Image

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘കണ്ണില്ലാത്ത ഈ കണ്മണി’ ചര്‍ച്ച നടത്തി

മണ്ണിക്കരോട്ട് Published on 17 April, 2018
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘കണ്ണില്ലാത്ത ഈ കണ്മണി’ ചര്‍ച്ച നടത്തി
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റിയുടെ ഏപ്രില്‍ സമ്മേളനം 8-ഞായര്‍ 4 മണിയ്ക്ക് കേരളാ ഹൗസില്‍ സമ്മേളിച്ചു. ഈശൊ ജേക്കബ് അവതരിപ്പിച്ച ‘കണ്ണില്ലാത്ത ഈ കണ്മണി’ എന്ന കവിതയും ജോസഫ് തച്ചാറയുടെ ‘ഉത്തിരിപ്പു കടം’ എന്ന ചെറുകഥയുമായിരുന്നു പ്രധാന വിഷയങ്ങള്‍.

ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. മണ്ണിക്കരോട്ട് കൂടിവന്ന എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ടി.എന്‍. ശാമുവല്‍ ആയിരുന്നു മോഡറേറ്റര്‍. അദ്ദേഹത്തിന്റെ ഹൃസ്വമായ ആമുഖപ്രസംഗത്തിനുശേഷം ഈശൊ ജേക്കബ് ‘കണ്ണില്ലാത്ത ഈ കണ്മണി’ എന്ന അദ്ദേഹം രചിച്ച കവിത അവതരിപ്പിച്ചു. പ്രാരംഭമായി അദ്ദേഹം കവിതയുടെ പശ്ചാത്തലം സദസിനു പരിചയപ്പെടുത്തി. ഈ കവിത കണ്ണില്ലാത്തവര്‍ക്കുവേണ്ടി കാഴ്ചവയ്ക്കുകയാണ്. കവിതയെങ്കിലും ഒരു പ്രാര്‍ത്ഥനാഗാനംപോലെ ആലപിക്കേണ്ടതാണ്. കണ്ണില്ലാത്തവരുടെ അവസ്ഥയെക്കുറിച്ച് ഈശ്വരനോടുള്ള അറിയിപ്പും കണ്ണു നല്‍കണമെന്ന അപേക്ഷയുമാണ് ഈ കവിതയുടെ കാതല്‍ എന്ന് അദ്ദേഹം അറിയിച്ചു.

“നാഥാ നിന്റെ കണ്ണില്‍ നോക്കി കണ്ണുതരൂ എന്നു ചൊല്ലാന്‍
കണ്ണില്ലാത്തീ കണ്മണിയ്ക്ക് കഴിയുന്നില്ലെന്റെ നാഥാ!”

അങ്ങനെ കുട്ടിയുടെ നിസ്സഹായത സകലത്തിന്റെയും നാഥനായ ദൈവത്തോട് അപേക്ഷിച്ചുകൊണ്ടാണ് കവിതയുടെ തുടക്കം. യാചനയോടൊപ്പം താത്വികമായ ദര്‍ശനങ്ങളും ഈ കവിതയെ ആശയസമ്പുഷ്ടമാക്കുന്നു.

“മുഖമതില്‍ കണ്ണില്ലേലും അകമതില്‍ കണ്ണുതന്ന
നാഥാ നിന്റെ കാരുണ്യത്തെ മനസ്സില്‍ ഞാന്‍ കണ്ടിടുന്നു.”

ചര്‍ച്ചയില്‍ സദസ്യര്‍ സജീവമായി പങ്കെടുത്തു. കവിയുടെ ഉദ്ദേശ്യംപോലെ കണ്ണില്ലാത്തവര്‍ക്കുവേണ്ടിയുള്ള അര്‍പ്പണമാണ് ഈ കവിത എന്ന് പൊതുവെ വിലയിരുത്തി. എങ്കിലും അത്തരം അര്‍പ്പണത്തിന് അനുയോജ്യമായ രാഗതാളവും രസവും ആവശ്യമാണെന്ന സൂചനയും ഉണ്ടായി.

തുടര്‍ന്ന് ജോസഫ് തച്ചാറ ‘ഉത്തിരിപ്പു കടം’ എന്ന തന്റെ കഥ അവതരിപ്പിച്ചു. കോളജ് വിദ്യാഭ്യാസകാലത്ത് അനുഭവിക്കുന്ന അമിത സ്വാതന്ത്ര്യവും അതില്‍ നിന്ന് ഉണ്ടാകാവുന്ന ചില പ്രശ്‌നങ്ങളും ഈ കഥയില്‍ അവതരിപ്പിക്കുന്നു. കഥാനായകന്റെ സുഹൃത്ത് ഒരു വലിയ കടത്തില്‍ ചെന്നുവീഴുന്നു. അയാളെ രക്ഷിക്കാനായി കഥാനായകന്‍ മറ്റൊരാളാള്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുന്നു. അവസാനം അതുകൊടുത്തു തീര്‍ക്കാന്‍ കഴിയാതെ കഥാനായകന്‍ വിഷണ്ണനായി നോക്കി നില്‍ക്കുന്നു.

കഥയില്‍, അമിത സ്വാതന്ത്ര്യം അനുഭവിക്കുന്ന കോളജ് വിദ്യാഭ്യാസ കാലത്ത് വേണ്ടത്ര ചിന്തയില്ലാതെ ഓരോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും അതിന്റെ ദുരനുഭവങ്ങളും ഈ കഥയില്‍ സൂചിപ്പിക്കുന്നുണ്ടെന്ന് സദസ്യരില്‍ ചിലര്‍ വിലയിരുത്തി. എന്നാല്‍ കഥയില്‍ കാര്യമായ കാമ്പൊന്നും കാണുന്നില്ലെന്നും അഭിപ്രായമുണ്ടായി. അത്തരത്തില്‍ വേണ്ട വൈകാരിക തലങ്ങള്‍ ഈ കഥയില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

തടര്‍ന്നുള്ള പൊതുചര്‍ച്ച തികച്ചും സജീവമായിരുന്നു. ചര്‍ച്ചയില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, നൈനാന്‍ മാത്തുള്ള, ദേവരാജ് കാരാവള്ളില്‍, ടി. എന്‍. ശാമുവല്‍, തോമസ് തയ്യില്‍, ഷിജു ജോര്‍ജ്, സലിം അറയ്ക്കല്‍, ജെയിംസ് ചാക്കൊ മുട്ടുങ്കല്‍, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ഈശൊ ജേക്കബ്, റോഷന്‍ ഈശൊ, ബാബു തെക്കെക്കര, ടി.ജെ. ഫിലിപ്പ്, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.

പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സമ്മേളനം സമാപിച്ചു.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘കണ്ണില്ലാത്ത ഈ കണ്മണി’ ചര്‍ച്ച നടത്തിമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘കണ്ണില്ലാത്ത ഈ കണ്മണി’ ചര്‍ച്ച നടത്തിമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘കണ്ണില്ലാത്ത ഈ കണ്മണി’ ചര്‍ച്ച നടത്തിമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘കണ്ണില്ലാത്ത ഈ കണ്മണി’ ചര്‍ച്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക