Image

കത്വാ പീഡനത്തെ വളച്ചൊടിച്ച് സംഘപരിവാര്‍ അനുകൂലികളുടെ പോസ്റ്റുകള്‍ പ്രചരിക്കുന്നു: ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Published on 15 April, 2018
കത്വാ പീഡനത്തെ വളച്ചൊടിച്ച് സംഘപരിവാര്‍ അനുകൂലികളുടെ പോസ്റ്റുകള്‍ പ്രചരിക്കുന്നു: ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: കാശ്മീരിലെ കത്വായില്‍ എട്ടു വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വര്‍ഗീയപരമായ വ്യാജ പ്രചരണങ്ങള്‍ പെരുകുന്നു. സംഘപരിവാര്‍ അനുകൂല പേജുകളിലും വ്യാജ പ്രൊഫൈലുകളില്‍ നിന്നുമാണ് ഇത്തരം പ്രചരണങ്ങള്‍ പെരുകുന്നത്. കുട്ടിയെ മയക്കുമരുന്ന് കൊടുത്ത് ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് കിടത്തി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇത് കള്ളമാണെന്ന തരത്തിലാണ് സംഘപരിവാര്‍ അനുകൂലികള്‍ പ്രചരണം നടത്തുന്നത്. അതിനാല്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇത് വിശ്വസിക്കരുതെന്നും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചു.

എന്തുകൊണ്ടാണ് കത്വായിലെ അഭിഭാഷകര്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്? എന്ന തലക്കെട്ടോടെ വന്ന പോസ്റ്റിലാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിരിക്കുന്നത്. ശങ്ക്‌നാട് എന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന പേജിലാണ് ആദ്യം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് പിന്നീട് മറ്റു പേജുകളിലേയ്ക്കും ഷെയര്‍ ചെയ്യപ്പെട്ടു. 13ലക്ഷത്തോളം ഫോളോവേഴ്‌സുള്ള പേജാണിത്.

2017 സെപ്റ്റംബറില്‍ ഒരു കെട്ടിടത്തിന് തീപിടിക്കുന്ന ചിത്രമെടുത്ത്  'ഹൈദരബാദില്‍ മുസ്ലീങ്ങള്‍ അമ്പലത്തിന് തീകൊളുത്തി' എന്ന തരത്തില്‍ പ്രചരിപ്പിച്ച പേജാണിത്. സ്വാമി വിവേകാനന്ദന്റെ പ്രതിമയുടെ തല എഡിറ്റ് ചെയ്ത് വെട്ടിമാറ്റി മുസ്ലീങ്ങള്‍ ചെയ്തതാണെന്ന തരത്തില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. 

പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നുണ്ട്. രണ്ടാമത്തെ പോസ്റ്റമോര്‍ട്ടത്തില്‍ അത് മാറ്റിയതാണെന്നാണ് ആദ്യ പോയിന്റ്. എന്നാല്‍ പെണ്‍കുട്ടിക്ക് ഒരു പോസ്റ്റ്‌മോര്‍ട്ടം മാത്രമാണ് നടത്തിയതെന്നും അതില്‍ പീഡനം തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. നഗരത്തിന് മധ്യത്തിലുള്ള ആള്‍ത്തിരക്കുള്ള ക്ഷേത്രത്തില്‍ ഒരുകുട്ടിയെ എട്ടു ദിവസം പൂട്ടിയിട്ട് പീഡിപ്പിക്കുന്നത് സാധ്യമല്ലെന്നു വാദം. എന്നാല്‍ മയക്കുമരുന്ന് നല്‍കി എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു കുട്ടി. 

കൂടാതെ എട്ട് ദിവസമല്ല ആറ് ദിവസമാണ് ബന്ദിയാക്കി വെച്ചത്. കൂടാതെ ആള്‍ത്തിരക്ക് ഒട്ടുമില്ലാത്ത സ്ഥലത്താണ് ക്ഷേത്രം. കൊണ്ടുവന്ന് ആറാം ദിവസം കാട്ടില്‍ കൊണ്ടു ചെന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ പ്രധാന പ്രതിയായ സഞ്ജി റാമിന്റെ പൂര്‍ണ അധികാരത്തിലാണ് ക്ഷേത്രം. കുട്ടിയുടെ ശരീരത്തില്‍ ചെളി കണ്ടിരുന്നു ക്ഷേത്രത്തിനടുത്ത് ചെളിയില്ല അതിനാല്‍ വേറെ എവിടെ വെച്ചെങ്കിലും കൊന്ന ശേഷം അവിടെ ഉപേക്ഷിച്ചതാണെന്നും പറയുന്നു. എന്നാല്‍ ചെളി കണ്ടതായി കുറ്റപത്രത്തിലോ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിലോ പറയുന്നില്ല. ഇത്തരത്തില്‍ വരുന്ന കാര്യങ്ങള്‍ വിശ്വസിക്കരുതെന്ന് പോലീസ് പറഞ്ഞു. 

കേരളത്തില്‍ നിന്നു തന്നെ വിഷ്ണു നന്ദകുമാര്‍ എന്നയാളുടെ വിദ്വേഷ പോസ്റ്റിനെതിരെ പോലീസ് നടപടിയെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം വ്യാജ പ്രചരണങ്ങളും പോലീസ് നിരീക്ഷണത്തിലാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക