Image

ആസിഫ നിനക്കായ് (റോബിന്‍ കൈതപ്പറമ്പ്)

Published on 15 April, 2018
ആസിഫ നിനക്കായ് (റോബിന്‍ കൈതപ്പറമ്പ്)
നിശബ്ദനാകുവാനാകില്ലെനിക്ക്
മകളെ, നിന്നെയോര്‍ത്തുരുകുന്നു എന്‍ മനം
ജാതി വെറി പൂണ്ട് അന്ധരായവര്‍ നിന്റെ
മാറിടം പിളര്‍ന്നഹോ ... ദയ തെല്ലുമില്ലാതെ

പിഞ്ചിളം കാല്‍കളാല്‍ ഓടിക്കളിച്ചു നീ
പുഞ്ചിരി തൂകി കുണുങ്ങി നിന്നീടവെ
കാഷായവേഷത്തിനുള്ളിലൊളിപ്പിച്ച
കിരാതനാം കാട്ടാളന്‍ കണ്ടു പോയ് നിന്നെ

ഇല്ലില്ല തെറ്റു നീ ഒന്നുമെ ചെയ്തില്ല
പാറിപ്പറന്നു നടക്കുന്ന നേരത്ത്
കാവി പുതക്കുന്ന ദൈവമിരിക്കുന്ന
കാവിന്‍ അരികിലായ് ചെന്നു പോയി

കാലിടറി ഒരുനൊടി വീണൊരാ നേരത്ത്
താങ്ങുവാനെന്നോണം നീട്ടിയ കൈകള്‍
അച്ചന്റെ മാറിലെ ചൂടേറ്റുറങ്ങിയോള്‍
അച്ചനെന്നോര്‍ത്താ കരം പിടിച്ചീടവെ.....

ഹാ ഹാ ഓര്‍ക്കുകില്‍ നെഞ്ചകം പൊട്ടുന്നു,
കാട്ടാള നീതിയോ നിന്നോട് കുഞ്ഞെ.
കരയുവാന്‍ പോലും കഴിയാത്ത നിന്നെ
കശക്കിയെറിഞ്ഞൊരാ കാട്ടാളക്കുട്ടം...

മിഴിനീര്‍ പൂക്കളാല്‍ അര്‍ച്ചനയേകുന്നു
പെണ്‍മക്കളുള്ളേതൊരച്ചനും അമ്മയും
നിനക്ക് നീതി ലഭിക്കുവോളം ..മകളെ
നിശബ്ദമാകില്ലെന്‍ തൂലിക തെല്ലും

ഒരുമിച്ച് കൂടാം നമുക്കൊരെ കൂട്ടമായ്
ആ പിഞ്ചിളം കുഞ്ഞിന് നീതി ലഭിക്കുവാന്‍
നീതി ദേവത തന്‍ കണ്ണു തുറക്കട്ടെ
അര്‍ഹമാം ശിക്ഷ അവര്‍ക്ക് കിട്ടീടുവാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക