയുടെ ഈ വികാരം കച്ചവടക്കാര്‍ക്ക് ചാകരയാകുന്നു. അതിനാല്‍ തന്റെ ബജറ്റിനുതകും വിധം എല്ലാം സംഘടിപ്പിച്ച് മലയാളി കണിയൊരുക്കുന്നു . മുഴുവന്‍ ചക്കയ്ക്കുപകരം ഒരു മുറി ചക്കയും, നിറയെ കൊന്ന പുവിനുപകരം പരിമിതമായ ഇതളുകള്‍ കൊന്നപ്പൂക്കളും, ലഭ്യമാകുന്ന കായ്കറികളും ഭഗവാന് മുന്നില്‍ നിരത്തി പ്രവാസി കണിയൊരുക്കുന്നു. അവര്‍ ആ ദിവസം അവധിയെടുക്കുന്നു, വീട്ടുകാരെല്ലാവരും ചേര്‍ന്ന് സദ്യയൊരുക്കുന്നു, അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തില്‍ പോയി ഈ പുതുവര്‍ഷ പുലരി ഭഗവാനില്‍ സമര്‍പ്പിച്ച് തുടങ്ങുന്നു. വെറും ഭഗവാനെ കാണുകയെന്നു മാത്രമല്ല ഈ അമ്പല ദര്‍ശനത്തിന്റെ ഉദ്ദേശം ആ ചുറ്റുവട്ടത്തുള്ള മലയാളികള്‍ എല്ലാവരും ഒത്തുചേര്‍ന്നു പരസ്പരം കുശലാന്വേഷണം നടത്തുന്നു. സന്തോഷം പങ്കിടുന്നു. ഇതാണ് പ്രവാസി മലയാളിയുടെ വിഷു.

അതേസമയം കേരളത്തില്‍ ഓരോ തലമുറ മുന്നോട്ടു പോകുംതോറും ആഘോഷങ്ങള്‍ക്ക് മൂല്യച്ച്യുതി സംഭവിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇവിടെ എല്ലാം ഒരു പ്രഹസനം മാത്രമാണിന്നു. ഇത്തരം ആഘോഷങ്ങള്‍ക്കെല്ലാം ഒരുങ്ങുന്നത് ഒരു നേരം പോക്കായിട്ടാണ് ഇന്നത്തെ സാക്ഷര കേരളത്തിലെ പുതിയ തലമുറ കണക്കാക്കുന്നത്. പുലിത്തോലണിഞ്ഞ ചെന്നായ്ക്കളെപ്പോലെ മറ്റു രാജ്യങ്ങളുടെ സംസ്കാരത്തിനു പിന്നില്‍ സഞ്ചരിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ഇവിടെ 'ഫതേഴ്‌സ് ഡേ, മതേഴ്‌സ് ഡേ, വാലന്റയില്‍സ് ഡേ എന്നിങ്ങനെയുള്ള 'ഡേ' കളോടാണ് കൂടുതല്‍ പ്രിയം. ഇനി അഥവാ കേരളീയന്റെ ആഘോഷങ്ങളെ തനിമയോടെ ആഘോഷിയ്ക്കാന്‍ എന്ന് വച്ചാല്‍ മനുഷ്യന്‍ ഒരുക്കിവച്ചിരിയ്ക്കുന്ന സാഹചര്യങ്ങള്‍ അതിനും അനുകൂലമല്ല. മുറ്റത്തെ പ്ലാവില്‍ മൂത്ത് നില്‍ക്കുന്ന ചക്ക, തെങ്ങില്‍ വിളഞ്ഞു നില്‍ക്കുന്ന തേങ്ങാ,, മാവില്‍ പഴുത്തുനില്‍ക്കുന്ന മാങ്ങ എന്നിവ താഴെ ഇറക്കിത്തരാന്‍ ഉതകുന്ന ഒരാളെ ലഭിയ്ക്കാത്തതിനാല്‍ കണിയില്‍ പ്രധാനപ്പെട്ട ചക്ക മാങ്ങ തേങ്ങാ എന്നിവ ഉള്‍പ്പെടുത്തനാകാത്ത ഒരു സ്ഥിതി വിശേഷമാണ് ഇന്ന് കേരളത്തിലുള്ളത് .. ഇവ മരത്തില്‍ നിന്നും താഴെ ഇറക്കാന്‍ ഉതകുന്ന ഒരു ബംഗാളിയെ കിട്ടുകയാണെങ്കില്‍ വിഷുക്കണി ഗംഭീരം. വിഷു കണിയില്‍ മറ്റൊരു പ്രധാന ഘടകമായ വെള്ളരിയ്ക്ക പണ്ടെല്ലാം വിളവെടുപ്പിനുശേഷം പാടശേഖരങ്ങളില്‍ കൃഷിചെയ്യുമായിരുന്നു. എന്നാല്‍ ഇന്ന് കണി വെള്ളരിക്കയ്ക്കായും, സദ്യ ഒരുക്കുവാനുള്ള പച്ചക്കറിയ്ക്കായും കേരളീയര്‍ തമിഴ്‌നാട്ടില്‍ നിന്നുമുള്ള പച്ചക്കറി വണ്ടിയ്ക്കായി കാത്തിരിയ്ക്കുന്നു. ഇങ്ങനെ കേരളം ഓരോ കാര്യങ്ങള്‍ക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിയ്ക്കുന്ന ഒരു കാലഘട്ടമാണ്. ഇവിടെ ഏറ്റവും എളുപ്പമായി ലഭ്യമായത് രാഷ്ട്രീയ ഗുണ്ടകളും, കൂലിത്തല്ലുകാരുമാണ് ('ക്വട്ടേഷന്‍' എടുക്കുന്നവര്‍). കേരളത്തിന്റെ ഓരോ ആഘോഷങ്ങള്‍ക്കും ഇന്ന് കൊഴുപ്പുനല്‍കുന്നത് ലഹരിയാണ്. വിശേഷദിവസങ്ങളില്‍ മദ്യം ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ കേരളം തന്നെ.. ഇവിടുത്തെ ജനങ്ങള്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് ആഘോഷങ്ങള്‍ക്കോ അനുഷ്ടാനങ്ങള്‍ക്കോ അല്ല ഏറ്റവും എളുപ്പമാര്‍ഗ്ഗത്തില്‍ ഏറ്റവും ചുരുങ്ങിയ സമയത്തില്‍ പണം ഉണ്ടാക്കണം.

പ്രായ പൂര്‍ത്തിയായവരെ വൃദ്ധാശ്രമത്തില്‍ കൊണ്ട് ചെന്നാക്കുന്ന ഈ കാലഘട്ടത്തില്‍ മുത്തശ്ശി കഥകളും, പഴമക്കാരുടെ അനുഭവ സമ്പത്തും നാമാവശേഷമായിരിയ്ക്കുന്നു. ഏതു മതമായാലും, അവരുടേതായ ആചാരാനുഷ്ടാനങ്ങളെയും, ആഘോഷങ്ങളെയും, ഐതിഹ്യങ്ങളെയും പറ്റി ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കണമെങ്കില്‍ അവര്‍ക്ക് ഇന്റര്‍നെറ്റിനെ ആശ്രയിയ്‌ക്കേണ്ടി വരുന്നു. ആഗോളവത്കരണത്തിലൂടെ ലോകത്തെ മുഴുവന്‍ മാധ്യമങ്ങളിലൂടെ വിരല്‍ത്തുമ്പില്‍ അറിയാന്‍ കഴിയുന്ന പുതു തലമുറയ്ക്ക് എന്തിനു പ്രാധാന്യം കൊടുക്കണം എന്നതില്‍ ആശയ കുഴപ്പങ്ങള്‍ ഉളവാക്കുന്നു. ഇതിലൂടെ ഇതര രാജ്യങ്ങളുടെ സംസ്കാരങ്ങള്‍ ഇവിടെ ചേക്കേറുന്നു.

കേരളത്തിന്റെ തനതായ സംസ്കാരത്തെ കുഴിച്ചുമൂടി വിദേശ സംസ്കാരത്തിന്റെ മണിമാളികകള്‍ ഉയരുംമുമ്പേ നമ്മുക്ക് നമ്മുടേതായ സംസ്കാരത്തെ കെട്ടിപ്പടുക്കാന്‍ ഇനിയെങ്കിലും ശ്രധ്ധിയ്ക്കാം. ഓരോ മതക്കാരും അവരുടേതായ ആചാരങ്ങള്‍ തങ്ങളുടെ തലമുറയ്ക്ക് കൈമാറാം . ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അതിന്റെതായ പ്രാധാന്യം നല്‍കാം. പ്രകൃതിയെ സ്‌നേഹിച്ച്, പ്രകൃതിയുടെ നന്മകളെ വേണ്ടവിധത്തില്‍ വിനിയോഗിച്ച് കണിക്കൊന്നയുടെ പുഞ്ചിരിയില്‍ വിഷാദം നിറയ്ക്കാതെ, വിഷുപ്പക്ഷിയുടെ ഉണര്‍ത്തുപാട്ടില്‍ നൊമ്പരങ്ങള്‍ക്ക് ഈണം പകരാതെ നമുക്കും പ്രകൃതിയുടെ വരദാനങ്ങളെ ആഘോഷമാക്കി വിഷു കൊണ്ടാടാം. പ്രകൃതിയൊരുക്കുന്ന ഈ വിഷുക്കണി നമ്മുടേതാണ്, കേരളീയരുടെ മാത്രം.

എല്ലാ ഇമലയാളി എഴുത്തുകാര്‍ക്കും, വായനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ 'വിഷു ആശംസകള്‍'
Join WhatsApp News
P R Girish Nair 2018-04-14 11:49:24
ഈ വർഷത്തെ ആദ്യത്തെ വിഷു ആശംസ എന്റേതു തന്നെ ആയിരിക്കട്ടെ .... ഹൃദയപൂർവം സ്നേഹം നിറഞ്ഞ വിഷു ആശംസകള് .....
കൈനീട്ടം പിന്നാലെ....  ലേഖനം നന്നായിട്ടുണ്ട്.....

പണ്ട്, കണികൊന്ന  പറിക്കാൻ  പോകുന്നത് ഞങ്ങൾ കുറേ കുഞ്ഞ് പട്ടാളങ്ങളാണ് .....
ഇന്നതൊക്കെ സ്വദേശത്തായാലും വിദേശത്തായാലും പായ്ക്കറ്റിലും, വഴിയോര വാണിഭങ്ങളുമായി എന്നതാണ് സത്യം. എങ്കിലും "വിഷു" എന്ന നന്മ മനസ്സില് പകരുന്നത് മായാതെ നില നില്ക്കട്ടെ......

കണിക്കൊന്ന മനസ്സിലേക്ക് എന്തൊരു ഉന്മേഷവും ഉല്സാഹവും തരുന്ന ഒന്നാണല്ലേ അതിന്റെ നിറവും , കാഴ്ചയും .. മനസ്സിലേക്ക് വിശുദ്ധിയുടെ ഒരു മേലങ്കി വന്നു വീഴും ... ഓർമകളുടെ ഉണർത്തുപാട്ടാണ് ഒരൊ വിഷുവും ..
നന്മകളുടെ ഐശ്യര്യത്തിന്റെ പൂർണ്ണമായാ ദിനങ്ങൾ കൊണ്ട് ഈ വര്ഷം നിറയട്ടെ....
ഹൃദയത്തിൽ നിന്നും നേരുന്നു ഒരു ഇതൾ കണികൊന്നയോടൊപ്പൊം ...!
ശ്രീമതി  ജ്യോതിലക്ഷ്മിക്കും  കുടുബത്തിനും ഹാപ്പി വിഷു …
ഒപ്പം  എല്ലാ  ഈമലയാളീ എഴുത്തുകാർക്കും, വായനക്കാർക്കും.
..


Ninan Mathulla 2018-04-14 17:17:22

Reading the article took be to my good old nostalgic memories growing up in Kerala. Good article. Jyothylakshmy identifies with our Indian culture, and we all do. There is something in it better than western culture to us. We see that way because it is common human psychology ( not all). Every culture of the world identifies their own culture as better than other cultures. It is human tendency to close eyes and make it dark when it comes to things one does not identify as one, or things that are foreign, or opposed to his/her principles and believes including religion. Conservative members of any culture will feel insecure or uneasy when a member of their community marries someone of a different culture or religion. This is human psychology of common man. (not educated mind). But God to whom all are His children does not see things this way.

 

Generally we will not give girls from our culture to another culture as we feel insecure about anything different or foreign. So God brings war to mix cultures and through it to uplift cultures. One party looses in the war. The winning party takes woman from the loosing culture and mixing of culture and language and DNA takes place. The culture Jyothylakshmy is proud of is due to the mixing of Aryan blood with Dravidian blood. So we must learn to appreciate the good things in other cultures instead of close eyes and make it dark about the good things in other cultures to avoid conflict. We need to respect and honor all cultures and take good things from other cultures. All the development we see in India today and its education and GDP  is due to the fact that India lost in the conflict with Britain. That is how the invisible hand works in different cultures. Some may be oblivious to this invisible hand. That does not mean that it is not there.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക