Image

കത്വവ പീഡന കൊലപാതകം; ആര്‍.എസ്.എസിന്റെ വിചാരധാര കത്തിച്ച് ആര്‍.എം.പി പ്രതിഷേധം

Published on 15 April, 2018
കത്വവ പീഡന കൊലപാതകം; ആര്‍.എസ്.എസിന്റെ വിചാരധാര കത്തിച്ച് ആര്‍.എം.പി പ്രതിഷേധം

കോഴിക്കോട്: കത്വവ സംഭവത്തില്‍ ഒഞ്ചിയത്ത് ആര്‍.എം.പി പ്രതിഷേധം. ആര്‍.എസ്.എസിന്റെ വിചാരധാരയെന്ന ദാര്‍ശനിക ഗ്രന്ഥം കത്തിച്ചാണ് ആര്‍.എം.പിയുടെ യുവജന സംഘടനയായ റവല്യൂഷനറി യൂത്ത് പ്രതിഷേധിച്ചത്. ആര്‍.എസ്.എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന മാധവ സദാശിവ ഗോള്‍വാക്കര്‍ രചിച്ച ഗ്രന്ഥമാണ് വിചാരധാര

സംഘപരിവാര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന വംശീയതയിലധിഷ്ടിതമായ വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്നുമാണ് കൊച്ചു കുട്ടികള്‍ക്ക് നേരെ പോലും ഇത്തരം അതിക്രമം അരങ്ങേറുന്നതെന്നും മുസ്ലീങ്ങള്‍ രാജ്യത്തിന് ഭീഷണിയാണെന്ന തരത്തില്‍ അവതരിപ്പിക്കുന്ന വിചാരധാരയാണ് ആര്‍.എസ്.എസിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രാമാണിക ഗ്രന്ധമെന്നും റവല്യൂഷണറി യൂത്തിന്റെ ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി ടി.കെ സിബി പറഞ്ഞു. 

കശ്മീരിയായ മുസ്ലീം പെണ്‍കുട്ടി ആയത് കൊണ്ട് മാത്രമാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഇത്തരമനുഭവം ഉണ്ടായത്. ഇന്ത്യയിലെ ബ്രാഹ്മണിക് ഭരണകൂടത്തിന് കീഴില്‍ ദളിതരും മുസ്ലീങ്ങളും അനുഭവിക്കുന്ന പീഡനങ്ങള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്താന്‍ തെരുവുകള്‍ സജ്ജമാകണമെന്നും റവല്യൂഷണറി യൂത്ത് അഭിപ്രായപ്പെട്ടു. 

കശ്മീര്‍ പെണ്‍കുട്ടിയുടെ മരണത്തില്‍ സംസ്ഥാനത്ത് വിവിധ കൂട്ടായ്മകള്‍ പ്രതിഷേധിച്ചു. കോഴിക്കോട് കടപ്പുറത്ത് ജസ്റ്റിസ് ഫോര്‍ ആസിഫ ഫെയ്‌സ്ബുക്ക് കുട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളും പ്രതിഷേധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക