Image

അഡലൈഡില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് സ്വന്തം ദേവാലയം

Published on 15 April, 2018
അഡലൈഡില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് സ്വന്തം ദേവാലയം

അഡലൈഡ്: ഓസ്‌ട്രേലിയയിലെ അഡലൈഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ പത്തു വര്‍ഷക്കാലമായുള്ള പ്രാര്‍ഥനയും സ്വപ്നവും യാഥാര്‍ഥ്യമാകുന്നു. 

1.23 ഏക്കര്‍ സ്ഥലവും ദേവാലയവും അനുബന്ധ സൗകര്യങ്ങളും ആണ് മലങ്കര സഭക്ക് സ്വന്തമായി മാറിയത്. അഡലൈഡ് മലയാളി സമൂഹത്തിന്റെ സ്വന്തമായ ആദ്യ ദേവാലയം എന്ന പ്രത്യേകതയും ഈ ദേവാലയത്തിനു സ്വന്തം.

ഇടവക മെത്രാപ്പോലീത്ത മദ്രാസ് ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസിന്റെ ശക്തമായ പിന്തുണയും ഇടവക വികാരി ഫാ.അനിഷ് കെ.സാമിന്റെ നേതൃത്വവും മാനേജിംഗ് കമ്മിറ്റി, ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ അക്ഷീണമായ പ്രയത്‌നവും ഇടവക ജനങ്ങളുടെ സഹകരണവുമാണ് സ്വന്തമായ ദേവാലയം എന്ന യാഥാര്‍ഥ്യത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതയില്‍ അഭയപ്പെട്ടു കൊണ്ട് ദേവാലയ കൂദാശക്ക് വേണ്ടിയുള്ള ഒരുക്കത്തില്‍ അഡലൈഡ് ദേവാലയം മുന്നേറുന്നു. 

2007ല്‍ ഭദ്രാസനാധിപന്‍ ആയിരുന്ന ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ അനുവാദത്തോടെ മെല്‍ബണ്‍ കത്തീഡ്രല്‍ വികാരി ആയിരുന്ന റവ.ജോസഫ് തളിയപ്പറന്പില്‍ കോര്‍എപ്പിസ്‌കോപ്പയുടെ നേതൃത്വത്തിലാണ് അഡലൈഡില്‍ ആരാധന ആരംഭിക്കുന്നത്. തുടര്‍ന്നു 10 വര്‍ഷമായി ഫാ.കെ.വൈ.ചാക്കോ, ഫാ.ചാള്‍സ് ജേക്കബ്, ഫാ.ഷിനു കെ.തോമസ്, ഫാ. ഫ്രഡിനാര്‍ഡ് പത്രോസ്, ഫാ.പ്രദീപ് പൊന്നച്ചന്‍, ഫാ.സജു ഉണ്ണൂണ്ണി എന്നീ വൈദികര്‍ മെല്‍ബണില്‍നിന്നുവന്ന് ആരാധന അര്‍പ്പിച്ചു പോന്നു. 

2017 ഓഗസ്റ്റില്‍ ആണ് അഡലൈഡ് ഇടവകയുടെ പുതിയ വികാരിയായി ഫാ.അനിഷ് കെ.സാമിനെ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് നിയമിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക